Jeevithavijayam
5/23/2019
    
ജീവിതത്തിനു മധുരം നല്‍കുന്നത്
'പീനട്‌സ്' എന്ന പ്രസിദ്ധ ഇംഗ്ലീഷ് കാര്‍ട്ടൂണ്‍ ചിത്രപരമ്പരയിലെ ഒരു രംഗം.

ലൂസിയും ലൈനസും ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന്, ലൂസി ലൈനസിന്റെ നേരേ തിരിഞ്ഞു പറഞ്ഞു: 'നീ വേഗം പോയി എനിക്ക് ഒരുഗ്ലാസ് വെള്ളം കൊണ്ടുവരൂ.'

ലൈനസ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു 'ഉത്തരവ്' ആയിരുന്നു അത്. ആശ്ചര്യത്തോടെ അവന്‍ ലൂസിയുടെ നേരേ നോക്കിക്കൊണ്ടു ചോദിച്ചു: 'നീ എനിക്കുവേണ്ടി ഒന്നുംചെയ്യാറില്ലല്ലോ. പിന്നെ, ഞാന്‍ നിനക്കുവേണ്ടി എന്തിന് എന്തെങ്കിലും ചെയ്യണം?'

അപ്പോള്‍ ലൂസി ഒരു പുഞ്ചിരിയോടെ പറഞ്ഞു: 'നിന്റെ എഴുപത്തഞ്ചാം ജന്മദിനത്തില്‍ ഞാന്‍ നിനക്ക് ഒരു കേക്ക് ഉണ്ടാക്കിത്തരാം.'

ഉടനേ ലൈനസ് എഴുന്നേറ്റ് അടുക്കളയിലേക്കു പോകുമ്പോള്‍ പറഞ്ഞു: 'ഭാവിയില്‍ എന്തെങ്കിലും പ്രതീക്ഷിക്കാനുണെ്ടങ്കില്‍ ജീവിതം ഏറെ മധുരതരമാണ്.'

ഒട്ടേറെ ദുഃഖദുരിതങ്ങള്‍ നിറഞ്ഞതാണു നമ്മുടെ ജീവിതം. എങ്കിലും അവയെല്ലാം മറികടക്കുവാന്‍ പ്രതീക്ഷ നമ്മെ സഹായിക്കുന്നു. ലൈനസ് പറഞ്ഞതുപോലെ, നമ്മുടെ ജീവിതത്തിലെ പ്രതീക്ഷകളാണ് ദുഃഖപൂര്‍ണമായ നമ്മുടെ ജീവിതം ഏറെ മാധുര്യമുള്ളതാക്കുന്നത്.

ശാസ്ത്രത്തിന്റെ നിഗമനമനുസരിച്ച്, ഭക്ഷണംകൂടാതെ ഒരാള്‍ക്ക് എഴുപതുദിവസംവരെ ജീവിക്കാം. വെള്ളംകുടിക്കാതെ ഒരാള്‍ക്കു പത്തുദിവസംവരെ ജീവിക്കാം. വായുകൂടാതെ ആറുമിനിറ്റുവരെയും ജീവിക്കാം.

എന്നാല്‍, പ്രതീക്ഷകൂടാതെ ആര്‍ക്കെങ്കിലും ഒരുനിമിഷമെങ്കിലും ജീവിക്കാനാവുമോ? ഇല്ലെന്നുള്ളതാണു വാസ്തവം.

ഒരുപക്ഷേ, ജീവിതത്തില്‍ നമ്മുടെ പ്രതീക്ഷ മുഴുവന്‍ നശിച്ചുപോയി എന്നു നമുക്കു തോന്നുന്ന അവസരങ്ങളുണ്ടാകാം. കടുത്ത നിരാശതയ്ക്കടിപ്പെടുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍പ്പോലും നമ്മില്‍ കുറെയെങ്കിലും പ്രതീക്ഷ ബാക്കിനില്‍പ്പുണ്ടാകും. അല്ലെങ്കില്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ നമുക്ക് ഒരുനിമിഷംപോലും മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല എന്നതാണു വാസ്തവം.

ദുഃഖത്തിന്റെ നിമിഷങ്ങളില്‍ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതീക്ഷയെപ്പോലെ നല്ല മരുന്നോ അത്ര മഹത്തായ ഒരു ഉത്തേജനമോ അത്ര ശക്തമായൊരു ടോണിക്കോ ഇല്ലെന്നാണു ഗ്രന്ഥകാരനായ ഓറിസണ്‍ എസ്.മാര്‍ഡന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷയാണത്രേ നമ്മെയെല്ലാം മുന്നോട്ടു നയിക്കുന്നത്.

സോവ്യറ്റ്‌യൂണിയനില്‍ രാഷ്ട്രീയതടവുകാരനായിരുന്ന അലക്‌സാണ്ഡര്‍ സോള്‍ഷെനിറ്റ്‌സിന്‍ എന്ന സാഹിത്യകാരന്‍ തനിക്കുണ്ടായ ഒരനുഭവത്തെക്കുറിച്ച് ഒരിടത്തു വിവരിക്കുന്നുണ്ട്:

സോള്‍ഷെനിറ്റ്‌സിന്‍ തടവിലായിരുന്ന അവസരത്തില്‍ ദിവസവും പന്ത്രണ്ടുമണിക്കൂറിലേറെ അദ്ദേഹത്തിനു ജോലിചെയ്യേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിനു ലഭിച്ചിരുന്ന ഭക്ഷണമാകട്ടെ വളരെ തുച്ഛവും. കഠിനാധ്വാനവും പട്ടിണിയുംമൂലം അദ്ദേഹം രോഗിയായി. അദ്ദേഹം മരിച്ചുപോയേക്കുമെന്നുവരെ കൂടെയുള്ളവര്‍ ഭയപ്പെട്ടു.

ഒരുദിവസം നട്ടുച്ചനേരത്ത് മണല്‍ കോരിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം അത്യധികം ക്ഷീണിതനായി. ഒരുനിമിഷംകൂടി ജോലിചെയ്യാന്‍പറ്റാത്ത അവസ്ഥ. അദ്ദേഹം പെട്ടെന്നു ജോലി നിര്‍ത്തി.


ജോലി നിര്‍ത്തിയാല്‍ അതിക്രൂരന്മാരായ ഗാര്‍ഡുകള്‍ തന്നെ തല്ലിക്കൊല്ലുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും, അദ്ദേഹം അതു വകവച്ചില്ല. കാരണം, മാനസികമായും ശാരീരികമായും അദ്ദേഹം അത്രമാത്രം തളര്‍ന്നവശനായിരുന്നു. ജീവിതത്തിലെ പ്രതീക്ഷ മുഴുവന്‍ ചോര്‍ന്നുപോയ അവസ്ഥ.

സോള്‍ഷെനിറ്റ്‌സിന്‍ ജോലിചെയ്യാതെ നിന്നാല്‍ അത് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായേക്കാമെന്നു ഭയപ്പെട്ട ഒരു സഹതടവുകാരന്‍ സാവധാനം അദ്ദേഹത്തിന്റെ അടുത്തെത്തി നിലത്ത് ഒരു കുരിശുവരച്ചിട്ട് അതിവേഗം അതു മായ്ച്ചുകളഞ്ഞു.

നിലത്തു വരയ്ക്കപ്പെട്ട ആ കുരിശ് ഒരുനിമിഷനേരത്തേക്കു മാത്രമേ സോള്‍ഷെനിറ്റ്‌സിന്‍ കണ്ടുള്ളൂവെങ്കിലും പെട്ടെന്ന് അദ്ദേഹത്തില്‍ പ്രതീക്ഷയുടെ ഒരു വേലിയേറ്റംതന്നെയുണ്ടായി. മനുഷ്യനുവേണ്ടി മരക്കുരിശില്‍ മരിക്കാന്‍ തയാറായ ദൈവപുത്രനുള്ളപ്പോള്‍ തനിക്കു പ്രതീക്ഷയ്ക്കു വകയുണെ്ടന്ന് അദ്ദേഹത്തിനു തോന്നി. അദ്ദേഹം ഉടനേ തന്റെ ജോലി തുടര്‍ന്നു.

ദൈവം തന്റെ രക്ഷയ്‌ക്കെത്തുമെന്നുള്ള പ്രതീക്ഷയാണത്രേ തടവുകാലത്ത് കഷ്ടപ്പാടുകള്‍ സഹിക്കുന്നതിനും നിരാശതയ്ക്കടിപ്പെടാതെ മുന്നോട്ടുപോകുന്നതിനും അദ്ദേഹത്തെ സഹായിച്ചത്. നമ്മുടെ ജീവിതത്തിലെ പ്രതീക്ഷയ്ക്കുള്ള യഥാര്‍ഥ ആധാരവും ദൈവംതന്നെയാണ്. നമ്മെ കാത്തുപരിപാലിക്കുന്നവനായ ദൈവം നമ്മുടെകാര്യം നോക്കിക്കൊള്ളും എന്ന വിശ്വാസമാണ് ജീവിതത്തില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ നമ്മെ സഹായിക്കുന്നത്. ദൈവത്തിലധിഷ്ഠിതമല്ലാത്ത പ്രതീക്ഷ യഥാര്‍ഥത്തില്‍ പ്രതീക്ഷയല്ല.

നമ്മുടെ ജീവിതവും ഈ ലോകംതന്നെയും മെച്ചപ്പെടുത്താന്‍ നമ്മെ സഹായിക്കുന്ന പ്രധാന ഘടകം പ്രതീക്ഷയാണ്. ജീവിതത്തില്‍ പ്രതീക്ഷപോലെ അനിവാര്യവും അതിശക്തവുമായ മറ്റൊരു ഘടകമില്ലെന്നു ഗ്രന്ഥകാരനായ ചാള്‍സ് സോയര്‍ സാക്ഷിക്കുന്നു. പ്രതീക്ഷയില്ലാത്ത മനുഷ്യര്‍ക്കു പകുതിജീവന്‍ മാത്രമേയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍, പ്രതീക്ഷയുള്ള മനുഷ്യരാകട്ടെ ജീവിതത്തെക്കുറിച്ചു സ്വപ്നങ്ങള്‍ കാണുകയും അവ പ്രവൃത്തിപഥത്തിലാക്കാനുള്ള വഴികള്‍ തേടുകയും അവയുടെ പൂര്‍ത്തീകരണത്തിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു.

നാം എങ്ങനെയുള്ള മനുഷ്യരാണ്? ജീവിതത്തെക്കുറിച്ചു സ്വപ്നങ്ങള്‍ ഉള്ളവരോ? ആ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരോ? എങ്കില്‍ നാം പ്രതീക്ഷയുടെ മനുഷ്യരാണ്.

നമ്മുടെ പ്രതീക്ഷയുടെ ഉറവിടം എവിടെയാണ്? സ്വന്തം ശക്തിയും സാമര്‍ഥ്യവുമോ? അതോ നമ്മെ പരിപാലിച്ചു നടത്തുന്ന സ്‌നേഹനിധിയായ ദൈവമോ? ദൈവമാണ് നമ്മുടെ പ്രതീക്ഷയുടെ ഉറവിടമെങ്കില്‍ നമ്മുടെ പ്രതീക്ഷ യഥാര്‍ഥത്തിലുള്ള പ്രതീക്ഷയാണ്. അത് എന്നും നമ്മുടെ ജീവിതത്തിന്റെ ശക്തിയായിരിക്കും. ശക്തി അനുദിനം ജീവിതവിജയത്തിലേക്കു നമ്മെ നയിക്കും.

പ്രതീക്ഷയുടെ മനുഷ്യരായി നമുക്കു ജീവിക്കാം. അതുപോലെ, മറ്റുള്ളവര്‍ക്കു പ്രതീക്ഷ പകര്‍ന്നുകൊടുത്തുകൊണ്ടു നമുക്കു ജീവിക്കാം. അപ്പോള്‍ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ഏറെ പ്രസന്നമാകും.
    
To send your comments, please clickhere