Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
October 18, 2019
 
 
    
 
Print this page
 

ആടുന്ന പാലത്തിലെ അസ്ത്രവിദ്യക്കാര്‍

അമ്പും വില്ലും ഉപയോഗിക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു ആ യുവാവ്. അമ്പെയ്ത്തു മത്സരങ്ങളിലൊക്കെ ഈ വില്ലാളിവീരനെ ജയിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പ്രശസ്തനായ ഒരു സെന്‍ ഗുരുവിനെക്കുറിച്ച് അയാള്‍ കേള്‍ക്കുവാനിടയായത്. അമ്പെയ്യുന്നതില്‍ ഈ സെന്‍മാസ്റ്ററും അതിസമര്‍ഥനാണത്രേ.

യുവാവ് തന്റെ മിടുക്കു തെളിയിക്കുവാനായി സെന്‍ മാസ്റ്ററെ അമ്പെയ്ത്തു മത്സരത്തിനു വെല്ലുവിളിച്ചു. ഗുരു സന്തോഷപൂര്‍വം അയാളുടെ വെല്ലുവിളി സ്വീകരിച്ചു.

മത്സരസ്ഥലത്തെ ഒരു മരത്തില്‍ അടയാളം രേഖപ്പെടുത്തിയതിനുശേഷം അകലെ മാറിനിന്ന യുവാവ് ലക്ഷ്യസ്ഥാനത്തേക്ക് അമ്പെയ്തു. അതു കൃത്യസ്ഥാനത്തു തറയ്ക്കുകയും ചെയ്തു. വീണ്ടും ഒരു അമ്പുകൂടി യുവാവ് എയ്തു. അത് ആദ്യത്തെ അമ്പിനെ തുളച്ചുകയറി ലക്ഷ്യം കണ്ടു.

''ഇതിലും കേമമായി അമ്പെയ്യുവാന്‍ സാധിക്കുമെങ്കില്‍ അതു കാണട്ടെ,'' യുവാവ് സെന്‍ഗുരുവിനെ വെല്ലുവിളിച്ചു. ഗുരു ഒന്നും പറഞ്ഞില്ല. തന്നെ അനുഗമിക്കുവാന്‍ ആംഗ്യം കാണിക്കുക മാത്രം ചെയ്തു. സെന്‍മാസ്റ്റര്‍ അപ്പോള്‍ പോയത് ഒരു മലമുകളിലേക്കാണ്. എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നു യുവാവിനറിയില്ലായിരുന്നു. എങ്കിലും അയാള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.

മലമുകളിലെത്തിയപ്പോള്‍ അവിടെ ഒരു കിടങ്ങുണ്ടായിരുന്നു. ആ കിടങ്ങിനപ്പുറത്ത് വീണ്ടും മലകള്‍. കിടങ്ങിനു മുകളിലുണ്ടായിരുന്ന ഒരു കയര്‍പ്പാലമായിരുന്നു ആ മലകളെ തമ്മില്‍ ബന്ധിച്ചിരുന്നത്.

സെന്‍ മാസ്റ്റര്‍ ആ പാലത്തിലേക്കു കയറി. അപ്പോള്‍ പാലം ആടാന്‍തുടങ്ങി. എങ്കിലും പാലത്തില്‍ നിലയുറപ്പിച്ച് താഴെക്കണ്ട ഒരു മരത്തിലേക്ക് അദ്ദേഹം അമ്പെയ്തു. ആ അമ്പ് കൃത്യമായി ലക്ഷ്യത്തിലെത്തുകയും ചെയ്തു. പാലത്തില്‍ നിന്നു തിരികെ വന്നിട്ട് അദ്ദേഹം യുവാവിനോടു പറഞ്ഞു: ''ഇനി നിങ്ങളുടെ അവസരം.''

ചെറുപ്പക്കാരന്‍ മനസില്ലാമനസോടെ പാലത്തിലേക്കു കയറി. ആടുന്ന പാലത്തിനടിയില്‍ അഗാധമായ ഗര്‍ത്തം കണ്ടപ്പോള്‍ ഭയംമൂലം അയാളുടെ കാലുകള്‍ വിറച്ചു. അമ്പ് കൈയിലെടുക്കുവാന്‍ അയാള്‍ നന്നേ ക്ലേശിച്ചു. എന്നാല്‍ വില്ലിന്റെ ഞാണില്‍ അമ്പ് തൊടുക്കാന്‍ കഴിയാത്ത വിധം അയാള്‍ വിറച്ചുകൊണ്ടിരുന്നു.

യുവാവിന്റെ വിഷമസ്ഥിതി കണ്ട സെന്‍ ഗുരു അയാളെ തിരികെ വിളിച്ചിട്ടു പറഞ്ഞു: ''അമ്പെയ്യുന്നതില്‍ നിങ്ങള്‍ വിദഗ്ധനാണ്. എന്നാല്‍, അമ്പെയ്യുന്ന മനസിനെ നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ക്കു പ്രാവീണ്യമില്ല.'' ഈ സെന്‍കഥയിലെ വില്ലാളിവീരനായ ചെറുപ്പക്കാരനെപ്പോലെയല്ലേ നമ്മില്‍ പലരും? പല തരത്തിലുള്ള അറിവുകളും കഴിവുകളുംകൊണ്ടു സമ്പന്നരാണു നാം. എന്നാല്‍, നമ്മുടെ അറിവുകളും കഴിവുകളും ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള മാനസികശക്തി നമുക്കുണ്ടോ? മനസാണു നമ്മുടെ പ്രവൃത്തികളെ നിയന്ത്രിക്കുന്നത്. എന്നാല്‍, സ്വന്തം മനസിനെ നിയന്ത്രിക്കുവാനുള്ള വൈദഗ്ധ്യം നമുക്കുണ്ടോ?

ചിന്തയും മനസും നമ്മുടെ നിയന്ത്രണത്തിലാണെങ്കില്‍ നമ്മുടെ ജീവിതവും നമ്മുടെ നിയന്ത്രണത്തിലായിരിക്കും. എന്നാല്‍, നമ്മുടെ ചിന്തയും മനസും നിയന്ത്രണത്തിലല്ലാതെ ഓരോരോ നേരത്ത് ഓരോരോ തോന്നലുകളനുസരിച്ചാണു നാം കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ അതു നമ്മുടെ ജീവിതത്തിനു ഹാനികരമാകുമെന്നതില്‍ സംശയം വേണ്ട.

കഴിവുകള്‍ ഉണ്ടായതുകൊണ്ടു മാത്രം നാം ജീവിതത്തില്‍ വിജയിക്കണമെന്നില്ല. കഴിവുകളോടൊപ്പം അവയെ ഏറ്റവും ശരിയായി ഉപയോഗിക്കുവാനുള്ള വിവേകവും നിശ്ചയദാര്‍ഢ്യവും നമുക്കുവേണം. എങ്കിലേ നമ്മുടെ കഴിവുകള്‍ ജീവിതത്തില്‍ ശരിക്കും പ്രയോജനപ്രദമാകൂ.

മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ ചെറുപ്പക്കാരന് അസ്ത്രവിദ്യയില്‍ നല്ല വൈദഗ്ധ്യമായിരുന്നു. പക്ഷേ, ഉറച്ചനിലത്തുനിന്നു കൊണ്ടേ അയാള്‍ക്ക് അമ്പെയ്യുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ആടുന്ന പാലത്തില്‍ കയറിയപ്പോള്‍ അയാളുടെ ശരീരം മാത്രമല്ല മനസും ഇളകിപ്പോയി. എന്നാല്‍ സെന്‍ മാസ്റ്ററിനു ശാരീരികമായ കഴിവുകള്‍ മാത്രമല്ല, മാനസികമായ കഴിവുകളും ഉണ്ടായിരുന്നു. ഇളകിയാടുന്ന പാലത്തില്‍ നിന്നപ്പോഴും അദ്ദേഹത്തിന്റെ മനസ് അചഞ്ചലമായിരുന്നു.

ഏതെല്ലാം മേഖലകളില്‍ പ്രാഗല്ഭ്യവും പാണ്ഡിത്യവും ഉണ്ടെങ്കിലും ബലവും വിവേചനശക്തിയുമുള്ളതല്ല മനസെങ്കില്‍ കാര്യമായൊരു പ്രയോജനവുമില്ല. മറിച്ച് ശരിയായ വിവേകവും മനസിനു ബലവുമുണ്ടെങ്കില്‍ ജീവിതപ്രതിസന്ധികളുടെ മധ്യത്തിലും നാം പെട്ടെന്നൊന്നും പതറിപ്പോകില്ല.

ശാരീരികമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ നാം പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, നമ്മുടെ മാനസികകഴിവുകള്‍ വികസിപ്പിക്കുന്നതില്‍ അത്രയേറെ ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. ശാരീരികമായ കഴിവുകളെപ്പോലെയോ അതിലേറെയോ പ്രാധാന്യം അര്‍ഹിക്കുന്നതാണ് നമ്മുടെ മാനസിക കഴിവുകള്‍. അവ വളര്‍ത്തുവാനും വികസിപ്പിക്കുവാനും എപ്പോഴും നമുക്കു ശ്രദ്ധിക്കാം.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.