Jeevithavijayam
10/23/2018
    
വാങ്ങുമ്പോഴെന്നപോലെ കൊടുക്കുമ്പോഴും
''സെന്‍ ഫ്‌ളെഷ്, സെന്‍ ബോണ്‍സ്.'' പ്രസിദ്ധമായ ഒട്ടേറെ ''സെന്‍'' കഥകളടങ്ങുന്ന ഒരു വിശിഷ്ടഗ്രന്ഥമാണിത്. പോള്‍ റെപ്‌സ് എന്ന അമേരിക്കക്കാരനാണ് ഇന്ത്യയിലും ജപ്പാനിലുമൊക്കെ ചുറ്റിനടന്നു കഥകള്‍ സമാഹരിച്ചശേഷം 1957ല്‍ ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത്.

ധ്യാനജീവിതത്തിനും ജീവിതത്തില്‍ ''ബോധോദയം'' നേടുന്നതിനുമൊക്കെ പ്രത്യേക പ്രാധാന്യം നല്‍കുന്ന ഒരു ബുദ്ധമതവിഭാഗമാണ് സെന്‍. സെന്‍ കഥകളാകട്ടെ, നമ്മുടെ ജീവിതത്തില്‍ ജ്ഞാനപ്രകാശമുണ്ടാകുന്നതിന് ഏറെ സഹായിക്കുന്നവയും. ''സെന്‍ ഫ്‌ളെഷ്, സെന്‍ ബോണ്‍സ്'' എന്ന ഗ്രന്ഥത്തില്‍നിന്ന് അത്തരമൊരു കഥ നമ്മുടെ ചിന്തയ്ക്കായി ഇവിടെ പകര്‍ത്തട്ടെ:

ജപ്പാനിലെ ഒരു സെന്‍ മാസ്റ്ററായിരുന്നു സെയ്‌സേറ്റ്‌സു. അദ്ദേഹത്തിന്റെ ശിഷ്യത്വം നേടാന്‍ ധാരാളംപേര്‍ പലസ്ഥലങ്ങളില്‍നിന്നും വന്നുകൊണ്ടിരുന്നു. പക്ഷേ അവര്‍ക്കെല്ലാം താമസിക്കുന്നതിനുള്ള സൗകര്യം നല്‍കുക സെയ്‌സേറ്റ്‌സുവിനു ബുദ്ധിമുട്ടായിരുന്നു. ഇതു മനസിലാക്കിയ ധനികനായ ഒരു കച്ചവടക്കാരന്‍ പുതിയ ഒരു സ്‌കൂള്‍ പണിയുവാനായി അറുനൂറു സ്വര്‍ണനാണയം സെയ്‌സേറ്റ്‌സുവിനു നല്‍കാന്‍ തീരുമാനിച്ചു. ഉമേസു എന്നായിരുന്നു ആ കച്ചവടക്കാരന്റെ പേര്.

ഒരുദിവസം രാവിലെ ഒരു സഞ്ചിനിറയെ സ്വര്‍ണനാണയവുമായി ഉമേസു സെയ്‌സേറ്റ്‌സുവിനെ സമീപിച്ചു. ഉമേസു കൊണ്ടുവന്ന പണത്തെക്കുറിച്ചു കേട്ടപ്പോള്‍ സെയ്‌സേറ്റ്‌സു പറഞ്ഞു: ''ശരി, ഞാന്‍ പണം സ്വീകരിക്കാം.''

ഉമേസു സെയ്‌സേറ്റ്‌സുവിന് പണസഞ്ചി കൈമാറി. എന്നാല്‍ പണം കൈയില്‍ കിട്ടിയപ്പോഴും സെയ്‌സേറ്റ്‌സുവിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല. സെയ്‌സേറ്റ്‌സു തന്നോട് ഒരു നന്ദിവാക്കുപോലും പറയുന്നില്ലല്ലോ എന്ന ചിന്തയോടെ ഉമേസു പറഞ്ഞു: ''ആ സഞ്ചിയില്‍ അറുനൂറു സ്വര്‍ണനാണയമുണ്ട്.''

അപ്പോള്‍ സെയ്‌സേറ്റ്‌സു പറഞ്ഞു: ''നിങ്ങള്‍ അക്കാര്യം നേരത്തേ എന്നോടു പറഞ്ഞതാണല്ലോ,'' ഉമേസു കാര്യം വിശദമാക്കാന്‍ വേണ്ടി പറഞ്ഞു: ''ഞാന്‍ വലിയ പണക്കാരനാണെങ്കില്‍പ്പോലും അറുനൂറു സ്വര്‍ണനാണയം വലിയൊരു തുകയാണ്.''

അപ്പോള്‍ സെയ്‌സേറ്റ്‌സു ചോദിച്ചു: ''ഞാന്‍ നിങ്ങളോട് ഇതിനു നന്ദി പറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?'' അപ്പോള്‍ ഉമേസുവിന്റെ മറുപടി പെട്ടെന്നായിരുന്നു. അയാള്‍ പറഞ്ഞു: ''നിങ്ങള്‍ തീര്‍ച്ചയായും നന്ദി പറയണം.''

ഒരു ഭാവവ്യത്യാസവും കൂടാതെ സെയ്‌സേറ്റ്‌സു പറഞ്ഞു: ''ഞാന്‍ എന്തിനു നന്ദി പറയണം? കൊടുക്കുന്നവനല്ലേ നന്ദിയുണ്ടായിരിക്കേണ്ടത്?'

സെയ്‌സേറ്റ്‌സുവിന്റെ ഈ ചോദ്യത്തോടുകൂടി കഥ അവസാനിക്കുകയാണ്. ഇനി ആ ചോദ്യത്തിന് ഉത്തരം കണെ്ടത്തേണ്ടതു നമ്മളാണ്.


ആര്‍ക്കാണ് നന്ദിയുണ്ടായിരിക്കേണ്ടത്? കൊടുക്കുന്നവനോ വാങ്ങുന്നവനോ?

വാങ്ങുന്നവനു നന്ദിയുണ്ടായിരിക്കണമെന്നു തീര്‍ച്ചയായും നമ്മള്‍ പറയും. വാങ്ങുന്നവന്‍ നന്ദി കാണിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ കുറ്റക്കാരന്‍തന്നെ.

എന്നാല്‍ കൊടുക്കുന്നവന്‍ വെറുതെ നന്ദി പ്രതീക്ഷിച്ചാല്‍ മതിയോ? അവനും നന്ദി ഉണ്ടായിരിക്കേണേ്ട? സെയ്‌സേറ്റ്‌സു സൂചിപ്പിച്ചതുപോലെ കൊടുക്കുന്നവനും നന്ദിയുണ്ടായേ മതിയാകൂ. പ്രത്യേകിച്ചും ദൈവത്തോട്. ദൈവത്തിന്റെ അനുഗ്രഹംകൊണ്ടുകൂടിയല്ലേ കൊടുക്കുന്നവന് കൊടുക്കാന്‍ മാത്രം ഉണ്ടായത്? അപ്പോള്‍ തീര്‍ച്ചയായും കൊടുക്കുന്നവന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കണം.

അതുപോലെ, കൊടുക്കുന്നവന്‍ വാങ്ങുന്നവനോടും ഏറെ നന്ദിയുള്ളവനായിരിക്കണം. കൊടുക്കുന്നവനില്‍നിന്നു വാങ്ങുവാനുള്ള എളിമയും വിനയവും വാങ്ങുന്നവനും ഉള്ളതുകൊണ്ടല്ലേ കൊടുക്കുന്നവന് സന്തോഷപൂര്‍വം അതു ചെയ്യുവാന്‍ സാധിക്കുന്നത്?

നാം സന്തോഷപൂര്‍വം ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കുവാന്‍ തയാറാകുന്നുവെന്നു കരുതുക. എന്നാല്‍ നാം ആര്‍ക്കു കൊടുക്കുവാന്‍ തുനിയുന്നുവോ ആ വ്യക്തി നാം കൊടുക്കുന്നതു സ്വീകരിക്കാന്‍ വിസമ്മതിച്ചാലോ?

കൊടുക്കുന്നതില്‍ മാത്രമല്ല മേന്മ. വാങ്ങുന്നതിലും ഏറെ മേന്മയുണ്ട്. പ്രത്യേകിച്ചും മറ്റുള്ളവരില്‍നിന്നു വാങ്ങുന്നതിന് ഏറെ വിനയവും എളിമയും ആവശ്യമായിവരുന്ന അവസരങ്ങളില്‍. ഒരുപക്ഷേ അതുകൊണ്ടായിരിക്കുകയില്ലേ സെയ്‌സേറ്റ്‌സു പറഞ്ഞത് കൊടുക്കുന്നവനായിരിക്കണം നന്ദിയുണ്ടായിരിക്കേണ്ടതെന്ന്?

സാധാരണരീതിയില്‍, കൊടുക്കുന്നവനായിരിക്കും വാങ്ങുന്നവനെക്കാള്‍ വലിയവന്‍. എന്നാല്‍ ചിലപ്പോള്‍ വാങ്ങുന്നവനാണു കൊടുക്കുന്നവനെക്കാള്‍ വലിയവനെന്നതും നാം മറക്കേണ്ട. വാങ്ങുന്നവന്‍ വാങ്ങുന്നതുകൊണ്ടല്ലേ കൊടുക്കുന്നവനു കൊടുക്കുവാന്‍ സാധിക്കുക? അതുകൊണ്ട് വാങ്ങുന്നവന്‍ മാത്രം നന്ദിപറഞ്ഞാല്‍ പോരാ, കൊടുക്കുന്നവനും നന്ദിപറയുവാന്‍ പഠിക്കണം.

കൊടുക്കുന്നവന്‍ തനിക്കു കൊടുക്കുവാന്‍ മാത്രം ഉണ്ടായതിന് ആദ്യം ദൈവത്തോടു നന്ദിപറയണം. അതുപോലെ കൊടുക്കുവാനുള്ള മനഃസ്ഥിതി തനിക്കു തന്നതിനും അയാള്‍ ദൈവത്തോടു നന്ദിപറയണം. അതോടൊപ്പം കൊടുക്കുന്നവന്‍ വാങ്ങുന്നവനോടും നന്ദി പറയണംതനിക്കു കൊടുക്കുവാന്‍ അവസരം നല്‍കിയതിനും സന്തോഷപൂര്‍വം തന്റെ ദാനം സ്വീകരിച്ചതിനും.

നാം ഒരേസമയം കൊടുക്കുന്നവരും വാങ്ങുന്നവരുമാണ്. വാങ്ങുമ്പോള്‍ ഒരുപക്ഷേ നാം നന്ദി പറഞ്ഞെന്നിരിക്കും. എന്നാല്‍ കൊടുക്കുമ്പോള്‍ നന്ദിയുള്ളവരായിരിക്കുവാന്‍ നാം ഓര്‍മിക്കാറുണേ്ടാ?
    
To send your comments, please clickhere