Jeevithavijayam
7/16/2019
    
ആരുടെ പുണ്യത്തിന്റെ ഫലം?
ഒരിക്കല്‍ ഒരു കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ടു മുങ്ങി. കപ്പലിലെ രണ്ടു പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. അവര്‍ രണ്ടുപേരും ഒരു തടിക്കഷണത്തില്‍ പിടിച്ച് ഒരു ദ്വീപിലെത്തിച്ചേര്‍ന്നു. ജനവാസമില്ലാത്തതായിരുന്നു ആ ദ്വീപ്. വളരെ ബുദ്ധിമുട്ടിയാണ് അവര്‍ തങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണസാധനങ്ങള്‍ കണെ്ടത്തിയത്.

കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ ജീവിതം ബോറടിക്കാന്‍ തുടങ്ങി. അപ്പോള്‍ അവരിലൊരാള്‍ ഒരു നിര്‍ദേശം വച്ചു: രണ്ടുപേരും ദ്വീപിന്റെ രണ്ടു ഭാഗത്തു താമസമുറപ്പിച്ചുകൊണ്ടു സഹായത്തിനായി പ്രാര്‍ഥിക്കുക. ആര്‍ക്ക് ആദ്യം സഹായമെത്തുന്നുവോ അയാളുടെ പ്രാര്‍ഥനയായിരിക്കും ഏറ്റവും ഫലപ്രദമായി കരുതപ്പെടുക. ഈ നിര്‍ദേശം രണ്ടാമനും സ്വീകാര്യമായിരുന്നു.

അവര്‍ രണ്ടുപേരും ആ ദ്വീപിന്റെ രണ്ടു ഭാഗങ്ങളില്‍ താമസമാക്കി. ആദ്യം അവര്‍ പ്രാര്‍ഥിച്ചതു ഭക്ഷണത്തിനു വേണ്ടിയായിരുന്നു. പിറ്റേദിവസം അവരിലെ ആദ്യത്തെയാള്‍ നല്ല ഒരു ഫലവൃക്ഷം കണെ്ടത്തി. അയാള്‍ ആ ഫലങ്ങള്‍ ഭക്ഷിച്ചു വിശപ്പടക്കി.

ഈ സമയം രണ്ടാമന്‍ നല്ല ഭക്ഷണം കിട്ടാതെ ദ്വീപിന്റെ വേറൊരു ഭാഗത്തു വലയുകയായിരുന്നു. അയാള്‍ എത്ര ശ്രമിച്ചിട്ടും നല്ല കായ്കനികള്‍ കണെ്ടത്തിയില്ല.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആദ്യത്തെയാള്‍ക്കു വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. അപ്പോള്‍ തനിക്കൊരു യുവതിയെ ഭാര്യയായി ലഭിച്ചിരുന്നെങ്കില്‍ എന്നു പ്രാര്‍ഥിച്ചു. അപ്പോള്‍ അദ്ഭുതംപോലെ ഒരു യുവതി കടലില്‍ക്കൂടി നീന്തി അയാള്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി. അയാള്‍ ആ യുവതിയെ ഭാര്യയായി സ്വീകരിച്ചു. പക്ഷേ, അപ്പോഴും രണ്ടാമന്‍ ഏകാകിയായി കഴിയുകയായിരുന്നു.

കുറെദിവസം കഴിഞ്ഞപ്പോള്‍ ഒന്നാമന്‍ നല്ല വസ്ത്രങ്ങളും നല്ലൊരു വീടും മറ്റു ജീവിതസാഹചര്യങ്ങളും ലഭിക്കുന്നതിനായി പ്രാര്‍ഥിച്ചു. അപ്പോള്‍ വീണ്ടും അദ്ഭുതം സംഭവിച്ചു. അയാള്‍ ആവശ്യപ്പെട്ടതെല്ലാം അയാള്‍ക്കു ലഭിച്ചു. ഈ സമയം രണ്ടാമന്‍ പഴയതുപോലെ ഒന്നുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു.

കുറെക്കഴിഞ്ഞപ്പോള്‍ ഒന്നാമനു ദ്വീപിലെ താമസം മടുത്തു. ഒരു കപ്പല്‍ വന്നു തന്നെ രക്ഷപ്പെടുത്താന്‍ വേണ്ടി അയാള്‍ പ്രാര്‍ഥിച്ചു. വീണ്ടും അദ്ഭുതം. അയാള്‍ ആഗ്രഹിച്ചതു പോലെ ഒരു കപ്പല്‍ ആ ദ്വീപിലെത്തി. അയാള്‍ വേഗം തന്റെ ഭാര്യയുമായി കപ്പലില്‍ കയറി. അയാള്‍ തന്റെ പഴയ സുഹൃത്തിനെ രക്ഷപ്പെടുത്താന്‍ തയാറായില്ല. തന്റെ സുഹൃത്തിന്റെ പ്രാര്‍ഥന ഫലവത്തായിട്ടില്ലെങ്കില്‍ അതിനു കാരണം അയാള്‍ തന്നെ എന്നായിരുന്നു ഒന്നാമന്റെ ചിന്താഗതി. ദൈവം സഹായിക്കാത്തയാളെ താന്‍ എന്തിനു സഹായിക്കണം എന്നാണ് അയാള്‍ ചിന്തിച്ചത്.

രക്ഷപ്പെട്ടതിലുള്ള സന്തോഷത്തോടെ ഒന്നാമന്‍ കപ്പലില്‍ കയറുമ്പോള്‍ സ്വര്‍ഗത്തില്‍നിന്നൊരു സ്വരം കേട്ടു: ''നിന്റെ സുഹൃത്തിനെ എന്തുകൊണ്ടാണ് നീ രക്ഷപ്പെടുത്താത്തത്?''

അപ്പോള്‍ അയാള്‍ പറഞ്ഞു: ''എനിക്കു ലഭിച്ച അനുഗ്രഹങ്ങള്‍ എന്റെ പ്രാര്‍ഥന വഴി എനിക്കു ലഭിച്ചതാണ്. അവ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അയാളും പ്രാര്‍ഥിച്ചതല്ലേ? പക്ഷേ, അയാളുടെ പ്രാര്‍ഥന അങ്ങു കേട്ടില്ലല്ലോ. തീര്‍ച്ചയായും അയാള്‍ക്കു രക്ഷപ്പെടുവാനുള്ള അര്‍ഹതയില്ല.''

എന്നാല്‍ ദൈവം പറഞ്ഞു: ''നിനക്കു തെറ്റിപ്പോയിരിക്കുന്നു. അയാള്‍ ഒരു കാര്യത്തിനു വേണ്ടി മാത്രമേ പ്രാര്‍ഥിച്ചുള്ളൂ. അയാള്‍ അങ്ങനെ പ്രാര്‍ഥിച്ചില്ലായിരുന്നുവെങ്കില്‍ നിനക്ക് ഈ അനുഗ്രഹങ്ങളൊന്നും ലഭിക്കുകയില്ലായിരുന്നു.''


അപ്പോള്‍ ഒന്നാമന്‍ ചോദിച്ചു: ''അയാള്‍ എന്തിനുവേണ്ടിയാണു പ്രാര്‍ഥിച്ചത്?'' ദൈവം പറഞ്ഞു: ''നിന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കണമേ എന്നു മാത്രമാണ് അയാള്‍ പ്രാര്‍ഥിച്ചത്.'' ഒന്നാമന്‍ അപ്പോള്‍ ലജ്ജിച്ചു തലതാഴ്ത്തി.

ജീവിതത്തില്‍ ഒട്ടേറെ അനുഗ്രഹങ്ങളാല്‍ സമ്പന്നരാണു നമ്മള്‍. പലപ്പോഴും നാം അറിയാതെയും ആഗ്രഹിക്കാതെപോലുമാണ് പല നന്മകളും നമുക്കു ലഭിക്കുന്നത്. അപ്പോഴൊക്കെ നാം ചിന്തിക്കുന്നത് നാം അവയ്‌ക്കെല്ലാം അര്‍ഹരാണെന്നല്ലേ? നമ്മുടെ നന്മയും പുണ്യവും കൊണ്ട് ദൈവം നമ്മെ അനുഗ്രഹിക്കുകയാണെന്നല്ലേ?

എന്നാല്‍, വാസ്തവം അതായിരിക്കുമോ? ദൈവം നല്ലവനായിരിക്കുന്നതുകൊണ്ടു മാത്രമല്ലേ നമുക്കു നമ്മുടെ ജീവിതത്തില്‍ പല അനുഗ്രഹങ്ങളും ലഭിക്കുന്നത്? ദൈവം ആഗ്രഹിക്കാത്തപ്പോഴും അവിടുത്തെ കാരുണ്യം കൊണ്ടു മാത്രമല്ലേ അവിടുന്നു നമ്മെ സംരക്ഷിക്കുന്നത്?

അതുപോലെ, നമുക്കുവേണ്ടി മറ്റു പലരും ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നതുകൊണ്ടല്ലേ നമുക്കു ദൈവാനുഗ്രഹം ലഭിക്കുന്നത്? നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പല നന്മകള്‍ക്കും മറ്റുള്ളവരുടെ പ്രാര്‍ഥനയാണു കാരണമെന്നു നാം ഓര്‍മിക്കാറുണേ്ടാ?

മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയുള്ള നമ്മുടെ മധ്യസ്ഥപ്രാര്‍ഥനയ്ക്കു വലിയ ശക്തിയുണ്ട്. നമ്മുടെ മധ്യസ്ഥപ്രാര്‍ഥന നമ്മുടെ ശത്രുക്കള്‍ക്കു വേണ്ടിയാണെങ്കില്‍ ആ പ്രാര്‍ഥനയ്ക്കുള്ള ശക്തി വളരെക്കൂടുതലാണെന്നതാണു വാസ്തവം. അതുകൊണ്ട്, പ്രാര്‍ഥനവഴി മറ്റുള്ളവരുടെ ജീവിതത്തില്‍ നന്മ ഉറപ്പുവരുത്താന്‍ നമുക്കോര്‍മിക്കാം.

നാം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ ദൈവത്തിന്റെ അനുഗ്രഹം നമുക്കും ലഭിക്കുമെന്നതാണ് സത്യം. കാരണം, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന ഭക്തരെ ദൈവത്തിനൊരിക്കലും മറക്കാനോ അനുഗ്രഹിക്കാതിരിക്കാനോ ആവില്ല.

നമുക്കു ജീവിതത്തിലുണ്ടാകുന്ന പല നന്മകളുടെയും കാരണം മറ്റുള്ളവരുടെ പ്രാര്‍ഥനയാണ്. അങ്ങനെയെങ്കില്‍, മറ്റുള്ളവരുടെ പ്രാര്‍ഥനയുടെയുംകൂടി ഫലമായി ലഭിക്കുന്ന നന്മകള്‍ നാം തനിയെ അനുഭവിച്ചാല്‍ മതിയോ? അവ നാം മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണേ്ട?

ദൈവം നമുക്കു നല്കുന്ന നന്മകളുടെ ഒരു ഓഹരി നാം മറ്റുള്ളവര്‍ക്കു നല്കണമെന്നാണ് അവിടുത്തെ ആഗ്രഹം. എന്നാല്‍, സ്വന്തം നന്മയില്‍ മാത്രം നാം ശ്രദ്ധിക്കുന്നതുകൊണ്ടു നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു നാം മറന്നു പോകുന്നു. അതുവഴിയായി നമുക്കു സംഭവിക്കുന്നതെന്താണെന്നോ? ദൈവം നമുക്കു നല്കണമെന്ന് ആഗ്രഹിക്കുന്ന പല നന്മകളും നമുക്കു തരാന്‍ അവിടുത്തേക്കു സാധിക്കാതെ പോകുന്നു.

നാം പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ പ്രാര്‍ഥനയില്‍ മറ്റുള്ളവര്‍ക്കു സ്ഥാനമുണ്ടാകട്ടെ. അതുപോലെ, നമുക്കു ലഭിക്കുന്ന പല അനുഗ്രഹങ്ങളുടെയും കാരണം മറ്റുള്ളവരുടെ പ്രാര്‍ഥനയാണെന്നതും നമുക്കു മറക്കാതിരിക്കാം. അതോടൊപ്പം, നമുക്കു ലഭിക്കുന്ന നന്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും ഓര്‍മിക്കാം.
    
To send your comments, please clickhere