Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
December 15, 2019
 
 
    
 
Print this page
 

പറുദീസയിലേക്കുള്ള പാസ്

പറുദീസയുടെ പടിവാതില്ക്കല്‍ അവര്‍ നിരനിരയായി നിന്നു. സ്വര്‍ഗീയ ന്യായാസനത്തിന്റെ മുന്‍പില്‍ നിന്നുള്ള വിസ്താരത്തിനുശേഷമേ അര്‍ഹരായ ആത്മാക്കള്‍ക്കുപോലും അകത്തു കടക്കാന്‍ സാധിച്ചിരുന്നുള്ളു.

അന്നുരാവിലെ ആദ്യം എത്തിയത് ഒരു യഹൂദ പുരോഹിതനായിരുന്നു. ന്യായപീഠത്തിലിരുന്ന മാലാഖയോട് അദ്ദേഹം പറഞ്ഞു: ''ഞാന്‍ നല്ല ഒരു മതപണ്ഡിതനാണ്. ദൈവവചനം പഠിക്കുന്നതിനും ധ്യാനിക്കുന്നതിനുമാണു ഞാന്‍ എപ്പോഴും സമയം ചെലവഴിച്ചിരുന്നത്. പറുദീസയില്‍ പ്രവേശിക്കാന്‍ എനിക്കവകാശമുണെ്ടന്നു ഞാന്‍ വിശ്വസിക്കുന്നു.''

അപ്പോള്‍ മാലാഖ പറഞ്ഞു: ''ഒരുനിമിഷം നില്‍ക്കണം. നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് അന്വേഷിക്കാന്‍ അല്പം സമയം വേണ്ടിയിരിക്കുന്നു.''

യഹൂദപുരോഹിതന്‍ അരികിലേക്ക് അല്പം മാറിനിന്നപ്പോള്‍ അടുത്തയാള്‍ മുന്നോട്ടുവന്നു മാലാഖയോടു പറഞ്ഞു: ''ഞാന്‍ എത്രയോ തവണ ഉപവാസമനുഷ്ഠിച്ചിരിക്കുന്നു. മതാനുഷ്ഠാനങ്ങള്‍ക്ക് ഒരിക്കലും ഞാന്‍ വീഴ്ചവരുത്തിയിട്ടില്ല. പ്രാര്‍ത്ഥിക്കുന്നതിലും ധ്യാനിക്കുന്നതിലുമൊന്നും ഞാന്‍ ഒരിക്കലും പിന്നിലായിരുന്നിട്ടില്ല. തീര്‍ച്ചയായും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ എനിക്കര്‍ഹതയുണെ്ടന്നു ഞാന്‍ വിശ്വസിക്കുന്നു.''

ന്യായപീഠത്തിലിരുന്ന മാലാഖ പറഞ്ഞു: ''നിങ്ങള്‍ പറഞ്ഞതു ശരിയായിരിക്കാം. എങ്കിലും നിങ്ങളുടെ കാര്യത്തിലും കൂടുതല്‍ അന്വേഷണം വേണ്ടിയിരിക്കുന്നു. നിങ്ങളും അല്പസമയം മാറിനില്‍ക്കൂ.''

അപ്പോള്‍ സാധാരണക്കാരനെന്നു തോന്നിക്കുന്ന ഒരാള്‍ മാലാഖയുടെ മുന്‍പില്‍ വന്നുനിന്നു പറഞ്ഞു: ''മതാനുഷ്ഠാനങ്ങളിലും മറ്റും പല വീഴ്ചകളും വന്നിട്ടുണ്ട്. എങ്കിലും എന്റെ മുന്നില്‍ വന്നു സഹായമപേക്ഷിച്ച ആരെയും ഞാന്‍ അവഗണിച്ചിട്ടില്ല. വിശക്കുന്നവനു ഭക്ഷണം നല്കാനും വസ്ത്രമില്ലാത്തവനു വസ്ത്രം നല്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.''

അയാള്‍ പറഞ്ഞുതീരുന്നതിനുമുമ്പേ മാലാഖ പറഞ്ഞു: ''വാതില്‍ തുറന്ന് ഇയാളെ അകത്തു പ്രവേശിപ്പിക്കൂ. ഇയാളുടെ കാര്യത്തില്‍ ഇനി കൂടുതലന്വേഷണമൊന്നും ആവശ്യമില്ല.''

ദരിദ്രരെ സ്‌നേഹിക്കേണ്ടതിന്റെയും അവരോടു പ്രത്യേകം താത്പര്യം പ്രകടിപ്പിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കാന്‍ യഹൂദ പുരോഹിതന്മാര്‍ പറയാറുള്ള ഒരു കഥയാണിത്. ജീവിതത്തില്‍ മറ്റെന്തു കുറ്റങ്ങളുണ്ടായാലും സാധുക്കളായ മനുഷ്യരോടു സ്‌നേഹവും കരുണയും കാണിക്കുന്നതില്‍ വിജയിച്ചാല്‍ സ്വര്‍ഗരാജ്യം നമുക്കവകാശമായി ലഭിക്കും എന്നാണ് അവരുടെ ഭാഷ്യം.

യേശുനാഥന്‍ പഠിപ്പിച്ചതും ഇങ്ങനെതന്നെയാണല്ലോ. അവസാനവിധിദിവസം എല്ലാവരും അവിടുത്തെ ന്യായാസനത്തിന്റെ മുമ്പാകെ ആനയിക്കപ്പെടുമ്പോള്‍ അവിടുന്നു മനുഷ്യരെ രണ്ടു ഗണമായി തിരിക്കും. എന്നിട്ട് തന്റെ വലതുവശത്തേക്കു മാറ്റിനിര്‍ത്തിയിരിക്കുന്നവരോട് അവിടുന്നുപറയും: ''വരുവിന്‍, ലോകാരംഭം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗരാജ്യം നിങ്ങള്‍ അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍, എനിക്കു വിശന്നു; നിങ്ങളെനിക്കു ഭക്ഷണം തന്നു. എനിക്കു ദാഹിച്ചു; നിങ്ങളെനിക്കു കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങളെന്നെ സ്വീകരിച്ചു. എനിക്കു ധരിക്കാന്‍ വസ്ത്രമില്ലായിരുന്നു; നിങ്ങളെനിക്കു വസ്ത്രം തന്നു. ഞാന്‍ രോഗിയായിരുന്നു; നിങ്ങളെന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹവാസിയായിരുന്നു; നിങ്ങളെന്റെ പക്കല്‍വന്നു.''

ഇതു കേള്‍ക്കുമ്പോള്‍ നീതിമാന്മാരായ അവര്‍ ചോദിക്കും: ''കര്‍ത്താവേ, എപ്പോഴാണ് ഇവയൊക്കെ അങ്ങേയ്ക്ക് ഞങ്ങള്‍ ചെയ്തത്?'' ഉടനേ യേശുനാഥന്‍ പറയും: ''എന്റെ ഏറ്റം എളിയ സഹോദരരില്‍ ഒരാള്‍ക്കുവേണ്ടി നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് നിങ്ങള്‍ ചെയ്തതെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.''

സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ നമുക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അങ്ങനെയെങ്കില്‍ അതിനുവേണ്ടി യേശു കാണിച്ചുതന്ന എളുപ്പവഴി എന്തുകൊണ്ടാണു നാം തെരഞ്ഞെടുക്കാത്തത്? മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ നാം വിമുഖരായിരിക്കുന്നതുകൊണേ്ടാ?

നമ്മുടെ സമയവും സമ്പത്തുമൊക്കെ മറ്റുള്ളവരുടെ ആവശ്യാനുസരണം കൈയയച്ചു കൊടുക്കുന്ന കാര്യത്തില്‍ വിജയിച്ചാല്‍ നാം അറിയാതെതന്നെ സ്വര്‍ഗരാജ്യത്തിലെത്തിച്ചേരുമെന്നു തീര്‍ച്ചയാണ്. മറിച്ചാണെങ്കിലോ? നാം വേറെന്തു നന്മചെയ്താലും നമ്മുടെ എളിയ സഹോദരരോടു കാരുണ്യം കാണിക്കുന്നില്ലെങ്കില്‍ സ്വര്‍ഗരാജ്യം നമുക്കപ്രാപ്യമായിരിക്കും എന്നതാണു വസ്തുത. യേശുതന്നെ ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ടല്ലോ.

പറുദീസയിലേക്കു പാസ് ലഭിക്കാനുള്ള എളുപ്പവഴിയായി മറ്റുള്ളവരോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിലും അവരോടു കരുണ കാണിക്കുന്നതിലും തെറ്റില്ല. എന്നാല്‍, നാം മറ്റുള്ളവരോടു ദയ കാണിക്കുന്നതും അവര്‍ക്കു സഹായം നല്കുന്നതുമൊക്കെ സ്വര്‍ഗരാജ്യം എന്ന പ്രതിഫലം മാത്രം പ്രതീക്ഷിച്ചുകൊണ്ടാകരുത്.

യഹൂദപണ്ഡിതനായ മെയ്‌മൊനൈഡെസിന്റെ അഭിപ്രായത്തില്‍, എട്ടുപടികളാണു ദയാനുഭൂതിയില്‍ അധിഷ്ഠിതമായ സ്‌നേഹത്തിനുള്ളത്.

മനസ്സില്ലാമനസോടെ കൊടുക്കുന്നതാണ് ഒന്നാമത്തെ പടി. ഹൃദയത്തിന്റെ എന്നതിനെക്കാള്‍ കൈയുടെ ദാനമാണിത്.

സന്തോഷപൂര്‍വം കൊടുക്കുന്നതാണ് രണ്ടാമത്തേത്. പക്ഷേ, സഹായം സ്വീകരിക്കുന്നയാളിന്റെ ആവശ്യത്തിനു തികയുന്ന രീതിയിലുള്ള കൊടുക്കലല്ലിത്.

സന്തോഷപൂര്‍വവും ആവശ്യാനുസരണവും കൊടുക്കുന്നതാണ് മൂന്നാമത്തെ പടി. പക്ഷേ, ചോദിക്കുമ്പോള്‍ മാത്രം കൊടുക്കുന്ന സഹായമാണിത്.

സന്തോഷപൂര്‍വവും ആവശ്യാനുസരണവും ചോദിക്കാതെയും കൊടുക്കുന്നതാണ് നാലാമത്തെ പടി. എന്നാല്‍, സഹായം സ്വീകരിക്കുന്നയാളിന്റെ ആത്മാഭിമാനത്തിന് അല്പമെങ്കിലും മുറിവേല്പിക്കുന്ന തരത്തിലുള്ള സഹായമാണിത്.

കൊടുക്കുന്നയാള്‍ സ്വീകരിക്കുന്നയാളിനെ അറിയാതെതന്നെ സന്തോഷപൂര്‍വവും ആവശ്യാനുസരണവും ആവശ്യപ്പെടാതെയും കൊടുക്കുന്നതാണ് അഞ്ചാമത്തെ പടി. എന്നാല്‍, സ്വീകരിക്കുന്നയാള്‍ ദാതാവിനെ അറിയുന്നുണ്ടായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

കൊടുക്കുന്നയാള്‍ സ്വീകരിക്കുന്നയാളിനെ അറിഞ്ഞു സന്തോഷപൂര്‍വവും ആവശ്യാനുസരണവും ആവശ്യപ്പെടാതെയും കൊടുക്കുന്നതാണ് ആറാമത്തെ പടി. പക്ഷേ, സ്വീകരിക്കുന്നയാള്‍ ദാതാവിനെ അറിയില്ലെന്നുള്ളതാണ് ഈ പടിയുടെ പ്രത്യേകത.

ഏഴാമത്തെ പടിയിലാകട്ടെ കൊടുക്കുന്നയാളും സ്വീകരിക്കുന്നയാളും ഒരു രീതിയിലും പരസ്പരം അറിയാനിടവരില്ല. അത്രമാത്രം ഉദാരമായും വിശാല മനസ്ഥിതിയോടു കൂടിയുമായിരിക്കും ദാതാവ് നല്കുന്നത്.

എട്ടാമത്തെ പടിയാണ് ഏറ്റവും വിശിഷ്ടം. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാനിടയുണെ്ടന്ന് മുന്‍കൂട്ടിക്കണ്ട് അങ്ങനെ സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലോടെ പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് ഈ പടിയുടെ പ്രത്യേകത.

നമ്മില്‍ പലരും പലപ്പോഴും സാധുക്കളെ സഹായിക്കുന്നുണ്ടാകും. അതുപോലെ ദരിദ്രരോട് ഓരോരോ രീതിയില്‍ അനുകമ്പയും സ്‌നേഹവും പ്രകടിപ്പിക്കുന്നുണ്ടാകും. എന്നാല്‍, നമ്മുടെ സ്‌നേഹവും സ്വയംദാനവുമൊക്കെ ആദ്യപടിയില്‍ മാത്രം നില്‍ക്കാതെ സാവധാനമാണെങ്കിലും മുകളിലുള്ള പടികളില്‍ എത്തുന്നതിനു നാം ശ്രദ്ധവയ്ക്കണം. നമ്മുടെ സ്‌നേഹവും ദാനവും കാരുണ്യവുമൊക്കെ അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ മുകളിലുള്ള പടികളിലേക്കു നാം കയറിയേ മതിയാകൂ. സ്‌നേഹത്തിന്റെ ഈ ഗോവണിപ്പടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറുമ്പോള്‍ നാം എത്തിനില്‍ക്കുന്നത് സ്വര്‍ഗരാജ്യത്തിലായിരിക്കും.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.