Jeevithavijayam
8/20/2019
    
തെറ്റുതിരുത്താന്‍ മറ്റൊരു തെറ്റോ?
മാസിഡോണിയയിലെ ഫിലിപ് രാജാവിന്റെ ഏറ്റവും വലിയ ശക്തി അദ്ദേഹത്തിന്റെ പ്രസിദ്ധമായ കുതിരപ്പടയായിരുന്നു. 'കമ്പാനിയന്‍ കാവല്‍റി' എന്നറിയപ്പെട്ടിരുന്ന കുതിരപ്പടയ്ക്ക് എട്ടു യൂണിറ്റുകളാണുണ്ടായിരുന്നത്. ഓരോ യൂണിറ്റിലും ഇരുനൂറ്റിയിരുപത്തഞ്ചു കുതിരപ്പടയാളികള്‍ വീതമുണ്ടായിരുന്നു.

ഈ യൂണിറ്റുകളിലൊന്നിന്റെ ചുമതല വഹിച്ചിരുന്ന പോരാളിയായിരുന്നു ക്ലീറ്റസ് (ബി.സി. 375328). ഫിലിപ് രാജാവിന്റെ വിശ്വസ്ത സേവകനായിരുന്ന ഡ്രോപ്പിഡസിന്റെ പുത്രനായിരുന്നു ക്ലീറ്റസ്.

ഫിലിപ് രാജാവിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രനായ അലക്‌സാണ്ടര്‍ രാജാവായി സ്ഥാനമേറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരായി സേവനമനുഷ്ഠിച്ചതു ക്ലീറ്റസിന്റെ നേതൃത്വത്തിലുള്ള കുതിരപ്പടയാളികളായിരുന്നു.

ബി.സി. 334ല്‍ ഗ്രാനിക്കസ് യുദ്ധത്തില്‍ പേര്‍ഷ്യക്കാരെ അലക്‌സാണ്ടര്‍ പരാജയപ്പെടുത്തി. ഈ യുദ്ധത്തിനിടയില്‍ ശത്രുവിന്റെ ആക്രമണത്തില്‍ അലക്‌സാണ്ടര്‍ മരിക്കേണ്ടതായിരുന്നു. ക്ലീറ്റസാണ് അന്ന് അലക്‌സാണ്ടറുടെ ജീവന്‍ രക്ഷിച്ചത്.

അക്കാലത്ത് അലക്‌സാണ്ടറുടെ കുതിരപ്പടകളുടെ മേധാവി ഫിലോറ്റസ് ആയിരുന്നു. ഫിലോറ്റസ് അലക്‌സാണ്ടറെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിച്ചുവത്രേ. അതിനു ശിക്ഷയായി 330 ഒക്‌ടോബറില്‍ ഫിലോറ്റസിനെ വധിച്ചു. ഫിലോറ്റസിനു പകരം കുതിരപ്പടകളുടെ മേധാവിയായി നിയമിതനായതു ക്ലീറ്റസാണ്. എന്നാല്‍, കുതിരപ്പടകളുടെ യൂണിറ്റുകള്‍ക്കു മേല്‍ ക്ലീറ്റസിന് പൂര്‍ണനിയന്ത്രണം അലക്‌സാണ്ടര്‍ നല്‍കിയില്ല. ഒരു അസിസ്റ്റന്റ് കമാന്‍ഡറെക്കൂടി നിയമിച്ച് ക്ലീറ്റസിന്റെ ചലനങ്ങളെ അലക്‌സാണ്ടര്‍ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. ഫിലോറ്റസിനെപ്പോലെ ക്ലീറ്റസും തനിക്കെതിരേ തിരിഞ്ഞേക്കുമോ എന്ന സംശയമായിരുന്നു അലക്‌സാണ്ടറുടെ ഈ നീക്കത്തിനു പിന്നില്‍.

കുതിരപ്പടകളുടെ കമാന്‍ഡറായി ക്ലീറ്റസ് നിയമിതനായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞ അവസരം. അലക്‌സാണ്ടറും ക്ലീറ്റസും മറ്റു ചില പടനായകന്മാരുംകൂടി മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മദ്യം അകത്തുചെന്നപ്പോള്‍ പലരുടെയും ഉള്ളിലുള്ളതു പുറത്തുവന്നു. അലക്‌സാണ്ടറുടെ പിതാവിനെ പുകഴ്ത്തിക്കൊണ്ടു ക്ലീറ്റസ് സംസാരിച്ചു.

ക്ലീറ്റസ് ഫിലിപ് രാജാവിന്റെ സ്തുതികള്‍ പാടിയപ്പോള്‍ അലക്‌സാണ്ടറുടെ ചില സേവകര്‍ ഫിലിപ് രാജാവ് സാക്ഷാല്‍ സേവൂസ് ദേവന്‍ തന്നെയാണെന്നു പറഞ്ഞ് അലക്‌സാണ്ടറെ സന്തോഷിപ്പിച്ചു. വീണ്ടും ക്ലീറ്റസ് ഫിലിപ് രാജാവിന്റെ മാഹാത്മ്യം വിവരിക്കുവാന്‍ തുടങ്ങിയപ്പോള്‍ അലക്‌സാണ്ടര്‍ക്കു കലികയറി. അദ്ദേഹം ഒരു കുന്തമെടുത്ത് ഒറ്റക്കുത്തിനു ക്ലീറ്റസിനെ കൊലപ്പെടുത്തി.


അടുത്ത നിമിഷത്തില്‍ അലക്‌സാണ്ടര്‍ക്കു മദ്യത്തിന്റെ കെട്ടുവിട്ടു. താന്‍ ചെയ്തതു വലിയ അപരാധമായിപ്പോയെന്ന് അദ്ദേഹത്തിനു ബോധ്യം വന്നു. ആത്മഹത്യ ചെയ്യുന്നതിനുപോലും അദ്ദേഹം ആലോചിച്ചു. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ആ തെറ്റില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. ഒരു തെറ്റു ചെയ്താല്‍ മറ്റൊരു തെറ്റ് അതിനു പരിഹാരമാകില്ലെന്നായിരുന്നു അവരുടെ വാദം. അവര്‍ പറഞ്ഞതില്‍ കഴമ്പുണെ്ടന്ന് അലക്‌സാണ്ടര്‍ക്കു തോന്നി. അങ്ങനെയാണ് ആത്മഹത്യാശ്രമത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയത്.

അലക്‌സാണ്ടര്‍ ചെയ്തത് ഒരിക്കലും നീതികരിക്കാന ാവാത്ത കൊലപാതകമായിരുന്നു. പക്ഷേ, ആ തെറ്റിനുള്ള ശിക്ഷയായി അദ്ദേഹം കണ്ടത് ആത്മഹത്യയാണ്. എങ്കിലും അതും നീതികരിക്കാനാവില്ലെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെയാണ് മറ്റൊരു ദുരന്തത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്.

നാമെല്ലാവരുംതന്നെ ജീവിതത്തില്‍ പല തെറ്റുകളിലും വീഴുന്നവരാണ്. ചിലരുടെയെങ്കിലും കാര്യത്തില്‍ സംഭവിക്കുന്നതു വളരെ ഗൗരവാവഹമായ തെറ്റുകളായിരിക്കും. അങ്ങനെയുള്ള അവസരങ്ങളില്‍ നാം ആദ്യം ചെയ്യേണ്ടത് തെറ്റിനെക്കുറിച്ചുപശ്ചാത്തപിച്ച് അതിനു സാധിക്കുന്ന രീതിയില്‍ പരിഹാരം ചെയ്യുക എന്നതാണ്. അതിനു പകരം തെറ്റിന്റെ കാഠിന്യം മാത്രം ഓര്‍ത്തു സ്വയം ശിക്ഷിക്കാന്‍ തയാറായാല്‍ അത് ഒരു ദുരന്തത്തിനു പിന്നാലെ മറ്റൊരു ദുരന്തംകൂടി ഉണ്ടാകുവാനേ കാരണമാകൂ.

തെറ്റുകളെക്കുറിച്ചു നമുക്കു ശരിക്കും പശ്ചാത്താപം ഉണെ്ടങ്കില്‍ നാം ആദ്യം ചെയ്യേണ്ടത് അവയ്‌ക്കെങ്ങനെ പരിഹാരം കാണുവാന്‍ സാധിക്കും എന്നു കണ്ടുപിടിക്കുകയാണ്. അല്ലാതെ, നമ്മുടെ തെറ്റുകള്‍ക്കു പരിഹാരം എന്ന രീതിയില്‍ നമ്മെത്തന്നെ ശിക്ഷിക്കാനും നശിപ്പിക്കാനുമല്ല ശ്രമിക്കേണ്ടത്.

നമ്മുടെ തെറ്റുകള്‍ക്കു പരിഹാരമായി മറ്റു തെറ്റുകള്‍ ചെയ്തുകൊണ്ടു നമ്മെത്തന്നെ ശിക്ഷിച്ചാല്‍ തെറ്റുകള്‍ക്കു പരിഹാരമായി എന്നായിരിക്കും ചിലരെങ്കിലും ചിന്തിക്കുക. പക്ഷേ, അബദ്ധപൂര്‍ണമായ ചിന്താഗതിയാണിത്.

തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ നാം എപ്പോഴും ശ്രദ്ധിക്കണം. എന്നാല്‍ എപ്പോഴെങ്കിലും ഏതെങ്കിലും തെറ്റില്‍ നാം വീഴാനിടയായാല്‍ അതിനു ന്യായപൂര്‍ണവും എല്ലാവര്‍ക്കും സ്വീകാര്യവുമായ പരിഹാരം ചെയ്യുന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അതിനുപകരം സ്വയം നശിപ്പിക്കുന്ന തരത്തിലുള്ള തെറ്റുകള്‍ ചെയ്തുകൊണ്ട് പരിഹാരം കാണാമെന്ന വ്യാമോഹം നമുക്കു വേണ്ട.
    
To send your comments, please clickhere