Jeevithavijayam
8/25/2019
    
ശിക്ഷിക്കാതിരിക്കുന്നതിന്റെ ലാഭനഷ്ടങ്ങള്‍
ധാരാളം ശിഷ്യന്മാരുണ്ടായിരുന്ന ബുദ്ധമതപണ്ഡിതിനായിരുന്നു ബെന്‍സായി. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുവാന്‍ വന്ന വിദ്യാര്‍ഥികള്‍ പൊതുവേ നല്ല സ്വഭാവമുള്ളവരായിരുന്നു. എന്നാല്‍ അവരിലൊരാള്‍ മോഷണം നടത്തുന്നതില്‍ വിരുതനായിരുന്നു.

ഈ മോഷണ വിദഗ്ധന്‍ തരംകിട്ടിയപ്പോഴെല്ലാം മോഷ്ടിച്ചു. എന്നാല്‍ ഒരുദിവസം മോഷണത്തിനിടയില്‍ അവന്‍ പിടിക്കപ്പെട്ടു. സഹപാഠികള്‍ തന്നെയാണു തൊണ്ടി സഹിതം അവനെ പിടിച്ചത്.

അവര്‍ അവനെ ഗുരുവിന്റെ മുന്നില്‍ ഹാജരാക്കി. ഗുരു ശ്രദ്ധാപൂര്‍വം അവരുടെ ആരോപണം കേട്ടു. എന്നാല്‍ അദ്ദേഹം കുറ്റവാളിയെ ശിക്ഷിച്ചില്ല. അ വനെ ദയാപൂര്‍വം ഒന്നു നോക്കുകമാത്രം ചെയ്തു. ഗുരുവിന്റെ ഈ നടപടിയില്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് ഒട്ടും തൃപ്തി തോന്നിയില്ല. അവര്‍ അതു വാക്കുകളിലൂടെയല്ലാതെ പ്രകടിപ്പിക്കുകയും ചെയ്തു.

കുറെ ദിവസം കഴിഞ്ഞപ്പോള്‍ മോഷണവീരന്‍ വീണ്ടും മോഷണം നടത്തി. ഇത്തവണയും അവന്റെ സഹപാഠികള്‍ തൊണ്ടിസഹിതം അവനെ പിടിച്ചു. അവര്‍ വീണ്ടും അവനെ ഗുരുവിന്റെ പക്കല്‍ ഹാജരാക്കി. പക്ഷേ, ഇത്തവണയും ഗുരു നിശ്ശബ്ദനായി അവരെ കേട്ടതേയുള്ളൂ. അദ്ദേഹം ആ വിദ്യാര്‍ഥിയെ ശിക്ഷിച്ചില്ല.

ഗുരുവിന്റെ ഈ നിശ്ശബ്ദത വിദ്യാര്‍ഥികള്‍ക്കു തീരെ രസിച്ചില്ല. എങ്കിലും അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തില്ല. ഗുരുവിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടാവുമെന്ന് അവര്‍ കരുതി.

ദിവസങ്ങള്‍ കുറെ കഴിഞ്ഞു. മോഷണ വിരുതന്‍ വീണ്ടും മോഷണത്തിനു ശ്രമിച്ചു. ഇത്തവണയും അവന്‍ പിടിക്കപ്പെട്ടു. അവനെ ഗുരുവിന്റെ മുമ്പാകെ ഹാജരാക്കിയതോടൊപ്പം ഒരു മെമ്മോറാണ്ഡവും അവര്‍ ഗുരുവിനു സമര്‍പ്പിച്ചു. മോഷ്ടാവിനെ എത്രയും വേഗം അവിടെനിന്നു പറഞ്ഞുവിടുന്നില്ലെങ്കില്‍ തങ്ങള്‍ എല്ലാവരും ഗുരുവിനെ ഉപേക്ഷിച്ചു പോകുമെന്നായിരുന്നു അവരുടെ അറിയിപ്പ്.

മെമ്മോറാണ്ഡം വായിച്ചതിനുശേഷം ഗുരു അവരോടു പറഞ്ഞു: ''നിങ്ങളെല്ലാവരും നല്ല കുട്ടികളാണ്. ശരിയും തെറ്റും എന്താണെന്നു നിങ്ങള്‍ക്കറിയാം. നിങ്ങള്‍ ഇവിടെനിന്നു പോയാല്‍ നിങ്ങള്‍ക്കു വേറെ ഏതെങ്കിലും ഗുരുവിന്റെ സ്‌കൂളില്‍ പ്രവേശനം ലഭിക്കും. എന്നാല്‍ തെറ്റും ശരിയും എന്താണെന്ന് അറിയാത്ത ഈ സഹോദരന്റെ കാര്യം അങ്ങനെയല്ല. ഞാന്‍ അവനെ ഇവിടെ നിന്നു പറഞ്ഞയച്ചാല്‍ ആരാണ് അവനെ സ്വീകരിക്കുക?''

അല്പ നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഗുരു തുടര്‍ന്നു: ''ഇല്ല ഇവനെ പറഞ്ഞുവിടാന്‍ എനിക്കാവില്ല. അതിന്റെ പേരില്‍ നിങ്ങളെല്ലാവരും ഇവിടെനിന്നു പോയാലും കുഴപ്പമില്ല. നിങ്ങള്‍ക്കു നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാം.''


ഗുരുവിന്റെ ഈ വാക്കുകള്‍ കേട്ട ശിഷ്യന്മാര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അപ്പോള്‍ മോഷ്ടാവ് പൊട്ടിക്കരഞ്ഞുകൊണ്ടു ഗുരുവിന്റെ പാദങ്ങളില്‍ വീണു മാപ്പപേക്ഷിച്ചു.

മോഷണ വീരനായിരുന്ന ഈ വിദ്യാര്‍ഥി പിന്നീടെന്നെങ്കിലും മോഷണത്തിനു ശ്രമിച്ചിട്ടുണ്ടാകുമോ? അതിനു സാധ്യത കുറവാണ്. കാരണം, ഗുരുവിന്റെ ക്ഷമാപൂര്‍ണവും അനുകമ്പനിറഞ്ഞതുമായ പെരുമാറ്റം അവനെ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ടാകാനാണു സാധ്യത.

ആരെങ്കിലും എന്തെങ്കിലും കുറ്റം ചെയ്താല്‍ അധികാരമുള്ളവര്‍ കുറ്റക്കാരെ ശിക്ഷിക്കുക സ്വാഭാവികമാണ്. സമൂഹത്തിലായാലും കുടുംബങ്ങളിലായാലും ഇതാണു സ്ഥിതി. എന്നാല്‍ എപ്പോഴെങ്കിലും ഏതെങ്കിലും കുറ്റവാളിശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടാലോ? അപ്പോള്‍ ആ കുറ്റവാളിയെ എത്രയും വേഗം ശിഷിക്കണമെന്നു നാം മുറവിളികൂട്ടില്ലേ?

കുറ്റം ചെയ്യുന്നവര്‍ ന്യായമായ രീതിയില്‍ ശിക്ഷിക്കപ്പെടണമെന്നതു ശരിതന്നെ. എന്നാല്‍, അവര്‍ ശിക്ഷിക്കപ്പെടുന്നതോടൊപ്പം അവരെ രക്ഷിക്കുന്ന കാര്യത്തിലും നാം ശ്രദ്ധിക്കേണേ്ട? മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ ഗുരു അതാണു ചെയ്തത്.

തന്റെ ശിഷ്യനെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. എന്നാല്‍, കുറ്റം ചെയ്ത ആ വിദ്യാര്‍ഥിയെ ശിക്ഷിച്ചു നഷ്ടപ്പെടുത്തുന്നതിലേറെ അവനെ സ്‌നേഹിച്ചു രക്ഷിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്.

ഒരോരുത്തരും ഓരോരോ കുറ്റങ്ങള്‍ ചെയ്യുന്നതിന്റെ കാരണങ്ങള്‍ പലതാവാം. കാരണങ്ങള്‍ എന്താണെങ്കിലും കുറ്റങ്ങളെ ന്യായീകരിക്കാന്‍ നമുക്കു സാധിക്കുകയില്ല. അതുകൊണ്ടുതന്നെ കുറ്റങ്ങള്‍ക്കു തക്കതായ ശിക്ഷയും നല്‍കേണ്ടി വന്നേക്കാം. പക്ഷേ, അപ്പോഴെല്ലാം കുറ്റക്കാരെ രക്ഷപ്പെടുത്തി നല്ല വഴിയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിലായിരിക്കണം നമ്മുടെ ഊന്നല്‍ മുഴുവനും. അങ്ങനെ ചെയ്താല്‍ കുറ്റവാളികളുടെയും കുറ്റങ്ങളുടെയും എണ്ണം കുറയുമെന്നതില്‍ സംശയം വേണ്ട.

നമ്മുടെ ശ്രദ്ധ എപ്പോഴും മറ്റുള്ളവരെ രക്ഷിക്കുന്നതിലാവട്ടെ. അവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ അത്ര തിടുക്കം വേണ്ട. ശിക്ഷിക്കുന്ന ജോലി അധികാരമുള്ളവര്‍ സ്‌നേഹത്തോടും വിവേകത്തോടുംകൂടി മാത്രം ചെയ്യട്ടെ. അപ്പോള്‍ നമ്മുടെ ലോകത്തില്‍ കുറ്റങ്ങളും കുറ്റവാളികളും കുറയുകയായിരിക്കും ചെയ്യുക.
    
To send your comments, please clickhere