Jeevithavijayam
4/22/2019
    
ഉള്ളില്‍ പ്രതിധ്വനിക്കുന്ന സ്വരം
പാശ്ചാത്യസംഗീതത്തിലെ ''കണ്‍ട്രി മ്യൂസിക്'' വിഭാഗത്തില്‍ ഏറെ പ്രസിദ്ധനായ ഒരു ഗാനരചയിതാവാണ് അമേരിക്കക്കാരനായ ജോണ്‍ ജറാര്‍ഡ്. നൂറിലേറെ പ്രസിദ്ധഗാനങ്ങള്‍ ജറാര്‍ഡിന്റെ പേരില്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ആറെണ്ണം നമ്പര്‍വണ്‍ ഹിറ്റുകളായിരുന്നു.

ജോര്‍ജ് സ്‌ട്രെയ്റ്റ്, പാം ടില്ലിസ്, ട്രെയ്‌സി ലോറന്‍സ്, കോളിന്‍ റെയ് തുടങ്ങിയ ഗായകര്‍ക്കുവേണ്ടി ജറാര്‍ഡ് തയാറാക്കിയ ഗാനങ്ങളാണ് നമ്പര്‍വണ്‍ ഹിറ്റുകളായി മാറിയത്. ഈ ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറുകോടി കാസറ്റുകളും ആല്‍ബങ്ങളുമാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

''കണ്‍ട്രി മ്യൂസിക്'' രംഗത്ത് ജറാര്‍ഡിനു പറയുവാനുള്ളത് വിജയകഥയാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന് അയവിറക്കാനുള്ളത് ഒരു കദനകഥയാണ്. എങ്കിലും ആ കദനകഥ പരാജയത്തിന്റെ കഥയല്ല, പ്രത്യുത വിജയത്തിന്റെ കഥയാണ്.

ഒരു ഗാനരചയിതാവായി പണവും പ്രസിദ്ധിയും നേടണമെന്ന മോഹത്തോടുകൂടി 1977ല്‍ ജറാര്‍ഡ് കണ്‍ട്രി മ്യൂസിക്കിന്റെ ആസ്ഥാനമായ നാഷ്‌വില്ലില്‍ എത്തി. പക്ഷേ, അദ്ദേഹത്തെ അവിടെ കൈനീട്ടി സ്വീകരിക്കുവാന്‍ ആരുമുണ്ടായില്ല. തന്മൂലം, കുടുംബം പോറ്റാന്‍വേണ്ടി ഒരു ഹോട്ടലില്‍ ക്ലാര്‍ക്കായി അദ്ദേഹം ജോലി സ്വീകരിച്ചു. 1980ല്‍ പ്രമേഹരോഗംമൂലം അദ്ദേഹത്തിന്റെ കാഴ്ച പോയി.

കാഴ്ചശക്തി നഷ്ടപ്പെട്ടതുമൂലമുണ്ടായ ആഘാതം അദ്ദേഹത്തിനു താങ്ങാവുന്നതായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശ നശിച്ചു. തനിക്കുണ്ടായ ദുര്‍ഗതിയോര്‍ത്തു വിലപിച്ചുകൊണ്ട് മുഴുവന്‍ സമയവും അദ്ദേഹം കിടക്കയില്‍ കഴിച്ചുകൂട്ടി. ആരോടെങ്കിലും സംസാരിക്കുന്നതുപോലും അദ്ദേഹത്തിനിഷ്ടമില്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ജറാര്‍ഡിന്റെ സുഹൃത്തായ ജൂഡി മാഹഫി എന്ന ഗാനരചയിതാവ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചത്. സംഭാഷണത്തിനിടയില്‍ ജൂഡി ചോദിച്ചു: ''വീട്ടിലെ ഗാര്‍ബേജ് ബോക്‌സ് നിറഞ്ഞാണോ ഇരിക്കുന്നത്?''

ചോദ്യത്തിന്റെ അര്‍ഥം എന്താണെന്നു ശരിക്കു മനസിലായില്ലെങ്കിലും ജറാര്‍ഡ് തപ്പിത്തടഞ്ഞ്, വെയിസ്റ്റ് സാധനങ്ങള്‍ ഇട്ടിരിക്കുന്ന ഗാര്‍ബേജ് ബോക്‌സ് പരിശോധിച്ചു. അപ്പോള്‍ അത് നിറഞ്ഞാണിരിക്കുന്നതെന്നു മനസിലായി. അദ്ദേഹം അക്കാര്യം ജൂഡിയോടു പറയുകയും ചെയ്തു. ഉടനേ ജൂഡി പറഞ്ഞു: ''ഗാര്‍ബേജ് മുഴുവന്‍ ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ നിറച്ച് അതു വഴിവക്കില്‍ക്കൊണ്ടുവയ്ക്കുക. മുനിസിപ്പാലിറ്റി ജീവനക്കാര്‍ അത് എടുത്തുകൊണ്ടുപോയി സ്ഥലം വൃത്തിയാക്കിക്കൊള്ളും.''

അപ്പോള്‍ ജറാര്‍ഡ് പറഞ്ഞു: ''എനിക്കു കാഴ്ചയില്ല, ജൂഡി. അപ്പോള്‍പ്പിന്നെ ഞാന്‍ എങ്ങനെയാണു ഗാര്‍ബേജ് എടുത്തു വഴിയരികില്‍ കൊണ്ടുവയ്ക്കുക?''

ജൂഡിയുടെ ഉത്തരം പെട്ടെന്നായിരുന്നു: ''അത് ജറാര്‍ഡിനു കൈകാര്യം ചെയ്യാന്‍ പറ്റും.''

ജൂഡി പറഞ്ഞതാണല്ലോ എന്നു കരുതി ജറാര്‍ഡ് പാഴ്‌വസ്തുക്കള്‍ മുഴുവന്‍ എടുത്ത് ഒരു പ്ലാസ്റ്റിക് കൂടിലാക്കി. എന്നിട്ട് തപ്പിത്തടഞ്ഞ് അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പുറത്തിറങ്ങി അമ്പതടി അകലെയുള്ള റോഡിന്റെ അരികില്‍ അത് എത്തിച്ചു. അപ്പോള്‍ ലോകത്തിന്റെ നിറുകയിലെത്തിയ പ്രതീതിയായിരുന്നു ജറാര്‍ഡിന്!

ഈ സംഭവത്തിനുശേഷം അന്ധര്‍ക്കുവേണ്ടി പ്രത്യേകം സംവിധാനം ചെയ്തിട്ടുള്ള ഒരുവടിയുടെ സഹായത്തോടെ ജറാര്‍ഡ് നടക്കുവാന്‍ തുടങ്ങി. എന്നു മാത്രമല്ല, എവിടേക്കു വേണമെങ്കിലും തനിയെ യാത്ര ചെയ്യുവാനും ജറാര്‍ഡിനു ധൈര്യമായി.

ഇതിനിടയില്‍ ജറാര്‍ഡ് വീണ്ടും ഗാനരചന തുടങ്ങിയിരുന്നു. അദ്ദേഹം രചിച്ച പല ഗാനങ്ങളും ആല്‍ബത്തിലാക്കുവാന്‍ പ്രസിദ്ധരായ ഗായകര്‍ മുന്നോട്ടുവന്നു. പക്ഷേ, ഈ വിജയങ്ങള്‍ക്കിടയില്‍ വീണ്ടും പല ദുരന്തങ്ങള്‍ക്കും അദ്ദേഹം ഇരയായി.

പ്രമേഹരോഗത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ കിഡ്‌നികളുടെ പ്രവര്‍ത്തനം നിലച്ചു. അപ്പോള്‍ പുതിയ ഒരു കിഡ്‌നിയിലൂടെ അദ്ദേഹത്തിന് പുനര്‍ജന്മം ലഭിച്ചു. എന്നാല്‍, ഇതിനിടെ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു. ഇങ്ങനെ എല്ലാരീതിയിലും തകര്‍ന്നിരിക്കുമ്പോഴാണ് ഒരു ദിവസം അദ്ദേഹം നടക്കുവാനിറങ്ങിയത്. അന്നത്തെ നടപ്പിനിടയില്‍ അദ്ദേഹത്തിന്റെ വടി രണ്ടുകഷണങ്ങളായി ഒടിഞ്ഞുപോയി.


വടിയില്ലാതെ നടക്കുക അസാധ്യമായി അദ്ദേഹത്തിനു തോന്നി. അതുകൊണ്ട് ആരെങ്കിലും തന്നെ സഹായിക്കുവാന്‍ വരട്ടെയെന്നു കരുതി അവിടെ നില്‍ക്കുമ്പോള്‍ അദ്ദേഹം തന്റെ ഉള്ളില്‍ ഒരു സ്വരം കേട്ടു: ''മുന്നോട്ടു നടക്കു.'' ആ സ്വരം ആരുടേതാണെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ വീണ്ടും ഉള്ളില്‍നിന്ന് ശക്തമായ നിര്‍ദേശം: ''മുന്നോട്ടു പോകൂ.''

ആ സ്വരത്തിന്റെ ആജ്ഞാശക്തിയാലെന്നവണ്ണം ജറാര്‍ഡ് വടി കൂടാതെ മുന്നോട്ടു നടക്കുവാന്‍ തുടങ്ങി. ജറാര്‍ഡിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. ജീവിതത്തിലെ പ്രതിബന്ധങ്ങളെ ധൈര്യപൂര്‍വം അഭിമുഖീകരിക്കുവാന്‍ ഈ സംഭവം അദ്ദേഹത്തെ സഹായിച്ചു.

1991ന്റെ ആരംഭത്തോടുകൂടി ജറാര്‍ഡ് ഒരു ഗായകനായും പ്രശോഭിക്കുവാന്‍ തുടങ്ങി. എന്നാല്‍ 1997ല്‍ വീണ്ടും അദ്ദേഹത്തിന്റെ കിഡ്‌നി തകരാറിലായി. പുതിയൊരു കിഡ്‌നിയിലൂടെ ആ പ്രശ്‌നം പരിഹരിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ വലതുകാല്‍ മുറിച്ചു കളയേണ്ടിവന്നു. പ്രമേഹം മൂലം കാലിലെ രക്തത്തിന്റെ ഓട്ടം നിലച്ചതായിരുന്നു ഇതിനു കാരണം. അധികം താമസിയാതെ അദ്ദേഹത്തിന്റെ ഇടതുകാലും മുറിച്ചുമാറ്റേണ്ടിവന്നു.

''ധൈര്യമായി മുന്നോട്ടുപോകൂ'' എന്നു തന്റെ ഉള്ളില്‍ കേട്ട സ്വരം ദൈവത്തിന്റെ സ്വരമാണെന്നു വിശ്വസിച്ചുകൊണ്ട് അടിപതറാതെ മുന്നോട്ടുപോകുന്ന ജറാര്‍ഡ് ''ജസ്റ്റ് കീപ്പ് വാക്കിംഗ്'' എന്ന പേരില്‍ എഴുതിയ പ്രചോദനാത്മക ലേഖനത്തില്‍ ഇപ്രകാരം പറയുന്നു:

''രണ്ടു കണ്ണുകളും രണ്ടു കാലുകളും നഷ്ടപ്പെട്ട എനിക്ക് ഒരു കാര്യം മനസിലായി. ഞാന്‍ എന്നു പറയുന്നത് എന്റെ ശരീരം മാത്രമല്ല. എന്റെ ജീവിതദുരന്തങ്ങള്‍ക്കിടയില്‍പ്പോലും ജീവിതത്തിന്റെ അഗാധതലത്തില്‍ മനഃസമാധാനം നഷ്ടപ്പെടാതെ എനിക്കു ജീവിക്കുവാന്‍ സാധിക്കുന്നുണ്ട്.

''എനിക്കുണ്ടായ ദുരന്തങ്ങള്‍ സ്വീകരിക്കുവാന്‍ ഞാന്‍ ഒരുക്കമായിരുന്നു എന്നു കരുതേണ്ട. അവയുടെ പേരില്‍ ഞാന്‍ ദൈവവുമായി ക്ഷോഭിച്ചിട്ടുണ്ട്. എല്ലാറ്റിനും ഒരു അവസാനം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും എന്റെ ഭയവും സങ്കടവും പ്രതിഷേധവുമൊന്നും എന്റെ ആത്മാവിനെ ഒരിക്കലും തകര്‍ത്തിട്ടില്ല. ദൈവാനുഗ്രഹംകൊണ്ട് എന്റെ ആത്മാവ് ഇപ്പോഴും ശക്തമാണ്. അതുകൊണ്ടാണ് എന്നെ നിരന്തരം വേട്ടയാടുന്ന ദുരന്തങ്ങള്‍ക്കു മുന്നിലും ഭയപ്പെടാതെ ഞാന്‍ മുന്നോട്ടുപോകുന്നത്.''

ദുരന്തങ്ങള്‍ നിരന്തരം സംഭവിക്കുന്ന ജീവിതമാണ് ജറാര്‍ഡിന്റേത്. എന്നാലും, ദൈവശക്തിയിലാശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകുവാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്. അതില്‍ അദ്ദേഹം വിജയിക്കുന്നുമുണ്ട്.

എന്നാല്‍, നമ്മുടെ കാര്യമോ? ജീവിതത്തില്‍ ദുഃഖദുരിതങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നമ്മെ വേട്ടയാടുമ്പോള്‍ നാം പതറിപ്പോകാറില്ലേ? നമ്മുടെ ആത്മാവിന്റെ അഗാധതലത്തില്‍വരെ നാം മുറിവേല്‍ക്കപ്പെടാറില്ലേ?

പക്ഷേ, അപ്പോഴൊക്കെ നാം ഓര്‍ക്കണം, നമുക്ക് ശക്തി പകരാനായി ദൈവം നമ്മുടെ കൂടെയുണെ്ടന്ന്. ധൈര്യമായി മുന്നോട്ടുപോകൂ എന്ന ദൈവസ്വരം തന്റെ ഉള്ളിന്റെ ഉള്ളില്‍ കേള്‍ക്കുവാന്‍ സാധിച്ചതുകൊണ്ടാണ് ജറാര്‍ഡിനു പിടിച്ചുനില്‍ക്കുവാനും ധൈര്യമായി മുന്നോട്ടുപോകുവാനും സാധിച്ചത്.

നമുക്കും നമ്മുടെ ഉള്ളിന്റെയുള്ളില്‍ പ്രതിധ്വനിക്കുന്ന ദൈവത്തിന്റെ സ്വരം കേള്‍ക്കാം; അവിടുന്ന് നല്‍കുന്ന ശക്തിയിലാശ്രയിച്ചുകൊണ്ട് ദുഃഖദുരിതങ്ങള്‍ക്കിടയിലും ധൈര്യമായി മുന്നോട്ടുപോകാം.
    
To send your comments, please clickhere