Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
October 16, 2018
 
 
    
 
Print this page
 

ചുറ്റോടുചുറ്റും കണ്ണാടികൾ

കണ്ണാടിക്കൊട്ടാരം. അങ്ങനെയാണ് ആ പളുങ്കുകൊട്ടാരം അറിയപ്പെട്ടിരുന്നത്. ആ കൊട്ടാരത്തിൽ വലിയൊരു ഹാളുണ്ടായിരുന്നു. ആ ഹാളിൽ ആയിരം കണ്ണാടികളും. പല വലിപ്പത്തിലും രൂപത്തിലുമുള്ള കണ്ണാടികളായിരുന്നു അവ.

ഒരു ദിവസം ഒരു നായ്ക്കുട്ടി ആ കൊട്ടാരത്തിൽ എത്തിപ്പെട്ടു. അവൻ ആ ഹാളിൽ കയറിനിന്ന് ചുറ്റിലും നോക്കി. അത്ഭുതം! ആയിരം നായ്ക്കുട്ടികൾ തന്നെ സൂക്ഷിച്ചുനോക്കുന്നു. അവൻ അവയുടെ നേരെനോക്കി മന്ദഹസിച്ചു. അപ്പോൾ അവയും സ്നേഹഭാവത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു. സന്തോഷചിത്തനായി തീർന്ന അവൻ അവയ്ക്കുനേരെ നോക്കിക്കൊണ്ട് വാലാട്ടി. അതേ നിമിഷംതന്നെ അവയും വാലാട്ടി. സന്തോഷംകൊണ്ട് നായ്ക്കുട്ടി തുള്ളിച്ചാടി. അപ്പോൾ ആയിരം നായ്ക്കുട്ടികളും അവനോടൊപ്പം തുള്ളിച്ചാടി. അവന്‍റെ ഹൃദയം ആനന്ദംകൊണ്ട് നിറഞ്ഞു. അന്നു തുള്ളിച്ചാടിയാണ് അവൻ തന്‍റെ ഉടമസ്ഥനോടൊപ്പം വീട്ടിലേക്ക് തിരിച്ചുപോയത്.

വീട്ടിൽ മടങ്ങിയെത്തിയ നായ്ക്കുട്ടി അയൽവക്കത്തെ ഒരു നായ്ക്കുട്ടിയോട് താൻ കണ്ണാടിക്കൊട്ടാരത്തിൽ കണ്ട നായ്ക്കുട്ടികളുടെ കഥ പറഞ്ഞു. പക്ഷേ, കഥ കേട്ടിട്ട് അയൽക്കാരന് അത്ര വിശ്വാസം വന്നില്ല.

എങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോൾ രണ്ടാമത്തെ നായ്ക്കുട്ടി കൊട്ടാരം കാണുവാൻ പോയി. പേടിച്ചരണ്ടാണ് കണ്ണാടിക്കൊട്ടാരത്തിലെ ഹാളിലേക്ക് അവൻ കടന്നുചെന്നത്. അപ്പോൾ അവൻ കണ്ടതെന്താണ്? പേടിച്ചു നിൽക്കുന്ന അസംഖ്യം നായ്ക്കുട്ടികൾ! അൽപസമയം കഴിഞ്ഞപ്പോൾ അവൻ അല്പമൊന്നു മുരണ്ടു. അപ്പോൽ ആയിരക്കണക്കിന് നായ്ക്കുട്ടികളും അവനുനേരെ മുരണ്ടു.

അവനു ദേഷ്യംവന്നു. അവൻ അവയ്ക്കുനേരെ കുരച്ചു. അതേനിമിഷംതന്നെ മറ്റുനായ്ക്കുട്ടികളും അവനെ നോക്കി കുരച്ചു. ആയിരം പേരും തനിക്ക് എതിരായോ? അവൻ പിന്നെ അവിടെ നിന്നില്ല. അതിവേഗം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.

ഇതൊരു ജാപ്പനീസ് മുത്തശ്ശിക്കഥയാണ്. ഈ കഥയുടെ സാരാംശം ആരും നമുക്ക് പറഞ്ഞുതരേണ്ടതില്ല. അത്രമാത്രം വ്യക്തമാണ് അതിന്‍റെ സന്ദേശം. ലോകത്തിലുള്ള മനുഷ്യരുടെ മുഖങ്ങളെല്ലാം കണ്ണാടികളാണ്. ആ മുഖങ്ങളിൽ നാം നോക്കുന്പോൾ എന്തുതരം പ്രതിഫലനമാണ് നാം കാണുന്നത്?

ആദ്യത്തെ നായ്ക്കുട്ടി കണ്ടതുപോലെ സ്നേഹവും സൗഹാർദ്ദവും തുടിക്കുന്ന പ്രതിഫലനമാണോ? അതോ രണ്ടാമത്തെ നായ്ക്കുട്ടി കണ്ടതുപോലെ വിദ്വേഷം സ്ഫുരിക്കുന്ന പ്രതിബിംബങ്ങളോ? ആ മുഖങ്ങളിൽ നാം കാണുന്നത് എന്തുതന്നെയായാലും അതൊരു പരിധിവരെയെങ്കിലും നമ്മുടെ രൂപത്തിന്‍റെയും ഭാവത്തിന്‍റെയും പ്രതിഫലനമല്ലേ?

ശരിയാണ്. നാം ചിലരോട് എത്ര സൗഹാർദ്ദപൂർവം പെരുമാറിയാലും അവർ പുഞ്ചിരിക്കുകയോ സൗഹാർദ്ദപൂർവം പെരുമാറുകയോ ചെയ്യുകയില്ലായിരിക്കാം. എന്നുമാത്രമല്ല, കടിച്ചുകീറാൻ നിൽക്കുന്ന പട്ടിയെപ്പോലെ അവർ നമ്മോട് പെരുമാറിയെന്നും വരാം. എങ്കിൽപ്പോലും, മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറുമെന്ന് ഒരു പരിധിവരെയെങ്കിലും നമുക്ക് തീരുമാനിക്കാൻ സാധിക്കും എന്നതാണ് വസ്തുത.

നാം എപ്പോഴും മറ്റുള്ളവരോട് സ്നേഹപൂർവവും ആദരപൂർവവും പെരുമാറുന്ന വ്യക്തികളാണെന്നു കരുതുക. അങ്ങനെയുള്ള നമ്മോട് ആരെങ്കിലും ക്ഷോഭിക്കാനോ തട്ടിക്കയറാനോ തുനിയുമോ? നമ്മുടെ സ്വഭാവം ശാന്തതയുള്ളതും പെരുമാറ്റരീതി ഹൃദ്യവുമാണെങ്കിൽ മറ്റുള്ളവർ അതുപെട്ടെന്നു മനസിലാക്കുകയും അതനുസരിച്ച് അവരുടെ പെരുമാറ്റ ശൈലിയിൽതന്നെ മാറ്റം വരുത്തുകയും ചെയ്യാനല്ലേ ഏറെ സാധ്യത? എന്നാൽ, തണ്ടും താൻപോരിമയും നിറഞ്ഞതാണ് നമ്മുടെ പെരുമാറ്റരീതിയെങ്കിൽ നമ്മോട് ഇടപെടുന്നവരിൽ ഏറെപ്പേരും നമ്മെപ്പോലെതന്നെ തണ്ടും ധിക്കാരവും കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

അഹങ്കാരം മുറ്റിനിൽക്കുന്ന പെരുമാറ്റരീതിയാണ് നമ്മുടേതെന്നു കരുതുക. അങ്ങനെയുള്ള നമ്മോട് ആരെങ്കിലും സ്നേഹത്തോടും വിനയത്തോടുംകൂടി പെരുമാറുമോ? നമ്മിൽനിന്ന് വേതനം കൈപ്പറ്റുന്ന വ്യക്തികളാണെങ്കിൽ ഒരുപക്ഷേ, നമ്മുടെ തണ്ടും അഹങ്കാരവുമൊന്നും കണ്ടില്ലെന്നു നടിച്ചെന്നുവരാം. എങ്കിൽപ്പോലും അവരുടെ ഹൃദയത്തിൽ നമുക്ക് അംഗീകാരവും ആദരവും ലഭിക്കുന്നില്ല എന്നത് തീർച്ചയാണ്.

നാം വിചാരിച്ചാൽ നമുക്കു ചുറ്റും പ്രകാശമാനവും പ്രസാദാത്മകവുമായ ലോകം സൃഷ്ടിക്കാൻ കഴിയും എന്ന അവബോധം എപ്പോഴും നമുക്കുണ്ടാവണം. ഇതുവഴി നമ്മുടെ വ്യക്തിജീവിതവും സാമൂഹികജീവിതവുമൊക്കെ പ്രകാശമാനമാക്കാൻ സാധിക്കും.

ജീവിതത്തിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ടാകുന്പോൾ പോലും മുഖംവീർപ്പിച്ച് നടക്കുന്നവരെ കണ്ടിട്ടില്ലേ? നിസാരകാര്യങ്ങൾക്കു പോലും മറ്റുള്ളവരോട് മുറുമുറുക്കുന്നതിന് മടിയില്ലാത്തവരാണ് നമ്മിൽ പലരും. നമ്മേക്കാൾ വിങ്ങുന്ന ഹൃദയത്തോടെ നടക്കുന്ന എത്രയോ പേരുണ്ടാകും ഈ സമൂഹത്തിൽ എന്നു ചിന്തിച്ചു നോക്കൂ. അവരെ ആശ്വസിപ്പിക്കാൻ അവരോട് സ്നേഹപൂർവം പെരുമാറാൻ നാം പരിശ്രമിക്കാറുണ്ടോ? നമ്മെക്കാൾ എത്രയോ വലിയ ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും ഉഴലുന്നവരാണ് നമുക്ക് ചുറ്റുമുളളതെന്ന് അന്വേഷിക്കാൻ മെനക്കെടുന്ന ആർക്കും മനസിലാകും. അവരിൽ പലരും മുഖത്തു പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്നവരാണ്. നമ്മുടെ പെരുമാറ്റശൈലിയിലൂടെ മറ്റുള്ളവരുടെ ഹൃദയം കവർന്നെടുക്കാൻ കഴിയുമെന്ന കാര്യം നാം മറന്നുപോകരുത്.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.