Jeevithavijayam
2/16/2019
    
എല്ലാവര്‍ക്കും ഒരുപോലെ, ഒരേ അളവില്‍
അമേരിക്കയിലെ സൗത്ത് ഫിലഡെല്‍ഫിയായില്‍ ജനിച്ച ഗായകനും ഗാനരചയിതാവുമായിരുന്നു ജിം ക്രോസ് (19431973). കോളജ് പഠനം പൂര്‍ത്തിയാക്കിയതിനുശേഷം സംഗീതപരിപാടികള്‍ നടത്തുന്നതില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും. വിവിധയിനത്തില്‍പ്പെട്ട മൂവായിരത്തിലേറെ ഗാനങ്ങള്‍ പാടുവാന്‍ ക്രോസിനു കഴിഞ്ഞു.

സംഗീതപരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടയില്‍ അദ്ദേഹം ചില ഗാനങ്ങളും രചിക്കുകയുണ്ടായി. അദ്ദേഹം രചിച്ചു സംഗീതം നല്കിയ പ്രസിദ്ധമായ ഗാനങ്ങളിലൊന്നാണു ''ടൈം ഇന്‍ എ ബോട്ടില്‍.'' മുപ്പതാം വയസില്‍ ഒരു ഗാനമേള കഴിഞ്ഞുള്ള മടക്കയാത്രയില്‍ വിമാനാപകടത്തില്‍പ്പെട്ട് 1973 സെപ്റ്റംബര്‍ 20ന് അദ്ദേഹം മരിക്കുമ്പോള്‍ ഈ ഗാനം അമേരിക്കയില്‍ വില്പനയില്‍ നമ്പര്‍ വണ്‍ ആയിരുന്നു.

അകാലത്തില്‍ കൊല്ലപ്പെട്ട ക്രോസ് എഴുതിയ പ്രസിദ്ധമായ ഈ ഗാനത്തിലെ ചിലവരികള്‍ താഴെക്കൊടുക്കുന്നു: ''ഈ കുപ്പിയില്‍ സമയം അടച്ചുസൂക്ഷിക്കുവാന്‍ സാധിക്കുകയാണെങ്കില്‍ നിന്നോടൊപ്പം ചെലവഴിക്കുവാന്‍ വേണ്ടി നിത്യതവരെ എല്ലാ ദിവസവും ഞാന്‍ സൂക്ഷിച്ചുവയ്ക്കും. ദിവസങ്ങള്‍ നിത്യമായി നിലനിര്‍ത്തുവാന്‍ എനിക്കു സാധിക്കുകയാണെങ്കില്‍ നിന്നോടൊപ്പം ചെലവഴിക്കുവാന്‍ വേണ്ടി ഒരു നിധിപോലെ അവ ഞാന്‍ സൂക്ഷിച്ചുവയ്ക്കും.''

ഭാവനാ സമ്പന്നനായിരുന്ന ക്രോസിനു സമയവും ദിവസങ്ങളുമൊക്കെ കുപ്പിയില്‍ അടച്ചുസൂക്ഷിക്കണമെന്നായിരുന്നു ആഗ്രഹം. ഈ ആഗ്രഹം എന്തിനുവേണ്ടിയായിരുന്നെന്നോ? ജനിക്കുവാന്‍ പോകുന്ന തന്റെ പുത്രനോടൊപ്പം ചെലവഴിക്കുവാന്‍ വേണ്ടി.

പക്ഷേ, ക്രോസിന് അതു സാധിച്ചില്ല. എന്നു മാത്രമല്ല, അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന നേരത്തു മരണം അദ്ദേഹത്തെ തട്ടിയെടുക്കുകയും ചെയ്തു. വളരെ ചെറുപ്രായത്തില്‍.

ക്രോസ് ആശിച്ചതുപോലെ സമയവും ദിവസവുമൊക്കെ കുപ്പിയിലടച്ചു ഭദ്രമായി സൂക്ഷിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു നാമും ചിന്തിക്കാറില്ലേ? പ്രത്യേകിച്ചും വര്‍ഷാവസാനമാകുമ്പോള്‍?

2009 നമ്മെ കടന്നുപോവുകയാണ്. ഇനി 2009നെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമേ അവശേഷിക്കൂ. എങ്കിലും 2009ല്‍ നാം ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങള്‍ നമ്മോടൊപ്പമുണ്ടാകും. അതോടൊപ്പം, 2009ല്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുള്ള കുറവുകളും. 2009ലെ നമ്മുടെ നേട്ടങ്ങളെക്കുറിച്ചു ദൈവത്തിനു നമുക്കു നന്ദിപറയാം. അതുപോലെ, നമുക്കുണ്ടായ തെറ്റുകളെക്കുറിച്ചു നമുക്കു ദൈവത്തോടു മാപ്പപേക്ഷിക്കുകയും ചെയ്യാം.


2010 എന്ന പുതിയ വര്‍ഷത്തിലേക്കു നാം കടക്കുമ്പോള്‍, പുതിയൊരു വര്‍ഷം കാണുവാന്‍ ഭാഗ്യം നല്കിയതിനു ദൈവത്തോടു നമുക്കു നന്ദിയുണ്ടായിരിക്കട്ടെ. അതോടൊപ്പം, നമുക്കു പുതിയ വര്‍ഷത്തില്‍ ലഭിക്കുന്ന സമയം മുഴുവനും ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ചെലവഴിക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം.

നമ്മുടെ ജീവിതം മറ്റുള്ളവരുടെ ജീവിതവുമായി തുലനം ചെയ്യുമ്പോള്‍ പല ഏറ്റക്കുറച്ചിലുകളും നമുക്കു കാണാം. എന്നാല്‍ എല്ലാവര്‍ക്കും ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ ഒരുപോലെ ലഭിക്കും. ആര്‍ക്കും ഒരു സെക്കന്‍ഡ് കൂടുതലോ കുറവോ ലഭിക്കില്ല.

നമ്മുടെ ബാങ്ക് ബാലന്‍സിന്റെ കാര്യത്തില്‍ തീര്‍ച്ചയായും വലിയ വ്യത്യാസം കാണും. എന്നാല്‍, ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ച സമയത്തിന്റെ അക്കൗണ്ടിന്റെ കാര്യത്തില്‍ തെല്ലിട വ്യത്യാസം ഉണ്ടാവില്ല. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂര്‍ എന്നതുപോലെ, ഒരു വര്‍ഷം 365 ദിവസവും.

പക്ഷേ, തുല്യമായി ലഭിക്കുന്ന സമയം ഓരോരുത്തരും എങ്ങനെ ചെലവാക്കുന്നു എന്ന കാര്യത്തില്‍ വലിയ വ്യത്യാസം നാം കാണാറുണ്ട്. ഭൂരിഭാഗം പേരും സമയം വെറുതെ കളയുമ്പോള്‍ വളരെക്കുറച്ചുപേര്‍ മാത്രം സമയത്തിന്റെ വില മനസിലാക്കി ജീവിതം നന്മപ്രവൃത്തികളാണ് ചെയ്തു സമ്പന്നമാക്കുന്നു. അങ്ങനെയുള്ളവരുടെ നന്മപ്രവൃത്തികളെ ഈ ലോകജീവിതം ഏറെ സന്തോഷകരവും മധുരപൂര്‍ണവുമാക്കി മാറ്റുന്നത്. പുതിയൊരു വര്‍ഷം തുടങ്ങുമ്പോള്‍ നാം ഈ രണ്ടാം ഗണത്തില്‍പ്പെട്ടവരുടെ കൂടെയാണെന്ന് നമുക്ക് ഉറപ്പുവരുത്താം.

അതുപോലെതന്നെ, സമയം കുപ്പിയിലടച്ച് സൂക്ഷിച്ചുവയ്ക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം ദൈവം കനിഞ്ഞു നമുക്കു നല്കുന്ന ഓരോ ദിവസവും ഓരോ നിമിഷവും ഏറ്റവും ഫലപ്രദമായി നമുക്ക് ഉപയോഗിക്കാം. അതുവഴിയായി ഈ ലോകം മറ്റുള്ളവര്‍ക്കു കൂടുതല്‍ സന്തോഷകരവും മധുരപൂര്‍ണവുമായി മാറട്ടെ.
    
To send your comments, please clickhere