Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
December 13, 2018
 
 
    
 
Print this page
 

അവരെപ്പോലെയായില്ലെങ്കിലും

നമ്മുടെ കൈയില്‍ ഒരു ക്രിക്കറ്റ് ബാറ്റ് ഉണ്ടെന്നു സങ്കല്‍പ്പിക്കുക. ആ ബാറ്റ്‌കൊണ്ട് നമുക്ക് എന്തു ചെയ്യുവാന്‍ സാധിക്കും? ക്രിക്കറ്റ്കളിയില്‍ അല്പമെങ്കിലും പരിചയം നമുക്കുണ്ടെങ്കില്‍ ആ ബാറ്റുകൊണ്ട് ക്രിക്കറ്റ്‌ബോള്‍ നാം അടിച്ചുതെറിപ്പിച്ചെന്നിരിക്കും.
എന്നാല്‍, ആ ബാറ്റ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കൈയില്‍ കൊടുക്കൂ. അപ്പോള്‍ക്കാണാം ഫോറുകളുടെയും സിക്‌സറുകളുടെയും നിലയ്ക്കാത്ത വെടിക്കെട്ട്. അതുമാത്രമോ? ക്രിക്കറ്റ് ബാറ്റ് നന്നായി വീശാനറിയാവുന്നതുകൊണ്ടുമാത്രം സച്ചിന്‍ സമ്പാദിക്കുന്ന പണത്തിനു കണക്കുണ്ടോ?
ക്രിക്കററിലെ മാസ്റ്റര്‍ ബ്ലാസ്റ്ററാണ് സച്ചിന്‍. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെയും ആദ്യമായി ഇരട്ടസെഞ്ചുറി സ്വന്തമാക്കിയതിന്റെയും ടെസ്റ്റില്‍ അന്‍പതു സെഞ്ചുറി നേടിയതിന്റെയും റിക്കാര്‍ഡ് സച്ചിന്റെ പേരിലാണ്.

ക്രിക്കറ്റിലെ മഹാത്ഭുതമായ സച്ചിന്‍ ജനിച്ചപ്പോള്‍ മുതല്‍ അങ്ങനെയായിരുന്നോ? തീര്‍ച്ചയായും നന്നേ ചെറുപ്പത്തില്‍ത്തന്നെ ക്രിക്കറ്റ് കളിയില്‍ സച്ചിന്‍ മിടുക്കനായിരുന്നു. എന്നാല്‍ ദൈവം കൊടുത്ത ആ കഴിവ് വികസിപ്പിച്ചെടുത്തു പരിപോഷിപ്പിച്ചതുകൊണ്ടല്ലേ സച്ചിന്‍ ഇന്നു ലോകോത്തര ബാറ്റ്‌സ്മാന്‍ ആയിത്തീര്‍ന്നിരിക്കുന്നത്?
നമ്മുടെ കൈയില്‍ ഒരു ബാസ്‌ക്കറ്റ്‌ബോള്‍ ഉണ്ടെന്നു കരുതുക. ആ ബോള്‍കൊണ്ട് നമുക്ക് എന്തുനേടുവാന്‍ സാധിക്കും? ഒരു പക്ഷേ, ആ പന്തുകൊണ്ടു നാം നന്നായി കളിച്ചെന്നിരിക്കും. എന്നാല്‍, ചരിത്രം കണ്ട ഏറ്റവും വലിയ ബാസ്‌ക്കറ്റ്‌ബോള്‍ താരമായ മൈക്കിള്‍ ജോര്‍ഡന്റെ കൈയില്‍ ആ പന്തു കൊടുക്കൂ. അപ്പോള്‍ക്കാണാം ബാസ്‌ക്കറ്റ്‌ബോള്‍കൊണ്ടുള്ള ജാലവിദ്യ. അതുമാത്രമോ? ജോര്‍ഡന്റെ കൈയിലെ ബാസ്‌ക്കറ്റ് ബോളല്ലേ അദ്ദേഹത്തിനു കോടിക്കണക്കിനു ഡോളറിന്റെ സമ്പാദ്യമുണ്ടാക്കിക്കൊടുത്തത്?
1963 ഫെബ്രുവരി 17-ന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ ജനിച്ച ജോര്‍ഡന്‍ അന്നു മുതല്‍ ബാസ്‌ക്കറ്റ്‌ബോള്‍കളിയില്‍ ഒരു ജീനിയസായിരുന്നോ? ഒരിക്കലുമല്ല. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമാണ് അദ്ദേഹം ലോകത്തിലെ നമ്പര്‍ വണ്‍ കളിക്കാരനായി മാറിയത്. അമേരിക്കയിലെ പ്രഫഷണല്‍ കളിക്കാരുടെയിടയിലെ ഏറ്റവും വലിയ സ്‌കോറിംഗ് ആവറേജ് അദ്ദേഹത്തിന്റെ പേരിലായിരുന്നു. ഒരു കളിയില്‍ ഏററവും കൂടുതല്‍ പോയിന്റുകള്‍ നേടിയതിന്റെ റിക്കാര്‍ഡും ജോര്‍ഡന് സ്വന്തമായിരുന്നു. 1990 മാര്‍ച്ച് 28-ന് ക്ലീവ്‌ലന്‍ഡില്‍ നടന്ന കളിയില്‍ 69 പോയിന്റുകള്‍ നേടിയാണ് അദ്ദേഹം ഈ റിക്കാര്‍ഡ് സൃഷ്ടിച്ചത്.

നമ്മുടെ കൈയില്‍ ഒരു ടെന്നീസ്ബാറ്റുണ്ടെന്നു കരുതുക. ആ ബാറ്റുകൊണ്ട് നമുക്കെന്തു ചെയ്യുവാന്‍ കഴിയും? എന്നാല്‍ ആ ബാറ്റ് റോജര്‍ ഫെഡറര്‍ക്കു നല്കൂ. അപ്പോള്‍കാണാം ടെന്നീസ്ബാറ്റുകൊണ്ടുള്ള മായാജാലം. വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെ എത്രയെത്ര ചാമ്പ്യന്‍ഷിപ്പുകളാണ് ഫെഡറര്‍ ആ ടെന്നിസ്ബാറ്റുകൊണ്ട് നേടിയെടുത്തത്! ടെന്നീസ് വഴി അദ്ദേഹം ഉണ്ടാക്കിയ സമ്പാദ്യത്തിനാണെങ്കില്‍ കണക്കുമില്ല.

ടെന്നീസിലെ സൂപ്പര്‍താരമായ ഫെഡറര്‍ എന്നും അങ്ങനെയായിരുന്നോ? അല്ല. നിരന്തരമായ കഠിനാധ്വാനത്തിലൂടെയും സ്വയം ശിക്ഷണത്തിലൂടെയും മാത്രമാണ് അദ്ദേഹം ചാമ്പ്യന്‍പദവിയിലേക്കുയര്‍ന്നത്.
സ്‌പോര്‍ട്‌സ്തലത്തില്‍നിന്നു നമുക്കു സാഹിത്യത്തിലേക്കു കടക്കാം. നാം പേന പിടിച്ച് എഴുതാറില്ലേ? പക്ഷേ, അപ്പോള്‍ എന്തെങ്കിലും കാര്യമായി സംഭവിക്കാറുണ്ടോ? എന്നാല്‍, ആ പേന ജാനറ്റ് റോളിംഗിന്റെ കൈയില്‍ കൊടുക്കൂ. അപ്പോള്‍ക്കാണാം പേന കൊണ്ടുള്ള അത്ഭുതസൃഷ്ടികള്‍.
ജാനറ്റിന്റെ പേനത്തുമ്പിലൂടെ വന്ന ഹാരി പോട്ടര്‍ പുസ്തകപരമ്പര ഇന്നു ചരിത്രത്തിന്റെ ഭാഗമാണ്. ജാനറ്റിന്റെ ആദ്യത്തെ മൂന്നു പുസ്തകങ്ങളുടെ നാലു കോടി കോപ്പികളാണ് മുപ്പത്തഞ്ചു ഭാഷകളില്‍ വിറ്റഴിഞ്ഞത്. അഞ്ചരക്കോടി ഡോളറാണ് ജാനറ്റിന് ഈ പുസ്തകങ്ങളില്‍നിന്നു മാത്രം റോയല്‍റ്റി ഇനത്തില്‍ ലഭിച്ചത്.

ഈ ബ്രിട്ടീഷ് എഴുത്തുകാരി ചെറുപ്പംമുതലേ സാഹിത്യത്തില്‍ പ്രശോഭിച്ചുവോ? ഇല്ല. എഴുതിയെഴുതി വളര്‍ന്ന ജാനറ്റിന്റെ പാത കല്ലുംമുള്ളും നിറഞ്ഞതായിരുന്നു. എങ്കിലും പ്രതീക്ഷ കൈവെടിയാതെ ജാനറ്റ് എഴുതി വലിയ എഴുത്തുകാരിയായിത്തീര്‍ന്നു.

നമ്മുടെ അരുന്ധതി റോയിയുടെ കഥയും ഇതില്‍നിന്ന് ഏറെ വിഭിന്നമല്ല. 'ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്' എന്ന നോവലിലൂടെ ആഗോളപ്രശസ്തിയും കോടിക്കണക്കിനു രൂപയും അവര്‍ സമ്പാദിച്ചില്ലേ? എന്നാല്‍, അധ്വാനിക്കാതെ ലഭിച്ചതാണോ ഈ പ്രശസ്തിയും പ്രതിഫലവും? ഒരിക്കലുമല്ല. ദൈവം നല്കിയ കഴിവ് വികസിപ്പിച്ചെടുക്കുവാന്‍ സന്നദ്ധയായതുകൊണ്ടാണ് അരുന്ധതിയും അക്ഷരലോകത്ത് അത്ഭുതം വിരചിച്ചത്.
ദൈവം നല്കിയ കഴിവുകള്‍ വികസിപ്പിച്ച് അവയിലൂടെ ജീവിതത്തില്‍ വിജയം നേടിയവരാണ് സച്ചിനും മൈക്കിളും ഫെഡററും ജാനറ്റും അരുന്ധതിയുമൊക്കെ. അവരാരും അധ്വാനിക്കുന്നതിനും കഷ്ടപ്പെടുന്നതിനും ഒരിക്കലും മടികാട്ടിയില്ല. അവരുടെ വിജയത്തിന്റെ പ്രധാനകാരണവും അതായിരുന്നു.

ജീവിതത്തില്‍ വിജയിക്കുന്നതിനു സഹായകമായി ദൈവം എത്രയോ കഴിവുകള്‍ നമുക്കു തന്നിരിക്കുന്നു! എന്നാല്‍, തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവ ഉപയോഗിച്ചു ജീവിതത്തില്‍ വിജയം നേടുന്നതിനും എത്രയോ കുറച്ചുപേര്‍ മാത്രം ശ്രമിക്കുന്നു!
സാധിക്കുമെങ്കില്‍ മെയ്യനങ്ങാതെയും ബുദ്ധിമുട്ടാതെയും ജീവിക്കുവാനല്ലേ നമ്മുടെ ആഗ്രഹം? നമുക്കാവശ്യമുള്ളതെല്ലാം ഒരു വെള്ളിത്താലത്തില്‍വച്ചു ദൈവം നമുക്കു തരണമെന്നല്ലേ പലപ്പോഴും നമ്മുടെ മോഹം?
ഒരു പക്ഷേ, നാം എത്രയെത്ര ശ്രമിച്ചാലും സച്ചിനെപ്പോലെയോ മൈക്കിളിനെപ്പോലെയോ അരുന്ധതിയെപ്പോലെയോ ആയിത്തീര്‍ന്നില്ലെന്നുവരും. നാം അങ്ങനെ ആഗ്രഹിച്ചിട്ടും കാര്യമില്ലെന്നതാണ് വസ്തുത.
ദൈവം നമുക്കു നല്കിയിരിക്കുന്ന കഴിവുകളും സാഹചര്യവും ഉപയോഗിച്ചു നമുക്കെന്തായിത്തീരുവാന്‍ സാധിക്കുമോ അങ്ങനെയായിത്തീരുവാനാണ് നാം ശ്രമിക്കേണ്ടത്. എന്നാല്‍, സച്ചിനും മറ്റും നല്കുന്ന കഠിനാധ്വാനത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും മാതൃക നാം അനുകരിക്കുകയും വേണം.
ദൈവം നമുക്കു നല്കിയിരിക്കുന്ന കഴിവുകള്‍ ഏറ്റവും ഭംഗിയായി നമുക്കു വിനിയോഗിക്കാം. അതുവഴിയായി ജീവിതരംഗത്തും നമുക്കു വിജയം ഉറപ്പാക്കാം.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.