‘തല’യ്ക്ക് ജന്മദിനാശംസയുമായി ഐസിസി
ലണ്ടൻ: ഇന്ന് 38 വയസ് പൂർത്തിയാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എം.എസ്. ധോണിക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയത് ധോണിയാണെന്ന മുഖവുരയോടെ ഐസിസി താരത്തെക്കുറിച്ചുള്ള വീഡിയോ ഒൗദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ പേര്, ലോകത്തിലുള്ള കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച പേര്, നിഷേധിക്കാനാകാത്ത പാരന്പര്യത്തിന്റെ പേര്... എം.എസ്. ധോണി- ഒരു പേരിനും അപ്പുറം. എന്ന കുറിപ്പോടെയാണ് ഐസിസി വീഡിയോ ട്വീറ്റ് ചെയ്തത്.
ധോണി ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, പേസ് ബൗളർ ജസ്പ്രീത് ബുംറ, ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ തുടങ്ങിയവരുടെ വാക്കുകളും വീഡിയോയിലുണ്ട്. മിസ്റ്റർ കൂളിന്റെ കടുത്ത ആരാധകനാണ് താനെന്ന് ബട്ലർ പറഞ്ഞു.
ഐസിസി ഏകദിന, ട്വന്റി-20 ലോകകപ്പുകളും ചാന്പ്യൻസ് ട്രോഫിയും നേടിയ ലോക ക്രിക്കറ്റിലെ ഏക ക്യാപ്റ്റനാണ് ധോണി. ഇന്ത്യ ഏകദിന, ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ആദ്യമായി എത്തിയതും തലയുടെ കീഴിലായിരുന്നു. ഐപിഎൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം മൂന്ന് തവണ നേടിയ ചരിത്രവും എം.എസ്.ഡിക്ക് സ്വന്തം.
ചുരുങ്ങിയത് ഒരു മൂന്ന് വർഷംകൂടി ധോണി ക്രിക്കറ്റ് കളി തുടരണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്രീലങ്കൻ പേസർ ലസിത് മലിംഗ പറഞ്ഞു. ലോകകപ്പിനുശേഷം ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.