Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
November 21, 2018
 
 
    
 
Print this page
 

ഒരു മുഖത്തിന്റെ ഓര്‍മ; ഒരു സ്‌നേഹത്തിന്റെ ചൂട്

ലോകപ്രസിദ്ധനായ ന്യൂറോളജിസ്റ്റും സൈക്കിയാട്രിസ്റ്റുമായിരുന്നു ഓസ്ട്രിയക്കാരനായ ഡോ. വിക്ടര്‍ ഫ്രാങ്കല്‍ (1905-1997). 'ലോഗോതെറപ്പി'ക്കു തുടക്കം കുറിച്ച അദ്ദേഹം 'മാന്‍സ് സേര്‍ച്ച് ഫോര്‍ മീനിംഗ്' തുടങ്ങി മുപ്പതിലേറെ പ്രൗഢഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. യഹൂദവംശജനായി ജനിച്ചതിന്റെ പേരില്‍ നാസികളുടെ തടങ്കല്‍പ്പാളയത്തില്‍ അടയ്ക്കപ്പെട്ട അദ്ദേഹം നിരവധി തടവുകാരുടെ ജീവിതത്തില്‍ നവോന്മേഷവും പ്രതീക്ഷയും പകര്‍ന്നുകൊടുത്തിട്ടുണ്ട്.

ഫ്രാങ്കല്‍ തടവറയിലായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും നാസികളുടെ ഗ്യാസ് ചേംബറില്‍ ചാരമായിത്തീരുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തടവറയില്‍ നിന്നു രക്ഷപ്പെട്ട അദ്ദേഹത്തിനു ശേഷിച്ചത് ഒരു സഹോദരി മാത്രമാണ്.

ബാക്കി കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമൊക്കെ നാസികളുടെ കൊടുംക്രൂരതയ്ക്ക് ഇരകളായിക്കഴിഞ്ഞിരുന്നു. നാസികളുടെ തടങ്കല്‍പ്പാളയത്തിലെ ജീവിതം ഫ്രാങ്കലിനെ സംബന്ധിച്ചിടത്തോളം ദുസ്സഹമായിരുന്നു. എങ്കിലും നിരാശപ്പെടുവാനോ പ്രതീക്ഷ കൈവിടുവാനോ അദ്ദേഹം തയാറായില്ല. എന്നുമാത്രമല്ല, ഓരോ ദിവസവും മുഖം ഷേവ് ചെയ്ത് പ്രസന്നവദനനായി നടക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ചെയ്യുവാന്‍ വേറൊരു കാരണവുമുണ്ടായിരുന്നു:

ഭക്ഷണത്തിന്റെ പോരായ്മയും കഠിനാധ്വാനവുംമൂലം തടങ്കല്‍പ്പാളയത്തിലെ പലരും ഏറെ ക്ഷീണിതരും അവശരുമായിരുന്നു. അങ്ങനെയുള്ളവര്‍ക്കു ജോലി ചെയ്യുവാന്‍ സാധിക്കുകയില്ലെന്നു കരുതി അവരെ തെരഞ്ഞെടുത്തു നാസികള്‍ ഗ്യാസ് ചേംബറില്‍ കൊന്നൊടുക്കുമായിരുന്നു. മുഖം ഷേവ് ചെയ്തും പ്രസന്നവദനനായി നടന്നും ഫ്രാങ്കല്‍ ഉന്മേഷവാനായി കാണപ്പെടുവാന്‍ ശ്രദ്ധിച്ചതുകൊണ്ട് അദ്ദേഹം ഗ്യാസ് ചേംബറില്‍ എത്തിപ്പെടാതെ കഴിഞ്ഞു.

നാസികളുടെ തടവറയിലായിരുന്നപ്പോള്‍ തന്റെ മാനസികനില ഭദ്രമാക്കുവാന്‍ അദ്ദേഹം ചെയ്തിരുന്ന മറ്റൊരു കാര്യമുണ്ട്. തന്റെ സ്‌നേഹവതിയായ ഭാര്യയെക്കുറിച്ച് ഓര്‍മിക്കുക എന്നുള്ളതായിരുന്നു അത്. തടവറയിലെ കഷ്ടപ്പാടുകള്‍ക്കും യാതനകള്‍ക്കുമിടയില്‍, എപ്പോഴും പുഞ്ചിരി തൂകുന്ന ഭാര്യയുടെ സ്‌നേഹം അദ്ദേഹം ഓര്‍മിച്ചു. ആ സ്‌നേഹത്തെക്കുറിച്ചുള്ള ഓര്‍മ എപ്പോഴും അദ്ദേഹത്തിനു നവജീവന്‍ നല്കി. മാത്രമല്ല, ഭാര്യയോടുള്ള സ്‌നേഹംമൂലം ഏതു ദുരിതവും സഹിക്കുവാന്‍ അദ്ദേഹം തയാറായിരുന്നു.

നമ്മുടെ ജീവിതത്തിലും ക്ലേശങ്ങളും ദുഃഖങ്ങളുമുണ്ടാകുമ്പോള്‍ അവ സഹിക്കുവാനും തരണം ചെയ്യുവാനും പലപ്പോഴും നമ്മെ സഹായിക്കുന്നതു ചിലര്‍ക്കു നമ്മോടുള്ള സ്‌നേഹത്തെക്കുറിച്ചുള്ള ബോധമല്ലേ? അതുപോലെ, നമുക്കു മറ്റുള്ളവരോടുള്ള സ്‌നേഹവും ഏതു ബുദ്ധിമുട്ടും പ്രതിബന്ധവും തരണം ചെയ്യുവാന്‍ നമ്മെ സഹായിക്കുന്നു.

മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി പാടുപെടുന്നത് അവര്‍ക്കു മക്കളോടുള്ള സ്‌നേഹം കൊണ്ടാണല്ലോ. അതുപോലെതന്നെ, മക്കള്‍ക്കു മാതാപിതാക്കളോടുള്ള സ്‌നേഹം തങ്ങളുടെ ഭാരം ചുമക്കുവാന്‍ മാതാപിതാക്കളെ സഹായിക്കുന്നു. എന്നാല്‍, നമ്മെ ആരും സ്‌നേഹിക്കുന്നില്ലെന്ന ചിന്ത അപൂര്‍വമായിട്ടാണെങ്കിലും നമുക്ക് ഉണ്ടാകാറില്ലേ? അതുപോലെ തന്നെ, നാം എന്തിനുവേണ്ടി ജീവിക്കണം എന്നു നാം സ്വയം ചോദിക്കുന്ന അവസരങ്ങളും ഉണ്ടാകാറില്ലേ? അങ്ങനെയുള്ള അവസരങ്ങളില്‍ നാം മറന്നു പോകരുതാത്ത ഒരു കാര്യമുണ്ട്. അതായത്, ആരും നമ്മെ സ്‌നേഹിക്കുവാനില്ലെങ്കിലും ദൈവം സ്‌നേഹിക്കുവാനുണ്ട് എന്ന വസ്തുത.

ദൈവത്തിനു നമ്മള്‍ പ്രിയപ്പെട്ടവരാണെന്നും അവിടുന്ന് എപ്പോഴും അഗാധമായി നമ്മെ സ്‌നേഹിക്കുന്നുണ്ടെന്നും ഓര്‍മിക്കുവാന്‍ സാധിച്ചാല്‍ ജീവിതത്തിലെ ഏതു പ്രതിസന്ധിയും ധൈര്യപൂര്‍വം നമുക്കു തരണം ചെയ്യുവാന്‍ സാധിക്കും. ഫ്രാങ്കലിനു തന്റെ ഭാര്യയുടെ സ്‌നേഹത്തെക്കുറിച്ചുള്ള ഓര്‍മ നവജീവനും പ്രത്യാശയും നല്കിയെങ്കില്‍ ദൈവത്തിനു നമ്മോടുള്ള സ്‌നേഹത്തെക്കുറിച്ചുള്ള ഓര്‍മ നമുക്ക് എത്രമാത്രം നവോന്മേഷവും പ്രത്യാശയും നല്‍കേണ്ടതാണ്.

ഒരമ്മ തന്റെ കുഞ്ഞിനെ മറന്നാലും ഒരിക്കലും നമ്മെ മറക്കുകയില്ലെന്നാണ് ദൈവം നമ്മോടു പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍, അവിടുത്തെ സ്‌നേഹത്തെക്കുറിച്ചും നമ്മോടുള്ള താത്പര്യത്തെക്കുറിച്ചും നാം എന്തിനു സംശയിക്കണം? ദൈവവും അവിടുത്തേക്കു നമ്മോടുള്ള സ്‌നേഹവും എപ്പോഴും നമ്മുടെ ചിന്തയിലും മനസിലുമുണ്ടായിരിക്കട്ടെ. അപ്പോള്‍ ജീവിതത്തിലെ ഏതു പ്രതിസന്ധിയും ദുഃഖവും നമുക്കു തരണം ചെയ്യുവാനാവും. അക്കാര്യത്തില്‍ ഒരിക്കലും സംശയം വേണ്ട.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.