Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
October 21, 2019
 
 
    
 
Print this page
 

നമ്മുടെ ഹൃദയത്തിന്റെ ഒരംശം

ആദ്യം ഒരു സ്‌കൂള്‍ ടീച്ചറായിരുന്നു ജോയ്‌സ് ബ്രൗണ്‍. ആ ജോലി നഷ്ടപ്പെട്ടപ്പോള്‍ പല പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തു. പക്ഷേ, അവയൊന്നും ജീവിക്കാനാവശ്യമായ വരുമാനമാര്‍ഗം അവര്‍ക്കു നേടിക്കൊടുത്തില്ല. അങ്ങനെയാണ് നഴ്‌സിംഗ് ഹോമിലെ ഒരു ജോലിക്ക് ജോയ്‌സ് അപേക്ഷിച്ചത്.

നഴ്‌സിന്റെ സഹായിയായി ജോലിചെയ്യാനായിരുന്നു ജോയ്‌സ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നഴ്‌സിംഗ് ഹോമിലെത്തിയപ്പോള്‍ അവിടത്തെ ആക്ടിവിറ്റി ഡിറക്ടര്‍ ചെയ്യുന്ന ജോലി ജോയ്‌സ് കാണുവാനിടയായി. പ്രായമായ അന്തേവാസികള്‍ സാധാരണ അസംതൃപ്തരായി കഴിയുകയാണു പതിവ്. ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരോ അവഗണിക്കപ്പെട്ടവരോ ആയ അവരുടെ ജീവിതത്തില്‍ അല്പം ആശ്വാസം പകരുക എന്നതാണ് ആക്ടിവിറ്റി ഡിറക്ടറുടെ ജോലി.

എന്നാല്‍ ജോയ്‌സ് കാണുവാനിടയായ ആക്ടിവിറ്റി ഡിറക്ടര്‍ ആ ജോലി അല്പംപോലും താല്പര്യമില്ലാതെയാണ് ചെയ്തിരുന്നത്. ആ നഴ്‌സിംഗ് ഹോമിലെ അന്തേവാസികളിലാര്‍ക്കും അങ്ങനെയൊരു ഡിറക്ടറുടെ സേവനംകൊണ്ട് കാര്യമായ പ്രയോജനമൊന്നും ലഭിച്ചിരുന്നില്ല. ഇക്കാര്യം മനസിലാക്കിയ ജോയ്‌സ് നഴ്‌സിന്റെ സഹായി എന്ന ജോലിക്കു പകരം ആക്ടിവിറ്റി ഡിറക്ടറുടെ ജോലിക്ക് അപേക്ഷ നല്‍കി. ഭാഗ്യംകൊണ്ടെന്നപോലെ അധികദിവസം കഴിയുന്നതിനുമുമ്പേ ജോലി ലഭിച്ചു.

നഴ്‌സിംഗ് ഹോമിലെ അന്തേവാസികളെല്ലാവരും പ്രായംചെന്നവരും രോഗികളുമായിരുന്നു. അവരില്‍ ഭൂരിഭാഗവും ബെഡ്ഡിലും വീല്‍ചെയറിലുമായി കാലം കഴിക്കുന്നവരായിരുന്നു. ജോയ്‌സ് അവരെയെല്ലാം സഹായിക്കാന്‍ ശ്രമിച്ചു. അവരെ ഓരോരുത്തരെയും വ്യക്തിപരമായി പരിചയപ്പെടുന്നതിനും ജോയ്‌സ് ശ്രമിച്ചു. അങ്ങനെയാണ് മിസ് ലില്ലി എന്ന വൃദ്ധയെ കൂടുതല്‍ പരിചയപ്പെടുവാനിടയായത്.

ലില്ലിയുടെ ബന്ധുക്കളായി അവശേഷിച്ചിരുന്നത് സഹോദരപുത്രിയായ ഒരു സ്ത്രീ മാത്രമായിരുന്നു. അവര്‍ വളരെ അപൂര്‍വമായി മാത്രമേ ലില്ലിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നുള്ളൂ. അവര്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഒരു അപരിചിതയോടെന്നവണ്ണമാണ് ലില്ലിയോട് സംസാരിച്ചിരുന്നത്.

ലില്ലിയുടെ തൊട്ടടുത്തുപോയി ഇരിക്കുകയോ അവരുടെ കരംഗ്രഹിച്ച് ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയോ ഒന്നും ആ സ്ത്രീ ചെയ്തിരുന്നില്ല. ഒരു കര്‍മം നിര്‍വഹിക്കാനെന്നപോലെയായിരുന്നു ആ സ്ത്രീയുടെ സന്ദര്‍ശനം. അവരുടെ സന്ദര്‍ശനം മൂലം ലില്ലിക്ക് എന്തെങ്കിലും സന്തോഷമോ ആശ്വാസമോ ലഭിക്കുന്നതായി ജോയ്‌സിനു തോന്നിയിട്ടില്ല. എങ്കിലും അക്കാര്യത്തെക്കുറിച്ചൊന്നും ലില്ലിയോടു ചോദിക്കാന്‍ ജോയ്‌സ് മുതിര്‍ന്നില്ല. അവര്‍ പതിവുപോലെ ലില്ലിയോട് സ്‌നേഹപൂര്‍വം പെരുമാറി.

പരസഹായം കൂടാതെ ഭക്ഷണം കഴിക്കുക ലില്ലിക്കു ബുദ്ധിമുട്ടായിരുന്നു. തന്മൂലം, ഉച്ചഭക്ഷണസമയത്ത് ലില്ലിയെ സഹായിക്കാന്‍ ജോയ്‌സ് പ്രത്യേകം ശ്രദ്ധിച്ചു. അതോടൊപ്പം ലില്ലിയെ സന്തോഷവതിയാക്കാന്‍വേണ്ടി ജോയ്‌സ് അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഒരുദിവസം അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ലില്ലി ജോയ്‌സിനോടു പറഞ്ഞു: ''അല്പംകൂടി അടുത്തുവരൂ.'' വീല്‍ചെയറിലിരിക്കുകയായിരുന്നു ലില്ലി അപ്പോള്‍. ജോയ്‌സ് കുനിഞ്ഞു മുട്ടിന്മേല്‍നിന്ന് കാര്യം തിരക്കി. ഉടനെ വിതുമ്പിയ ശബ്ദത്തില്‍ ലില്ലി പറഞ്ഞു: ''മോള്‍ എന്നെ ഒന്ന് ആശ്ലേഷിച്ചിട്ട് എന്നെ സ്‌നേഹിക്കുന്നതായി അഭിനയിക്കൂ.''

സ്‌നേഹത്തിനുവേണ്ടി ദാഹിച്ച ലില്ലി. ആരാരും തന്നെ സ്‌നേഹിക്കാനില്ലാത്തതില്‍ കണ്ണീര്‍ വീഴ്ത്താതെ ഹൃദയംനൊന്തു കരയുകയായിരുന്നു ആ വൃദ്ധ. അവസാനം, ജോയ്‌സിന്റെ നന്മയില്‍ വിശ്വാസം തോന്നിയപ്പോള്‍ അവരോട് സ്‌നേഹം യാചിക്കാന്‍ ലില്ലി ഒരുമ്പെടുകയായിരുന്നു. ലില്ലിയുടെ വാക്കുകേട്ടപ്പോള്‍ ജോയ്‌സ് ആദ്യം പകച്ചുപോയി. അടുത്തനിമിഷം ജോയ്‌സ് ലില്ലിയെ വാരിപ്പുണര്‍ന്നു ഗാഢമായി ആശ്ലേഷിച്ചു. അപ്പോള്‍ ഇരുവരുടെയും കണ്ണുകളില്‍നിന്നു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നുവീണു.

സ്‌നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനുഷ്യരാണ് നാമെല്ലാവരും. മറ്റുള്ളവരുടെ ഹൃദയത്തിന്റെ ഒരംശം നമുക്കു ലഭിച്ചേ മതിയാകൂ. അതുപോലെ, നമ്മുടെ ഹൃദയത്തിന്റെ ഒരുഭാഗം അവര്‍ക്കും വേണം. ഹൃദയങ്ങളുടെ ഈ പരസ്പര പങ്കുവയ്ക്കല്‍ കൂടാതെ സന്തോഷപൂര്‍വം മുന്നോട്ടുപോവുക പലപ്പോഴും നമുക്ക് അസാധ്യമാണ്. അതുകൊണ്ടല്ലേ നമുക്ക് സ്‌നേഹം ലഭിക്കാതെപോകുമ്പോള്‍ നമ്മുടെ ജീവിതം നിര്‍ജീവവും നിരര്‍ഥകവുമായി നമുക്കു തോന്നുന്നത്? സ്‌നേഹം നമുക്കാവശ്യമാണെന്ന കാര്യം നമുക്കറിയാം. എന്നാല്‍, നമ്മുടെ സ്‌നേഹം മറ്റുള്ളവര്‍ക്കാവശ്യമാണെന്ന കാര്യം പലപ്പോഴും നാം മറന്നുപോകുന്നു. തന്മൂലമല്ലേ, മറ്റുള്ളവരോട് അല്പംപോലും പരിഗണനയില്ലാതെ ചിലപ്പോഴെങ്കിലും നാം പെരുമാറുന്നത്? നമുക്കു സ്‌നേഹം ആവശ്യമുള്ളതുപോലെ മറ്റുള്ളവര്‍ക്കും സ്‌നേഹം ആവശ്യമുണ്ടെന്നു നാം ഓര്‍മിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റശൈലിയില്‍ മാറ്റംവരില്ലേ?

ജോയ്‌സിനു ലില്ലിയോടു സ്‌നേഹമുണ്ടായിരുന്നോ? ഒരു ജോലി തേടിയായിരുന്നു ജോയ്‌സ് ആ നഴ്‌സിങ് ഹോമിലെത്തിയത്. പണസമ്പാദനത്തിനുവേണ്ടി മാത്രമായിരുന്നില്ല ജോയ്‌സ് ആ ജോലി ചെയ്തിരുന്നത്. നഴ്‌സിങ് ഹോമിലെ അന്തേവാസികളുടെ ജീവിതത്തില്‍ അല്പം ആശ്വാസം പകരണമെന്ന് ജോയ്‌സിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ലില്ലിയോടുള്‍പ്പെടെ ജോയ്‌സ് സ്‌നേഹപൂര്‍വം പെരുമാറിയത്.

എന്നാല്‍, ജോയ്‌സ് കാണിച്ച സ്‌നേഹവും താല്‍പര്യവുംകൊണ്ടു മാത്രം ലില്ലിക്കു മതിയായില്ല. അവര്‍ക്കു കുറച്ചുകൂടി ആഴമായ സ്‌നേഹം ആവശ്യമായിരുന്നു. അതുകൊണ്ടാണ് തന്നെ ആശ്ലേഷിച്ച് ആശ്വസിപ്പിക്കാന്‍ ലില്ലി ജോയ്‌സിനോട് അഭ്യര്‍ഥിച്ചത്.

നമ്മുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സ്‌നേഹിതരെയുമൊക്കെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരാകാം നമ്മള്‍. എന്നാല്‍ നമ്മുടെ സ്‌നേഹം നാം വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ കാര്യം. മറ്റുള്ളവരോട് നമുക്കുള്ള സ്‌നേഹം നാം ഹൃദയത്തില്‍ സൂക്ഷിച്ചതുകൊണ്ടുമാത്രം കാര്യമില്ല. നമ്മുടെ സ്‌നേഹം നാം വാക്കിലും പ്രവൃത്തിയിലുംകൂടി പ്രകടിപ്പിച്ചേ മതിയാകൂ. എങ്കില്‍ മാത്രമേ നമ്മുടെ ഹൃദയത്തിന്റെ ഒരംശം തേടുന്നവര്‍ക്ക് യഥാര്‍ഥമായി അതു ലഭിക്കൂ.

ലില്ലിയുടെയും ജോയ്‌സിന്റെയും കഥ ഒരു സംഭവകഥ തന്നെയാണ്. ഇത് എവിടെ നടന്നു എന്നത് പ്രസക്തമല്ല. എന്നാല്‍, ഈ കഥയിലെ കഥാപാത്രങ്ങള്‍ പലപ്പോഴും നമ്മള്‍ തന്നെയാണെന്നതു പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതു നമുക്ക് മറക്കാതിരിക്കാം.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.