Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
November 12, 2018
 
 
    
 
Print this page
 

വഴി സുഗമമല്ല; പക്ഷേ വഴിയുണ്ട്

ഇന്ത്യൻ പ്രസിഡന്റായിരുന്ന അബ്ദുൾ കലാം അടുത്ത നാളിൽ ചെയ്ത പ്രസംഗങ്ങളിൽ പലപ്പോഴും പരാമർശിച്ചിട്ടുള്ള ഒരു കഥയുണ്ട്. ശ്രീകാന്ത് ബോള്ള എന്ന അന്ധനായ ഒരു ചെറുപ്പക്കാരന്റെ കഥയാണത്.

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിലാണു ശ്രീകാന്ത് ജനിച്ചത്. നിരക്ഷരരായ കൃഷിക്കാരാണു ശ്രീകാന്തിന്റെ മാതാപിതാക്കൾ. അന്ധവിദ്യാർഥികൾക്കായുള്ള സ്കൂളിൽ നിന്ന് ശ്രീകാന്ത് പത്താം ക്ലാസ് പാസായി. പഠിക്കാൻ മിടുക്കനാണെങ്കിലും പതിനൊന്നാം ക്ലാസിലേക്കുള്ള അഡ്മിഷനു വേണ്ടി ശ്രീകാന്തിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു. അവസാനം ഹൈദരാബാദിലെ റോയൽ ജൂനിയർ കോളജിൽ ശ്രീകാന്തിന് അഡ്മിഷൻ ലഭിച്ചു.

പക്ഷേ, അന്ധർക്കായുള്ള ബ്രെയിൻ ലിപിയുടെ ഉപയോഗം ജൂനിയർ കോളജിൽ ഇല്ലായിരുന്നു. ക്ലാസുകൾ റിക്കോർഡ് ചെയ്തതിനുശേഷം അവയുടെ ടേപ്പുകൾ കേട്ടാണു ശ്രീകാന്ത് പഠിച്ചത്. മാത്തമാറ്റിക്സിനു മാത്രമേ ശ്രീകാന്ത് ട്യൂഷൻ എടുത്തുള്ളൂ. എന്നിട്ടും പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാഫലം വന്നപ്പോൾ ശ്രീകാന്തിന് 92.5 ശതമാനം മാർക്കു ലഭിച്ചു.

ബിരുദപഠനം അമേരിക്കയിൽ വേണമെന്നായിരുന്നു ശ്രീകാന്തിന്റെ ആഗ്രഹം. ആ യുവാവിന്റെ ആഗ്രഹവും കഴിവും മനസിലാക്കിയ രവി കൊണ്ടപ്പള്ളി എന്ന ഒരു വിദേശ ആന്ധ്രക്കാരൻ ശ്രീകാന്തിനെ സഹായിക്കാൻ മുന്നോട്ടുവന്നു. അങ്ങനെയാണ് അമേരിക്കയിലെ പല യൂണിവേഴ്സിറ്റികളിലേക്കും അഡ്മിഷനു വേണ്ടി ശ്രീകാന്ത് എഴുതിയത്.

എൻജിനിയറിംഗ് പഠിക്കാൻ ആഗ്രഹിച്ച ശ്രീകാന്തിന് ബോസ്റ്റണിലെ മാസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) അഡ്മിഷനും സ്കോളർഷിപ്പും നൽകി. എംഐടിയിൽ പഠിക്കുവാനുള്ള വാർഷികച്ചെലവ് 56,000 ഡോളർ വരും. ഇതിൽ അമ്പതിനായിരം ഡോളറാണു ശ്രീകാന്തിനു സ്കോളർഷിപ്പായി വർഷം തോറും ലഭിക്കുക.

2009 മാർച്ച് 15–ന് ശ്രീകാന്തിന് അഡ്മിഷൻ നൽകിക്കൊണ്ട് എംഐടി ഭാരവാഹികൾ എഴുതിയ കത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘‘ഞങ്ങളുടെ സ്‌ഥാപനത്തിന്റെ ദീർഘകാലചരിത്രത്തിൽ അഡ്മിഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളിൽ ഏറ്റവും മിടുക്കന്മാരിലൊരാളാണു നിങ്ങൾ എന്നറിയിക്കുന്നതിനു സന്തോഷമുണ്ട്. നിങ്ങളും എംഐടിയും തമ്മിൽ നല്ല ചേർച്ചയായിരിക്കും എന്നു ഞങ്ങൾ വിചാരിക്കുന്നു.’’

അന്ധനായ ഒരു വിദ്യാർഥിയെക്കുറിച്ച് എംഐടി ഇപ്രകാരം എഴുതണമെങ്കിൽ ആ വിദ്യാർഥി എത്രമാത്രം സമർഥനായിരിക്കണം! എന്നാൽ, എന്ന ഈ വിദ്യാർഥിയുടെ ജീവിതസാഹചര്യം അത്ര അനുകൂലമല്ലായിരുന്നു എന്നു നാം ഓർമിക്കുമ്പോഴാണ് ശ്രീകാന്തിന്റെ മഹത്ത്വം നാം മനസിലാക്കുന്നത്.

ശ്രീകാന്തിന്റെ മാതാപിതാക്കൾക്ക് എഴുത്തും വായനയും അറിയില്ലാത്തതുകൊണ്ട് പഠനകാര്യത്തിൽ അവരുടെ സഹായം ശ്രീകാന്തിനുണ്ടായില്ല. തീരെ ദരിദ്രരുമായിരുന്നു മാതാപിതാക്കൾ. എന്നിട്ടും അന്ധനായ ശ്രീകാന്ത് എങ്ങനെ എംഐടി വിദ്യാർഥിയായി?

തന്റെ അന്ധതയും ദാരിദ്ര്യവുമൊന്നും ഒരു ശാപമായി താൻ കരുതിയില്ല എന്നാണു ശ്രീകാന്ത് പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ വെല്ലുവിളികൾ മാത്രമായിട്ടാണ് അവയെ കണ്ടത്. അതുകൊണ്ടുതന്നെ നിരാശനാകാതെ ജീവിതത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിൽ ശ്രീകാന്ത് വിജയിക്കുന്നു.

അന്ധനായ ശ്രീകാന്തുമായി തുലനം ചെയ്യുമ്പോൾ കാഴ്ചയുള്ള നമ്മൾ എത്ര ഭാഗ്യമുള്ളവർ! എന്നിട്ടുമെന്തേ ജീവിതത്തിൽ നിസാരമായ പ്രതിബന്ധങ്ങളുണ്ടാകുമ്പോൾ നാം ഏറെ തളർന്നുപോകുന്നു?

ശ്രീകാന്തിന്റെ ശ്രദ്ധ തന്റെ അന്ധതയിലല്ല; പ്രത്യുത അന്ധതയുണ്ടെങ്കിലും തനിക്ക് എന്തുചെയ്യുവാൻ സാധിക്കും എന്ന കാര്യത്തിലാണ്. 2006 സെപ്റ്റംബർ എട്ടിന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന കലാമിനെ കാണുവാൻ ശ്രീകാന്തിന് അവസരമുണ്ടായി. അന്നു ശ്രീകാന്ത് കലാമിന്റെ ഒരു ചോദ്യത്തിനുത്തരമായി ഇപ്രകാരം പറഞ്ഞു: ‘‘എന്റെ ആഗ്രഹം ഇന്ത്യയുടെ അന്ധനായ ആദ്യത്തെ പ്രസിഡന്റ് ആവണം എന്നതാണ്.’’

അന്ധനായ ശ്രീകാന്ത് ഇന്ത്യയുടെ പ്രസിഡന്റ് ആവുമോ എന്നു കാത്തിരുന്നു കാണാനേ സാധിക്കൂ. എന്നാൽ, വരുംവർഷങ്ങളിൽ ശ്രീകാന്ത് ഉയർച്ചയുടെ പടവുകൾ പലതും ചവിട്ടിക്കയറുമെന്നു തീർച്ചയാണ്. കാരണം, ഏതു പ്രതിസന്ധിയെയും അഭിമുഖീകരിച്ചു ജീവിതത്തിൽ വളരണമെന്ന ആഗ്രഹവും നിശ്ചയദാർഢ്യവും ആ യുവാവിനുണ്ട്.

ശ്രീകാന്തിനുള്ളതു പോലെയുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും കഠിനാധ്വാനം ചെയ്യുവാനുള്ള മനസും നമുക്കുണ്ടായിരുന്നെങ്കിൽ നമ്മുടെ ജീവിതത്തിൽ എന്തെല്ലാം അദ്ഭുതങ്ങൾ സംഭവിക്കുമായിരുന്നു! ശ്രീകാന്തിന്റെ നേട്ടങ്ങളിൽ നാം അദ്ദേഹത്തെ അഭിനന്ദിക്കുമ്പോഴും ആ മാതൃക നാം മറന്നുകൂടാ.

അന്ധതയും ദാരിദ്ര്യവും അനുകൂലമായ സാഹചര്യങ്ങളുടെ അഭാവവുമൊന്നും ശ്രീകാന്തിനെ തളർത്തിയില്ല. പ്രതീക്ഷയോടെ ധൈര്യപൂർവം തന്റെ സ്വപ്നങ്ങളെ താലോലിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു പോകുന്നു. അതാണു ശ്രീകാന്ത് നേടുന്ന ഓരോ വിജയത്തിന്റെയും അടിത്തറയും.

നമുക്കും ജീവിതത്തിലെ പ്രതിബന്ധങ്ങളെ ധൈര്യപൂർവം നേരിടാം. അപ്പോൾ നമ്മെയും വിജയങ്ങൾ തേടിയെത്തും.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.