Jeevithavijayam
5/21/2019
    
നമുക്ക് ഒരിക്കല്‍ മാത്രം മരിക്കാം
യുദ്ധവീരനും അതീവ ധൈര്യശാലിയുമായിരുന്നു ഫ്രഞ്ച് മാര്‍ഷലായിരുന്ന ഫെര്‍ഡിനന്‍ഡ് ഫോക്. ഒന്നാംലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ഫ്രഞ്ച് സൈനികനിരയെ നയിച്ചത് അദ്ദേഹമായിരുന്നു. പിന്നീടദ്ദേഹം സഖ്യകക്ഷികളുടെ കമാന്‍ഡര്‍ഇന്‍ചീഫ് ആയി ഉയര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു സഖ്യകക്ഷികള്‍ ജര്‍മന്‍ സൈന്യത്തെ പരാജയപ്പെടുത്തിയത്.

യുദ്ധത്തിനിടയില്‍ ചെറുപ്പക്കാരനായ ഒരു പട്ടാള ഓഫീസര്‍ ഭയംമൂലം കിടുകിടാവിറച്ചു യുദ്ധരംഗത്തുനിന്നു പിന്തിരിഞ്ഞോടി. ഇതു മനസിലാക്കാനിടയായ ഒരു കേണല്‍ ആ പട്ടാള ഓഫീസറെ വിളിച്ചു ദീര്‍ഘമായി ശകാരിച്ചു.

ഈ സംഭവം എങ്ങനെയോ മാര്‍ഷല്‍ ഫോക്കിന്റെ ചെവിയിലുമെത്തി. അദ്ദേഹം യുവാവായ പട്ടാള ഓഫീസറെ ശകാരിച്ച കേണലിനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ''വിഡ്ഢിയായ മനുഷ്യനു മാത്രമേ ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും ഭയമില്ലെന്നു വീമ്പിളക്കാനാവൂ. നിങ്ങള്‍ ആ ചെറുപ്പക്കാരനായ ഓഫീസറെ വിളിച്ച് അയാളോടു ക്ഷമചോദിക്കു.''

നാമെല്ലാവരും ഓരോ രീതിയില്‍ ഓരോരോ തരത്തിലുള്ള ഭയത്തിന് അടിമകളാണ്. നാമെത്ര ധൈര്യശാലികളാണെങ്കില്‍പ്പോലും നമ്മിലൊക്കെ ഏതെങ്കിലും രീതിയിലുള്ള ഭയം കണെ്ടന്നിരിക്കും. ഫ്രഞ്ച് മാര്‍ഷലായിരുന്ന ഫോക്കിന് ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടാണ്, ആരെങ്കിലും തനിക്കൊന്നിനെക്കുറിച്ചും ഭയമില്ലെന്നു വീമ്പിളക്കിയാല്‍ അയാള്‍ വിഡ്ഢിയാണെന്നു ഫോക് അഭിപ്രായപ്പെട്ടത്.

നമുക്കെല്ലാവര്‍ക്കും എന്തിനെക്കുറിച്ചെങ്കിലുമുള്ള ആധിയും വ്യാധിയും ഭീതിയുമൊക്കെ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. എന്നാല്‍, നമ്മിലുള്ള ആധിയും ഭീതിയുമൊക്കെ മൂലം നാം ഒന്നിലധികം തവണ മരിക്കണമോ എന്ന് സ്വയം ചോദിക്കേണ്ടതായിട്ടുണ്ട്.

ഭയത്തിന് അകാരണമായി അടിമകളാകുന്നവര്‍ ഒരിക്കലല്ല, ഒട്ടേറെത്തവണ മരിക്കുവാന്‍ ഇടയാകുന്നു എന്നുള്ളതാണു യാഥാര്‍ഥ്യം. ഇന്നലെ സംഭവിച്ചതിനെക്കുറിച്ചുള്ള ദുഃഖവും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചുള്ള ഭീതിയും നാളെ സംഭവിക്കാന്‍ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ഭയവും എത്രയോ പേരെയാണു കൊല്ലാതെ കൊല്ലുന്നത്? അല്പനേരത്തേക്കുപോലും ആശ്വസിക്കാന്‍ സാധിക്കാതെ ഓരോ നിമിഷവും ഓരോരോ കാര്യങ്ങളെക്കുറിച്ചു വെറുതേ തീതിന്നുന്നവര്‍ എത്രയോ പേരുണ്ട് നമ്മുടെയിടയില്‍!

സാധാരണക്കാര്‍ മാത്രമല്ല, പൊതുരംഗത്തു വലിയ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവര്‍പോലും പലപ്പോഴും അകാരണമായ ഭയത്തിന് അടിമകളാണെന്നതാണു വസ്തുത.

''കടുവ'' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഫ്രഞ്ച് പ്രധാനമന്ത്രിയായിരുന്നു ജോര്‍ജസ് ക്ലെമന്‍സാവ് (18411929). ആരെയും കൂസാത്ത പ്രകൃതത്തിനുടമയായിരുന്ന അദ്ദേഹവും പലരീതിയിലുള്ള ഭയത്തിന് അടിമയായിരുന്നു എന്നു കേട്ടാല്‍ അദ്ഭുതം തോന്നും.

അദ്ദേഹത്തെ ഏറെ ഭയപ്പെടുത്തിയിരുന്ന ഒന്നാണു വിമാനയാത്ര. ഒരിക്കല്‍ വിമാനം യാത്രതിരിക്കുന്നതിനുമുമ്പ് അദ്ദേഹം പൈലറ്റിനെ സമീപിച്ചു പറഞ്ഞു: ''വളരെ സാവധാനം, വളരെ താഴ്ത്തി സൂക്ഷിച്ചുവേണം വിമാനം പറപ്പിക്കാന്‍.''

ക്ലെമന്‍സാവിന് വിമാനയാത്രയെന്നപോലെ നമ്മില്‍ ചിലര്‍ക്ക് ഇരുട്ടിനെക്കുറിച്ചാകും ഭയം. അല്ലെങ്കില്‍ ഇരുട്ടില്‍ ഒളിച്ചിരിക്കുന്നു എന്നു നാം കരുതുന്ന ഭൂതപ്രേതാദികളെക്കുറിച്ചാകും ഭയം. ഒരുപക്ഷേ അധികാരികളെയാകാം മറ്റു ചിലര്‍ ഭയപ്പെടുന്നത്. വേറെ ചിലര്‍ ഭയപ്പെടുന്നതു ഭാവിയെക്കുറിച്ചാകാം. നാളെ എന്തു സംഭവിക്കും എന്നതു സംബന്ധിച്ചുള്ള ആശങ്കയാകാം അവരുടെ ഏറ്റവും വലിയ ഭയം.


നമ്മുടെ ഭയം ഏതുരീതിയിലുള്ളതായാലും അതു നമ്മെ കൂച്ചുവിലങ്ങിടും എന്നതില്‍ സംശയം വേണ്ട. അതുപോലെ, ഭയം നമ്മെ നിര്‍ജീവരും നിസ്സഹായരും നിരാശരുമാക്കും. നമ്മുടെ ജീവിതംതന്നെ തകര്‍ക്കുവാന്‍ അകാരണമായ ഭയത്തിനു ശക്തിയുണ്ട്.

തന്മൂലം, ഭയത്തില്‍നിന്നു മോചനം നേടാന്‍ നാം ശ്രമിച്ചേ മതിയാകൂ. പക്ഷേ, എങ്ങനെയാണു ഭയത്തില്‍നിന്നു നമുക്കു മോചനം നേടാനാവുക? ആരാണു ഭയത്തില്‍നിന്നു നമ്മെ വിമോചിതരാക്കുക?

ഭയമില്ലാത്തവന്‍ നിറയെ വിശ്വാസമുള്ളവനാണ് എന്നു സിസറോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട.് വിശ്വാസത്തിലൂടെയേ ഭയത്തില്‍നിന്നു മോചനം നേടാന്‍ സാധിക്കൂ എന്നു സാരം. ഭയത്തില്‍നിന്നു മോചനം നേടുവാനുള്ള ഏറ്റവും വിശിഷ്ടമായ വഴി ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്.

ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണു നാമെങ്കില്‍ അവിടുന്നറിയാതെ നമുക്കൊന്നും സംഭവിക്കുകയില്ല എന്നു നമുക്കു തീര്‍ച്ചയാണ്. അവിടന്നറിഞ്ഞാണു നമ്മുടെ കാര്യത്തില്‍ ഓരോന്നും സംഭവിക്കുന്നതെങ്കില്‍ നാം അവയെക്കുറിച്ചു ഭയപ്പെട്ടിട്ടു കാര്യമുണേ്ടാ?

യേശു പഠിപ്പിച്ചതുപോലെ, നാം ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് ജീവിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ നമുക്കൊന്നിനെക്കുറിച്ചും ഭയപ്പെടേണ്ടിവരുകയില്ല. കാരണം, നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവ് അപ്പോള്‍ നമ്മെ അതീവ ശ്രദ്ധയോടെ പരിപാലിച്ചുകൊള്ളും.

ദൈവത്തിന്റെ അനന്തപരിപാലനയിലാണു നാം ജനിച്ചത്. അവിടുത്തെ പരിപാലനയനുസരിച്ചുതന്നെയാണു നാം ഇപ്പോള്‍ ജീവിക്കുന്നതും. അവിടുത്തെ അനന്തമായ പരിപാലനയില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ടു നാം മുന്നോട്ടുപോയാല്‍ അകാരണമായ ആധികള്‍ക്കും വ്യാധികള്‍ക്കുമൊന്നും നമ്മുടെ ജീവിതത്തില്‍ സ്ഥാനമുണ്ടാവുകയില്ല എന്നുള്ളതാണു സത്യം.

തന്റെ ഒരേയൊരു പേടി തെറ്റായകാര്യം ചെയ്യുന്നതിനെക്കുറിച്ചുമാത്രമായിരുന്നു എന്ന് ഗ്രീക്ക് ചിന്തകനായ സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്. നമ്മുടെ പേടിയും അതുമാത്രമായിരിക്കണം. മറ്റൊന്നിനെക്കുറിച്ചും നാം ഭയപ്പെട്ടിട്ടു കാര്യമില്ല. ഇനി എന്തെങ്കിലും കാര്യത്തെക്കുറിച്ചു ഭയമുണ്ടായാല്‍ത്തന്നെ ആ ഭയം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ആ ഭയത്തില്‍നിന്നു മുക്തിനേടുവാനാണു നാം ശ്രമിക്കേണ്ടത്.

നമ്മുടെ ജീവിതത്തിലെ ഭീതികളില്‍നിന്നെല്ലാം നമ്മെ വിമുക്തരാക്കാന്‍ ദൈവത്തിനു സാധിക്കുമെന്നു നമുക്കുറച്ചു വിശ്വസിക്കാം. ആ വിശ്വാസമനുസരിച്ചു ഭീതിയില്‍നിന്നുള്ള മോചനത്തിനായി അവിടുത്തെ സഹായം നമുക്കു തേടാം. നാം അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ നമുക്കു മരിക്കേണ്ടിവരികയുള്ളു.

നാം ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ട കാര്യമില്ല. കാരണം നാം എവിടെയായിരുന്നാലും അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ട്. അവിടുന്ന് യഥാര്‍ഥത്തില്‍ നമ്മുടെ കൂടെയുണെ്ടങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും നമ്മോടു ചെയ്യാന്‍ സാധിക്കുമോ? ഒരിക്കലുമില്ല.

ഭയമുണ്ടാകുമ്പോള്‍ ദൈവസാന്നിധ്യത്തില്‍ നമുക്കു ആശ്രയിക്കാം. അവിടുത്തെ തൃക്കരം നമുക്കു ധൈര്യംപകരും.
    
To send your comments, please clickhere