Jeevithavijayam
4/24/2019
    
ചപ്പും ചവറുമായ സംഭാഷണ വിഷയങ്ങള്‍
പില്ക്കാലത്തു നടനായി മാറിയ വില്യം ഗില്ലറ്റ് സ്റ്റെനോഗ്രഫി പഠിക്കുന്ന കാലം. അക്കാലത്ത് അദ്ദേഹത്തിന്റെ താമസം ഒരു ബോര്‍ഡിംഗ് ഹൗസിലായിരുന്നു. ചുരുക്കെഴുത്തിന്റെ ക്ലാസ് കഴിഞ്ഞു ബോര്‍ഡിംഗില്‍ മടങ്ങിയെത്തിയാല്‍ അതു കൂടുതല്‍ പരിശീലിക്കാനായിരുന്നു അദ്ദേഹത്തിനു തിടുക്കം. അങ്ങനെയാണു താന്‍ താമസിച്ചിരുന്ന ഹാളിലെ മറ്റു വിദ്യാര്‍ഥികളുടെ സകല സംഭാഷണവും അദ്ദേഹം ചുരുക്കെഴുത്തിലൂടെ പകര്‍ത്തിവയ്ക്കാനിടയായത്.

അവര്‍ പറയുന്നതിന്റെ അര്‍ഥമോ വ്യാകരണമോ ഒന്നും അദ്ദേഹം ശ്രദ്ധിച്ചില്ല. സംഭാഷണം കേട്ട രീതിയില്‍ വെറുതെ പകര്‍ത്തിവയ്ക്കുക മാത്രം ചെയ്തു. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞപ്പോള്‍ ഗില്ലറ്റ് തന്റെ പഴയ ചുരുക്കെഴുത്തു നോട്ടുകള്‍ വീണ്ടും ശ്രദ്ധിക്കാനിടയായി. കൗതുകത്തോടെ അദ്ദേഹം ആ നോട്ടുകള്‍ വായിച്ചുനോക്കി. തന്റെ പഴയ സുഹൃത്തുക്കളുമായി ചെലവഴിച്ച നല്ലകാലം അയവിറക്കുന്നതിനായിരുന്നു അത്.

പക്ഷേ, ചുരുക്കെഴുത്തു നോട്ടുകള്‍ വായിക്കുന്തോറും അദ്ദേഹത്തിന് ആകെ ഇച്ഛാഭംഗം തോന്നി. കാരണമെന്തായിരുന്നെന്നോ? ഗിലറ്റിന്റെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കൂ:

''എന്റെ സുഹൃത്തുക്കളുടെ നാലുമാസത്തെ സംഭാഷണം ഞാന്‍ വായിച്ചു. പക്ഷേ, അവരുടെ സംഭാഷണത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരമുണ്ടാകുന്ന രീതിയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതായി എനിക്കു കണെ്ടത്താന്‍ സാധിച്ചില്ല. വെറും ചപ്പും ചവറുമായിരുന്നു അവരുടെ സംഭാഷണവിഷയങ്ങള്‍.

എങ്ങനെയുള്ളതാണ് നമ്മുടെ സംഭാഷണവിഷയങ്ങള്‍? സ്വന്തം സംഭാഷണത്തില്‍ അധികം ചപ്പും ചവറും ഉണെ്ടന്നു നാമാരും പെട്ടെന്നു സമ്മതിച്ചു തരില്ല. പക്ഷേ, നമ്മുടെ സംഭാഷണങ്ങള്‍ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്താല്‍ നാം അദ്ഭുതസ്തബ്ധരാകും എന്നതിനു സംശയം വേണ്ട.

ആര്‍ക്കെങ്കിലും എന്തെങ്കിലും രീതിയില്‍ ഉപകാരമുള്ള കാര്യങ്ങള്‍ പലപ്പോഴും നമ്മുടെ സംഭാഷണത്തില്‍ കാണാറില്ല എന്നതു മാത്രമല്ല പ്രശ്‌നം. വെറും ചപ്പും ചവറുമായ കാര്യങ്ങളാണു പലപ്പോഴും നമ്മുടെ സംഭാഷണത്തിനു വിഷയമാകുന്നത് എന്നതു മാത്രവുമല്ല പോരായ്മ. നമ്മുടെ സംഭാഷണം ചിലപ്പോഴെങ്കിലും മറ്റുള്ളവര്‍ക്കു വിവിധ രീതിയില്‍ ഹാനികരമായിത്തീരുന്നു എന്നതു നമുക്കു നിഷേധിക്കാനാവാത്ത ദു:ഖസത്യമാണ്.

മറ്റുള്ളവര്‍ക്കു വിഷമം തോന്നുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ അവരുടെ മുഖത്തുനോക്കി നമുക്കു പറയേണ്ടിവരും. കരുണയുള്ള ഹൃദയത്തോടെ നാം അവ പറഞ്ഞാല്‍ അവയൊരിക്കലും ആരെയും ആഴത്തില്‍ മുറിവേല്പിക്കുകയില്ല. എന്നാല്‍, ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അതല്ല. അശ്രദ്ധകൊണ്ട് ആവശ്യമില്ലാത്ത പലകാര്യങ്ങളും നമ്മുടെ സംഭാഷണത്തില്‍ കടന്നുവരാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങളില്‍ പലതും മറ്റുള്ളവര്‍ക്ക് ഏറെ ദോഷകരമായിത്തീരാറുമുണ്ട്. നാം മന:പൂര്‍വം പറഞ്ഞതല്ലെങ്കില്‍പോലും അവയുടെ ഉത്തരവാദിത്വത്തില്‍നിന്നു നമുക്ക് ഒഴിഞ്ഞുമാറാനാവില്ല.

സംഭാഷണത്തിനു വിഷയമില്ലാത്തതുകൊണ്ടാകാം പലപ്പോഴും കുശുകുശുക്കലും കുറ്റംപറയലുമായി നമ്മുടെ സംഭാഷണം അധ:പതിക്കുന്നത്. മറ്റുള്ളവര്‍ക്കു ദോഷം വരുത്തുന്ന കുശുകുശുക്കലും കുറ്റംപറയലുമൊക്കെ ഒഴിവാക്കണമെന്നു നാം ആഗ്രഹിക്കുമ്പോഴും അറിയാതെതന്നെ അത്തരം സംഭാഷണങ്ങളിലേക്കു നാം വഴുതിവീഴാറുണ്ട്. നമ്മുടെ സംസാരത്തില്‍ വരുന്ന ഈ അപാകതകളൊക്കെ ഒഴിവാക്കിയേ മതിയാകൂ. അന്തസുള്ള വ്യക്തിത്വത്തിന്റെ ഉടമകളായി ആത്മാഭിമാനത്തോടെ ജീവിക്കണമെങ്കില്‍ നമുക്കു മറ്റു പോംവഴികളൊന്നുമില്ല.

സംസാരത്തില്‍ നാം പിഴയ്ക്കുന്നത് എപ്പോഴാണ്? നമുക്കു വ്യക്തമായും കൃത്യമായും അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആധികാരികമായി പറയുമ്പോഴല്ലേ? അല്ലെങ്കില്‍, നമുക്കറിയാവുന്ന കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു മോശമായ ലക്ഷ്യത്തോടുകൂടി അവതരിപ്പിക്കുമ്പോഴല്ലേ? അതുമല്ലെങ്കില്‍, മറ്റുള്ളവരില്‍നിന്നു നാം കേട്ട കുശുകുശുക്കലുകള്‍ കാണുന്നവരോടൊക്കെ വാരിവിളമ്പുമ്പോഴല്ലേ?


എന്നാല്‍, അശ്രദ്ധമായ ഈ സംസാരരീതിമൂലം മറ്റുള്ളവര്‍ക്ക് എന്തുമാത്രം ദോഷം സംഭവിക്കുമെന്ന് നാം ചിന്തിക്കാറുണേ്ടാ? ഒരുപക്ഷേ, മറ്റുള്ളവര്‍ നമ്മെക്കുറിച്ച് കുറ്റം പറഞ്ഞുനടക്കുന്നു എന്നു നാം പരിതപിക്കുമ്പോഴെങ്കിലും നമ്മുടെ സംസാരരീതിയെക്കുറിച്ചു പരിശോധിച്ചു വേണ്ട തിരുത്തലുകള്‍ നാം വരുത്തേണ്ടതല്ലേ?

സംസാരത്തില്‍ പിഴയ്ക്കാതിരിക്കാന്‍ നാം എന്തുചെയ്യണം? അറിയാവുന്ന കാര്യങ്ങള്‍ക്കപ്പുറം നാം മറ്റുള്ളവരെക്കുറിച്ച് ഒന്നും പറയുകയില്ലെന്ന് ഉറപ്പു വരുത്തിയാല്‍ നാം ഒരു പരിധിവരെ വിജയിച്ചു എന്നു പറയാം. അതുപോലെ, മറ്റുള്ളവരെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളാണെങ്കിലും ആവശ്യമില്ലാതെ പറയുകയില്ലെന്നു നാം ശഠിച്ചാല്‍ നമ്മുടെ വിജയം ഒരുപടികൂടി മുന്നിലാകും. ഇനി, അറിയാവുന്ന കാര്യങ്ങളാണെങ്കിലും അവ ആവശ്യമുണെ്ടങ്കില്‍പ്പോലും മറ്റുള്ളവര്‍ക്കു വാരിവിളമ്പാതിരുന്നാല്‍ സംസാരത്തില്‍ നാം പിഴയ്ക്കുകയില്ലെന്നു തീര്‍ച്ചയാണ്.

ധാര്‍മികതയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന വിശിഷ്ടവ്യക്തികളുടെ സംഭാഷണം ശ്രദ്ധിച്ചു നോക്കൂ. അവരുടെ സംഭാഷണവിഷയങ്ങള്‍ ആളുകളെക്കാളേറെ ആശയങ്ങളാണെന്നത് ഒരുപക്ഷേ, നമ്മെ അദ്ഭുതപ്പെടുത്തിയേക്കും. ഇനി, ആളുകളെക്കുറിച്ച് അവര്‍ സംസാരിച്ചാല്‍ത്തന്നെ അതെപ്പോഴും നല്ല കാര്യങ്ങളായിരിക്കും.

ഇനി, സാധാരണക്കാരായ മനുഷ്യരുടെ കാര്യം എടുത്താലോ? അവരുടെ സംസാരത്തില്‍ എപ്പോഴും മുഴച്ചുനില്‍ക്കുന്നത് എന്തെങ്കിലും സംഭവങ്ങളായിരിക്കും. ആശയങ്ങളെക്കുറിച്ച് ഏറെ പ്രതിപാദിക്കുക അവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല.

ഇനി, അല്പന്മാരായ മനുഷ്യരുടെ കാര്യം എടുക്കുക. അവരുടെ സംഭാഷണവിഷയം എപ്പോഴുംതന്നെ ആളുകളായിരിക്കും. ആളുകളെക്കുറിച്ച് അവര്‍ പറയുന്നതാകട്ടെ ആരോ എവിടെയോ പറഞ്ഞുകേട്ട കാര്യങ്ങളും. അങ്ങനെ പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങളില്‍ പലപ്പോഴും സത്യത്തിന്റെ യാതൊരംശവും കാണില്ല.

മുകളില്‍ കൊടുത്തിരിക്കുന്ന മൂന്നുഗണത്തില്‍ ഏതിലാവുമോ നമ്മുടെ സ്ഥാനം? മറ്റുള്ളവര്‍ നമ്മെ ബഹുമാനിക്കണമെന്നും ആദരിക്കണമെന്നുമൊക്കെ മോഹമുള്ളവരല്ലേ നമ്മള്‍? നിര്‍ഭാഗ്യവശാല്‍ മൂന്നാമത്തെ കൂട്ടരിലാണു നാം ഉള്‍പ്പെടുന്നതെങ്കില്‍ നമ്മുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.

നമ്മുടെ സംസാരത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ നാം ആഗ്രഹിക്കുമ്പോഴും മറ്റുചിലര്‍ നമ്മെ അവരുടെ താഴ്ന്ന സംസാരരീതിയിലേക്കു നമ്മെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചേക്കാം. അങ്ങനെയുള്ളവര്‍ മറ്റുള്ളവരുടെ കുറ്റങ്ങളുടെയും കുറവുകളുടെയും ലിസ്റ്റുമായി നമ്മുടെ പക്കല്‍ വരുമ്പോള്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. ആരൊക്കെ മറ്റുള്ളവരെക്കുറിച്ചു നമ്മോടു കുറ്റംപറയുന്നുവോ അവരൊക്കെ നമ്മെക്കുറിച്ചു മറ്റുള്ളവരോടു കുറ്റംപറയും എന്ന വസ്തുതയാണത്. പരദൂഷണത്തിനു നാം ചെവികൊടുത്താല്‍ അവരുടെ പരദൂഷണത്തിന്റെ അടുത്ത ഇര നാംതന്നെ ആയെന്നിരിക്കും.

സംസാരത്തില്‍ പിഴയ്ക്കാത്തവന്‍ ഭാഗ്യവാനാണെന്ന വസ്തുത എപ്പോഴും നമ്മുടെ ഓര്‍മയിലുണ്ടാകട്ടെ. നമ്മുടെ സംഭാഷണം മറ്റുള്ളവര്‍ക്ക് ഏതെങ്കിലും രീതിയില്‍ പ്രയോജനപ്രദമാമായിരിക്കാനും നമുക്കു ശ്രദ്ധിക്കാം.
    
To send your comments, please clickhere