രണ്ടാം മൈലില്‍ പുതിയൊരു സഹചാരി രാജ്യത്തെ പ്രധാന പാതയായിരുന്നു അത്. ഒട്ടകങ്ങളും കഴുതകളും ഭാരം വഹിച്ചു നീങ്ങുന്നു. ഭാണ്ഡക്കെട്ടുകളുമായി ആളുകളും നടന്നു പോകുന്നു. വഴിയിലെ കാഴ്ചകള്‍ കണ്ട് പാതയോരം ചേര്‍ന്നു നില്‍ക്കുകയായിരുന്നു ഡേവിഡ് എന്ന പയ്യന്. ''ഈ വഴിയെ ഒരു ദിവസം ഞാനും പോകും,'' അവന് സ്വയം പറഞ്ഞു. ''കടല്‍വരെ മാത്രമല്ല, കടലിനപ്പുറവും ഞാന്‍ പോകും.'' എല്ലാ വഴികളും റോമിലെത്തുമെന്ന് അവന് കേട്ടിട്ടുണ്ട്. റോമാക്കാര്‍ ഇസ്രയേല്‍ക്കാരുടെ ശത്രുക്കളാണെങ്കിലും അവിടെവരെ പോകണമെന്നായിരുന്നു അവന്റെ ആഗ്രഹം. റോമിലേക്കുള്ള യാത്രയെക്കുറിച്ചു മനക്കോട്ട കെട്ടി അങ്ങനെ നില്ക്കുമ്പോള് ഒരു റോമന്‍ പടയാളി ഒറ്റയ്ക്കു നടന്നുവരുന്നത് അവന് ശ്രദ്ധിച്ചു. ''ശത്രു വരുന്നു,'' ഡേവിഡ് മനസില്‍ പറഞ്ഞു. ''ഈ റോമന്‍ പടയാളികളില്ലായിരുന്നുവെങ്കില് രാജ്യം സ്വതന്ത്രമാകുമായിരുന്നു. ഒരു ദിവസം ഇവരെ യുദ്ധം ചെയ്തു ഓടിക്കണം.'' ''ഹേ, പയ്യന്,'' പടയാളി ഡേവിഡിനെ വിളിച്ചു. ''ഇവിടെ വരൂ!'' ഡേവിഡിനു പിന്തിരിഞ്ഞോടണമെന്നുണ്ടായിരുന്നു. പക്ഷേ, അവന് അവിടെ മരവിച്ചുനിന്നു പോയി. റോമന്‍ പടയാളികളെ ധിക്കരിക്കുവാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. ഡേവിഡിന് അക്കാര്യം നന്നായി അറിയാമായിരുന്നു. അവന് പടയാളിയുടെ അടുത്തേക്കു ചെന്നു. അപ്പോള്‍ തന്റെ ഭാണ്ഡക്കെട്ട് ഡേവിഡിനെ ഏല്പ്പിച്ചുകൊണ്ടു പടയാളി പറഞ്ഞു: ''നീ ഇതു ചുമക്കൂ!'' ഡേവിഡിന് അനുസരിക്കുകയല്ലാതെ മാര്‍ഗമില്ലായിരുന്നു. നിയമം അതായിരുന്നു. ഏതു റോമന്‍ പടയാളിക്കും ആരെക്കൊണ്ടും ഒരു മൈല്‍ ദൂരം തന്റെ ചുമട് ചുമപ്പിക്കാമായിരുന്നു. ''പക്ഷേ ഒരു മൈല്‍ മാത്രം!'' ചുമട് തലയിലേറ്റുമ്പോള്‍ ഡേവിഡ് ഉള്ളില്‍ പ്രതിജ്ഞ ചെയ്തു. പടയാളി മുന്‍പേ നടന്നു. ഡേവിഡ് തൊട്ടു പിന്നിലും. ''ഒരു മൈല്‍ മാത്രം!'' ഡേവിഡ് തന്നോടുതന്നെ പറയാന്‍ തുടങ്ങി. ''പിന്നെ ഒരടികൂടി ഞാന്‍ ചുമക്കില്ല! എന്റെ ശത്രുവാണിവന്‍. ഇവനെ ഞാന്‍ വെറുക്കുന്നു. ഒരു മൈലില്ക്കൂടുതല് ഇവന്റെ ചുമട് ഞാന്‍ ചുമക്കില്ല.'' ഡേവിഡ് അങ്ങനെ സ്വയം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് യേശു എന്ന റബ്ബി പറഞ്ഞ വാക്കുകള്‍ അവന്റെ മനസിലേക്ക് ഓടിയെത്തി. ജനക്കൂട്ടത്തോടു സംസാരിക്കുമ്പോള്‍ അവിടുന്നു പറഞ്ഞ വാക്കുകളായിരുന്നു അവ. അവ ഇപ്രകാരമായിരുന്നു: ''ആരെങ്കിലും ഒരു മൈല്‍ ദൂരം പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടുമൈല്‍ ദൂരം അയാളോടുകൂടി പോവുക. ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളെ വെറുക്കുന്നവര്‍ക്കു നന്മചെയ്യുക.'' ''റബ്ബി പറഞ്ഞത് എന്നോടായിരുന്നുവോ?'' ഡേവിഡ് സ്വയം ചോദിക്കുവാന്‍ തുടങ്ങി. ''അവിടുന്നു പറഞ്ഞത് ശത്രുവായ റോമന്പടയാളിയെയും സഹായിക്കുവാനാണോ? അങ്ങനെയാണെങ്കില്‍ത്തന്നെ ഞാന്‍ എന്തിന് അങ്ങനെ ചെയ്യണം?'' ഡേവിഡ് ഇങ്ങനെ ചിന്തിച്ചു മുന്നോട്ടു നീങ്ങുമ്പോള്‍ പടയാളി അവന്റെ നേരെ നോക്കി പറഞ്ഞു: ''നീ ഒരുമൈല്‍ ദൂരം വന്നു. ഭാണ്ഡക്കെട്ടു തിരികെത്തന്നിട്ടു നിനക്കു പോകാം.'' അപ്പോള്‍ ഡേവിഡ് പറഞ്ഞു: ''ഒരു മൈല്ദൂരംകൂടെ ഞാന്‍ വരാം. ഞാന്‍ ഇതുവരെയും മടുത്തില്ല.'' ഡേവിഡിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പടയാളി അദ്ഭുതപ്പെട്ടു. മുന്‍പ് ആരും അങ്ങനെ പറഞ്ഞ് അയാള്‍ കേട്ടിട്ടില്ലായിരുന്നു. ''നിന്റെ നല്ല മനസിനു നന്ദി,'' പടയാളി അവനോടു പറഞ്ഞു. റോമിലേക്കുള്ള യാത്രയിലായിരുന്നു ആ പടയാളി. അക്കാര്യം അയാള്‍ ഡേവിഡിനോടു പറഞ്ഞു. പിന്നെ അവര്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. ദീര്‍ഘകാലപരിചയമുള്ള സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ സംസാരിച്ചത്. അതിനിടയില്‍ യേശു പഠിപ്പിച്ച കാര്യങ്ങളും ഡേവിഡ് പടയാളിയുമായി പങ്കുവച്ചു. ''ശത്രുവിനെ സ്നേഹിക്കണമെന്നോ!'' ഡേവിഡ് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ പടയാളി അദ്ഭുതം കൂറി. ''എളുപ്പമുള്ള കാര്യമല്ല. എങ്കിലും പ്രായോഗികമാക്കാവുന്ന കാര്യംതന്നെ.'' ''ഇനി എനിക്കു തിരികെപ്പോകണം,'' ഡേവിഡ് പടയാളിയോടു പറഞ്ഞു. വീട്ടില്‍ നിന്നു രണ്ടു മൈലിലും അധികം ദൂരത്തിലായിരുന്നു ഡേവിഡ് അപ്പോള്‍. ''നിനക്കു നന്മവരട്ടെ!'' ഭാണ്ഡക്കെട്ട് ഡേവിഡില്‍നിന്നു തിരികെ വാങ്ങിക്കൊണ്ടു പടയാളി പറഞ്ഞു. പിന്നെ പരസ്പരം യാത്ര പറഞ്ഞ് അവര്‍ പിരിഞ്ഞു. ഡേവിഡ് മടങ്ങിപ്പോകുമ്പോള്‍, യേശു പറഞ്ഞ വാക്കുകളായിരുന്നു അവന്റെ മനസില്‍: ''ശത്രുവിനെ സ്നേഹിക്കുക. ഒരു മൈല്‍ ദൂരം പോകുവാന്‍ ആവശ്യപ്പെടുന്നവനോടുകൂടി രണ്ടുമൈല്‍ പോവുക.'' ''ഇതു ശരിക്കും സാധ്യമാണ്,'' അവന് സ്വയം പറഞ്ഞു. ''ആദ്യത്തെ ഒരു മൈല്‍ ശത്രുവിനോടൊപ്പമാണു ഞാന്‍ പോയത്. എന്നാല്‍, രണ്ടാമത്തെ മൈല്‍ സുഹൃത്തിനോടൊപ്പവും!'' ദൈവപുത്രനായ യേശുവിന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ 'ദ സെക്കന്‍ഡ് മൈല്‍' എന്ന പേരില്‍ ആരോ എഴുതിയ ഒരു ചെറുകഥയുടെ ചുരുക്കമാണു മുകളില്‍ കൊടുത്തിരിക്കുന്നത്. യഹൂദരുടെ ശത്രുക്കളായ റോമന്‍ പടയാളികളെ വെറുത്തിരുന്നയാളാണ് ഡേവിഡ്. എന്നാല്‍, അവരിലൊരാളെ സഹായിക്കുവാന്‍ ഡേവിഡ് മുതിര്‍ന്നപ്പോള്‍ എത്രവേഗത്തിലാണ് അവര്‍ മിത്രങ്ങളായത്! ഡേവിഡ് തന്റെ ശത്രുവിനെ നശിപ്പിച്ചു. എങ്ങനെയാണത്? തന്റെ ശത്രുവിനെ സുഹൃത്താക്കി മാറ്റിക്കൊണ്ട്! നാം ശത്രുക്കളെ സ്നേഹിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും അവര്‍ക്കു നന്മചെയ്യുകയും ചെയ്യുമ്പോള്‍ അവര്‍ നമ്മുടെ സുഹൃത്തുക്കളായി മാറുമെന്നതാണു വസ്തുത. പക്ഷേ, ഡേവിഡിനെപ്പോലെ ഇക്കാര്യമൊന്ന് പരീക്ഷിച്ചുനോക്കുവാന്‍ നമ്മിലെത്രപേര്‍ തയാറാകും? ഒരു മൈല്‍ പോകുവാന്‍ ഡേവിഡിനോട് ആവശ്യപ്പെട്ടപ്പോള്‍ അവന് രണ്ടുമൈല്‍ കൂടെപ്പോയി. അവന്റെ ഈ ഉദാരമനസ്ഥിതിയാണ് അവനെ വിജയിപ്പിച്ചത്. ഉദാരമനസ്കരായി നമുക്കും മാറാം. ഒരു ചെറിയ കാര്യം ചെയ്തുകൊടുക്കാന്‍ ആരെങ്കിലും നമ്മോട് ആവശ്യപ്പെട്ടാല്‍ അതും അതോടൊപ്പം ഒരു വലിയ കാര്യവും നമുക്കു ചെയ്തു കൊടുക്കാം. ശത്രുക്കളോടു നമുക്കു ക്ഷമിക്കാം. അവര്‍ക്കു വേണ്ടി നമുക്കു പ്രാര്‍ഥിക്കാം. അപ്പോള്‍ നമുക്കു ശത്രുക്കളേ ഉണ്ടാവില്ല. കാരണം, അതോടെ അവര്‍ നമ്മുടെ സുഹൃത്തുക്കളായി മാറിയിരിക്കും. |