‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’
ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സ​മാ​പി​ച്ചെ​ങ്കി​ലും വി​വാ​ദ​ങ്ങ​ള്‍ തീ​രു​ന്നി​ല്ല. മാ​ര്‍ട്ടി​ന്‍ ഗ​പ്റ്റി​ലി​ന്‍റെ ഓ​വ​ര്‍ ത്രോ​യി​ല്‍ ഇം​ഗ്ല​ണ്ടി​ന് അ​ന്പ​യ​ർ ആ​റു റ​ൺ​സ് അ​നു​വ​ദി​ച്ച​തി​നെ മു​ൻ അ​ന്പ​യ​ർ സൈ​മ​ൺ ടോ​ഫ​ൽ ചോ​ദ്യം ചെ​യ്തു. ഐ​സി​സി​യു​ടെ നി​യ​മ​പ്ര​കാ​രം ഇം​ഗ്ല​ണ്ടി​ന് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത് അ​ഞ്ചു റ​ണ്‍സ് മാ​ത്ര​മാ​ണെ​ന്ന് ടോ​ഫ​ല്‍ പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ടി​ന് അ​ബ​ദ്ധ​വ​ശാ​ല്‍ ആ​റു റ​ണ്‍സ് ന​ല്‍കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ത് കൃ​ത്യ​മാ​യ പി​ഴ​വാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​മ്പ​യ​ര്‍മാ​ര്‍ക്ക് കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​ല്‍ തെ​റ്റു​പ​റ്റി​യെ​ന്നും ടോ​ഫ​ല്‍ പ​റ​ഞ്ഞു. ഐ​സി​സി​യു​ടെ മി​ക​ച്ച അ​മ്പ​യ​റി​നു​ള്ള അ​വാ​ര്‍ഡ് അ​ഞ്ച് ത​വ​ണ നേ​ടി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ടോ​ഫ​ല്‍. ഓ​വ​ര്‍ ത്രോ​യി​ല്‍ ല​ഭി​ക്കു​ന്ന റ​ണ്‍സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​സി​സി​യു​ടെ 19.8 നി​യ​മ​ത്തി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ‘ഫീ​ല്‍ഡ​റു​ടെ ഓ​വ​ര്‍ ത്രോ​യി​ല്‍ പ​ന്ത് ബൗ​ണ്ട​റി ലൈ​ന്‍ ക​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ ​ബൗ​ണ്ട​റി റ​ണ്‍സ് അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍, ആ ​ബൗ​ണ്ട​റി​യോ​ടൊ​പ്പം ഫീ​ല്‍ഡ​ര്‍ പ​ന്ത് എ​റി​യു​മ്പോ​ള്‍ ബാ​റ്റ്‌​സ്മാ​ന്‍ ഓ​ടി പൂ​ര്‍ത്തി​യാ​ക്കി​യ റ​ണ്‍സ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. ആ ​ത്രോ​യു​ടെ സ​മ​യ​ത്ത് ബാ​റ്റ്‌​സ്മാ​ന്‍ ക്രീ​സി​ലെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ആ ​റ​ണ്‍ പ​രി​ഗ​ണി​ക്കു​ക​യി​ല്ല’

ഈ ​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​ന് അ​ഞ്ച് റ​ണ്‍സാ​ണ് അ​നു​വ​ദി​ക്കേ​ണ്ടി​യി​രു​ന്ന​ത്. കാ​ര​ണം ഗപ്റ്റി​ല്‍ പ​ന്ത് എ​റി​യു​മ്പോ​ള്‍ സ്റ്റോക്‌​സും ആ​ദി​ല്‍ റ​ഷീ​ദും ര​ണ്ടാം റ​ണ്‍ പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ഫീ​ല്‍ഡ് അ​മ്പ​യ​ര്‍ കു​മാ​ര്‍ ധ​ര്‍മ​സേ​ന ഇം​ഗ്ല​ണ്ടി​ന് ആ​റു റ​ണ്‍സ് അ​നു​വ​ദി​ക്കു​കയായിരുന്നു.

ര​ണ്ടാ​മ​ത്തെ റ​ൺ പൂ​ർ​ത്തി​യാ​ക്കാ​ത്ത സ്ഥി​തി​ക്ക് ആ​ദി​ല്‍ റ​ഷീ​ദാ​യി​രു​ന്നു സ്റ്റോ​ക്‌​സി​നു പ​ക​രം അ​ടു​ത്ത പ​ന്ത് നേ​രി​ടേ​ണ്ടി​യി​രു​ന്ന​ത്. ഇ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ ഫ​ലം ഒ​രു​പ​ക്ഷേ മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു.