Jeevithavijayam
9/25/2018
    
ധനപൂജയുടെ അന്ത്യം
വര്‍ഷങ്ങള്‍ക്കുമുമ്പ് യൂറോപ്പില്‍ ജീവിച്ച പ്രസിദ്ധനായ ഒരു ഗുസ്തി വിദഗ്ധനായിരുന്നു ടര്‍ക്കിയില്‍ ജനിച്ചുവളര്‍ന്ന യൂസിഫ്. 'ദ ടെറിബിള്‍ ടര്‍ക്ക്' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഈ ഗുസ്തി ചാമ്പ്യന്‍ ഒരിക്കല്‍ അമേരിക്കയില്‍ ഒരു മത്സരത്തിനു പോയി.

നൂറ്റിയമ്പതിലേറെ കിലോഗ്രാം തൂക്കമുണ്ടായിരുന്ന അതിഭീമനായിരുന്നു യൂസിഫ്. അമേരിക്കയില്‍വച്ചു യൂസിഫ് ഏറ്റുമുട്ടിയതാകട്ടെ അമേരിക്കന്‍ ഗുസ്തിചാമ്പ്യനായ സ്ട്രാംഗ്‌ളര്‍ ലൂവീസിനോടും.

ലൂവീസാകട്ടെ യൂസിഫിനെപ്പോലെ അത്ര ഭീമാകാരനായിരുന്നില്ല. എങ്കിലും ഗുസ്തിയിലുള്ള തന്റെ വൈദഗ്ധ്യംകൊണ്ടു യൂസിഫിനെ മലര്‍ത്തിയടിക്കാമെന്നായിരുന്നു ലൂവീസിന്റെ പ്രതീക്ഷ. പക്ഷേ, യൂസിഫിന്റെ മുന്‍പില്‍ ലൂവീസിന്റെ അഭ്യാസമൊന്നും നടന്നില്ല. യൂസിഫ് ലൂവീസിനെ അനാസായം മലര്‍ത്തിയടിക്കുകതന്നെ ചെയ്തു.

ലൂവീസിനെ പരാജയപ്പെടുത്തിയ യൂസിഫ് ലോകചാമ്പ്യനായി പ്രഖ്യാപിക്കപ്പെട്ടു. അന്നത്തെക്കാലത്തു വലിയ ഒരു തുകയായിരുന്ന അയ്യായിരം ഡോളറും യൂസിഫിനു സമ്മാനമായി ലഭിച്ചു. പക്ഷേ, സമ്മാനത്തുക ഡോളര്‍ നോട്ടുകളായി വാങ്ങുവാന്‍ യൂസിഫ് തയാറായില്ല. ആ തുക മുഴുവനും സ്വര്‍ണമായി ലഭിക്കണമെന്നായിരുന്നു യൂസിഫിന്റെ നിലപാട്.

ഗുസ്തിമത്സരം സംഘടിപ്പിച്ച സംഘാടകര്‍ യൂസിഫ് ആവശ്യപ്പെട്ടതുപോലെ സമ്മാനത്തുക മുഴുവന്‍ സ്വര്‍ണമായിത്തന്നെ നല്കി. യൂസിഫാകട്ടെ തനിക്കു ലഭിച്ച സ്വര്‍ണവും വാങ്ങി വിജയശ്രീലാളിതനായി യൂറോപ്പിലേക്കു മടങ്ങി. വിമാനസര്‍വീസ് ആരംഭിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. തന്മൂലം, കപ്പലിലായിരുന്നു യൂസിഫിന്റെ മടക്കയാത്ര. ആ യാത്രയില്‍ സ്വര്‍ണംമുഴുവനും പല ബെല്‍റ്റുകളിലാക്കി തന്റെ അരയില്‍ കെട്ടിക്കൊണ്ടായിരുന്നു യൂസിഫ് നടന്നിരുന്നത്. സ്വര്‍ണവും അരയില്‍ കെട്ടിക്കൊണ്ടുള്ള ആ നടപ്പ് യൂസിഫിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു ആനന്ദമായിരുന്നു. തനിക്കു സമ്മാനമായി ലഭിച്ച സ്വര്‍ണംമൂലം തന്റെ ഭാവി സുരക്ഷിതമായി എന്നായിരുന്നു യൂസിഫ് അന്ന് എല്ലാവരോടും പറഞ്ഞിരുന്നത്.

എന്നാല്‍, യൂസിഫിന്റെ ഈ മടക്കയാത്രയില്‍ അയാള്‍ യാത്ര ചെയ്തിരുന്ന എസ്.എസ്. ബര്‍ഗോയിന്‍ എന്ന കപ്പല്‍ ഒരു അപകടത്തില്‍പ്പെട്ടു മുങ്ങിത്താഴ്ന്നു. അപ്പോള്‍ പ്രാണരക്ഷയ്ക്കുവേണ്ടി മറ്റു യാത്രക്കാരെപ്പോലെ യൂസിഫിനും കടലില്‍ നീന്തിത്തുടിക്കേണ്ടിവന്നു.

എന്നാല്‍, അധികസമയം യൂസിഫിനങ്ങനെ വെള്ളത്തില്‍ നീന്തിത്തുടിക്കുവാന്‍ സാധിച്ചില്ല. അരയിലുണ്ടായിരുന്ന ഭാരമേറിയ ബെല്‍റ്റുകള്‍ അഴിച്ചുകളയുവാന്‍ അയാള്‍ വിസമ്മതിച്ചതിനാല്‍ ആ ബെല്‍റ്റുകളിലുണ്ടായിരുന്ന സ്വര്‍ണത്തിന്റെ ഭാരംമൂലം യൂസിഫ് കടലിന്റെ അഗാധതയിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. ഇതേസമയം, വെള്ളത്തില്‍ നീന്തിത്തുടിച്ചു കിടക്കുവാന്‍ സാധിച്ച മറ്റു യാത്രക്കാരെല്ലാവരും ലൈഫ് ബോട്ടുകളുടെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്തു.

തനിക്കു സമ്മാനമായി ലഭിച്ച സ്വര്‍ണത്തിലായിരുന്നു യൂസിഫ് തന്റെ ഭാവിയുടെ സുരക്ഷിതത്വം അര്‍പ്പിച്ചിരുന്നത്. എന്നാല്‍, സ്വര്‍ണം തന്നെ അയാളുടെ നാശത്തിനു കാരണമാവുകയും ചെയ്തു.


യൂസിഫ് എന്ന ഗുസ്തിക്കാരന്റെ ഈ സംഭവകഥ കേള്‍ക്കുമ്പോള്‍, അയാള്‍ എന്തൊരു വിഡ്ഢി എന്നു നാം പറഞ്ഞേക്കാം. കപ്പല്‍ മുങ്ങിയ ഉടനേ തന്റെ അരയിലുണ്ടായിരുന്ന ബെല്‍റ്റ് അഴിച്ചുകളഞ്ഞിരുന്നെങ്കില്‍ അയാള്‍ക്കും തീര്‍ച്ചയായും രക്ഷപ്പെടാമായിരുന്നു. പക്ഷേ, അയാള്‍ അങ്ങനെ ചെയ്തില്ല. അതിനാല്‍ അയാള്‍ ഒരു വിഡ്ഢി തന്നെ.

എന്നാല്‍, യൂസിഫിനെ വിഡ്ഢി എന്നു വിളിക്കുകയാണെങ്കില്‍ ഒരുപക്ഷേ, നമ്മില്‍ പലരും യൂസിഫിനെപ്പോലെയുള്ള വിഡ്ഢികളുടെ ഗണത്തില്‍ ഉള്‍പ്പെടുകയില്ലേ എന്നു നാം ബലമായി സംശയിക്കണം. കാരണം നമ്മില്‍ എത്രയോപേര്‍ നമ്മുടെ ജീവനെക്കാള്‍ അധികമായി സ്വര്‍ണത്തെയും ധനത്തെയും സ്‌നേഹിക്കുന്നു! ധനസമ്പാദനത്തിനുവേണ്ടി മാത്രം ജീവിക്കുന്ന എത്രയോ ആളുകളെ നമ്മുടെ ചുറ്റിലും നാം കാണാറുണ്ട്! അവരെ സംബന്ധിച്ചിടത്തോളം ധനമല്ലേ അവരുടെ ദൈവം? അവരില്‍ ചിലരെങ്കിലും തങ്ങളുടെ ധനം നഷ്ടപ്പെടാതിരിക്കാന്‍വേണ്ടി സ്വന്തം ജീവന്‍വരെ ത്യജിക്കുവാന്‍ തയാറാകാറില്ലേ?

എന്നാല്‍, ധനത്തെ പൂജിച്ചതുകൊണ്ട് നമുക്കു സ്ഥായിയായി എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാവുമോ? ഒരിക്കലുമില്ല. മാന്യമായ ജീവിതത്തിനു നമുക്കു ധനവും പണവും ആവശ്യം തന്നെ. നമ്മുടെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിനു ധനം നമ്മെ ഒരു പരിധിവരെ സഹായിക്കും എന്നതില്‍ സംശയവുമില്ല. അതുപോലെ, പണമുളളപ്പോള്‍ ഒരുപരിധിവരെ ജീവിതം ആസ്വദിക്കുവാനും നമുക്കു സാധിച്ചേക്കാം.

എന്നാല്‍, പണത്തിനുവേണ്ടി മാത്രം നാം ജീവിക്കുകയും പണത്തില്‍ നമ്മുടെ പൂര്‍ണ ആശ്രയം അര്‍പ്പിക്കുകയും ചെയ്യുന്നെങ്കില്‍ നാം ശരിക്കും ഭോഷന്മാര്‍ തന്നെ. കാരണം, ദൈവപുത്രനായ യേശു ഒരിക്കല്‍ ചോദിച്ചതുപോലെ, നാം ഇന്നു മരിക്കുകയാണെങ്കില്‍ നാം സ്വരൂക്കുട്ടിവച്ച സമ്പത്തുകൊണ്ട് നമുക്ക് എന്തു പ്രയോജനം? അതുപോലെ, നമ്മുടെ ആത്മാവിന്റെ നിത്യരക്ഷയ്ക്ക് അവ എങ്ങനെയെങ്കിലും ഉപകരിക്കുമോ? നമ്മുടെ ജീവിതം ഇഹലോകത്തില്‍ മാത്രമാണ് ഒതുങ്ങി നില്‍ക്കുന്നതെങ്കില്‍ പണത്തിന്റെ പിന്നാലെ പോകുന്നതിനെക്കുറിച്ച് അത്രയേറെ ആശങ്കപുലര്‍ത്തിയിട്ട് കാര്യമില്ലായിരുന്നു. എന്നാല്‍, നമ്മുടെ ജീവിതം പരലോകത്തിലേക്കു നീണ്ടുപോകുന്നതാണെന്നു നമുക്കറിയാവുന്നതുകൊണ്ടു ധനത്തെക്കുറിച്ചുള്ള വീക്ഷണത്തിലും അതിന്റെ വിനിയോഗത്തിലും നാം ഏറെ ശ്രദ്ധിച്ചേ മതിയാകു.

ഗുസ്തി വിദഗ്ധനായ യൂസിഫിനെ മരണത്തിലേക്കു നയിച്ചത് അയാളുടെ ധനത്തിലുള്ള ആശ്രയമായിരുന്നു. നാം ജാഗ്രതപുലര്‍ത്തുന്നില്ലെങ്കില്‍, ഒരുപക്ഷേ ധനത്തോടുള്ള നമ്മുടെ അമിത താത്പര്യം നമ്മെ നിത്യനാശത്തിലേക്കുതന്നെ നയിച്ചെന്നിരിക്കും.

നമുക്കു ധനമുണെ്ടങ്കില്‍ നമ്മുടെ ധനം നമ്മുടെയും മറ്റുള്ളവരുടെയും അനുദിന ആവശ്യങ്ങള്‍ക്കായി ബോധപൂര്‍വം ചെലവഴിക്കാം. അപ്പോള്‍, ശരിയായുള്ള ധനത്തിന്റെ വിനിയോഗം നമ്മുടെ നിത്യജീവനും നിത്യാനന്ദത്തിനും വഴിതെളിച്ചുകൊള്ളും.
    
To send your comments, please clickhere