ഒന്നുമുതല്‍ ഒന്പതുവരെ എണ്ണിയശേഷം പരസ്പരം മല്ലടിച്ചിരുന്ന മംഗളിയന് ഗോത്രങ്ങളെ ഒന്നിപ്പിച്ച് പൂര്‍വ യൂറോപ്പ് മുതല്‍ വടക്കന്‍ ചൈനവരെ തന്റെ സാമ്രാജ്യം വികസിപ്പിച്ച യുദ്ധവീരനായിരുന്നു ജംഗിഷ്ഖാന് (1162-1227). മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കുശേഷം ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ യുദ്ധവീരനായിട്ടാണു പല ചരിത്രകാരന്മാരും ജംഗിഷ്ഖാനെ ഇന്നും വിലയിരുത്തുന്നത്. യുദ്ധവീരനായ ജംഗിഷ്ഖാന് നല്ലൊരു വേട്ടക്കാരനായിരുന്നത്രേ. ഒരിക്കല്‍ അദ്ദേഹം തന്റെ സേവകരുമൊത്തു വേട്ടയ്ക്കുപോയി. പതിവുപോലെതന്നെ വേട്ടയ്ക്കു സഹായിച്ചിരുന്ന ഒരു വേട്ടപ്പക്ഷിയേയും അദ്ദേഹം അന്നു കൂടെക്കൊണ്ടുപോയി. ജംഗിഷ്ഖാന് പ്രത്യേകം താലോലിച്ചുവളര്ത്തിയിരുന്ന ഒരു പരുന്തായിരുന്നു ആ വേട്ടപ്പക്ഷി. അന്നത്തെ വേട്ട പ്രതീക്ഷിച്ചത്ര വിജയകരമായിരുന്നില്ല. അതുകൊണ്ട് സേവകരെയെല്ലാം വേറെവഴിയെ വിട്ടിട്ട് ജംഗിഷ്ഖാന് തനിയേ വനത്തിലൂടെ നടക്കാന്‍തുടങ്ങി. ഇതിനിടയില്‍ അദ്ദേഹത്തിന്റെ വേട്ടപ്പക്ഷി എവിടേക്കോ പറന്നുപോവുകയും ചെയ്തിരുന്നു. ഇണങ്ങിയ പക്ഷിയായിരുന്നതുകൊണ്ട് അതു തിരികെ തന്റെ കൊട്ടാരത്തിലെത്തുമെന്നു ജംഗിഷ്ഖാനു നിശ്ചയമായിരുന്നു. വനത്തിലൂടെ നടന്ന് ജംഗിഷ്ഖാന് മടുത്തു. സൂര്യന്റെ ചൂടുമൂലം അദ്ദേഹത്തിനു വല്ലാത്ത ദാഹവും തോന്നി. പക്ഷേ, ബാഗില്‍ കുടിക്കുവാനൊന്നുമുണ്ടായിരുന്നില്ല. തന്മൂലം, അടുത്തെവിടെയെങ്കിലും അരുവികളുണേ്ടാ എന്ന് അദ്ദേഹം തിരക്കി. വേനല്‍ക്കാലമായിരുന്നതുകൊണ്ട് അരുവികളെല്ലാം വരണ്ടുകിടക്കുകയായിരുന്നു. ദാഹിച്ചവശനായി ജംഗിഷ്ഖാന് അങ്ങനെ നടക്കുമ്പോള്‍ ഒരു വലിയ പാറക്കെട്ടില്‍നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നതു കണ്ടു. അദ്ദേഹം ഉടനെ ബാഗില്‍നിന്നു കപ്പ് എടുത്ത് അതില്‍ വെള്ളം സംഭരിക്കാന്‍ തുടങ്ങി. നിറയാറായപ്പോഴേക്കും വെള്ളം കുടിക്കാനായി കപ്പ് അദ്ദേഹം ചുണ്ടിലേക്കടുപ്പിച്ചു. എന്നാല്‍, നിമിഷനേരത്തിനുള്ളില്‍ അദ്ദേഹത്തിന്റെ പരുന്ത് എവിടെനിന്നോ പറന്നെത്തി ആ കപ്പ് തെറിപ്പിച്ചുകളഞ്ഞു. ദാഹിച്ചുവലഞ്ഞിരുന്ന ജംഗിഷ്ഖാന് അപ്പോള്‍ തന്റെ വളര്‍ത്തുപക്ഷിയുടെ നേരെ വല്ലാത്ത ദേഷ്യം തോന്നി. എങ്കിലും താഴെവീണുകിടന്ന കപ്പ് വീണ്ടും എടുത്ത് അദ്ദേഹം സാവധാനം വെള്ളം സംഭരിക്കാന്‍ തുടങ്ങി. പക്ഷേ, ആ കപ്പിലെ വെള്ളവും ചുണേ്ടാടടുപ്പിച്ചപ്പോള് പരുന്തു പറന്നെത്തി വെള്ളം തെറിപ്പിച്ചുകളഞ്ഞു. ഇത്തവണ കലികയറിയ ജംഗിഷ്ഖാന് പറഞ്ഞു: ''എന്താണ് ഇത്ര ധിക്കാരം? ഇനിയും നീ ഇതാവര്‍ത്തിച്ചാല്‍ നിന്നെ ഞാന്‍ കൊന്നുകളയും.'' ജംഗിഷ്ഖാന് വീണ്ടും കപ്പില്‍ വെള്ളം ശേഖരിക്കാന്‍ തുടങ്ങി. ഇത്തവണ കപ്പ് ചുണ്ടിലേക്കടുപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം വാളൂരി തയാറായിരുന്നു. വാളൂരിയതു കണ്ടിട്ടും പരുന്തു ഭയപ്പെട്ടില്ല. വെള്ളം കുടിക്കാന്‍ ശ്രമിച്ച നിമിഷം വീണ്ടും പരുന്ത് പറന്നെത്തി കപ്പ് തെറിപ്പിച്ചുകളഞ്ഞു. പക്ഷേ, അതിനിടയില്‍ ജംഗിഷ്ഖാന്റെ വാള് പക്ഷിയുടെ കഴുത്തില്‍ ആഞ്ഞുപതിച്ചു. ''ധിക്കാരത്തിനു കിട്ടുന്ന സമ്മാനമാണിത്'' ജംഗിഷ്ഖാന് മുറുമുറുത്തു. വീണ്ടും വെള്ളം ശേഖരിക്കാന്‍വേണ്ടി അദ്ദേഹം കപ്പു തെരഞ്ഞു. പക്ഷേ, വീണെ്ടടുക്കാന്‍ പറ്റാത്ത ആഴത്തിലേക്കായിരുന്നു അതു വീണത്. കപ്പില്ലെങ്കില്‍ വേണ്ട; പാറക്കെട്ടിന്റെ മുകളില്‍ക്കയറി അവിടെനിന്നു നേരിട്ടുവെള്ളം കുടിച്ചുകളയാം എന്ന് അദ്ദേഹം തീരുമാനിച്ചു. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും അദ്ദേഹം പാറക്കെട്ടിന്റെ മുകളിലെത്തി. അപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിപ്പിച്ചു. പാറക്കെട്ടിനു മുകളിലുണ്ടായിരുന്ന വെള്ളത്തില്‍ ഒരു വിഷപ്പാമ്പ് ചത്തുകിടന്നിരുന്നു. ആ വിഷജലത്തില്‍ നിന്നായിരുന്നു വെള്ളം ഇറ്റിറ്റു താഴേക്കു വീണുകൊണ്ടിരുന്നത്. ബുദ്ധിശാലിയായ പരുന്ത് തന്റെ ജീവന് രക്ഷിക്കാന്വേണ്ടിയായിരുന്നല്ലോ കപ്പിലെ ജലം തട്ടിത്തെറിപ്പിച്ചതെന്നോര്ത്തപ്പോള് ജംഗിഷ്ഖാന്റെ കണ്ണുകള്‍ നിറഞ്ഞു. പരുന്ത് ചെയ്തത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാതെ തന്റെ മുന്‍കോപത്തിനു വഴങ്ങി സ്നേഹമുള്ള ആ പക്ഷിയെ വധിച്ചതില്‍ ജംഗിഷ്ഖാന് ഏറെ കരഞ്ഞു. ഇനിയൊരിക്കലും മുന്കോപത്തിനടിപ്പെട്ട് ഒന്നും ചെയ്യില്ല എന്ന് ഉഗ്രശപഥം ചെയ്തതിനുശേഷമായിരുന്നത്രേ ജംഗിഷ്ഖാന് അന്നു കൊട്ടാരത്തിലേക്ക് മടങ്ങിയത്. കോപവും മുന്കോപവുമൊക്കെ ഇല്ലാത്തവര്‍ അപൂര്‍വമായിരിക്കാം. എന്നാല്‍, അതുകൊണ്ടു മുന്‍കോപത്തോടെ വായില്‍വരുന്നതു പറയുകയും മനസില്‍ തോന്നുന്നതു ചെയ്യുകയും ചെയ്യാന്‍ നമുക്കവകാശമുണെ്ടന്ന് കരുതേണ്ട. എന്നു മാത്രമല്ല, നിയന്ത്രിക്കുകയും മാറ്റിയെടുക്കാന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്യേണ്ട ദുര്‍ഗുണങ്ങളുടെ മുന്‍പന്തിയില്‍ നാം മുന്കോപത്തെ നിര്‍ത്തിയേ മതിയാകൂ. ജംഗിഷ്ഖാന്റെ മുന്‍കോപം ഒരു പരുന്തിന്റെ ജീവനെ മാത്രമേ നശിപ്പിച്ചുള്ളൂ. എന്നാല്‍ നമ്മില്‍ പലരുടേയും മുന്‍കോപം പലപ്പോഴും എത്രമാത്രം ദുരിതങ്ങളാണു മറ്റുള്ളവര്‍ക്കും നമുക്കും വരുത്തിവയ്ക്കുന്നത്. കോപമുണ്ടായാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ഒന്നു മുതല്‍ ഒമ്പതുവരെ ശാന്തമായിനിന്ന് എണ്ണണം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്തതിനുശേഷവും കോപം ശമിക്കുന്നില്ലെങ്കിലോ? അപ്പോഴും നാം വീണ്ടും ഒന്നുമുതല്‍ ഒമ്പതുവരെ എണ്ണുന്നതായിരിക്കും നമുക്ക് നല്ലത്. കാരണം, കോപത്തിന്റെ ശക്തിയാല്‍ നാം ചെയ്യുന്ന കാര്യങ്ങളില്‍ നീതിയും ന്യായവും കാണാന്‍ സാധ്യത വളരെ കുറവാണ്. ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്ന സോക്രട്ടീസിന് ഒരിക്കല്‍ തന്റെ വീട്ടുവേലക്കാരനോട് ഏതോ കാര്യത്തിന്റെ പേരില്‍ വല്ലാത്ത കോപം തോന്നി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ വല്ലാതെ കുപിതനാണിപ്പോള്. അല്ലായിരുന്നുവെങ്കില്‍ നിന്റെ കുറ്റത്തിനും ഞാന്‍ നിന്നെ തല്ലി ശരിപ്പെടുത്തുമായിരുന്നു.'' കോപംമൂലം പ്രവര്‍ത്തിച്ചാല്‍ ആ പ്രവൃത്തി നീതിയുടെ വഴിയില്‍നിന്ന് ഏറെ അകന്നുപോകുമെന്ന് സോക്രട്ടീസിനറിയാമായിരുന്നു. അതുകൊണ്ടാണ് താന്‍ കുപിതനല്ലായിരുന്നെങ്കില് വേലക്കാരനെ ശിക്ഷിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞത്. ആരെങ്കിലും നമുക്കെതിരായോ മറ്റുള്ളവര്ക്കെതിരായോ തെറ്റുചെയ്താല്‍ അതെക്കുറിച്ചു ധാര്‍മികരോഷം നല്ലതുതന്നെ. എന്നാല്‍, അതു കോപമായി മാറുകയും ആ കോപത്തിന്റെ ബലത്തില്‍ നാം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നമ്മുടെ പ്രവൃത്തിയേയും നീതീകരിക്കാനാവില്ല എന്നതു നാം മറന്നുപോകേണ്ട. കോപമുണ്ടാകുമ്പോള്‍ ഒന്നുമുതല്‍ ഒമ്പതുവരെ എണ്ണുവാന്‍ ആദ്യം നമുക്കു ശ്രദ്ധിക്കാം. അപ്പോഴും കോപം ശമിക്കുന്നില്ലെങ്കിലോ? മുമ്പു സൂചിപ്പിച്ചതുപോലെ വീണ്ടും ഒന്നുമുതല്‍ ഒമ്പതുവരെ എണ്ണാം. നമ്മുടെ കോപം ശമിക്കുന്നതുവരെ ഇമ്മാതിരി എണ്ണുന്നതായിരിക്കും കോപത്തോടുകൂടി എന്തെങ്കിലും ചെയ്യുന്നതിനേക്കാള്‍ നല്ലത്. |