ഇന്ത്യയ്ക്ക് വിജയലക്ഷ്യം 240 റണ്‍സ്
മാഞ്ചസ്റ്റർ: ലോകകപ്പിൽ നാലാം ഫൈനൽ കളിക്കാൻ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്. മഴമൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1 ഓവറിൽ 211/5 എന്ന നിലയിലാണ് റിസർവ് ദിനത്തിൽ കിവീസ് ബാറ്റിംഗ് തുടങ്ങിയത്. ഇന്ന് 23 പന്തിൽ കിവീസ് 28 റണ്‍സ് നേടി.

റോസ് ടെയ് ലർ (74), ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ (67) എന്നിവരുടെ അർധ സെഞ്ചുറികളാണ് കിവീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓപ്പണർ ഹെൻട്രി നിക്കോൾസ് 28 റണ്‍സ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുംറ, ഹാർദിക് പാണ്ഡ്യ, ചഹൽ, ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ഇന്നും മഴ മത്സരം തടസപ്പെടുത്തിയാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി എന്ന ആനുകൂല്യത്തിൽ ഇന്ത്യയ്ക്ക് ഫൈനൽ ബർത്ത് നേടാം. ഗ്രൂപ്പ് ഘട്ടത്തിൽ നാലാമതായാണ് ന്യൂസിലൻഡ് സെമിഫൈനൽ ബർത്ത് നേടിയത്.