Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
September 22, 2019
 
 
    
 
Print this page
 

കോറി കാണിച്ചുതരുന്ന വഴി

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭീകരരുടെ തടവുകാരിയായിരുന്നു കോറി ടെന്‍ബും. ഭാഗ്യംകൊണ്ടു മാത്രമാണ് നാസികളുടെ തടങ്കല്‍പ്പാളയത്തില്‍നിന്നു ജീവനോടെ രക്ഷപ്പെടുവാന്‍ കോറിക്കു സാധിച്ചത്. എന്നാല്‍, കോറിയുടെ സഹോദരി ബെറ്റ്‌സിയുടെ കാര്യം അങ്ങനെയായിരുന്നില്ല. നാസികളുടെ കൊടുംക്രൂരതമൂലം ബെറ്റ്‌സി തടങ്കല്‍പ്പാളയത്തില്‍വച്ചു മരിക്കുകയാണുണ്ടായത്.

ഹോളണ്ടുകാരിയായിരുന്നു കോറി. യുദ്ധത്തിനുശേഷം 1947 -ല്‍ കോറി ജര്‍മനിയിലേക്കു പോയി. നാസികളുള്‍പ്പെടെയുള്ള ജര്‍മന്‍കാരോടു ദൈവത്തിന്റെ കരുണയെക്കുറിച്ചും ക്ഷമയെക്കുറിച്ചുമൊക്കെ പ്രസംഗിക്കുക എന്നുള്ളതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം.

ഒരിക്കല്‍ ജര്‍മനിയിലെ മ്യൂണിക് നഗരത്തിലുള്ള ഒരു പള്ളിയില്‍വച്ചു കോറി അവിടെ കൂടിയിരുന്ന ജര്‍മന്‍കാരോടു പറഞ്ഞു: നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ ദൈവം അവ എടുത്തു സമുദ്രത്തിന്റെ അത്യഗാധതയിലേക്ക് എറിഞ്ഞുകളയുന്നു. അവിടെനിന്ന് ആരും അവ പൊക്കിക്കൊണ്ടുവരുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല.

നാസി കാലഘട്ടത്തിന്റെ പാപഭാരം പേറിയ ജര്‍മന്‍കാര്‍ അക്കാലത്ത് ഏറ്റവും അധികം ആഗ്രഹിച്ചിരുന്ന കാര്യം തങ്ങളുടെ കൊടുംക്രൂരതകള്‍ ദൈവവും മനുഷ്യരും ക്ഷമിച്ചിരിക്കുന്നു എന്നു കേള്‍ക്കുന്നതായിരുന്നു. തങ്ങളുടെ തെറ്റുകളെക്കുറിച്ചുള്ള ജര്‍മന്‍കാരുടെ പശ്ചാത്താപവും മനോവേദനയും നന്നായി മനസിലാക്കിയിരുന്നതുകൊണ്ടുകൂടിയാണു കോറി ജര്‍മന്‍കാരുടെയിടയില്‍ അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും സന്ദേശവുമായി എത്തിയത്.

കോറി അന്നു മ്യൂണിക്കിലെ ആ ദേവാലയത്തില്‍ തന്റെ സന്ദേശം നല്‍കിക്കഴിഞ്ഞ് എല്ലാവരും മടങ്ങിപ്പോകുമ്പോള്‍ ഒരാള്‍ തിരക്കിനിടയിലൂടെ കോറിയുടെ സമീപത്തെത്തി. അയാളെ കണ്ടയുടനേ കോറിക്ക് ആളെ മനസിലായി. റേവന്‍സ്ബ്രൂക്ക് എന്ന സ്ഥലത്തെ ജര്‍മന്‍ തടങ്കല്‍പ്പാളയത്തില്‍ കോറിയും ബെറ്റ്‌സിയും തടവുകാരായി കഴിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏറ്റവും ക്രൂരരായ കാവല്‍ക്കാരില്‍ ഒരാളായിരുന്നു അയാള്‍.

അയാളെ കണ്ടപ്പോള്‍ തടങ്കല്‍പ്പാളയത്തില്‍ മരണമടഞ്ഞ തന്റെ സഹോദരിയുടെ ചിത്രം കോറിയുടെ മനസില്‍ തെളിഞ്ഞുവന്നു. തന്റെ മുമ്പില്‍ നില്‍ക്കുന്ന ഈ മനുഷ്യനുംകൂടിയാണല്ലോ തന്റെ പൊന്നു സഹോദരിയെ പട്ടിണിക്കിട്ടു ഗ്യാസ് ചേംബറിലേക്ക് അയച്ചത് എന്നോര്‍ത്തപ്പോള്‍ കോറിയുടെ കരുണയും ക്ഷമയുമെല്ലാം എവിടേക്കോ ഒലിച്ചുപോയി.

എത്രയോ നല്ല സന്ദേശം! കോറിയുടെ കരം ഗ്രഹിക്കുവാന്‍ മുന്നോട്ടാഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞതുപോലെ ഞങ്ങളുടെ പാപങ്ങളെല്ലാം സമുദ്രത്തിന്റെ അത്യഗാധതയിലാണെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്.

അയാള്‍ കോറിയുടെ കരം ഗ്രഹിക്കുവാന്‍ ശ്രമിച്ചെങ്കിലും കോറി അതു കണ്ടില്ലെന്നു നടിച്ചു തന്റെ പോക്കറ്റ്ബുക്കില്‍ എന്തോ തപ്പിക്കൊണ്ടുനിന്നു. അയാളുടെ സംഭാഷണരീതിയില്‍നിന്ന്, അയാള്‍ക്കു കോറിയെ മനസിലായില്ലെന്നു വ്യക്തമായിരുന്നു.

മറുപടിയായി കോറി ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോള്‍ അയാള്‍ തുടര്‍ന്നു: റേവന്‍സ് ബ്രൂക്കിനെക്കുറിച്ചു നിങ്ങള്‍ പറഞ്ഞല്ലോ. ഞാന്‍ അവിടെയൊരു ഗാര്‍ഡായിരുന്നു. എന്നാല്‍, ഞാനിപ്പോള്‍ ഒരു ക്രിസ്ത്യാനിയാണ്. ഞാന്‍ ചെയ്ത ക്രൂരപാപങ്ങളെല്ലാം ദൈവം എന്നോടു ക്ഷമിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. എന്നാല്‍, നിങ്ങളും എന്നോടു ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നതു കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. വീണ്ടും കോറിയുടെ കരം ഗ്രഹിക്കുവാന്‍ തന്റെ വലതുകൈ മുന്നോട്ടു നീട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു: നിങ്ങള്‍ എന്നോടു ക്ഷമിക്കുമോ?

തന്റെ സഹോദരിയെ ക്രൂരമായി കൊന്ന ഇയാളോടു ക്ഷമിക്കുകയോ? അത് അസാധ്യമായി കോറിക്കു തോന്നി. പക്ഷേ, ആ നിമിഷംതന്നെ, താന്‍ എത്രയോതവണ തന്റെ തെറ്റുകള്‍ക്ക് ദൈവത്തിന്റെ മുമ്പില്‍ മാപ്പപേക്ഷിച്ചിട്ടുണ്ട് എന്നു കോറി ഓര്‍മിച്ചു. മറ്റുള്ളവരുടെ തെറ്റുകള്‍ അവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ നിങ്ങളോടും ക്ഷമിക്കുകയില്ല എന്ന യേശുവിന്റെ വചനവും കോറി ഓര്‍മിച്ചു.

അയാളോടു ക്ഷമിക്കൂ എന്നു തന്റെ ബുദ്ധി ഉപദേശിക്കുമ്പോഴും തന്റെ ഹൃദയം അതിനു വിസമ്മതിക്കുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ അവള്‍ മനസില്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: 'യേശു, എന്നെ സഹായിക്കൂ. എന്റെ കരം നീട്ടുവാന്‍ എനിക്കു സാധിക്കും. എന്നാല്‍, എന്റെ ഹൃദയവികാരത്തിനു മാറ്റംവരുത്തുവാന്‍ അങ്ങേയ്ക്കു മാത്രമേ സാധിക്കൂ. അടുത്തനിമിഷം കോറി തന്റെ കരം നീട്ടി അയാളുടെ കരം ഗ്രഹിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ക്ഷമിക്കുന്നു, സഹോദരാ. പൂര്‍ണഹൃദയത്തോടെതന്നെ.

1972 -ല്‍ ഗൈഡ്‌പോസ്റ്റ്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ അസാധാരണ നിമിഷത്തെക്കുറിച്ചു കോറി ഇപ്രകാരം എഴുതുന്നു: ഏറെനേരം ഞങ്ങള്‍ പരസ്പരം കരം ഗ്രഹിച്ചുകൊണ്ടിരുന്നു - പഴയ തടവുകാരിയും പഴയ ഗാര്‍ഡും. ആ നിമിഷങ്ങളില്‍ ഞാന്‍ ദൈവത്തിന്റെ സ്‌നേഹം ഏറെ അനുഭവിച്ചു. - മറ്റൊരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര ആഴത്തിലും ശക്തിയിലും.

നാസികളുടെ കൊടും ക്രൂരതയില്‍നിന്നു രക്ഷപ്പെട്ട കോറി തുടക്കംമുതലേ അനുരഞ്ജനത്തിന്റെ പാതയായിരുന്നു സ്വീകരിച്ചത്. ആരോഗ്യകരമായ ഒരു ജീവിതത്തിന് അനുരഞ്ജനവും പരസ്പരക്ഷമയുമൊക്കെ ആവശ്യമാണെന്ന് കോറിക്ക് അറിയാമായിരുന്നു. എങ്കിലും തന്റെ ശത്രുവിനെ നേരില്‍ക്കണ്ട നിമിഷം അയാളോടു ക്ഷമിക്കുന്നതിനു കോറിക്ക് ദൈവസഹായം വളരെയേറെ വേണ്ടിവന്നു.

നമ്മുടെ ജീവിതത്തിലും പലപ്പോഴും പലരോടും അവരുടെ കുറ്റങ്ങള്‍ പൊറുക്കുകയും മറക്കുകയും ചെയ്യേണ്ട അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, അപ്പോഴൊക്കെ നാം അവരോട് ആത്മാര്‍ഥമായി ക്ഷമിക്കണമെങ്കില്‍ ദൈവത്തിന്റെ അനുഗ്രഹം ഏറെ നമുക്കു ലഭിച്ചേ തീരൂ. തന്മൂലം, നമ്മുടെ പാപങ്ങള്‍ക്കും കുറ്റങ്ങള്‍ക്കും ദൈവത്തോടു മാപ്പപേക്ഷിക്കുമ്പോള്‍ മറ്റുള്ളവരോടു പൊറുക്കുവാനും അവരുടെ തെറ്റുകള്‍ മറക്കുവാനുമുള്ള അനുഗ്രഹത്തിനുംകൂടി നാം പ്രാര്‍ഥിക്കണം.

ആരുടെ ഏതു കുറ്റവും, കോറി ക്ഷമിച്ചതുപോലെ, ഹൃദയത്തില്‍നിന്നു നമുക്കു ക്ഷമിക്കുവാന്‍ സാധിക്കും, ദൈവസഹായം നമ്മുടെ കൂട്ടിനുണെ്ടങ്കില്‍. ക്ഷമിക്കുവാനുള്ള അനുഗ്രഹത്തിനായി നാം പ്രാര്‍ഥിച്ചാല്‍ അപ്പോള്‍ ദൈവാനുഗ്രഹം നമ്മുടെ കൂട്ടിനുണ്ടാകുമെന്നതില്‍ ഒരിക്കലും സംശയിക്കേണ്ട.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.