രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന നിലയിലാണ്. ഓപ്പണർമാരായ രോഹിത് ശർമയും കെ.എൽ.രാഹുലും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് സ്കോർ ബോർഡിൽ രണ്ടക്കം വരുന്നതിന് മുൻപ് കൂടാരം കയറിയത്. മൂന്ന് പേരുടെയും സന്പാദ്യം ഓരോ റണ്‍സ് മാത്രം.

രണ്ടു വിക്കറ്റുകൾ മാറ്റ് ഹെൻട്രി നേടിയപ്പോൾ ക്യാപ്റ്റൻ കോഹ്ലിയെ ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി. ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് ക്രീസിൽ. എം.എസ്.ധോണിയും ഹാർദിക് പാണ്ഡ്യയുമാണ് ബാറ്റ്സ്മാൻമാരായി ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാവുന്നത്. മൂടിക്കെട്ടിയ മാഞ്ചസ്റ്ററിലെ ബൗളിംഗിന് അനുകൂലമായ അന്തരീക്ഷം കിവീസ് ബൗളർമാർ നന്നായി വിനിയോഗിക്കുകയായിരുന്നു.

നേരത്തെ കിവീസ് 50 ഓവറിൽ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1 ഓവറിൽ 211/5 എന്ന നിലയിലാണ് റിസർവ് ദിനത്തിൽ കിവീസ് ബാറ്റിംഗ് തുടങ്ങിയത്. ഇന്ന് 23 പന്തിൽ കിവീസ് 28 റണ്‍സ് നേടി.

റോസ് ടെയ് ലർ (74), ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ (67) എന്നിവരുടെ അർധ സെഞ്ചുറികളാണ് കിവീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓപ്പണർ ഹെൻട്രി നിക്കോൾസ് 28 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുംറ, ഹാർദിക് പാണ്ഡ്യ, ചഹൽ, ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.