Jeevithavijayam
7/23/2019
    
നമ്മുടെ ചുറ്റിനപ്പുറമുള്ള ലോകം
'എന്റെ പേര് ടോമി. എനിക്ക് ആറു വയസായി. താങ്കളുടെ ബാങ്കില്‍നിന്നു പണം കടം വാങ്ങാന്‍ ആഗ്രഹിക്കുന്നു.'

മുക്ക് ഹാന്‍സെന്‍ ഓമനത്ത്വവും പ്രസരിപ്പുമുള്ള ആ മുഖത്തേക്കു നോക്കി. ആ ബാലന്റെ കണ്ണുകളുടെ തിളക്കം അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. ആ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യം നിഴലിക്കുന്നതായി അദ്ദേഹത്തിനു തോന്നി.

'അമേരിക്കയുടെ ബിസിനസ് മോട്ടിവേറ്റര്‍' എന്നറിയപ്പെടുന്ന പ്രചോദനാത്മക പ്രഭാഷകനും ഗ്രന്ഥകാരനുമാണ് ഹാന്‍സെന്‍. വിവിധ രാജ്യങ്ങളിലായി വര്‍ഷംതോറും ശരാശരി ഇരുനൂറ് പ്രഭാഷണങ്ങളെങ്കിലും നടത്താറുള്ള ഹാന്‍സെന്‍ വലിയ തിരക്കുള്ളയാളാണ്. എങ്കിലും ആ തിരക്കിനിടയില്‍ കുട്ടികള്‍ക്കുവേണ്ടി അദ്ദേഹം ഒരു ബാങ്ക് നടത്തുന്നുണ്ട്. 'ഹാന്‍സെന്‍ ചില്‍ഡ്രന്‍സ് ഫ്രീ എന്റര്‍പ്രൈസ് ഫണ്ട്' എന്നാണ് ബാങ്കിന്റെ പേര്.

ഹാന്‍സെന്റെ ഈ ബാങ്കില്‍നിന്നു പണം കടമെടുക്കുന്നതിനുവേണ്ടിയാണ് ടോമി എന്ന പയ്യന്‍ ഹാന്‍സെനെ സമീപിച്ചത്.

'എന്തിനുവേണ്ടിയാണ് പണം കടമെടുക്കുന്നത്?' ഹാന്‍സെന്‍ ടോമിയോടു ചോദിച്ചു. ഉടനേ ടോമി പറഞ്ഞു:

'എനിക്കു നാലു വയസായപ്പോള്‍ മുതല്‍ ഒരാഗ്രഹം ലോക സമാധാനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്. അങ്ങനെയാണ് ഒരു ബംപര്‍ സ്റ്റിക്കര്‍ ഇറക്കുവാനുള്ള ഒരു പ്ലാന്‍ ഞാന്‍ തയാറാക്കിയത്. പക്ഷേ, അതിനു പണം വേണം.'

'ബംപര്‍ സ്റ്റിക്കറില്‍ ടോമി എന്താണ് ഉള്‍പ്പെടുത്താന്‍ പോകുന്നത്?' ഹാന്‍സെന്‍ ചോദിച്ചു.

'എന്റെ ബംപര്‍ സ്റ്റിക്കര്‍ ഇപ്രകാരമായിരിക്കും. 'സമാധാനം, പ്ലീസ്! ഞങ്ങള്‍ കുട്ടികളെ ഓര്‍ത്തെങ്കിലും! ഒപ്പ്, ടോമി'.

കാറിലും മറ്റും ഒട്ടിക്കുന്നതിനു പറ്റിയ തരത്തിലുള്ള രണ്ടായിരം സ്റ്റിക്കര്‍ പ്രിന്റ് ചെയ്യാനായിരുന്നു ടോമിയുടെ പ്ലാന്‍. ടോമിയുടെ കണക്കുകൂട്ടലനുസരിച്ച് അതിന് വേണ്ടിയിരുന്നത് 454 ഡോളറായിരുന്നു.

ഹാന്‍സെന്‍ ഒട്ടും മടികൂടാതെ ടോമി ആവശ്യപ്പെട്ട മുഴുവന്‍ തുകയും കടംകൊടുത്തു. കടംവാങ്ങിയ തുകയുമായി ടോമി തന്റെ ബംപര്‍ സ്റ്റിക്കര്‍ പ്രസിദ്ധീകരിച്ചു. ആ സ്റ്റിക്കര്‍ ഓരോന്നും ഒന്നര ഡോളറിനു വീതം വില്‍ക്കാനായിരുന്നു ടോമിയുടെ പ്ലാന്‍.

കാലിഫോര്‍ണിയയിലെ ഫൗണ്ടന്‍വാലി എന്ന കൊച്ചുപട്ടണത്തില്‍ താമസിക്കുന്ന ടോമി തന്റെ സ്റ്റിക്കര്‍ വില്‍ക്കുവാന്‍ ആദ്യം പോയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റോണാള്‍ഡ് റെയ്ഗന്റെ ഭവനത്തിലേക്കായിരുന്നു. തന്റെ ആദ്യത്തെ സ്റ്റിക്കര്‍ വില്‍പ്പന കെങ്കേമമാക്കണമെന്ന ലക്ഷ്യത്തോടെ തന്റെ പിതാവിനോടൊപ്പം കാറില്‍ റെയ്ഗന്റെ വീട്ടിലെത്തിയ ടോമി തന്റെ തുടക്കം ഗംഭീരമാക്കി. അന്ന് റെയ്ഗനു മാത്രമല്ല, റെയ്ഗന്റെ ഭവനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ടോമി തന്റെ സ്റ്റിക്കര്‍ വിറ്റു.

റെയ്ഗന് തന്റെ സ്റ്റിക്കര്‍ വിറ്റ ഉടനേ അന്നത്തെ സോവ്യറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചോവിനും ടോമി തന്റെ സ്റ്റിക്കര്‍ വിറ്റു. ഗോര്‍ബച്ചോവിന് ടോമി തന്റെ സമാധാന സ്റ്റിക്കര്‍ അയച്ചുകൊടുത്തപ്പോള്‍ അതിന്റെ കൂടെ ഒന്നര ഡോളറിന്റെ ഒരു ബില്ലും ഉള്‍പ്പെടുത്തിയിരുന്നു.


സ്റ്റിക്കര്‍ കൈപ്പറ്റി, ഒന്നര ഡോളറിനുള്ള ഒരു ചെക്ക് ഗോര്‍ബച്ചോവ് ടോമിക്ക് അയച്ചുകൊടുത്തു. അതോടൊപ്പം ഒരു ചെറിയ കുറിപ്പും അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു: 'ടോമി, സമാധാനത്തിനുവേണ്ടി മുന്നോട്ടുപോകൂ.'

ലോകസമാധാനത്തിനുവേണ്ടി ബംപര്‍ സ്റ്റിക്കര്‍ പുറത്തിറക്കിയ ടോമിയുടെ കഥ പെട്ടെന്ന് പ്രസിദ്ധമായി. പത്രങ്ങളും ടെലിവിഷന്‍ സ്റ്റേഷനുകളുമെല്ലാം ടോമിയുടെ കഥ പ്രസിദ്ധപ്പെടുത്തി. ഒരിക്കല്‍ ടെലിവിഷനിലെ അഭിമുഖ സംഭാഷണത്തിനിടയില്‍ ഒരാള്‍ ടോമിയോടു ചോദിച്ചു:

'ടോമിയുടെ ഈ സമാധാന ബംപര്‍ സ്റ്റിക്കര്‍ മൂലം ലോകസമാധാനമുണ്ടാകുമെന്ന് ടോമിക്കു തോന്നുന്നുണേ്ടാ?'

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ടോമി പറഞ്ഞു: 'സമാധാന സ്റ്റിക്കര്‍ പുറത്തിറക്കിയിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായതേയുള്ളൂ. അതിനിടയില്‍ ബര്‍ലിന്‍ ഭിത്തി താഴെ വീണില്ലേ?'

യൂറോപ്പില്‍ സമാധാനത്തിന് ഒരു വിലങ്ങുതടിയായി നിന്നിരുന്ന ബെര്‍ലിന്‍ ഭിത്തി സമാധാന പ്രേമികള്‍ തകര്‍ത്തത് 1989ലായിരുന്നു. ഈ സംഭവം അനുസ്മരിച്ചുകൊണ്ടാണു ടോമി തന്റെ സമാധാന സ്റ്റിക്കറിന്റെ സ്വാധീനം എടുത്തുകാട്ടിയത്.

ബെര്‍ലിന്‍ ഭീത്തി വീണ കാര്യത്തില്‍ ടോമിക്കോ ടോമിയുടെ സമാധാന സ്റ്റിക്കറിനോ ഒരു പങ്കുമില്ലായിരിക്കാം. എന്നാല്‍, ചെറുപ്രായത്തില്‍ത്തന്നെ ലോകസമാധാനത്തിന്റെ പ്രാധാന്യം മനസിലാക്കാനും അതിനുവേണ്ടി ഭാവനാപൂര്‍വം പ്രവര്‍ത്തിക്കാനും തയാറായ ടോമിയുടെ വിശാലവീക്ഷണവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനവും നാം ആദരിച്ചേ മതിയാകൂ.

നമ്മുടെ ജീവിതത്തിലും ചിന്തയിലും നമ്മുടെ ചുറ്റിനപ്പുറമുള്ള ലോകത്തെക്കുറിച്ചും അതില്‍ ജീവിക്കുന്നവരെക്കുറിച്ചും അവരുടെ നന്മയെക്കുറിച്ചും നമുക്ക് ചിന്തയുണേ്ടാ? അതോ നമ്മുടെ മാത്രം നന്മയിലും സുഖത്തിലും ഒതുങ്ങി നില്‍ക്കുന്നതാണോ നമ്മുടെ ചിന്താരീതിയും പ്രവര്‍ത്തനങ്ങളുമൊക്കെ?

ചെറുപ്രായത്തില്‍പ്പോലും ലോകത്തിലെല്ലായിടത്തും സമാധാനമുണ്ടാകണമെന്ന ആഗ്രഹം ടോമിയില്‍ നിറഞ്ഞുനിന്നു. തന്മൂലമാണു സമാധാനസ്റ്റിക്കര്‍ പ്രസിദ്ധീകരിക്കാന്‍ ടോമി തുനിഞ്ഞത്.

ലോകസമാധാനം സംസ്ഥാപിക്കുന്നതിനായി ടോമിയെപ്പോലെ നമ്മില്‍ പലര്‍ക്കും മുന്നിട്ടിറങ്ങാന്‍ സാധിച്ചെന്നുവരില്ല. എന്നിരുന്നാലും നമ്മുടെ ചിന്തയും വീക്ഷണവും കൂടുതല്‍ വിശാലമാക്കാന്‍ നമുക്കു സാധിക്കില്ലേ? നമ്മുടെ ചിന്തയിലും പ്രവര്‍ത്തനത്തിലും നമ്മുടെ ചുറ്റിനുമപ്പുറമുള്ള ലോകം കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കില്ലേ?

ജാതിയും മതവും ഭാഷയും മറ്റു പശ്ചാത്തലങ്ങളുമൊക്കെ നമ്മെ മറ്റുള്ളവരില്‍നിന്നു വിഭിന്നരാക്കുന്നുവെന്നു നമുക്കു തോന്നിയേക്കാം. എന്നാല്‍, നാമെല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണെന്നും നമ്മള്‍ സഹോദരങ്ങളാണെന്നും മറക്കാതിരിക്കാം.

സഹോദരങ്ങളായ നമ്മള്‍ ചിന്തയിലും പ്രവര്‍ത്തനങ്ങളിലുമൊക്കെ മറ്റെല്ലാവരെയും കൂടി ഉള്‍പ്പെടുത്തേണേ്ട?
    
To send your comments, please clickhere