Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
August 24, 2019
 
 
    
 
Print this page
 

നമുക്കുമുണ്ട് ഭാഗ്യങ്ങള്‍

ദരിദ്രനായിരുന്നു അയാള്‍. അയാളുടെ ജീവിതത്തിലെന്നും ദുഃഖവും കണ്ണീരുംമാത്രം. അയാള്‍ ഒരു ദിവസം വിറകുശേഖരിക്കുവാനായി വനത്തിലേക്കു പോയി.

വിറകു ശേഖരിച്ച് വനത്തിലൂടെ അലയുമ്പോള്‍ അയാള്‍ക്കു വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. അടുത്തുകണ്ട ഒരു മരത്തിന്റെ തണലില്‍ അയാള്‍ അഭയംപ്രാപിച്ചു.

അയാള്‍ വിശ്രമിക്കുവാനായി തെരഞ്ഞെടുത്തത് അദ്ഭുതസിദ്ധിയുള്ള ഒരു വൃക്ഷത്തിന്റെ തണലായിരുന്നു. അവിടെ ഇരിക്കുമ്പോള്‍, തന്റെ ദാഹം തീര്‍ക്കുവാന്‍ അല്പം ശുദ്ധജലം കിട്ടിയിരുന്നെങ്കില്‍ എന്നയാള്‍ ആശിച്ചു.

അദ്ഭുതം! ഒരു ഗ്ലാസ് തണുത്തജലം അയാളുടെ മുമ്പിലെത്തി! അയാള്‍ ആ വെള്ളം കുടിച്ചു ദാഹം ശമിപ്പിച്ചു. അല്പം കഴിഞ്ഞപ്പോള്‍, തന്റെ വിശപ്പടക്കുവാന്‍ എന്തെങ്കിലും ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ എന്നയാള്‍ സ്വയം പറഞ്ഞു. വീണ്ടും അദ്ഭുതം! അയാളുടെ മുന്‍പില്‍ ചോറും കറികളും മറ്റു വിഭവങ്ങളും നിരന്നു!

ഭക്ഷണം കഴിച്ച് തൃപ്തനായപ്പോള്‍ തനിക്കു വിശ്രമിക്കുവാന്‍ നല്ലൊരു വീടുണ്ടായിരുന്നുവെങ്കില്‍ എന്നയാള്‍ ആശിച്ചു. അപ്പോള്‍ത്തന്നെ വളരെ മനോഹരമായ ഒരു കൊട്ടാരം അവിടെ പ്രത്യക്ഷപ്പെട്ടു!.

തന്റെ ആഗ്രഹങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി യാഥാര്‍ഥ്യങ്ങളായി മാറുന്നതു കണ്ടപ്പോള്‍ തനിക്ക് എന്തോ മാന്ത്രികശക്തി ലഭിച്ചിട്ടുണ്ട് എന്ന് അയാള്‍ കരുതി. അയാള്‍ സ്വയം പറഞ്ഞു: ''എന്റെ ഈ ഭാഗ്യങ്ങളെല്ലാം പങ്കിടുവാന്‍ എനിക്ക് സുന്ദരിയായ ഒരു ഭാര്യ ഉണ്ടായിരുന്നുവെങ്കില്‍!''

മഹാദ്ഭുതം! അതിസുന്ദരിയായ ഒരു സ്ത്രീ സ്വര്‍ണത്തില്‍പ്പൊതിഞ്ഞ് അവിടെ പ്രത്യക്ഷപ്പെട്ടു. ആ സ്വര്‍ഗസുന്ദരിയെ കണ്ടയുടനേ അയാള്‍ ഉറക്കെപ്പറഞ്ഞു: ''ഇതൊന്നും യാഥാര്‍ഥ്യമായിരിക്കുവാന്‍ തരമില്ല. കാരണം, ഞാന്‍ അത്രയ്‌ക്കൊന്നും ഭാഗ്യവാനല്ല. ഇങ്ങനെയൊന്നും എനിക്കു സംഭവിച്ചിട്ടുണ്ടാകാനും വഴിയില്ല.''

അയാള്‍ ഇത്രയും പറഞ്ഞുതീരുമ്പോഴേക്ക് സകലവും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. നിരാശനായ അയാള്‍ ദുഃഖം സഹിക്കവയ്യാതെ പറഞ്ഞു: ''അവസാനം ഇങ്ങനെ മാത്രമേ സംഭവിക്കൂ എന്നെനിക്കറിയാമായിരുന്നു!'' അയാള്‍ അവിടെനിന്ന് എണീറ്റ് ദുഃഖിതനായി വീണ്ടും വിറകുശേഖരിക്കുവാനായി പോയി.

ജീവിതത്തില്‍ ഒട്ടേറെ ദുഃഖങ്ങള്‍ അനുഭവിക്കുന്നവരാണു നമ്മള്‍. അതുകൊണ്ടുതന്നെ ദുഃഖം അനുഭവിക്കുവാന്‍ മാത്രം വിധിക്കപ്പെട്ടവരാണു നമ്മള്‍ എന്നു നാം ചിന്തിച്ചുപോകുന്നു. തന്മൂലം നമ്മുടെ ജീവിതത്തില്‍ നന്മയായിട്ടുള്ളത് എന്തെങ്കിലും സംഭവിച്ചാല്‍ അതു വിശ്വസിക്കുവാന്‍തന്നെ നമുക്കു വിഷമമാണ്. നല്ലത് എന്തെങ്കിലും നമുക്കു സംഭവിച്ചാലുടനേ എപ്പോഴാണ് ഇനി തിന്മ സംഭവിക്കുന്നത് എന്നു നോക്കി കാത്തിരിക്കുവാനാണു നമ്മില്‍ പലരും മുതിരുന്നത്.

മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ നായകനെപ്പോലെ, ഭാഗ്യമില്ലാത്തവരെന്നു സ്വയം വിശ്വസിക്കുന്നവരാണു നമ്മില്‍ ഭൂരിഭാഗവും. നന്മയായിട്ടുള്ളതു നമുക്കു സംഭവിക്കുക അസാധ്യം എന്നുവരെ നമ്മില്‍ ചിലരെങ്കിലും ചിന്തിച്ചുപോകാറുണ്ട്.

എന്നാല്‍, യാഥാര്‍ഥ്യം മറിച്ചാണെന്നതാണു വസ്തുത. നാമെല്ലാവരും ഓരോരോ രീതിയില്‍ ഭാഗ്യശാലികള്‍ തന്നെ. നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ നന്മയായിട്ടുള്ള എന്തെല്ലാം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്! പക്ഷേ, നാം അവ കാണാതെ പോകുന്നു. തന്മൂലം വല്ലപ്പോഴും നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്ന ദുഃഖങ്ങള്‍ക്കാണു ജീവിതത്തില്‍ നാം മുന്തിയ പരിഗണന നല്കുന്നത്.

മാന്ത്രികശക്തിയുള്ള വൃക്ഷത്തിന്റെ തണലിലിരുന്ന മനുഷ്യന്‍ തന്റെ ജീവിതത്തില്‍ നന്മ കണ്ടിട്ടും അതു യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കുവാന്‍ തയാറായില്ല. അതിനു കാരണം, തന്റെ ജീവിതത്തില്‍ നന്മ സംഭവിക്കില്ല എന്ന അയാളുടെ ചിന്താഗതിയായിരുന്നു. അയാളുടെ നിഷേധാത്മകമായ ഈ ചിന്താരീതിയാണ് അയാള്‍ക്കു കൈവന്ന ഭാഗ്യത്തെ നഷ്ടപ്പെടുത്തിക്കളഞ്ഞത്.

ജീവിതത്തില്‍ ഓരോരോ രീതിയില്‍ നാം ഭാഗ്യശാലികള്‍ തന്നെ. ഇക്കാര്യം നാം ഉറപ്പായി വിശ്വസിക്കുകയാണെങ്കില്‍ നമ്മുടെ അനുദിന ജീവിതത്തില്‍ നന്മയായിട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ സംഭവിക്കുന്നതു നമുക്കു കാണുവാന്‍ സാധിക്കും.

എന്നാല്‍, ഭാഗ്യവും നന്മകളും നമ്മുടെ ഭാഗത്തല്ല എന്ന ചിന്തയോടെയാണ് നാം മുന്നോട്ടുപോകുന്നതെങ്കില്‍ ഭാഗ്യം എപ്പോഴും നമ്മില്‍നിന്ന് അകന്നുനില്ക്കും.

നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതരുന്ന ഒരു മാന്ത്രികവൃക്ഷത്തിന്റെ സഹായം നമുക്കൊരിക്കലും ലഭിക്കാനിടയില്ല. എന്നാല്‍, നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിയുന്ന ദൈവം അവ യാഥാര്‍ഥ്യമാകാന്‍ തീര്‍ച്ചയായും നമ്മെ സഹായിക്കും എന്നതില്‍ സംശയം വേണ്ട. പക്ഷേ, ദൈവത്തിന്റെ സഹായം നമുക്കു ലഭിക്കണമെങ്കില്‍ അവിടുന്ന് അനുദിനം നമുക്കു നല്കുന്ന അനുഗ്രഹങ്ങള്‍ നാം കാണുകയും അവയ്ക്കു നന്ദിപറയുകയും ചെയ്‌തേ മതിയാകൂ.

ദൈവത്തിന്റെ അനന്തപരിപാലനയുടെ തണലില്‍ നമുക്കു നമ്മെത്തന്നെ സമര്‍പ്പിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം നന്മകള്‍കൊണ്ടു സമ്പന്നമാകും.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.