Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
October 16, 2018
 
 
    
 
Print this page
 

നമുക്കു ഹൃദയമുള്ളവരാകാം

ജെസി നാലാംവയസില്‍ തുള്ളിച്ചാടി നടക്കുന്ന കാലം. ഒരുദിവസം രാവിലെ തന്റെ വീടിന്റെ മുന്നിലുള്ള ജനലിനരികെ ഒരു കുരുവി ചത്തുകിടക്കുന്നത് അവള്‍ കണ്ടു. രാത്രിയില്‍ വെളിച്ചംകണ്ട സ്ഥലത്തേക്ക് പറക്കുന്നതിനിടയില്‍ ജനലിന്റെ ഗ്ലാസില്‍ തലതല്ലി വീണു ചത്തുപോയ കുരുവിയായിരുന്നു അത്.

ആ ചത്ത കുരുവിയെ കൈയിലെടുത്തുകൊണ്ട് അവള്‍ ഡാഡിയെ സമീപിച്ചു ചോദിച്ചു: ഈ കുരുവിയുടെ ജീവന്‍ എവിടെപ്പോയി? ഗ്ലോബ് ആന്‍ഡ് മെയില്‍ എന്ന കനേഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടറായ ജോണ്‍ ഫ്രെയ്‌സര്‍ എന്ന അവളുടെ ഡാഡി പറഞ്ഞു: എനിക്കറിയില്ല, മോളേ, അപ്പോള്‍ ജെസി വീണ്ടും ചോദിച്ചു: എന്തുകൊണ്ടാണ് ഈ കുരുവി ചത്തുപോയത്?

എന്താണ് ഉത്തരം നല്‍കേണ്ടത് എന്നു തീര്‍ച്ചയില്ലാത്തമട്ടില്‍ ഫ്രെയ്‌സര്‍ അപ്പോള്‍ പറഞ്ഞു: എല്ലാ പക്ഷികളും ചത്തുപോകാറുണ്ട്. ഇതുകേട്ടപ്പോള്‍ ജെസി പെട്ടെന്നു പറഞ്ഞു: ഓഹോ, അങ്ങനെയെങ്കില്‍ നമുക്ക് ഈ കുരുവിയെ സംസ്‌കരിക്കണം.

തന്റെ മോളുടെ ആഗ്രഹത്തിനെതിരുനില്‍ക്കാന്‍ ഫ്രെയ്‌സര്‍ക്കു മനസ്സുവന്നില്ല. അദ്ദേഹവും ജെസിയുംകൂടി ആ കുരുവിയെ ഒരു ചെറിയ കടലാസുപെട്ടിയില്‍ കിടത്തി. കടലാസ് നാപ്കിന്‍കൊണ്ട് അതിനെ പൊതിഞ്ഞു. അധികം താമസിയാതെ ജെസിയും അവളുടെ ഡാഡിയും മമ്മിയും കൊച്ചുസഹോദരിയും കൂടി ഒരു ഘോഷയാത്രയായി ആ കുരുവിയെയുംകൊണ്ടു നടന്നുനീങ്ങി.

ഫ്രെയ്‌സര്‍ കുരുവിയെ അടക്കംചെയ്തിരുന്ന ബോക്‌സ് ചുമന്നു. അതിനു മുമ്പിലായി ഒരു കുരിശും കൈയില്‍പിടിച്ചുകൊണ്ടായിരുന്നു ജെസിയുടെ യാത്ര.

വീടിന്റെ മുറ്റത്ത് ഒരു മൂലയിലായി ഫ്രെയ്‌സര്‍ ഒരു കുഴികുഴിച്ചു. എല്ലാവരും നോക്കിനില്‍ക്കേ ഫ്രെയ്‌സര്‍ ആ കുരുവിയെ കുഴിയില്‍വച്ചു മണ്ണിട്ടുമൂടി. ജെസി അതിനുമുകളിലായി തന്റെ കൈയിലുണ്ടായിരുന്ന കുരിശു സ്ഥാപിച്ചു.

ജെസിയുടെ വികാരം ശരിക്കും മനസിലാക്കിയ അവളുടെ ഡാഡി ചോദിച്ചു: മോള് ഒരു പ്രാര്‍ഥന ചൊല്ലുന്നോ? ഉറച്ച സ്വരത്തില്‍ അപ്പോള്‍ അവള്‍ പറഞ്ഞു: തീര്‍ച്ചയായും.

തന്റെ കുഞ്ഞനുജത്തിയോടു കൈ കൂട്ടിപ്പിടിക്കാന്‍ പറഞ്ഞിട്ട് ജെസി ഇപ്രകാരം പ്രാര്‍ഥിച്ചു. പ്രിയ ദൈവമേ, ഞങ്ങളിതാ ഒരു കുഞ്ഞുകുരുവിയെ സംസ്‌കരിച്ചിരിക്കുന്നു. നീ ഇതിന്റെ കാര്യം നോക്കിക്കൊള്ളണം. അല്ലെങ്കില്‍ നിന്നെ ഞാന്‍ കൊന്നുകളയും. ആമേന്‍.

തിരികെ വീട്ടിലേക്കു നടക്കുന്നതിനിടയില്‍ അവളുടെ ഡാഡി പറഞ്ഞു: മോളേ, ദൈവത്തെ ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു. അവളുടെ ഉത്തരം പെട്ടെന്നായിരുന്നു. അവള്‍ പറഞ്ഞു: ആ കുരുവിയുടെ കാര്യം ദൈവം നോക്കിക്കൊള്ളുമെന്നു തീര്‍ച്ചപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഞാന്‍ അങ്ങനെ പറഞ്ഞത്.

ദ റോഡ് ടു ഡേബ്രേക്ക് എന്ന ഗ്രന്ഥത്തില്‍ സുപ്രസിദ്ധ ആധ്യാത്മിക ഗ്രന്ഥകാരനായ ഹെന്റി നോവനാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. തന്റെ സുഹൃത്തായ ഫ്രെയ്‌സര്‍ പറഞ്ഞ ഈ സംഭവകഥ എടുത്തെഴുതിക്കൊണ്ടു നോവന്‍ പറയുകയാണ്: ഈ കഥ മനുഷ്യഹൃദയത്തെക്കുറിച്ചാണ് ഏറെപ്പറയുന്നത് - കാരുണ്യം നിറഞ്ഞുനില്‍ക്കുന്ന മനുഷ്യഹൃദയത്തെക്കുറിച്ച്.

ചത്തുകിടന്ന ഒരു കുരുവിയെ കണ്ടപ്പോള്‍ ജെസിയുടെ ഹൃദയത്തില്‍ കാരുണ്യപ്രവാഹം തന്നെ ഉണ്ടായി. ആ കാരുണ്യത്തിന്റെ ആധിക്യംമൂലമാണ് ചത്തുപോയ കുരുവിയുടെ കാര്യം നോക്കുന്നില്ലെങ്കില്‍ കൊന്നുകളയുമെന്നു ദൈവത്തെ ഭീഷണിപ്പെടുത്താന്‍വരെ ജെസി മുതിര്‍ന്നത്!

ജെസി ഒരു പ്രത്യേകതരക്കാരിയാണെന്നു നാം ഒരിക്കലും കരുതേണ്ട. ജെസിയുടേതുപോലെതന്നെ നമ്മുടെ ഹൃദയത്തിലും കാരുണ്യമുണ്ട്. പക്ഷേ, നമ്മുടെ ഹൃദയത്തില്‍നിന്ന് കാരുണ്യം പ്രവഹിക്കാന്‍ നാം പലപ്പോഴും അനുവദിക്കാറില്ലെന്നുമാത്രം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നമ്മുടെ സ്വന്തം കാര്യം നോക്കുന്നതിലുള്ള അമിതതാത്പര്യംമൂലം നമ്മിലുള്ള കാരുണ്യത്തിന്റെ വഴികള്‍ നാം അടച്ചുകളയുന്നു.

ഈ ലോകത്തില്‍ ജനിച്ചുവീഴുന്ന എല്ലാവര്‍ക്കും മറ്റുള്ളവരുടെ കാരുണ്യവും സ്‌നേഹവും കൂടിയേ തീരൂ. നമുക്കാര്‍ക്കും തനിയെ വളരാനോ വലിയവരാകാനോ ഒരിക്കലും സാധിക്കില്ല. എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതസാഹചര്യംമൂലം കൂടുതല്‍ കാരുണ്യവും സ്‌നേഹവും ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ളവര്‍ക്ക് കൂടുതല്‍ കാരുണ്യവും സ്‌നേഹവും കൊടുക്കുന്ന എത്രയോ നല്ല ആളുകളെ നാം കാണാറുണ്ട്. ഇങ്ങനെയുള്ള നല്ല ആളുകളുടെ ഗണത്തില്‍പ്പെടാനുള്ള അര്‍ഹത നമുക്കുണേ്ടാ എന്നു സ്വയം ചോദിക്കുന്നതു നല്ലതാണ്.

അയാള്‍ ഒരു ഹൃദയമുള്ള മനുഷ്യനാണ് എന്നു ചിലരെക്കുറിച്ചെങ്കിലും നാം പറഞ്ഞുകേള്‍ക്കാറില്ലേ? എന്തുകൊണ്ടാണ് ആളുകള്‍ അങ്ങനെ പറയുന്നത്? കാരുണ്യമുള്ള ഒരു ഹൃദയവും അങ്ങനെയുള്ള ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന കാരുണ്യപ്രവൃത്തികളും കാണുന്നതുകൊണ്ടല്ലേ?

നമുക്കും ഹൃദയമുള്ള മനുഷ്യരാകാന്‍ ശ്രമിക്കാം. അല്പം മനസ്സുവച്ചാല്‍ ഏറ്റവും എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യമാണിത്. കാരുണ്യം നിറഞ്ഞുനില്‍ക്കാന്‍ പാകത്തിലുള്ള ഹൃദയമാണ് ദൈവം നമുക്കോരോരുത്തര്‍ക്കും നല്കിയിരിക്കുന്നത്.

ദൈവത്തിന്റെ അവര്‍ണനീയമായ ഗുണങ്ങളിലൊന്നാണ് കാരുണ്യം. ആ ഗുണത്തില്‍ എത്രയധികം പങ്കുപറ്റാന്‍ നാം ശ്രമിക്കുന്നുവോ അത്രയധികം നാം അവിടുത്തേക്കു സംപ്രീതരായിരിക്കും.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.