മഴ മാറിയില്ല, സെമി മാറ്റി: മത്സരം റിസർവ് ദിനത്തിൽ പുനഃരാരംഭിക്കും
മാഞ്ചസ്റ്റർ: ലോകകപ്പിലെ ഇന്ത്യ- ന്യൂസിലൻഡ് ആദ്യ സെമി റിസർവ് ദിനമായ ബുധനാഴ്ചത്തേക്ക് മാറ്റി. ന്യൂസിലൻഡ് ഇന്നിംഗ്സ് അവസാനത്തോടടുത്തപ്പോൾ യ്ത മഴ അല്പ നേരത്തേക്ക് മാറിയെങ്കിലും വീണ്ടും പെയ്തു തുടങ്ങിയതോടെയാണ് മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിയത്.
ഇന്ത്യൻ സമയം വൈകിട്ട് 6.30 ഓടെ ആരംഭിച്ച മഴ രാത്രി പത്തോടെ ശമിച്ചിരുന്നു. ഇതോടെ സൂപ്പർ സോപ്പർ ഉപയോഗിച്ച് ഗ്രൗണ്ടുണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 10.40ന് അംപയർമാർ പിച്ച് പരിശോധിക്കുമെന്ന് ഐസിസി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, വീണ്ടും മഴയെത്തിയതോടെ ആ ശ്രമങ്ങൾ ഐസിസി ഉപേക്ഷിച്ചു. വീണ്ടും മഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ വിജയ ലക്ഷ്യം 20 ഓവറിൽ 148 ആക്കി പുനർനിർണയിച്ച് മത്സരം നടന്നേനെ.
ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന്) മത്സരം ആരംഭിക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. 46.1 ഓവറിൽ അഞ്ചു വിക്കറ്റിന് 211 എന്ന നിലയിൽ ന്യൂസിലൻഡ് ബാറ്റിംഗ് പുനരാരംഭിക്കും.
റിസര്‍വ് ദിനമായ ബുധനാഴ്ചയും മഴ പെയ്താല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും. അങ്ങനെയെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് നില നോക്കിയാകും ഫൈനലിലെത്തുന്ന ടീമിനെ തീരുമാനിക്കുക. അപ്പോൾ സ്വാഭാവികമായും ഇന്ത്യ ഫൈനലിലെത്തും.