Jeevithavijayam
7/22/2019
    
കൈപ്പിടിയിലൊതുങ്ങുന്ന സന്തോഷം
സര്‍ ജോണ്‍ ടെമ്പിള്‍ട്ടണ്‍. ടെമ്പിള്‍ട്ടണ്‍ മ്യൂച്വല്‍ ഫണ്ട്‌സ് എന്ന പ്രശസ്ത ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിയുടെ സ്ഥാപകനാണ് അദ്ദേഹം. ഈ സ്ഥാപനം അദ്ദേഹത്തിനു കോടിക്കണക്കിനു ഡോളര്‍ നേടിക്കൊടുത്തു.

എന്നാല്‍, താന്‍ സമ്പാദിച്ച ധനംകൊണ്ട് വെറുതെ ജീവിതം ആസ്വദിച്ചുകളയാമെന്നല്ല അദ്ദേഹം കരുതിയത്. തന്റെ പണംകൊണ്ടു മനുഷ്യര്‍ക്കു സ്ഥായിയായ എന്തെങ്കിലും നന്മയുണ്ടാകണംഅതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമോഹം. അങ്ങനെയാണ് 1972ല്‍ ടെമ്പിള്‍ട്ടണ്‍ അവാര്‍ഡ് അദ്ദേഹം പ്രഖ്യാപിച്ചത്.

മനുഷ്യസേവനരംഗത്ത്, പ്രത്യേകിച്ചും ആധ്യാത്മികതലത്തില്‍, ഏറ്റവും നല്ല നേതൃത്വവും മാതൃകയും നല്‍കുന്നവര്‍ക്കുള്ളതാണ് ഈ അവാര്‍ഡ്. ഈ അന്താരാഷ്ട്ര അവാര്‍ഡിന് ആദ്യം അര്‍ഹയായത് മദര്‍ തെരേസയായിരുന്നു.

ടെമ്പിള്‍ട്ടണ്‍ 1996ല്‍ സി.എന്‍.എന്‍. ടെലിവിഷന്‍ ശൃംഖലയ്ക്ക് ഒരു അഭിമുഖം അനുവദിക്കുകയുണ്ടായി. ആ അഭിമുഖത്തില്‍ അദ്ദേഹം തന്റെ ജീവിതകഥ വിവരിച്ചു:

അമേരിക്കയിലെ ടെന്നിസി സംസ്ഥാനത്തില്‍ ജനിച്ച അദ്ദേഹത്തിന് ഒരു മിഷനറിയായി പ്രവര്‍ത്തിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, തന്റെ വിളി ബിസിനസിലേക്കാണെന്നു മനസിലാക്കിയ അദ്ദേഹം ആ വഴിയാണു തെരഞ്ഞെടുത്തത്. പക്ഷേ, അപ്പോഴും മിഷനറിപ്രവര്‍ത്തനവും മനുഷ്യസേവനവുമൊന്നും അദ്ദേഹം മറന്നില്ല.

മിഷനറിപ്രവര്‍ത്തനം വിജയകരമാകണമെങ്കില്‍ ആരെങ്കിലും അതിനു പണം നല്‍കണമല്ലോ. തന്റെ കടമ മിഷനറിപ്രവര്‍ത്തനത്തിനു പണം നല്‍കുകയാണെന്ന് അദ്ദേഹം കരുതി. അങ്ങനെയാണ് സമ്പാദ്യത്തില്‍ നല്ലൊരു തുക മിഷനറിപ്രവര്‍ത്തനത്തിനായി അദ്ദേഹം മാറ്റിവച്ചത്.

താന്‍ സമ്പാദിച്ചതില്‍ നല്ലൊരു ഭാഗം മറ്റുള്ളവര്‍ക്കു കൊടുക്കുന്നതിനു തയാറായ അദ്ദേഹത്തോട് ജീവിതസന്തോഷത്തിന്റെ രഹസ്യമെന്താണെന്നു ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: സന്തോഷം കണെ്ടത്തുവാനുള്ള രഹസ്യം മറ്റുള്ളവര്‍ക്കു സന്തോഷം കൊടുക്കുക എന്നുള്ളതാണ്. നാം വെറുതെ സന്തോഷം കണെ്ടത്തുവാനായി ശ്രമിച്ചാല്‍ അതൊരിക്കലും നമുക്കു സാധിക്കില്ല!

മറ്റുള്ളവര്‍ക്കു സന്തോഷം കൊടുത്താണ് ടെമ്പിള്‍ട്ടണ്‍ തന്റെ ജീവിതത്തില്‍ സന്തോഷം കണെ്ടത്തിയത്. മറ്റുള്ളവര്‍ക്കു സന്തോഷം കൊടുക്കുന്നതുവഴിയേ തനിക്കു സന്തോഷം കണെ്ടത്താന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. തന്മൂലമാണ് മറ്റുള്ളവര്‍ക്കു സന്തോഷം കൊടുക്കുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചത്.

ജീവിതത്തില്‍ സന്തോഷം കണെ്ടത്തുവാന്‍ അതിയായി ആഗ്രഹിക്കുന്നവരാണു നാമെല്ലാവരും. എന്നാല്‍, മറ്റുള്ളവര്‍ക്കു സന്തോഷം കൊടുക്കുന്നതുവഴി സ്വന്തം ജീവിതത്തില്‍ സന്തോഷം കണെ്ടത്തുന്ന കാര്യത്തെക്കുറിച്ചു നാം എപ്പോഴെങ്കിലും ചിന്തിക്കാറുണേ്ടാ?

മറ്റുള്ളവര്‍ക്ക് ആത്മാര്‍ഥമായി സന്തോഷം കൊടുക്കുന്ന കാര്യത്തില്‍ നമ്മില്‍ പലരും ഏറെ പിന്നിലാണെന്നതാണു വാസ്തവം. ഒരുപക്ഷേ, നമ്മില്‍ ചിലരെങ്കിലും മറ്റുള്ളവര്‍ സന്തോഷിക്കുന്നതു കാണുന്നതു സഹിക്കാന്‍ സാധിക്കാത്തവരായിരിക്കും. മറ്റുള്ളവര്‍ സന്തോഷിക്കുന്നതിനുപകരം അവര്‍ സഹിക്കണമെന്നായിരിക്കും ഉള്ളിന്റെയുള്ളില്‍ നാം ആഗ്രഹിക്കുന്നത്.


നാം ഇത്തരത്തില്‍പ്പെട്ടവരാണെങ്കില്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും ശരിയായ സന്തോഷം ഉണ്ടാകുമെന്നു നമുക്കു പ്രതീക്ഷ വേണ്ട. മറ്റുള്ളവരുടെ ദൗര്‍ഭാഗ്യത്തെയും കഷ്ടപ്പാടിനെയുംകുറിച്ചു പറയുമ്പോള്‍ ചിലരെങ്കിലും അറിയാതെ പുഞ്ചിരിക്കുന്നതു നാം കാണാറില്ലേ? മറ്റുള്ളവര്‍ക്കു സന്തോഷമുണ്ടായാല്‍ അങ്ങനെയുള്ള വ്യക്തികള്‍ അതു സഹിക്കുമോ? മറ്റുള്ളവര്‍ക്കു ദുഃഖമുണ്ടാകുന്നതു കാണുന്നതാണ് അവരുടെ സന്തോഷം. നാം ഇക്കൂട്ടത്തില്‍പ്പെടുന്നുവെങ്കില്‍ നമ്മുടെ സ്ഥിതി ഏറെ ശോചനീയം തന്നെ.

മറ്റുള്ളവര്‍ക്കു സന്തോഷം കൊടുത്തു നമ്മുടെ ജീവിതത്തില്‍ സന്തോഷം കണെ്ടത്തുന്നതിനു നാം ടെമ്പിള്‍ട്ടണെപ്പോലെ പണക്കാരായിരിക്കേണ്ട ആവശ്യമില്ല. പണമുണെ്ടങ്കില്‍ അതില്‍ കുറച്ചു മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കുന്നതു നല്ലതുതന്നെ. എന്നാല്‍, പണമില്ലെങ്കില്‍പ്പോലും മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരാന്‍ നമുക്കു സാധിക്കും എന്നതാണു യാഥാര്‍ഥ്യം.

നമ്മുടെ ഹൃദയത്തില്‍ മറ്റുള്ളവരോടു യഥാര്‍ഥ സ്‌നേഹമുണെ്ടങ്കില്‍, അവരുടെ നന്മയിലും സന്തോഷത്തിലും നമുക്ക് ആത്മാര്‍ഥമായ താത്പര്യമുണെ്ടങ്കില്‍, മറ്റുള്ളവര്‍ക്കു സന്തോഷം പകരുന്നതിനുള്ള നല്ല വഴികള്‍ നാം കണെ്ടത്തുമെന്നുള്ളതു തീര്‍ച്ചയാണ്.

പലപ്പോഴും ഹൃദയം തുറന്നുള്ള പുഞ്ചിരിയും താത്പര്യപൂര്‍വമുള്ള നോട്ടവും സ്‌നേഹമസൃണമായ വാക്കുമൊക്കെ മതി മറ്റുള്ളവരുടെ ഹൃദയം സന്തോഷത്താല്‍ നിറയാന്‍. നമുക്കു നിസാരമെന്നു തോന്നാവുന്ന ഈ പ്രവൃത്തിവഴി മറ്റുള്ളവരുടെ ഹൃദയം സന്തോഷത്താല്‍ നിറയുമ്പോള്‍ നമ്മുടെ ഹൃദയത്തിലും ആ സന്തോഷം അലതല്ലുമെന്നു തീര്‍ച്ചയാണ്.

നമ്മുടെയെല്ലാവരുടെയും കൈപ്പിടിയിലൊതുങ്ങുന്നതാണ് ജീവിതസന്തോഷം. എന്നാല്‍ സന്തോഷം കണെ്ടത്തുന്നതിനുള്ള എളുപ്പവഴികള്‍ വിട്ടു നാം വളഞ്ഞവഴികളും നീണ്ടവഴികളും അന്വേഷിക്കുന്നു. തന്മൂലം, ജീവിതസന്തോഷം എപ്പോഴും നമ്മില്‍നിന്ന് അകന്നുനില്‍ക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നാം പഴിക്കേണ്ടത് നമ്മെത്തന്നെയല്ലയോ?

മറ്റുള്ളവര്‍ക്കു സന്തോഷം കൊടുത്തുകൊണ്ടു ജീവിതത്തില്‍ നമുക്കു സന്തോഷം കണെ്ടത്താം. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിച്ചുകൊണ്ടു നമ്മുടെ ജീവിതവും നമുക്കു മെച്ചമാക്കാം. നമ്മുടെ ജീവിതത്തില്‍ സന്തോഷം കണെ്ടത്തുവാനും നമ്മുടെ ജീവിതം മെച്ചമാക്കാനും ഇതല്ലാതെ വേറെ വഴികളൊന്നുമില്ല.
    
To send your comments, please clickhere