Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
June 17, 2019
 
 
    
 
Print this page
 

അദ്ഭുതങ്ങള്‍ സംഭവിക്കണമെങ്കില്‍

പീറ്റര്‍ സൈക്‌സ്, ജോണ്‍ കിര്‍ഷ് എന്നിവര്‍ സംയുക്തമായി സംവിധാനം ചെയ്ത അതിമനോഹരമായ ഒരു സിനിമയാണ് 'ജീസസ്.' ലൂക്കാ സുവിശേഷകന്‍ എഴുതിയ യേശുവിന്റെ കഥയെമാത്രം ആധാരമാക്കി ജോണ്‍ ഹെയ്മന്‍ നിര്‍മിച്ച ഈ ചിത്രം പല കാര്യങ്ങളില്‍ പ്രത്യേകതയുള്ളതാണ്.

നീണ്ട അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനും ഒരുക്കത്തിനും ശേഷമാണു വിശുദ്ധനാട്ടിലെ യഥാര്‍ഥ സ്ഥലങ്ങളില്‍വച്ച് ഈ ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ മുഖം കാണിക്കുന്നവരുടെ സംഖ്യ അയ്യായിരത്തിലേറെ വരും.

യേശുവിനെക്കുറിച്ച് ഹോളിവുഡ്ഡില്‍ നിര്‍മിച്ച പ്രശസ്ത ചിത്രങ്ങള്‍പോലെ ഈ ചിത്രം പണം വാരിയിട്ടില്ല എന്നതു ശരിതന്നെ. എന്നാല്‍, സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുകയും ഏറ്റവും കൂടുതല്‍ ഭാഷകളിലേക്കു ഡബ്ബ് ചെയ്യപ്പെടുകയും ചെയ്ത ചിത്രം ഇതാണെന്ന് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ദൈവപുത്രന്റെ കഥ പറയുന്ന ഈ ചിത്രം 451 ഭാഷകളിലേക്ക് ഇതുവരെ ഡബ്ബുചെയ്തിട്ടുണ്ടത്രേ. മലയാളം, തമിഴ്, ഹിന്ദി എന്നിവയുള്‍പ്പെടെ 31 ഇന്ത്യന്‍ ഭാഷകളില്‍ ഈ ചിത്രം ഇന്നു ലഭ്യമാണ്. 1992-ന്റെ അവസാനത്തോടുകൂടി അമ്പതുകോടിയിലേറെ ആളുകള്‍ ഈ ചിത്രം കണ്ടതായി കണക്കാക്കപ്പെടുന്നു.

ചിത്രത്തിലെ ഒട്ടേറെ രംഗങ്ങള്‍ ഏറെ ഹൃദയഹാരിയാണ്. കണ്ടാലും കണ്ടാലും മതിവരാത്ത ഒരു മനോഹരരംഗം ഇവിടെ പകര്‍ത്തട്ടെ:

യേശു ജറീക്കോയിലൂടെ ജറുസലമിലേക്കു നടന്നു പോവുകയാണ്. നടക്കുന്നതോടൊപ്പം വചനം പ്രഘോഷണം ചെയ്യുന്ന അവിടുത്തെ ദിവ്യവചസുകള്‍ കേള്‍ക്കാന്‍ വലിയൊരു ജനാവലി പിന്നാലെയുണ്ട്.

അപ്പോള്‍ വഴിയരികിലായി ഒരു കുരുടന്‍ ഭിക്ഷയാചിച്ചുകൊണ്ടിരിക്കുന്നു. ആളുകളുടെ തിക്കും തിരക്കും മനസിലാക്കാനിടയായ അയാള്‍ ചോദിക്കുകയാണ്: ''എന്താണിത്?'' ഉടനേ ആരോ ഒരാള്‍ മറുപടിയായി വിളിച്ചുപറയുന്നു: ''നസ്രായനായ യേശു ഇതിലെ കടന്നുപോവുകയാണ്.''

നസ്രായനായ യേശു എന്നു കേട്ട നിമിഷം അയാള്‍ ഉച്ചസ്വരത്തില്‍ വിളിക്കുകയാണ്: ''യേശുവേ, ദാവീദിന്റെ പുത്രാ, എന്നോടു കരുണകാട്ടേണമേ.'' അയാളുടെ സ്വരം കേട്ട ആരോ ഒരാള്‍ അയാളെ ശ്വാസിക്കുന്നു: ''മിണ്ടാതിരിക്കൂ.''

പക്ഷേ, ആ കുരുടനുണേ്ടാ ആജ്ഞ ചെവിക്കൊള്ളുന്നു. അയാള്‍ തൊണ്ടപൊട്ടുമാറു സ്വരത്തില്‍ വീണ്ടും അപേക്ഷിക്കുകയാണ്: ''ദാവീദിന്റെ പുത്രാ, എന്നില്‍ കരുണതോന്നണമേ.''

കുരുടനെ കടന്നുപോയ യേശു, അയാളുടെ നിലവിളി കേട്ട നിമിഷം പുറകോട്ടു തിരിഞ്ഞു നോക്കുന്നു. ഉടനേ യേശുവിന്റെ ശിഷ്യരിലൊരാള്‍ ആ കുരുടനെ സമീപിച്ച് യേശുവിന്റെ പക്കലേക്കു വരുവാന്‍ അയാളെ സഹായിക്കുന്നു.

കുരുടന്‍ തപ്പിത്തടഞ്ഞു യേശുവിനെ സമീപിക്കുമ്പോള്‍ യേശു സ്‌നേഹപൂര്‍വം അയാളോടു ചോദിക്കുന്നു: ''ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്?'' ഉടനേ അയാള്‍ പറയുന്നു: ''കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.''

യേശു ഏറെ താത്പര്യപൂര്‍വം തന്റെ ഇരു കൈകള്‍ കൊണ്ടും അയാളുടെ കണ്ണുകളില്‍ സ്പര്‍ശിച്ചുകൊണ്ടു പറയുകയാണ്: ''നീ കാഴ്ച പ്രാപിക്കുക. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.'' യേശുവിന്റെ വാക്കുകള്‍ കേട്ട നിമിഷം അയാള്‍ കണ്ണു തുറക്കുകയാണ്. തെല്ലിട അദ്ഭുതസ്ബ്ധനായി നിന്നശേഷം അയാള്‍ ആനന്ദവും ആഹ്ലാദവും വിസ്മയവുമൊക്കെ അലതല്ലുന്ന സ്വരത്തില്‍ പറയുകയാണ്: ''എനിക്കു കാണാം! എനിക്കു കാണാം!''

ജറീക്കോയിലെ ഈ കുരുടന്റെ കഥ വെള്ളിത്തിരയില്‍ കാണുമ്പോള്‍ നമ്മെ ഏറെ സ്പര്‍ശിക്കുന്നത് ആ കുരുടന്റെ ആഴമേറിയ വിശ്വാസവും യേശു അതിനു നല്‍കുന്ന പ്രത്യുത്തരവുമാണ്. ദൈവപുത്രനായ യേശുവിനു തന്നെ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഈ കുരുടന്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. സംശയമില്ലാത്ത, ഉറപ്പുള്ള, വിശ്വാസമായിരുന്നു അയാളുടേത്. അതുകൊണ്ടാണ് അയാള്‍ വീണ്ടും വീണ്ടും യേശുവിനെ വിളിച്ചു സഹായം അപേക്ഷിച്ചത്. അയാളുടെ വിശ്വാസം അയാളുടെ സുഖപ്രാപ്തിക്കു കാരണമാവുകയും ചെയ്തു. ''നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു' എന്നു പറഞ്ഞു കൊണ്ടാണല്ലോ യേശു ആ കുരുടനെ സുഖപ്പെടുത്തിയത്.

ഈ കുരുടന്റെ ജീവിതത്തിലെ അഭ്ഭുതം ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിശ്വാസമുള്ളവരുടെ ജീവിത്തില്‍ ഇന്നും ഒട്ടേറെ അദ്ഭുതങ്ങള്‍ സംഭവിക്കുന്നുണ്ട്. നമ്മുടെ വിശ്വാസത്തിന്റെ കുറവുകൊണ്ടു പല അദ്ഭുതങ്ങളും നാം കാണാതെപോകുന്നു എന്നു മാത്രം.

നമ്മുടെ വിശ്വാസത്തിന്റെ തോതനുസരിച്ചുമാത്രമേ നമ്മുടെ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കൂ. വിശ്വാസം വലുതാണെങ്കില്‍ തീര്‍ച്ചയായും വലിയ അദ്ഭുതങ്ങള്‍തന്നെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കും. എന്നാല്‍, നമ്മുടെ വിശ്വാസം ചെറുതാണെങ്കില്‍ ചെറിയ അദ്ഭുതങ്ങള്‍ക്കു മാത്രമേ ജീവിതത്തില്‍ നാം സാക്ഷികളാവൂ. വിശ്വാസം ദുര്‍ബലമാണെങ്കിലോ? അപ്പോള്‍പ്പിന്നെ, നമ്മുടെ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ക്കേ സ്ഥാനമുണ്ടാവില്ല.

തന്റെ ജീവിതത്തില്‍ ഒരദ്ഭുതം ചെയ്യാന്‍ ദൈവപുത്രനായ യേശുവിനു ജറീക്കോയിലെ കുരുടന്‍ അവസരം നല്കി. അതുപോലെ, യേശുവിനു ചെയ്യാന്‍ സാധിക്കുന്ന അദ്ഭുതം തന്റെ ജീവിതത്തില്‍ ഉള്‍ക്കൊള്ളുവാന്‍ അയാള്‍ പൂര്‍ണമായും സന്നദ്ധനുമായിരുന്നു.

നമ്മുടെ ജീവിതത്തില്‍ ഓരോ രീതിയിലുള്ള അദ്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു നാം. എന്നാല്‍, നമ്മുടെ ജീവിതത്തില്‍ ഒരദ്ഭുതം സംഭവിക്കാന്‍ മാത്രമുള്ള വിശ്വാസം നമുക്കുണേ്ടാ എന്നു സ്വയം അന്വേഷിക്കുന്നതു നല്ലതാണ്. അതുപോലെ, നമ്മുടെ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ ചെയ്യുന്നതിനു ദൈവത്തെ നാം അനുവദിക്കുമോ എന്നും ആരായുന്നതു നല്ലതുതന്നെ.

നമ്മുടെ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണമെന്നു നാം വെറുതെ ആഗ്രഹിക്കുന്നതല്ലാതെ അതിനായി നാം നമ്മെത്തന്നെ വിശ്വാസപൂര്‍വം ഒരുക്കുന്നുണേ്ടാ എന്നു ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. നാം പലപ്പോഴും ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നവരായിരിക്കും. എന്നാല്‍, ജറീക്കോയിലെ ആ കുരുടന്റെ വിശ്വാസതീവ്രതയോടുകൂടി ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുവാന്‍ നമുക്കു സാധിക്കുന്നുണേ്ടാ?

നമ്മുടെ ജീവിതത്തില്‍ എന്നെന്നും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു എന്നതില്‍ സംശയം വേണ്ട. പക്ഷേ, അവിടുത്തെ അദ്ഭുതങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അല്പംപോലും തയാറല്ലാത്തതുകൊണ്ട് അവിടുത്തെ അദ്ഭുതങ്ങള്‍ നാം ജീവിതത്തില്‍ കാണുന്നില്ലെന്നു മാത്രം.

അദ്ഭുതങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതിനു മുന്‍പ് വിശ്വാസപൂര്‍വം നമ്മെത്തന്നെ ഒരുക്കുവാന്‍ ശ്രമിക്കാം. വിശ്വാസം ഉറച്ചതാണെങ്കില്‍ വലിയ അദ്ഭുതങ്ങള്‍ തന്നെ ജീവിതത്തില്‍ സംഭവിക്കും. കാരണം, ഇക്കാര്യം നമ്മോടു അരുളിച്ചെയ്തിരിക്കുന്നതു ദൈവപുത്രനായ യേശുതന്നെയാണ്.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.