Jeevithavijayam
11/17/2018
    
ആകുലചിന്തകളുടെ ഭാരം
യഹൂദരുടെയിടയില്‍ യഹൂദരെക്കുറിച്ച് തന്നെ ധാരാളം ഫലിതങ്ങളുണ്ട്. അങ്ങനെയുള്ള ഫലിതങ്ങള്‍ ധാരാളമായിട്ടുള്ളത് ചെം എന്ന പട്ടണനിവാസികളെക്കുറിച്ചാണ്. കുന്ന് എന്ന അര്‍ഥം വരുന്ന ഈ പട്ടണം പോളണ്ടിന്റെ കിഴക്കുഭാഗത്തു സ്ഥിതിചെയ്യുന്നു. ചെംനിവാസികളെക്കുറിച്ചുള്ള ഒരു ഫലിതം ഇപ്രകാരമാണ്.

ചെം പട്ടണനിവാസികളുടെ ജീവിതത്തില്‍ എന്നും ധാരാളം പ്രശ്‌നങ്ങള്‍. ഓരോരുത്തരും അവരവരുടെ ജീവിതപ്രശ്‌നങ്ങളെക്കുറിച്ചോര്‍ത്ത് ആകുലചിത്തരായി. ആകുലചിന്തമൂലം പലര്‍ക്കും പല രോഗങ്ങളും പിടിപെട്ടു. പ്രശ്‌നം വഷളാകുന്നുവെന്നു മനസിലായപ്പോള്‍ ടൗണിലെ മേയര്‍ ഒരു ജനപ്രതിനിധി സമ്മേളനം വിളിച്ചുകൂട്ടി. ആകുലചിന്തമൂലം ക്ലേശിക്കുന്നവരുടെ മനഃപ്രയാസം എങ്ങനെ മാറ്റാനാകും എന്നതായിരുന്നു ചര്‍ച്ചാവിഷയം.

ചര്‍ച്ചക്കിടയില്‍ ഒരു കാര്യം അവര്‍ക്ക് വ്യക്തമായി മനസിലായി. അതായത്, ആ ടൗണിലെ എല്ലാ വ്യക്തികള്‍ക്കും ആകുലചിന്ത എന്ന പ്രശ്‌നം ഉണ്ടെന്ന്. പിന്നെ പ്രശ്‌നപരിഹാരത്തിനായി അവരുടെ ശ്രമം.

''നാം എല്ലാവരും ഒരുപോലെ ആകുലചിത്തരാണ്,'' ജനപ്രതിനിധികളിലൊരാള്‍ പറഞ്ഞു. ''ഈ പ്രശ്‌നത്തിനു ശാശ്വതമായ ഒരു പരിഹാം കണ്ടുപിടിച്ചേ മതിയാകൂ.'' തന്റെ ജോലിയെക്കുറിച്ച് നല്ല ഉത്തരവാദിത്തബോധമുള്ളയാളായിരുന്നു ആ പട്ടണത്തിലെ മേയര്‍. അയാള്‍ പറഞ്ഞു: ''നമ്മുടെയെല്ലാവരുടെയും പ്രശ്‌നങ്ങളെക്കുറിച്ച് ആകുലചിത്തനായിരിക്കുവാന്‍ വേണ്ടി നമുക്കൊരാളെ നിയമിക്കാം. അയാള്‍ നമുക്കുവേണ്ടി, നമ്മുടെ ആകുലചിന്തകളെല്ലാം ചുമക്കട്ടെ.'' മേയര്‍ മുന്നോട്ടുവച്ച നിര്‍ദേശം 'അതിഗംഭീരം' എന്ന് എല്ലാവരും വിലയിരുത്തി. അയാളുടെ ബുദ്ധിശക്തിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

അവരുടെ ആകുലചിന്തകളുടെ ഭാരമെല്ലാം താങ്ങുവാന്‍ വേണ്ടി അവര്‍ ഒരാളെ കണ്ടെത്തി. യോസല്‍ എന്ന ചെരുപ്പുകുത്തിയായിരുന്നു അയാള്‍. ജോലിക്കിടയില്‍ അയാള്‍ക്ക് ഇഷ്ടംപോലെ ഒഴിവുസമയം കിട്ടുന്നുണ്ടെന്നതായിരുന്നു അയാളെ തെരഞ്ഞെടുക്കുന്നതിനു ഒരു കാരണമായി അവര്‍ കണ്ടുപിടിച്ചത്.

യോസലിനെ അവര്‍ ഉടനെതന്നെ ആളയച്ചുവരുത്തി. അയാളെ പുതിയൊരു ജോലി ഏല്പിക്കുവാന്‍ പോകുകയാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു: ''എനിക്കെന്തു പ്രതിഫലം തരും?'' ''ആഴ്ചതോറും ഒരു സ്വര്‍ണനാണയം വീതം,'' മേയര്‍ തന്റെ ഔദാര്യം വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു. ''പക്ഷേ, അതു ശരിയാവില്ല,'' യോസല്‍ തന്റെ അഭിപ്രായഭിന്നത പ്രകടമാക്കി. ''എന്തുകൊണ്ട്?'' മേയര്‍ യോസലിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഉടനെ അയാള്‍ പറഞ്ഞു: ''എനിക്ക് ആഴ്ചതോറും ഒരു സ്വര്‍ണനാണയം ലഭിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും എനിക്ക് ആകുലചിത്തനാകേണ്ടിവരില്ല.''

ഈ കഥയില്‍ ഫലിതമുണ്ട്. കഥയിലെ ഫലിതത്തില്‍ കാര്യവുമുണ്ട്. നാമെല്ലാവരും നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും പലപ്പോഴും ആകുലചിത്തരാണ്.


നമ്മുടെ ആകുലചിന്തകളുടെ ഭാരത്താല്‍ ചിലപ്പോഴെങ്കിലും നാം ഞെരിഞ്ഞമര്‍ന്നുപോകുന്ന അനുഭവവും നമുക്കുണ്ടാകാറില്ലേ? അങ്ങനെയുള്ള അവസരങ്ങളില്‍ നമ്മുടെ ആകുലചിന്തകളുടെ ഭാരം താങ്ങുവാന്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നു ചെം പട്ടണനിവാസികളെപ്പോലെ നമുക്കും തോന്നാറില്ലേ? എന്നാല്‍, നമുക്കുവേണ്ടി ഈ ഒരു ജോലി ചെയ്യുവാന്‍ ആരെങ്കിലും ഉണ്ടാകുമോ?

ബൈബിളില്‍ പറയുന്നതനുസരിച്ച് നമ്മുടെ ആകുലചിന്തകളുടെ ഭാരം താങ്ങുവാന്‍ ദൈവം എപ്പോഴും തയാറാണത്രേ. ദൈവവചനം പറയുന്നു: ''നിന്റെ ഭാരം കര്‍ത്താവിനെ ഏല്പിക്കുക; അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും''(സങ്കീര്‍ത്തനം 55:22). ദൈവവചനം വീണ്ടും പറയുന്നു. ''നിങ്ങളുടെ ഉത്ക്കണ്ഠകളെല്ലാം കര്‍ത്താവിനെ ഏല്പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.''(1 പത്രോസ് 5:7).

നമ്മുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധാലുവായ ദൈവം നമ്മുടെ ജീവിതഭാരം താങ്ങുവാന്‍ എപ്പോഴും തയാറാണ്. പക്ഷേ, നമ്മുടെ ഭാരങ്ങളും ഉത്ക്കണ്ഠകളും കര്‍ത്താവായ ദൈവത്തെ ഏല്പിക്കുവാന്‍ നാം തയാറാണോ എന്നുള്ളതാണ് ഏറ്റവും കാതലായ കാര്യം. ജീവിതഭാരത്താലും ആകുലചിന്തകളാലും നാം ക്ലേശിക്കുമ്പോള്‍ ഈ ചുമടുകളെല്ലാം തനിയെ വഹിച്ചുകളയാമെന്നല്ലേ നാം പലപ്പോഴും ചിന്തിക്കുന്നത്? ഒരുപക്ഷേ, ദൈവസഹായം തേടുവാനുള്ള വൈമനസ്യമായിരിക്കാം അതിനു കാരണം.

എന്നാല്‍, ദൈവസഹായം തേടുവാന്‍ നാം വിസമ്മതിക്കേണ്ട. ''അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം'' (മത്തായി 11:28) എന്ന് എത്രയോ വ്യക്തമായ ഭാഷയിലാണ് ദൈവപുത്രനായ യേശു നമുക്കു സഹായവാഗ്ദാനം നല്കിയിരിക്കുന്നത്. മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലേക്കു തിരിച്ചുവരട്ടെ. ആഴ്ചയില്‍ ഒരു സ്വര്‍ണനാണയം വീതം ലഭിച്ചാല്‍ പിന്നെ തനിക്കൊന്നിനെക്കുറിച്ചും ആകുലചിത്തനാകേണ്ടിവരില്ല എന്നല്ലേ ചെരുപ്പുകുത്തിയായ യോസല്‍ പറഞ്ഞത്? അതായത്, ആവശ്യത്തിനുമാത്രം പണമുണ്ടെങ്കില്‍ ആകുലചിന്തകള്‍ ഉണ്ടാകില്ലെന്ന്. ശരിയാണ്, പണത്തിന്റെ അഭാവം പല ആകുലചിന്തകള്‍ക്കും കാരണമാണ്. എന്നാല്‍, പണമുള്ളതുകൊണ്ട് ആകുലചിന്തകള്‍ ഒഴിവാക്കാനാവും എന്ന് ആര്‍ക്കു പറയാനാകും? പണമുള്ളവര്‍ക്കല്ലേ പലപ്പോഴും ആകുലചിന്തകള്‍ കൂടുതലുള്ളത്?

പണം ഉണ്ടായതുകൊണ്ട് നമ്മുടെ ആകുലചിന്തകള്‍ മാറില്ല. നമ്മുടെ ആകുലചിന്തകള്‍ മാറി സന്തോഷത്തിലും സമാധാനത്തിലും നാം ജീവിക്കണമെങ്കില്‍ നമ്മുടെ ജീവിതഭാരങ്ങളും ആകുലചിന്തകളുമൊക്കെ നാം ദൈവത്തില്‍ സമര്‍പ്പിച്ച് മുന്നോട്ടുപോകുക എന്ന ഏക പോംവഴി മാത്രമേ നമ്മുടെ മുന്നിലുള്ളൂ. അത് എപ്പോഴും നമ്മുടെ ഓര്‍മയിലുണ്ടായിരിക്കട്ടെ.
    
To send your comments, please clickhere