Jeevithavijayam
5/22/2019
    
ആത്മസമര്‍പ്പണത്തിലൂടെ വിജയം
അവള്‍ ജനിച്ചത് പാവപ്പെട്ട കുടുംബത്തില്‍. വളര്‍ന്നതു പരിമിതമായ ജീവിതസാഹചര്യങ്ങളില്‍. അതുകൊണ്ടുതന്നെ അവള്‍ക്കു കാര്യമായ വിദ്യാഭ്യാസമൊന്നും നേടാനായില്ല.

എങ്കിലും അവള്‍ ഭാഗ്യവതിയായിരുന്നു. കാരണം, അവള്‍ക്ക് നല്ല ഒരു ഭര്‍ത്താവിനെ കിട്ടി. അതും സാമാന്യം സമ്പന്നമായ കുടുംബത്തില്‍നിന്നുതന്നെ. അതിനും പുറമേ, ഭര്‍ത്താവിനു കൊഴുത്ത ശമ്പളമുള്ള ഒരു നല്ല ജോലിയുമുണ്ടായിരുന്നു.

അവരുടെ കുടുംബജീവിതം സൗഭാഗ്യകരമായി മുന്നോട്ടുനീങ്ങി. അവര്‍ക്കു ജനിച്ച കുട്ടികള്‍ അവരുടെ സന്തോഷം പതിന്മടങ്ങു വര്‍ധിപ്പിച്ചു.

പക്ഷേ, അവരുടെ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. നിനച്ചിരിക്കാത്ത നേരത്ത് അവള്‍ രോഗിണിയായി മാറി. ആശുപത്രിയും ഡോക്ടര്‍മാരുമായിരുന്നു പിന്നെ അവളുടെ അഭയം. പലദിവസം നീണ്ടുനിന്ന പരീക്ഷണനിരീക്ഷണങ്ങള്‍ക്കുശേഷം ഡോക്ടര്‍ അവളോടു പറഞ്ഞു: ''നിങ്ങളുടെ കരള്‍ പ്രവര്‍ത്തിക്കുന്നില്ല.''

അവള്‍ക്കു തന്റെ കാതുകളെ വിശ്വസിക്കാനായില്ല. വിതുമ്പുന്ന അധരങ്ങളോടെ അവള്‍ ഡോക്ടറോടു ചോദിച്ചു: ''ഞാന്‍ മരിക്കുകയാണെന്നാണോ അങ്ങു പറയുന്നത്?''

അവളുടെ മുഖത്തുനോക്കാന്‍ ധൈര്യമില്ലാതെ ഡോക്ടര്‍ പറഞ്ഞു: ''ഞങ്ങള്‍ക്കു ചെയ്യാവുന്നതു മുഴവനും ഞങ്ങള്‍ ചെയ്തുകഴിഞ്ഞു.'' ഡോക്ടര്‍ പിന്നെ അവിടെ നിന്നില്ല. അദ്ദേഹം അവളുടെ മുറിയില്‍നിന്നു പെട്ടെന്നു പുറത്തുകടന്നു.

ഡോക്ടര്‍ പോയപ്പോള്‍ അവള്‍ ആശുപത്രിമുറിയില്‍ തനിച്ചായി. പെട്ടെന്ന് അവളുടെ ഉള്ളില്‍ ദേഷ്യം ഇരച്ചുകയറി. ദൈവത്തോടായിരുന്നു അവളുടെ ദേഷ്യം മുഴുവനും. നേരേനോക്കി ദൈവത്തോടു രണ്ടുവാക്കു പറഞ്ഞിട്ടുതന്നെ കാര്യം അവള്‍ ഉള്ളിലുറച്ചു.

എഴുന്നേറ്റുനില്‍ക്കാന്‍ അവള്‍ക്കു ശക്തിയുണ്ടായിരുന്നില്ല. എങ്കിലും അവള്‍ ഒരുവിധം കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ആശുപത്രിയിലെ ചാപ്പലിനെ ലക്ഷ്യമാക്കി നീങ്ങി. ഭിത്തിയില്‍ പിടിച്ചു ചാപ്പലിലേക്കു വലിഞ്ഞിഴഞ്ഞു പോകുമ്പോള്‍ ദൈവത്തോടു പറയേണ്ട കാര്യങ്ങള്‍ക്ക് അവള്‍ മനസില്‍ രൂപം നല്‍കുകയായിരുന്നു. ചാപ്പലിന്റെ വാതില്‍ക്കലെത്തിയപ്പോഴേക്കും ദൈവത്തോടു പറയാനുള്ള വാക്യങ്ങള്‍ക്ക് അവള്‍ പൂര്‍ണരൂപം നല്‍കിക്കഴിഞ്ഞിരുന്നു. അതിപ്രകാരമായിരുന്നു:

''ദൈവമേ, നീ ഒരു വഞ്ചകനാണ്. നീ മുഴുവനും സ്‌നേഹമാണെന്നല്ലേ പണ്ടുമുതല്‍ പറയാറുള്ളത്? എന്നാല്‍ ആരെങ്കിലും അല്പം സന്തോഷം അനുഭവിക്കാന്‍ തുടങ്ങുമ്പോഴേക്കും നീ അതു നശിപ്പിക്കുന്നു. നീ ഒരു കാര്യം അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കു നിന്നെക്കൊണ്ടു മതിയായി. നീ ആയിരിക്കുന്നതുപോലെ നിന്നെ ഞാന്‍ കാണുന്നു.''

ദൈവത്തോടു പറയാനുള്ളതു മുഖത്തുനോക്കി പറഞ്ഞിട്ട് പെട്ടെന്നു മടങ്ങണമെന്ന ചിന്തയോടെയാണ് അവള്‍ ചാപ്പലിലേക്കു കയറിയത്. ചാപ്പലില്‍ ഇരുട്ടായിരുന്നെങ്കിലും അവള്‍ തപ്പിത്തടഞ്ഞ് അള്‍ത്താരയുടെ അരികിലേക്കു നീങ്ങി. പക്ഷേ, അവിടെ എത്തുന്നതിനുമുമ്പ് അവള്‍ നിലംപതിച്ചു.

വീഴ്ചയോടെ അവള്‍ അതീവക്ഷീണിതയായി മാറി. സ്വന്തം കണ്‍പോളകള്‍ തുറക്കാന്‍പോലുമുള്ള ശക്തി അവള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും വളരെ ക്ലേശിച്ച് അവള്‍ കണ്ണുതുറന്നുനോക്കി. അപ്പോള്‍ ആദ്യം അവളുടെ കണ്ണില്‍പ്പെട്ടത് അള്‍ത്താരയുടെ മുന്നില്‍ക്കിടന്ന ചവിട്ടുമെത്തയില്‍ നെയ്യപ്പെട്ടിരുന്ന വാക്യമാണ്. അത് ഇപ്രകാരമായിരുന്നു: ''കര്‍ത്താവേ, പാപിയായ എന്നോടു കരുണതോന്നണമേ.''

പെട്ടെന്ന് അവളുടെ ദേഷ്യം മുഴുവനും ആവിയായിപ്പോയി. ദൈവത്തോടു ''രണ്ടു വാക്കു'' പറയണമെന്ന ചിന്തപോലും അവളില്‍നിന്ന് അപ്രത്യക്ഷമായി. അവളുടെ ചിന്തയിലും മനസിലും ഒരേയൊരു കാര്യം നിറഞ്ഞുനിന്നു: ''കര്‍ത്താവേ, പാപിയായ എന്നോടു കരുണ തോന്നേണമേ.''

വീണിടത്തുതന്നെ കിടന്നുകൊണ്ടു തല കൈകളില്‍ ചേര്‍ത്തുവച്ച് അവള്‍ ദൈവത്തെ മാത്രം മനസില്‍ ധ്യാനിച്ചു. അപ്പോള്‍ സാവധാനം അവിടുന്ന് അവളോട് ഇപ്രകാരം പറയുന്നതുപോലെ അവള്‍ക്കു തോന്നി: ''നിന്റെ ജീവിതം പൂര്‍ണമായും എനിക്കു സമര്‍പ്പിക്കാനുള്ള ഒരു ക്ഷണം മാത്രമാണിത്. നീ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല എന്നു നിനക്കറിഞ്ഞുകൂടേ? ഡോക്ടര്‍മാര്‍ക്കു നിന്നെ ചികിത്സിക്കാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ എനിക്കുമാത്രമേ നിന്നെ സുഖപ്പെടുത്താനാവൂ.''


ജീന്‍ എന്ന ആ യുവതി തന്റെ ജീവിതം മുഴുവനും തന്നെതന്നെയും ആ നിമിഷം ദൈവത്തിന്റെ കൈകളില്‍ സമര്‍പ്പിച്ചു. തന്റെ ജീവിതത്തിന്റെ പൂര്‍ണ ഉത്തരവാദിത്വവും അന്നു ദൈവത്തെ ഭരമേല്പിച്ചതിനു ശേഷമാണ് ചാപ്പലില്‍നിന്ന് അവള്‍ സ്വന്തം മുറിയിലേക്കു മടങ്ങിയത്.

മുറിയില്‍ തിരിച്ചെത്തിയ അവള്‍ അന്നുരാത്രിമുഴുവനും സുഖമായി ഉറങ്ങി. പിറ്റേദിവസം അവള്‍ ഏറെ ഉന്മേഷവതിയായി കാണപ്പെട്ടു. അപ്പോള്‍ ഡോക്ടര്‍ വീണ്ടും അവളെ പരിശോധനയ്ക്കു വിധേയയാക്കി. പ്രത്യാശാജനകമായിരുന്നു അതിന്റെ ഫലം. അവളുടെ കരള്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നത്രേ!

നിരാശതയുടെ അടിത്തട്ടില്‍ വീണപ്പോഴാണെങ്കില്‍പ്പോലും ജീന്‍ അവളുടെ ജീവിതം പൂര്‍ണമായി ദൈവത്തിനു വിട്ടുകൊടുത്തു. അവളുടെ ഈ സമ്പൂര്‍ണ സമര്‍പ്പണം അവളെ രക്ഷിച്ചതായി ''ഹാപ്പിനസ് ഈസ് ആന്‍ ഇന്‍സൈഡ് ജോബ്'' എന്ന പുസ്തകത്തില്‍ ഫാ. ജോണ്‍ പവ്വല്‍ സാക്ഷിക്കുന്നു.

ദൈവത്തിനു നമ്മെത്തന്നെ പൂര്‍ണമായി വിട്ടുകൊടുക്കുന്നതിനെക്കുറിച്ചു നമ്മില്‍ ഏറെപ്പേരും ഒരിക്കലും ചിന്തിക്കാറില്ലെന്നുള്ളതാണു വസ്തുത. സമ്പൂര്‍ണസമര്‍പ്പണവുംമറ്റും അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാത്രമുള്ള കാര്യമായിട്ടാണല്ലോ നാം സാധാരണ കരുതുക.

എന്നാല്‍, നമുക്കെല്ലാവര്‍ക്കും നമ്മെത്തന്നെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടു ജീവിക്കാനാകും. കാരണം, നാമെല്ലാവരുമായി ആത്മബന്ധം സ്ഥാപിച്ചുകൊണ്ടു മുന്നോട്ടുപോകുവാന്‍ അവിടുന്ന് അഗ്രഹിക്കുന്നുണ്ട്.

നമ്മുടെ ഹൃദയവും മനസും നമ്മുടെ ജീവിതം മുഴുവനും തനിക്കു പൂര്‍ണമായി സമര്‍പ്പിക്കണമെന്നാണ് അവിടത്തെ ആഗ്രഹം. നാം അപ്രകാരം ചെയ്യുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തെ ശാശ്വതസൗഭാഗ്യത്തിലേക്കു നയിക്കുവാന്‍ അവിടുത്തേക്കു സാധിക്കുകയുള്ളു.

ദൈവപുത്രനായ യേശു തന്റെ പിതാവിനു തന്നെത്തന്നെ പൂര്‍ണമായി വിട്ടുകൊടുത്തുകൊണ്ടു പറഞ്ഞു: ''പിതാവേ, അങ്ങേ തൃക്കരങ്ങളില്‍ ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു.'' യേശുവിന്റെ മാതാവായ മറിയവും ആത്മസമര്‍പ്പണത്തില്‍ മുന്‍പന്തിയില്‍ത്തന്നെയായിരുന്നു. അവള്‍ പറഞ്ഞു: ''നിന്റെ വചനംപോലെ എന്നില്‍ സംഭവിക്കട്ടെ.''

യേശുവും അവിടുത്തെ മാതാവും ദൈവത്തിന് ആത്മസമര്‍പ്പണം ചെയ്തതുപോലെ നാമും അവിടുത്തേക്ക് ആത്മസമര്‍പ്പണം ചെയ്യണം. കാരണം, അവിടുത്തേക്കു നമ്മെക്കൊണ്ട് ആവശ്യമുണ്ട്. നമ്മുടെ രക്ഷയ്ക്കും സൗഭാഗ്യത്തിനും വേണ്ടി മാത്രമല്ല അവിടുന്നു നമ്മുടെ ആത്മസമര്‍പ്പണം ആവശ്യപ്പെടുന്നത്. നമ്മുടെപോലെതന്നെ മറ്റുള്ളവരുടെയും രക്ഷയ്ക്കും സൗഭാഗ്യത്തിനുംവേണ്ടിയാണ് അവിടുന്നു നമ്മുടെ ആത്മസമര്‍പ്പണം ആവശ്യപ്പെടുന്നത്.

മറ്റുള്ളവര്‍വഴി ദൈവം നമ്മുടെ ജീവിതത്തില്‍ സന്തോഷസൗഭാഗ്യങ്ങള്‍ നല്‍കുന്നതുപോലെ നാം വഴി മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷസൗഭാഗ്യങ്ങള്‍ നല്‍കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് നാം നമ്മുടെ ജീവിതത്തെ പൂര്‍ണമായി അവിടുത്തേക്കു നല്‍കിയേ മതിയാകൂ.

ജീവിതത്തില്‍ സുഖവും സന്തോഷവുമൊക്കെ കണെ്ടത്തുവാന്‍വേണ്ടി നാം എത്രയോ പാടുപെടാറുണ്ട്! എത്രമാത്രം കഠിനാധ്വാനം ചെയ്യാറുണ്ട്! എന്നാല്‍ അതുകൊണ്ടുമാത്രം നാം ജീവിതത്തില്‍ സന്തോഷം കണെ്ടത്താറുണേ്ടാ? ഒരിക്കലുമില്ല.

എന്നാല്‍ ദൈവത്തിനു പൂര്‍ണമായി നമ്മെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് അവിടുന്നു കാമിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചാല്‍ ജീവിതത്തില്‍ വിജയം സുനിശ്ചിതമാണ്. എന്നുമാത്രമല്ല ജീവിതത്തില്‍ എന്തുമാത്രം നമുക്കു കഷ്ടപ്പെടേണ്ടിവന്നാലും അവയൊക്കെ സന്തോഷപൂര്‍വം നാം അഭിമുഖീകരിക്കുകയും ചെയ്യും.

നമ്മുടെ ജീവിതം ദൈവം നമുക്കു തന്നതാണ്. ദൈവം നമുക്കു കനിഞ്ഞു നല്‍കിയ ജീവിതം അവിടുത്തെ കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ആഗ്രഹിക്കുന്നതനുസരിച്ചു നമുക്കു ജീവിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം ധന്യമാകും, സൗഭാഗ്യപൂര്‍ണമാകും.
    
To send your comments, please clickhere