Jeevithavijayam
4/19/2019
    
കാരുണ്യത്തിന്റെ മൂല്യം
ഒരു യഹൂദകഥ: ഒരിക്കലൊരു പാവപ്പെട്ട കര്‍ഷകന്‍ തന്റെ ഉന്തുവണ്ടിനിറയെ സാധനങ്ങളുമായി പട്ടണത്തില്‍നിന്ന് സ്വഭവനത്തിലേക്കു മടങ്ങുകയായിരുന്നു. അയല്‍ക്കാരില്‍ പലരും ആവശ്യപ്പെട്ടതനുസരിച്ചു വാങ്ങിയ സാധനങ്ങളായിരുന്നു വണ്ടിനിറയെ. യാത്രയ്ക്കിടയില്‍ അയാളുടെ ഉന്തുവണ്ടി വഴിയിലെ ചെളിയില്‍ താഴ്ന്നുപോകാനിടയായി.

എന്തു ചെയ്യണമെന്നറിയാതെ ആ കര്‍ഷകന്‍ വിഷമിച്ചു. അപ്പോള്‍ ആ വഴി ഒരു ധനികന്‍ തന്റെ കുതിരവണ്ടിയില്‍ വന്നു. കര്‍ഷകന്റെ സ്ഥിതികണ്ട് ആ ധനികനു സഹതാപം തോന്നി. അയാള്‍ ഉടനേ തന്റെ വണ്ടിക്കാരനോട് ആ കര്‍ഷകനെ സഹായിക്കാന്‍ നിര്‍ദേശിച്ചു.

വണ്ടിക്കാരന്‍ കര്‍ഷകന്റെ ഉന്തുവണ്ടി ചെളിയില്‍നിന്നു തള്ളി പുറത്തിറക്കി. ആ ഉന്തുവണ്ടി തന്റെ കുതിരവണ്ടിയുമായി ബന്ധിപ്പിച്ച് ആ കര്‍ഷകന്റെ സാധനങ്ങള്‍ അയാളുടെ വീട്ടിലെത്തിക്കാന്‍ ധനികന്‍ നിര്‍ദേശിച്ചു.

കര്‍ഷകന്റെ ഉന്തുവണ്ടി വലിച്ചുകൊണ്ട് അവര്‍ കര്‍ഷകന്റെ വീട്ടിലെത്തി. അപ്പോഴാണ് ആ കര്‍ഷകന്‍ പരമ ദരിദ്രനാണെന്നു ധനികനു മനസിലായത്. അയാള്‍ കര്‍ഷകനു കുറേ പണം നല്‍കി സഹായിച്ചു.

കുറേനാള്‍ കഴിഞ്ഞപ്പോള്‍ ധനികന്‍ മരിച്ചു. അയാള്‍ ദൈവത്തിന്റെ ന്യായാസനത്തിങ്കലെത്തി. അപ്പോള്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് ആ ധനികന്‍ ജീവിതകാലത്തു ചെയ്ത അതിക്രമങ്ങളുടെ കഥ വിവരിച്ചു. അയാള്‍ ചെയ്ത ചില അതിക്രമങ്ങള്‍ മാത്രം മതിയാകുമായിരുന്നു അയാളെ നരകശിക്ഷയ്ക്കു വിധിക്കാന്‍.

പെട്ടെന്ന് കാരുണ്യത്തിന്റെ മാലാഖ പ്രത്യക്ഷപ്പെട്ട് ആ ധനികനെ വിധിക്കുന്നതിനു സ്വര്‍ഗീയത്രാസ് ഉപയോഗിക്കാന്‍ അപേക്ഷിച്ചു. ദൈവം സന്തോഷപൂര്‍വം അതിന് സമ്മതിച്ചു.

കാരുണ്യത്തിന്റെ മാലാഖ ആ ധനികന്‍ പാവപ്പെട്ട കര്‍ഷകന് ചെയ്ത സഹായം സ്വര്‍ഗീയ ത്രാസിന്റെ ഒരു തട്ടില്‍വച്ചു. പക്ഷേ, അപ്പോഴും അയാളുടെ ദുഷ്‌കര്‍മങ്ങള്‍ക്കായിരുന്നു ഭാരക്കൂടുതല്‍. ഉടന്‍തന്നെ മാലാഖ പാവപ്പെട്ട കര്‍ഷകന്റെ ഉന്തുവണ്ടിയുമെടുത്തു ത്രാസില്‍വച്ചു. അപ്പോഴും ദുഷ്‌കര്‍മങ്ങള്‍ക്കായിരുന്നു ഭാരക്കൂടുതല്‍.

ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം, ആ ഉന്തുവണ്ടി ചെളിയില്‍ പൂഴ്ന്നിരുന്ന സ്ഥലത്തെ ചെളിയെടുത്ത് മാലാഖ ത്രാസില്‍വച്ചു. അപ്പോള്‍ സ്വര്‍ഗീയത്രാസ് സല്‍ക്കര്‍മങ്ങളുടെ ഭാഗത്തേക്ക് താഴ്ന്നു. അങ്ങനെ ആ ധനികന്‍ നിത്യശിക്ഷയില്‍നിന്നു രക്ഷപ്പെടുകയും ചെയ്തു.

നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്കുണ്ടാകുന്ന ഫലം എത്രയോ വിസ്മയകരവും അദ്ഭുതാവഹവുമാണ്! പലപ്പോഴും നമ്മെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഫലമാണ് അവയ്ക്കുണ്ടാകുന്നത്. നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക് പരലോകത്തിലുണ്ടാകുന്ന ഫലം നമുക്ക് വിഭാവനം ചെയ്യാന്‍പോലും സാധിക്കാത്തതാണ്.

ധനികനായ ആ മനുഷ്യന്‍ പല ദുഷ്‌കര്‍മങ്ങളും ചെയ്ത വ്യക്തിയായിരുന്നു. എങ്കിലും സ്വര്‍ഗീയ ത്രാസില്‍ അയാളുടെ ചെയ്തികളെ തൂക്കിനോക്കിയപ്പോള്‍ അയാള്‍ ചെയ്ത സല്‍ക്കര്‍മങ്ങള്‍ക്കു വലിയ തൂക്കം ലഭിച്ചു. അങ്ങനെയാണ് അയാള്‍ നിത്യശിക്ഷയില്‍നിന്നു രക്ഷപ്പെട്ടത്.


നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്കു പരലോകത്തിലുണ്ടാകുന്ന ഫലത്തെക്കുറിച്ച് നമുക്കു ഭാവന ചെയ്യാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുകയുള്ളു. എന്നാല്‍, നമ്മുടെ കാരുണ്യപ്രവൃത്തികള്‍ക്ക് ഇഹലോകത്തിലുണ്ടാകുന്ന ഫലം നമുക്ക് നേരിട്ട് അനുഭവിച്ചറിയാവുന്നതാണ്.

1970കളില്‍ ടെക്‌സസിലെ പ്രമുഖ റേഡിയോ അനൗണ്‍സറായിരുന്നു കാമറോണ്‍ മോംഗര്‍. ഒരിക്കല്‍ കുറെ പ്രസിദ്ധ ഗായകരുടെ ഓട്ടോഗ്രാഫ് ഒരു ഡോളര്‍ നോട്ടില്‍ രേഖപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. മോംഗറെ സംബന്ധിച്ചിടത്തോളം ഏറെ വിലയേറിയ വസ്തുവായിരുന്നു ആ ഡോളര്‍ നോട്ട്.

1977ല്‍ അമേരിക്കയിലെ സാമ്പത്തികമാന്ദ്യം മൂലം മോംഗറുടെ ജോലി നഷ്ടപ്പെട്ടു. ജീവിക്കാന്‍ അദ്ദേഹം നന്നേ ക്ലേശിച്ചു.

ഒരു ദിവസം ഒരു പാവപ്പെട്ട മനുഷ്യന്‍ മോംഗറോട് ഒരു ഡോളര്‍ കടം ചോദിച്ചു. മൂന്നു ദിവസമായി ഭക്ഷണം കഴിക്കാന്‍ നിര്‍വാഹമില്ലാതെ വിഷമിക്കുകയായിരുന്നു അയാള്‍.

മോംഗറിന്റെ പേഴ്‌സ് അപ്പോള്‍ കാലിയായിരുന്നു. എങ്കിലും തന്റെ കൈവശമുള്ള ഓട്ടോഗ്രാഫുകള്‍ രേഖപ്പെടുത്തിയ ഡോളര്‍ നോട്ടിനെക്കുറിച്ച് അദ്ദേഹം ഓര്‍മിച്ചു. പെട്ടെന്ന് അദ്ദേഹം ആ നോട്ടെടുത്ത് ആ മനുഷ്യനു കൊടുത്തു. അയാള്‍ സന്തോഷപൂര്‍വം അതു വാങ്ങി നന്ദിപറഞ്ഞു പിരിയുകയും ചെയ്തു.

മോംഗര്‍ പറയുന്നതനുസരിച്ച്, അന്ന് അദ്ദേഹം ചെയ്ത കാരുണ്യപ്രവൃത്തിയുടെ ഫലം അദ്ഭുതാവഹമായിരുന്നു. അദ്ദേഹം തന്റെ ഏക ഡോളര്‍ ദാനംചെയ്ത അന്നുതന്നെ അദ്ദേഹത്തിനു പുതിയ ജോലി ലഭിച്ചു. അതിനുശേഷം അദ്ദേഹത്തിനെന്നും ഉയര്‍ച്ചയായിരുന്നു. അന്ന് അദ്ദേഹം ഡോളര്‍ ദാനം ചെയ്തത് ഒരു മാലാഖയ്ക്കാണോ എന്നാണ് അദ്ദേഹത്തിനിപ്പോള്‍ സംശയം. കാരണം, ആ മനുഷ്യനെ പിന്നെ അദ്ദേഹം ഒരിക്കലും കണ്ടിട്ടില്ലത്രേ.

നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍വഴി നമുക്കു പല നേട്ടങ്ങളുമുണ്ടാകുമെന്നതില്‍ സംശയം വേണ്ട. എന്നാല്‍, നാം കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നത് ആ നേട്ടങ്ങള്‍ക്കുവേണ്ടിയായിരിക്കരുത്. മറിച്ച്, നമ്മുടെ സഹായം ആവശ്യമുള്ളവരെ ആത്മാര്‍ഥമായി സഹായിക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യം. എങ്കില്‍ മാത്രമേ ദൈവത്തിന്റെ മുമ്പില്‍ അവ പ്രീതികരമാവൂ.

നമ്മുടെ കാരുണ്യത്തിനായി കാത്തുനില്‍ക്കുന്നവര്‍ നിരവധിയാണ്. അവരെ സഹായിച്ചുകൊണ്ട് സുകൃതങ്ങളുടെ എണ്ണം അനുദിനം നമുക്ക് വര്‍ധിപ്പിക്കാം. അപ്പോള്‍ നാം അധിവസിക്കുന്ന ഈ ലോകം കൂടുതല്‍ മനോഹരവും സന്തോഷപൂര്‍ണവുമാകും.
    
To send your comments, please clickhere