Jeevithavijayam
8/24/2019
    
ആഗ്രഹങ്ങള്‍ക്കു മാന്ത്രികശക്തിയുണ്ട്
'ഏറ്റവും കൂടുതല്‍ വേഗമുള്ള മനുഷ്യന്‍'' എന്ന പേര് ആദ്യം സമ്പാദിച്ച അത്‌ലറ്റിക് താരമായിരുന്നു ചാള്‍സ് പാഡോക്ക് (19001943). ഒന്നാം ലോക മഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഈ അമേരിക്കക്കാരന്‍ 1920ല്‍ ബെല്‍ജിയത്തില്‍ നടന്ന ഒളിമ്പിക്‌സില്‍ രണ്ടു സ്വര്‍ണമെഡലുകളും ഒരു വെള്ളി മെഡലും നേടുകയുണ്ടായി.

1924ല്‍ പാരീസില്‍ നടന്ന ഒളിമ്പിക് മത്സരത്തിലും പങ്കെടുത്ത ചാള്‍സിന് അന്ന് 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ 1921ല്‍ ഹ്രസ്വദൂര ഓട്ടത്തില്‍ അദ്ദേഹം സ്ഥാപിച്ച റിക്കാര്‍ഡ് 1956ല്‍ മാത്രമാണു തകര്‍ക്കപ്പെട്ടത്.

അത്‌ലറ്റിക്‌സില്‍ നിന്നു വിരമിച്ചതിനു ശേഷം ചില പത്രസ്ഥാപനങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. ഇതിനിടയില്‍ നല്ലൊരു വാഗ്മിയായി മാറിയ അദ്ദേഹം വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കുമെല്ലാം പ്രചോദനാത്മക ക്ലാസുകള്‍ നല്കുക പതിവായിരുന്നു.

ഒരു ദിവസം ഒഹായോ സംസ്ഥാനത്തെ ക്ലീവ്‌ലന്‍ഡിലുള്ള ഈസ്റ്റ് ടെക് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളോടു പാഡോക്ക് സംസാരിക്കുകയായിരുന്നു. അതിനിടയില്‍ അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്നു നിങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണെ്ടങ്കില്‍ അപ്രകാരം നിങ്ങള്‍ക്കു ചെയ്യുവാന്‍ സാധിക്കുമെന്നു തീര്‍ച്ചയാണ്. ഏതെങ്കിലും കാര്യം നേടണമെന്നു മനസു വച്ചാല്‍ നിങ്ങള്‍ അതു നേടുകതന്നെ ചെയ്യും.''

വിദ്യാര്‍ഥികള്‍ സാകൂതം കേട്ടിരിക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു: ''ആര്‍ക്കറിയാം, നിങ്ങളുടെ കൂടെ ഒരു ഒളിമ്പിക് ചാമ്പ്യന്‍ ഉണ്ടായിക്കൂടെന്നില്ല!'' അന്ന് പാഡോക്കിന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ഒരു മെല്ലിച്ച പയ്യന്‍ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു: ''അങ്ങയെപ്പോലെ ഒരു ഒളിമ്പിക് ചാമ്പ്യനാകുവാന്‍ സാധിച്ചാല്‍ അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ ഞാന്‍ തയാറാണ്.''

അന്നുമുതല്‍ ആ പയ്യനില്‍ വലിയ വ്യത്യാസം വന്നു. പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും മുന്നിട്ടു നില്ക്കുവാന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചു. അന്ന് പാഡോക്കില്‍ നിന്നു പ്രചോദനം സ്വീകരിച്ച പയ്യനായിരുന്നു പിന്നീട് ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ നാലു സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയ ജെസി ഓവന്‍സ് എന്ന സ്‌പോര്‍ട്‌സ് ഇതിഹാസം.

ബെര്‍ലിനില്‍ നിന്നു ജേതാവായി ഓവന്‍സ് ക്ലീവ്‌ലന്‍ഡില്‍ മടങ്ങിയെത്തിയപ്പോള്‍ അതിഗംഭീരമായ സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്. ആ സ്വീകരണത്തിനിടയില്‍ ഒരു കറുത്ത പയ്യന്‍ ഓവന്‍സിനോടു പറഞ്ഞു: ''അങ്ങയെപ്പോലെ ഒരു ഒളിമ്പിക് ചാമ്പ്യനാകുവാന്‍ വേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ ഞാന്‍ തയാറാണ്.''


അപ്പോള്‍ ഓവന്‍സ് ആ പയ്യനോടു പറഞ്ഞു: ''മോനേ, നിനക്കറിയാമോ, എന്റെ കൊച്ചുന്നാളില്‍ ഞാനും ഇതുപോലെ ആഗ്രഹിച്ചതാണ്. അങ്ങനെയാണ് ഞാന്‍ കഠിനാധ്വാനം ചെയ്ത് ചാമ്പ്യനായത്. നിനക്കു സാധിക്കുമെന്നു നീ വിശ്വസിച്ചാല്‍ നീയും ചാമ്പ്യനായിത്തീരും.''

ഓവന്‍സിന്റെ ഉപദേശം കേട്ട ആ പയ്യന്‍ ഹാരിസണ്‍ ഡില്ലാര്‍ഡ് എന്ന പേരില്‍ പില്‍ക്കാലത്തു പ്രശസ്തനായി. 1948ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സില്‍ ഡില്ലാര്‍ഡാണു നൂറുമീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയത്.

അമേരിക്ക കണ്ടിട്ടുള്ള പ്രഗത്ഭരായ മൂന്ന് ഒളിമ്പിക് ജേതാക്കളാണിവര്‍. ഇവരില്‍ ഓവന്‍സും ഹാരിസണും പാവപ്പെട്ട ജീവിതസാഹചര്യത്തില്‍ നിന്നു വന്ന കറുത്ത വംശജരായിരുന്നു. ജീവിതത്തില്‍ വളരുവാനും വികസിക്കുവാനും അനുകൂലമായ സാഹചര്യമായിരുന്നില്ല ഇവരുടേത്. എങ്കില്‍പ്പോലും നിരാശരാകാതെ തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനുവേണ്ടി അവര്‍ പരിശ്രമിച്ചു. അങ്ങനെയാണ് അവര്‍ വിജയികളായത്.

ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ അനുകൂലമായ സാഹചര്യങ്ങള്‍ നമുക്കു വേണമെന്നതു ശരിതന്നെ. എന്നാല്‍, എല്ലാ സാഹചര്യങ്ങളും അനുകൂലമായതിനു ശേഷം ജീവിതവിജയത്തിനു പരിശ്രമിക്കാം എന്ന് ആരെങ്കിലും കരുതിയാല്‍ അതില്‍പ്പരം അബദ്ധം മറ്റൊന്നുണേ്ടാ?

നമ്മുടെ ജീവിതസാഹചര്യങ്ങള്‍ എന്തുതന്നെയാകട്ടെ, പഠിക്കണമെന്നും വളരണമെന്നും ജീവിതത്തില്‍ വിജയിക്കണമെന്നു മൊക്കെ ആത്മാര്‍ഥമായ ആഗ്രഹം നമുക്കുണെ്ടങ്കില്‍ നാം വിജയിക്കുമെന്നതില്‍ സംശയം വേണ്ട.

നമ്മുടെ ആഗ്രഹങ്ങള്‍ക്കു മാന്ത്രികശക്തിയുണെ്ടന്നാണു പറയുന്നത്. ഏതെങ്കിലും കാര്യം ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അതു സാധിക്കുവാന്‍ വേണ്ടി നാം കഠിനാധ്വാനം ചെയ്യും. ഊണും ഉറക്കവും ഉപേക്ഷിച്ച് ലക്ഷ്യസാധ്യത്തിനായി നാം പോരാടും. അപ്പോള്‍ നമ്മുടെ വിജയത്തിന്റെ പ്രധാന അടിസ്ഥാനം നമ്മുടെ മനോഭാവമാണെന്നു വ്യക്തമല്ലേ?

നമുക്ക് ആഗ്രഹിക്കാം നല്ല കാര്യങ്ങള്‍ ചെയ്യാനും അവ വിജയത്തിലെത്തിക്കാനും. അപ്പോള്‍ നാം അറിയാതെതന്നെ ലക്ഷ്യസ്ഥാനത്തു നാം എത്തിക്കൊള്ളും.
    
To send your comments, please clickhere