Jeevithavijayam
4/18/2019
    
സന്ദേശങ്ങള്‍ സ്വന്തം പരിസരത്തുനിന്ന്
അന്ധകാരവും ശൈത്യവും നീക്കി ലോകത്തിനു ശോഭയും ഊഷ്മളതയും പകരുന്ന സൂര്യന്‍. രാത്രിയെ നീലവെളിച്ചത്തില്‍ പൊതിഞ്ഞ് രോമാഞ്ചഭരിതമാക്കുന്ന ചന്ദ്രന്‍. ഇരുണ്ട രാത്രിയില്‍ ആകാശത്തു പൂത്തിരി കത്തിക്കുന്ന താരങ്ങള്‍. ഇവയെ നാം ശ്രദ്ധിക്കാറുണേ്ടാ? ഇവ നല്‍കുന്ന സന്ദേശം നാം ശ്രദ്ധിക്കാറുണേ്ടാ?

ഭൂമിയെ ഹരിതാഭമാക്കുന്ന വൃക്ഷലതാദികള്‍. അവയില്‍ പാറിപ്പറക്കുന്ന പക്ഷികളും ശലഭങ്ങളും. ഇവയെ നാം ശ്രദ്ധിക്കാറുണേ്ടാ? ഇവ നമുക്കു നല്‍കുന്ന സന്ദേശം ശ്രവിക്കാറുണേ്ടാ?

സൂര്യനും ചന്ദ്രനും വൃക്ഷലതാദികളും മൃഗങ്ങളുമൊക്കെ നമുക്കു നല്‍കുന്ന സന്ദേശത്തെക്കുറിച്ച് ''ഐ ലിസണ്‍'' എന്ന പേരില്‍ ഡോ. ചാള്‍സ് റോപ്പര്‍ ഒരു കവിത എഴുതിയിട്ടുണ്ട്. ആ കവിതയിലെ ചില ഭാഗങ്ങള്‍ താഴെ കുറിക്കുകയാണ്:

''ഞാന്‍ സൂര്യനെ ശ്രദ്ധിക്കുമ്പോള്‍ സൂര്യന്‍ എന്നോടു പറയുന്നു: മറ്റുള്ളവരെ വളര്‍ത്തുക. നിങ്ങളുടെ ചൂട് മറ്റുള്ളവര്‍ക്കു ശക്തി പകരട്ടെ. തിരികെയൊന്നും പ്രതീക്ഷിക്കാതെ കൊടുക്കുക.

''ഞാന്‍ ചന്ദ്രനെ ശ്രദ്ധിക്കുമ്പോള്‍ ചന്ദ്രന്‍ എന്നോടു പറയുന്നു: സ്‌നേഹിക്കുക. മറ്റുള്ളവരുമായി സ്‌നേഹം പങ്കുവയ്ക്കുക. മറ്റുള്ളവര്‍ നിങ്ങളെ സ്‌നേഹിക്കാന്‍ അനുവദിക്കുക. എല്ലാവരോടും ദയയോടെ പെരുമാറുക.

''ഞാന്‍ നക്ഷത്രങ്ങളെ ശ്രദ്ധിക്കുമ്പോള്‍ അവ എന്നോടു പറയുന്നു: ആടുക, പാടുക, ഉല്ലസിക്കുക.

''ഞാന്‍ നീലത്തടാകങ്ങളെ ശ്രദ്ധിക്കുമ്പോള്‍ അവ എന്നോടു പറയുന്നു: ഹൃദയം തുറക്കൂ. കടമ്പകളും അതിര്‍വരമ്പുകളും കടന്നു വിശാലതയിലേക്കു പറക്കൂ.

''ഞാന്‍ മഴമേഘങ്ങളെ ശ്രദ്ധിക്കുമ്പോള്‍ അവ എന്നോടു പറയുന്നു: ക്രിയാത്മകമാവൂ, സജീവമാകൂ, കരയേണ്ടിവന്നാല്‍ കരയൂ.

''ഞാന്‍ കാറ്റിനെ ശ്രദ്ധിക്കുമ്പോള്‍ കാറ്റ് എന്നോടു പറയുന്നു: നന്നായി ശ്വസിക്കൂ, ശാരീരികവും മാനസികവും ആധ്യാത്മികവുമായ ആരോഗ്യത്തിന്റെ കാര്യം ശ്രദ്ധിക്കൂ, ഹൃദയത്തിന്റെ സ്വരം കേള്‍ക്കൂ, ക്ഷമിക്കൂ.

''ഞാന്‍ മാമലയെ ശ്രദ്ധിക്കുമ്പോള്‍ അത് എന്നോടു പറയുന്നു: ആവശ്യമുള്ള സ്ഥലത്ത് ഉണ്ടായിരിക്കൂ, സത്യസന്ധനായിരിക്കൂ, ചെയ്യുമെന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യൂ, ഹൃദയത്തില്‍നിന്നു മാത്രം സംസാരിക്കൂ, ആരെയും വഞ്ചിക്കാതിരിക്കൂ.

''ഞാന്‍ കാട്ടരുവിയെ ശ്രദ്ധിക്കുമ്പോള്‍ അത് എന്നോടു പറയുന്നു: മുന്നോട്ടു പോകൂ, ഭയം വേണ്ട. അലസതയും വേണ്ട, ജീവിതത്തിലെ പ്രധാന കാര്യങ്ങളെക്കുറിച്ചു ശ്രദ്ധിക്കൂ. മറ്റു കാര്യങ്ങള്‍ അവയുടെ വഴിക്കു വന്നുകൊള്ളും; ചിരിക്കൂ, പൊട്ടിച്ചിരിക്കൂ.


''ഞാന്‍ പൂക്കളെ ശ്രദ്ധിക്കുമ്പോള്‍ അവ പറയുന്നു: എല്ലാറ്റിലും സൗന്ദര്യം കാണൂ, ചെറിയ കാര്യങ്ങളുടെ സൗന്ദര്യത്തെ ആദരിക്കൂ, എളിമയുള്ളവനായിരിക്കൂ, മറ്റുള്ളവരെ അംഗീകരിക്കൂ.

''ഞാന്‍ പ്രാണികളെ ശ്രദ്ധിക്കുമ്പോള്‍ അവ പറയുന്നു: ജോലി ചെയ്യൂ, കൈകള്‍കൊണ്ട് അധ്വാനിക്കൂ, മുമ്പിലുള്ളതു ശ്രദ്ധിക്കൂ, പഴയ കാര്യങ്ങള്‍ തത്കാലം വിസ്മരിക്കൂ, വര്‍ത്തമാനകാര്യങ്ങളില്‍ ശ്രദ്ധ പതിക്കൂ.

''ഞാന്‍ പക്ഷികളെ ശ്രദ്ധിക്കുമ്പോള്‍ അവ പറയുന്നു: പാടൂ, സ്വതന്ത്രനായി പാറിപ്പറക്കൂ.

''ഞാന്‍ മരങ്ങളെ ശ്രദ്ധിക്കുമ്പോള്‍ അവ പറയുന്നു: തലയുയര്‍ത്തി നില്‍ക്കൂ, ധൈര്യവാനായി നില്‍ക്കൂ, ക്ഷമയോടെ നില്‍ക്കൂ, മറ്റുള്ളവരെ ബഹുമാനിക്കൂ, സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കൂ.

''ഞാന്‍ ഭൂമിയെ ശ്രദ്ധിക്കുമ്പോള്‍ ഭൂമി എന്നോടു പറയുന്നു: ചുറ്റിലും കാണുന്നവയോട് ആദരപൂര്‍വം വര്‍ത്തിക്കൂ, എല്ലാറ്റിലും സൗന്ദര്യം കാണൂ, പ്രായമായവരോടും കുട്ടികളോടും കൂടുതല്‍ സ്‌നേഹപൂര്‍വം പെരുമാറൂ; എന്നോടും സ്‌നേഹപൂര്‍വം മാത്രം പെരുമാറൂ, ഞാന്‍ നിനക്കു തുണയായിക്കൊള്ളാം.''

ഡോ. റോപ്പര്‍ തന്റെ ചുറ്റുമുള്ള ലോകത്തേക്കു കണ്ണോടിച്ചപ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ കണ്ടു. അതുപോലെ, അവയെ ശ്രദ്ധിച്ചപ്പോള്‍ പല നല്ല സന്ദേശങ്ങളും ലഭിച്ചു. ഡോ. റോപ്പറെപ്പോലെ നമുക്കും ചുറ്റുമുള്ള ലോകത്തെ വീക്ഷിക്കാം. അവ നമുക്കു നല്‍കുന്ന സന്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം ശ്രവിക്കാം. പലപ്പോഴും നാം പ്രതീക്ഷിക്കുന്നതിലുമേറെ നല്ല സന്ദേശങ്ങള്‍ നമ്മുടെ ചുറ്റിലും ഉണ്ടാവും.

നമ്മുടെ ചുറ്റുമുള്ള പ്രകൃതി മനോഹരമാണെന്നു നമുക്കറിയാം. എന്നാല്‍, ആ പ്രകൃതിയുടെ സൗന്ദര്യം കാണാന്‍ എത്രപേര്‍ക്കു സമയമുണ്ട്? അതുപോലെ, പ്രകൃതി നമുക്കു നല്‍കുന്ന വിലയേറിയ സന്ദേശങ്ങള്‍ ശ്രദ്ധിക്കാന്‍ ആര് ഉത്സാഹിക്കുന്നു?

ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോള്‍ ഒട്ടേറെ നല്ല സന്ദേശങ്ങള്‍ അതില്‍ ഒളിച്ചുവച്ചിട്ടുണ്ട്. നമുക്ക് ആ സന്ദേശങ്ങള്‍ കണെ്ടത്താന്‍ ശ്രമിക്കാം. അപ്പോള്‍ ജീവിതത്തിന്റെ മനോഹാരിതയും അര്‍ഥവും നമുക്കു കൂടുതല്‍ വ്യക്തമാകും.
    
To send your comments, please clickhere