Jeevithavijayam
3/19/2019
    
ശ്രദ്ധയില്‍നിന്ന് ഊര്‍ന്നുപോകാതെ...
രാവിലെ എട്ടുമണിയോടടുത്ത സമയം. ഇംഗ്ലണ്ടിലെ ലിച്ച്ഫീല്‍ഡ് എന്ന കൊച്ചുപട്ടണത്തിലെ പല ഷോപ്പുകളും അപ്പോഴേക്കും തുറന്നുകഴിഞ്ഞിരുന്നു. ആ ഷോപ്പുകളിലൊന്നില്‍ മുടി നരച്ച ഒരു വൃദ്ധന്‍ തിടുക്കത്തില്‍ കുറെ പുസ്തകങ്ങള്‍ പായ്ക്കുചെയ്യുകയാണ്. പക്ഷേ, അപ്പോഴേക്കും അയാള്‍ക്കു ചുമ തുടങ്ങി.

നിലയ്ക്കാത്ത ചുമയ്ക്കിടയില്‍ അയാള്‍ നീട്ടിവിളിച്ചു: '''സാമുവല്‍!''

ഷോപ്പിന്റെ ഒരു മൂലയില്‍ പുസ്തകക്കൂമ്പാരത്തിനു പിന്നിലായി ഒരു ചെറുപ്പക്കാരന്‍ നിശ്ശബ്ദനായിരുന്നു പുസ്തകം വായിക്കുന്നുണ്ടായിരുന്നു. കണ്ണിനു കാഴ്ചക്കുറവ് ഉണ്ടായിരുന്നതുകൊണ്ടു പുസ്തകം അടുപ്പിച്ചുപിടിച്ചാണ് ആ പതിനെട്ടുകാരന്‍ വായിച്ചിരുന്നത്.

വിളിച്ചിട്ടു മറുപടി ഉണ്ടാകാതിരുന്നതുകൊണ്ട് വൃദ്ധന്‍ വീണ്ടും നീട്ടിവിളിച്ചു: ''സാമുവല്‍!'' പക്ഷേ, വായനയില്‍ ആമഗ്‌നനായിരുന്നതുകൊണ്ട് ചെറുപ്പക്കാരന്‍ അപ്പോഴും വിളികേട്ടില്ല.

വൃദ്ധന്‍ പുസ്തകക്കെട്ടുകള്‍ പായ്ക്കുചെയ്തു കഴിഞ്ഞിട്ടു പുറത്തേക്കു നോക്കി. അപ്പോള്‍ പുറത്തു മഴ ആരംഭിച്ചുകഴിഞ്ഞിരുന്നു. അയാള്‍ വീണ്ടും നീട്ടിവിളിച്ചു: ''സാമുവല്‍!'' ഇത്തവണ ചെറുപ്പക്കാരന്‍ വിളികേട്ടു. അയാള്‍ ഉറക്കെ ചോദിച്ചു: ''എന്താ, അപ്പച്ചാ?''

വൃദ്ധന്‍ പറഞ്ഞു: ''നാളെ ഉട്ടോസ്റ്ററിലെ കച്ചവടദിവസമാണ്. നമ്മിലാരെങ്കിലും അവിടെ പോയേ മതിയാകൂ. പലരും പുസ്തകം വാങ്ങാന്‍ വരും. അവരെ നിരാശപ്പെടുത്താന്‍ പാടില്ല.''

ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അയാള്‍ ശക്തമായി ചുമയ്ക്കാന്‍ തുടങ്ങി. ചുമയ്ക്കു തെല്ല് ആശ്വാസമുണ്ടായപ്പോള്‍ അയാള്‍ തുടര്‍ന്നു: ''അങ്ങോട്ടു പോകുന്ന കുതിരവണ്ടി വരാന്‍ സമയമായി. എനിക്കാണെങ്കില്‍ നല്ല സുഖവും തോന്നുന്നില്ല. പോരാഞ്ഞിട്ടു മഴയും പെയ്യുന്നുണ്ട്.'

സാമുവല്‍ അപ്പോള്‍ ഒരു ലാറ്റിന്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. വായനയിലുള്ള ശ്രദ്ധകാരണം അവന്‍ പിതാവു പറഞ്ഞതു കേട്ടില്ല.

അല്പസമയം കഴിഞ്ഞപ്പോള്‍ വൃദ്ധന്‍ വീണ്ടും പറഞ്ഞു: ''ഞാന്‍ വിചാരിച്ചു, എനിക്കു സുഖമില്ലാത്തതുകൊണ്ട് ഇത്തവണ നീ ഉട്ടോസ്റ്ററിലേക്കു പോകുമെന്ന്.''

തന്റെ പിതാവു പറയുന്നതു കേട്ടെങ്കിലല്ലേ ആ ചെറുപ്പക്കാരനു പ്രതികരിക്കാനാവൂ. സാമുവല്‍ തന്റെ വായന തുടര്‍ന്നു.

സാമുവലില്‍നിന്നു പ്രതികരണമൊന്നും കാണാതിരുന്നതുകൊണ്ട് തന്റെ കോട്ടും തൊപ്പിയുമൊക്കെ എടുത്ത് അയാള്‍ യാത്രയ്ക്കു തയാറായിനിന്നു. അവസാനശ്രമമായി അയാള്‍ പുത്രനോടു ചോദിച്ചു: ''സാമുവല്‍, ഇത്തവണയെങ്കിലും നീ ഉട്ടോസ്റ്ററിനു പോകില്ലേ? ഇതാ, വണ്ടി വന്നുകഴിഞ്ഞു.''

അപ്പോഴും സാമുവലില്‍നിന്നു പ്രതികരണമൊന്നുമുണ്ടായില്ല. അധികം താമസിയാതെ വണ്ടിയെത്തി. തകര്‍ത്തുപെയ്യുന്ന മഴ അവഗണിച്ചുകൊണ്ടു പുസ്തകക്കെട്ടുമായി വൃദ്ധന്‍ വണ്ടിയില്‍ കയറി.

ഈ സംഭവം നടന്ന് അമ്പതുവര്‍ഷത്തിനുശേഷം ലിച്ച്ഫീല്‍ഡില്‍നിന്ന് ഒരു കുതിരവണ്ടി ഉട്ടോസ്റ്ററിലെത്തി. അന്ന് അവിടെ ചന്തദിവസമായിരുന്നു. അന്നു മഴയും പെയ്യുന്നുണ്ടായിരുന്നു.

കുതിരവണ്ടിയില്‍നിന്നു മുടി നരച്ച ഒരു കിഴവന്‍ പുറത്തേക്കിറങ്ങി. ചുറ്റുപാടും നോക്കിയ അദ്ദേഹം എന്തോ തിരയുകയായിരുന്നുവെന്നു വ്യക്തം.

അവിടെയുണ്ടായിരുന്ന ചെറിയ ഷോപ്പുകളില്‍ മാറിമാറി നോക്കിയ അദ്ദേഹം പെട്ടെന്നു തന്റെ പിതാവിന്റെ പഴയ ബുക്ക്‌ഷോപ്പ് തിരിച്ചറിഞ്ഞു. തലയിലിരുന്ന തൊപ്പി കൈയിലെടുത്ത് ആദരപൂര്‍വം നിന്നുകൊണ്ട് അദ്ദേഹം സ്വയം പറഞ്ഞു: ''അതെ, ഇതുതന്നെ സ്ഥലം. ഈ ഷോപ്പിലാണ് അദ്ദേഹം പുസ്തകം വില്‍ക്കാന്‍ പതിവായി എത്തിയിരുന്നത്.''


കൈകള്‍ ചേര്‍ത്തുപിടിച്ചു ചിന്തയിലാണ്ട് അദ്ദേഹമങ്ങനെ നില്‍ക്കുമ്പോള്‍ മഴ തകര്‍ത്തുപെയ്യുന്നത് അദ്ദേഹം ശ്രദ്ധിച്ചില്ല. അപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു: ''ഇയാള്‍ ഒരു ഭ്രാന്തന്‍ തന്നെ.'' അപ്പോള്‍ വേറൊരാള്‍ പറഞ്ഞു: ''ഇദ്ദേഹം ഭ്രാന്തനല്ല. ഇദ്ദേഹമാണു പ്രസിദ്ധനായ ഡോ. സാമുവല്‍ ജോണ്‍സണ്‍.''

മറ്റേയാള്‍ ചോദിച്ചു: ''ഡോ. ജോണ്‍സണ്‍ എന്തിനാണ് ഇവിടെ ഈ മഴയത്തു നില്‍ക്കുന്നത്?'' പക്ഷേ, ഈ ചോദ്യത്തിനുള്ള ഉത്തരം ജോണ്‍സണല്ലാതെ ആര്‍ക്കും അറിയില്ലായിരുന്നു.

അന്നു വൈകിട്ട് അദ്ദേഹം ലിച്ച്ഫീല്‍ഡില്‍ മടങ്ങിയെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ ചോദിച്ചു: ''എവിടെയായിരുന്നു താങ്കള്‍?'' അപ്പോള്‍ അദ്ദേഹം പറഞ്ഞു:

''കൃത്യം അമ്പതുവര്‍ഷം മുമ്പ് എന്റെ പിതാവ് എന്നോടു ഒരു സഹായം ചോദിച്ചു. വായനയില്‍ മുഴുകിപ്പോയതുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ട സഹായം ചെയ്തുകൊടുക്കാന്‍ എനിക്കു സാധിച്ചില്ല. എന്റെ അന്നത്തെ ഹൃദയശൂന്യതകൊണ്ടു ഞാന്‍ എന്റെ പിതാവിനെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവും എന്ന ചിന്ത എന്നെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. എന്റെ ആ പാപത്തിനു പരിഹാരം ചെയ്യാന്‍വേണ്ടിയാണു ഞാന്‍ ഉട്ടോസ്റ്ററിലെ അദ്ദേഹത്തിന്റെ കച്ചവടസ്ഥലത്തു പോയത്.'' ഇത്രയും പറഞ്ഞിട്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം വിതുമ്പിക്കരഞ്ഞു.

പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ എഴുത്തുകാരനാണു ഡോ. സാമുവല്‍ ജോണ്‍സണ്‍ (170984). ഇംഗ്ലീഷ് നിഘണ്ടു ഉള്‍പ്പെടെ പല വിശിഷ്ട ഗ്രന്ഥങ്ങളുടെയും കര്‍ത്താവാണദ്ദേഹം.

ചെറുപ്പംമുതല്‍തന്നെ വായനയിലും പഠനത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. തന്മൂലമാണ്, തന്റെ പിതാവിനെ സഹായിക്കേണ്ടിയിരുന്ന അത്യാവശ്യ സന്ദര്‍ഭത്തില്‍ അദ്ദേഹം അങ്ങനെ ചെയ്യാതെ പോയത്.

ജീവിതത്തിലെ വിവിധ വ്യഗ്രതകള്‍ക്കിടയില്‍ നമ്മുടെ കുടുംബബന്ധങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കാറില്ലേ? മാതാപിതാക്കള്‍ മക്കളോടും മക്കള്‍ മാതാപിതാക്കളോടുമുള്ള കടമകള്‍ പാലിക്കാതെ പോകുന്നത് അസാധാരണമല്ലല്ലോ.

അതുപോലെ, ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം കാണിക്കേണ്ട സ്‌നേഹത്തിന്റെയും താത്പര്യത്തിന്റെയും പരിഗണനയുടെയും കാര്യത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കാറില്ലേ?

കുടുംബബന്ധങ്ങളില്‍ നമുക്കെന്തെങ്കിലും വീഴ്ചയുണ്ടാകുമ്പോള്‍ അതിനു ന്യായീകരണം നമുക്കു കണ്ടുപിടിക്കാന്‍ സാധിച്ചെന്നിരിക്കും. എന്നാല്‍, ആ ന്യായീകരണങ്ങളൊന്നും നാംവഴി മറ്റുള്ളവര്‍ക്കുണ്ടാകുന്ന വേദനയുടെ ശക്തി കുറയ്ക്കുകയില്ല എന്നു നാം മറക്കരുത്.

വായനയിലുള്ള ആസക്തിയാണ് തന്റെ പിതാവിനെ സഹായിക്കുന്നതിനു സാമുവല്‍ എന്ന ചെറുപ്പക്കാരനു തടസമായി നിന്നത്.

നമ്മെ സംബന്ധിച്ചിടത്തോളം മറ്റു കാരണങ്ങളാകാം നമുക്കു കുടുംബാംഗങ്ങളോടുള്ള കടമകള്‍ നിര്‍വഹിക്കുന്നതിനു തടസമായി നില്‍ക്കുന്നത്.

ആ കാരണങ്ങള്‍ എന്തുതന്നെയായാലും അവയ്‌ക്കെല്ലാം ഉപരിയായി കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കാണാന്‍ സാധിച്ചെങ്കില്‍ മാത്രമേ നമ്മുടെ കുടുംബങ്ങളില്‍ സമാധാനവും സംതൃപ്തിയും കളിയാടൂ എന്നതു നാം വിസ്മരിക്കരുത്.
    
To send your comments, please clickhere