Jeevithavijayam
9/16/2019
    
പൊന്നിനേക്കാള്‍ വിലയുള്ള വാക്ക്
'അങ്ങു പറഞ്ഞ വാക്കുകള്‍ എനിക്കു ശരിക്കും മനസിലായി. ഞാന്‍ അത്ര മണ്ടിയൊന്നുമല്ല,'' മുഖം വീര്‍പ്പിച്ചുകൊണ്ട് പാര്‍വതി പരമശിവനോടു പറഞ്ഞു. ''അങ്ങയുടെ സൗന്ദര്യബോധവും എനിക്കു ശരിക്കു മനസിലായി.'' അറിയാതെ പറഞ്ഞുപോയ പാഴ്‌വാക്കുകള്‍. പക്ഷേ, പാര്‍വതിയെ അതിത്രമാത്രം വേദനിപ്പിക്കുമെന്ന് സ്വപ്‌നേപി കരുതിയില്ല. പാര്‍വതിയെ ആശ്വസിപ്പിക്കാന്‍ പരമശിവന്‍ വാക്കുകള്‍ പരതുമ്പോള്‍ പാര്‍വതി കണ്ണീരൊഴുക്കിക്കൊണ്ടു തുടര്‍ന്നു:

''എന്നാലും അങ്ങ് ഒരു കാര്യം ഓര്‍മിക്കാതിരുന്നതു കഷ്ടമായിപ്പോയി. ശരമെയ്താലുണ്ടാകുന്ന മുറിവുണങ്ങും. മഴുകൊണ്ട് മരം മുറിച്ചാലുണ്ടാകുന്ന മുറിവ് തളിരുകൊണ്ട് മറയ്ക്കപ്പെടും. എന്നാല്‍ മനസില്‍ ആഴത്തിലേല്‍ക്കുന്ന മുറിവ് ഉണങ്ങുമോ? എത്രനാള്‍ കഴിഞ്ഞാലും അതു പഴുത്തുതന്നെ കിടക്കില്ലേ?''

നിര്‍ത്താന്‍ പാര്‍വതിക്കു ഭാവമില്ലായിരുന്നു. പരമശിവന്റെ പകുതിതന്നെയായ പാര്‍വതി വീണ്ടും പൊട്ടിത്തെറിച്ചു: ''അങ്ങയുടെ വാക്ശരം എന്റെ ഹൃദയത്തില്‍ ആഴമേറിയ മുറിവാണുണ്ടാക്കിയിരിക്കുന്നത്. അഭിജ്ഞരായ ആളുകള്‍ വേണ്ടാത്ത വാക്കുകള്‍ ഉപയോഗിക്കുകയില്ല. സ്ത്രീഹൃദയം അറിയാവുന്നവരാരും അവരെ വാക്കുകൊണ്ട് മുറിവേല്പിക്കുകയില്ല. വാക്കു പൊന്നാണ്. അഭിജ്ഞര്‍ ധനത്തെക്കാള്‍ ഭംഗിയായി വാക്ക് ഉപയോഗിക്കുന്നു. പക്ഷേ, അങ്ങ് എന്തുകൊണ്ടാണ് ഇവയൊന്നും ഓര്‍മിക്കാതെപോയത്?''

ശിവനു മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു. താന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ അതു ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ എന്നു ശിവനു തോന്നി. തന്മൂലം പശ്ചാത്താപവിവശനായി ശിവന്‍ പാര്‍വതിയുടെ മുമ്പില്‍ തലതാഴ്ത്തിയിരുന്നു.

തോരാതൊഴുകുന്ന കണ്ണീര്‍ തുടച്ചുകൊണ്ട് പാര്‍വതി തുടര്‍ന്നു: ''ഞാന്‍ ഒരുകാര്യം തീര്‍ച്ചയാക്കിയിരിക്കുന്നു. സൗന്ദര്യം ലഭിക്കാന്‍വേണ്ടി ഞാന്‍ തപസിനൊരുങ്ങുകയാണ്. തപസനുഷ്ഠിച്ച് എന്റെ ശരീരവര്‍ണം ഞാന്‍ മാറ്റും. എനിക്കു കറുത്തനിറം തന്ന ബ്രഹ്മാവില്‍നിന്നുതന്നെ സുവര്‍ണനിറം ഞാന്‍ സ്വീകരിക്കും.''

പാര്‍വതി പറഞ്ഞാല്‍ പറഞ്ഞതുപോലെതന്നെ ചെയ്യും എന്ന് ശിവന് അറിയാമായിരുന്നു. എങ്കിലും ശിവന്‍ പാര്‍വതിയെ സാന്ത്വനിപ്പിക്കുവാന്‍ നോക്കി. താന്‍ പറഞ്ഞ കാര്യം ആലോചിക്കാതെ പറഞ്ഞുപോയതാണെന്നുവരെ ശിവന്‍ സൂചിപ്പിച്ചു.

പക്ഷേ, പാര്‍വതി തന്റെ തീരുമാനത്തില്‍നിന്നു പിന്മാറിയില്ല. അവള്‍ ആടയാഭരണങ്ങള്‍ ഉപേക്ഷിച്ചു മരവുരിയുടുത്ത് കഠിനതപസ് തുടങ്ങി.

പാര്‍വതി തപസിനുപോകാന്‍ തക്കവണ്ണം അവളെ പ്രകോപിപ്പിക്കുന്നതരത്തില്‍ ശിവന്‍ പറഞ്ഞതെന്താണെന്നോ? ശിവന്‍ പാര്‍വതിയെ വിവാഹം ചെയ്തതിനുശേഷം അവരുടെ താമസം വനത്തിലായിരുന്നു. ഇതു കാണാനിടയായ വിശ്വകര്‍മാവിന് അവരോട് അനുകമ്പ തോന്നി. അവര്‍ക്ക് കൈലാസത്തില്‍ ഒരു കൊട്ടാരം തീര്‍ത്തുകൊടുത്തു.

ഗോപുരങ്ങളും അകത്തളങ്ങളും ഉദ്യാനങ്ങളുമൊക്കെ നിറഞ്ഞ ആ മണിമാളിക പാര്‍വതിക്കും ശിവനും വളരെ ഇഷ്ടപ്പെട്ടു. ഒരുദിവസം ഈ കൊട്ടാരത്തിലെ ഉദ്യാനത്തിലിരുന്നു കാറ്റുകൊള്ളുമ്പോള്‍ ശിവന്‍ പാര്‍വതിയെ നോക്കി പറഞ്ഞു: ''വനത്തില്‍ വെയിലും ചൂടുമേറ്റു താമസിച്ചതുകൊണ്ടാണ് നീ കറുത്തുപോയത് എന്നായിരുന്നു എന്റെ വിശ്വാസം. എന്നാലിപ്പോള്‍ കൊട്ടാരത്തില്‍ താമസിച്ചിട്ടും നീ വെളുത്തില്ലല്ലോ. നീ യഥാര്‍ഥത്തില്‍ കറുത്തനിറമുള്ളവള്‍ തന്നെ. അതുകൊണ്ടായിരിക്കുമല്ലോ നിന്റെ അച്ഛന്‍ നിന്നെ കാളി എന്നു പേരുവിളിച്ചത്. കറുത്തത് എന്ന അര്‍ഥമുള്ള കാളി എന്ന പേര് നിനക്കു നന്നായി യോജിക്കും.''


പറയരുതാത്ത കാര്യമായിരുന്നു ശിവന്‍ പറഞ്ഞുപോയത്. ആലോചനകൂടാതെ ശിവന്‍ പറഞ്ഞുപോയ ഈ വാക്കുകളാണ് പാര്‍വതിയുടെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്പിച്ചത്. ശൂലത്തെക്കാള്‍ കൂര്‍ത്തതാണ് തന്റെ നാവെന്നു ശിവന്‍ വളരെ വൈകിമാത്രമാണ് അറിഞ്ഞത്.

ഹൈന്ദവവിശ്വാസമനുസരിച്ച് ത്രിമൂര്‍ത്തികളിലൊരുവന്‍ തന്നെയായ പരമശിവനെ തന്റെ നാക്കു ചതിച്ചെങ്കില്‍ സാധാരണക്കാരായ നമ്മുടെ കാര്യം പറയണമോ?

നാമാരും മറ്റുള്ളവരെ മനഃപൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടി ഒന്നുംതന്നെ പറയുന്നില്ലായിരിക്കാം. എന്നാല്‍ ആലോചനകൂടാതെ പലപ്പോഴും നാം പറയുന്ന ഓരോരോ കാര്യങ്ങള്‍ മറ്റുള്ളവരെ ആഴത്തില്‍ വേദനിപ്പിക്കുന്നുണ്ട് എന്നതില്‍ സംശയം വേണ്ട.

പലപ്പോഴും അല്പംപോലും നിയന്ത്രണമില്ലാതെയല്ലേ മറ്റുള്ളവരെപ്പറ്റി പല അഭിപ്രായങ്ങളും നാം പറയുന്നത്? അതുപോലെ ന്യായമായ അടിസ്ഥാനമില്ലാതെയല്ലേ പല കുറ്റാരോപണങ്ങളും മറ്റുള്ളവരുടെമേല്‍ നാം ഉന്നയിക്കുന്നത്? നമ്മുടെ നാവില്‍ക്കൂടി പുറത്തുവരുന്ന പല കാര്യങ്ങളും മറ്റുള്ളവര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്നവയല്ലേ?

പലരുടെയും നാവുകള്‍ അവരുടെ മൂക്കുകള്‍ തകര്‍ക്കപ്പെടാന്‍ ഇടയാക്കുന്നു എന്ന് ഏതോ ഒരു ഗ്രന്ഥകാരന്‍ എഴുതിയതായി ഓര്‍മിക്കുന്നു. ഒരുപക്ഷേ നമ്മുടെ നാവുമൂലം മൂക്കിന് ഇതുവരെ പരിക്കൊന്നും ഏറ്റിട്ടില്ലായിരിക്കാം. എന്നാല്‍ അതുകൊണ്ട് നമ്മുടെ നാവുകള്‍ ആരെയും വേദനിപ്പിക്കാനിടയാക്കുന്നില്ല എന്നു നാം കരുതേണ്ട. പലപ്പോഴും മറ്റുള്ളവരുടെ മാന്യതകൊണ്ട് അവര്‍ നിശ്ശബ്ദത പാലിക്കുന്നു എന്നു നാം കരുതിയാല്‍മതി.

ക്രിസ്തുവിനുമുമ്പ് ആറാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന ഈസോപ്പിനെക്കുറിച്ച് ഒരു കഥയുണ്ട്: സാരോപദേശകഥകള്‍ പറഞ്ഞുകൊടുക്കുന്നതില്‍ അതിനിപുണനായിരുന്ന ഈസോപ്പിനെ സമീപിച്ച് ഒരാള്‍ ചോദിച്ചു: ''ലോകത്തില്‍ ഏറ്റവും ഉപയോഗപ്രദമായിട്ടുള്ളതെന്താണ്?'' അപ്പോള്‍ ഈസോപ്പ് പറഞ്ഞു: ''നാവ.്''

''എങ്കില്‍ ലോകത്തില്‍ ഏറ്റവും ഉപദ്രവകാരിയായിട്ടുള്ളതെന്താണ്?''

''അതും നാവുതന്നെ.''

ഈസോപ്പ് പറഞ്ഞതില്‍ വളരെ കാര്യമുണ്ട്. നമ്മുടെ നാവുകൊണ്ട് നമുക്കു ചെയ്യാവുന്ന നന്മയ്ക്കു കണക്കില്ല. അതുപോലെതന്നെ നമ്മുടെ നാവുകൊണ്ട് നമുക്കു ചെയ്യാവുന്ന തിന്മയ്ക്കും കണക്കില്ല. പക്ഷേ, നാവുകൊണ്ട് മറ്റുള്ളവര്‍ക്കു ചെയ്യാവുന്ന നന്മയെക്കുറിച്ച് നമ്മിലെത്രപേര്‍ക്ക് അവബോധമുണ്ട്? അതുപോലെ നാവുവഴി മറ്റുള്ളവര്‍ക്ക് ചെയ്യാനിടയുള്ള തിന്മയെക്കുറിച്ച് നമ്മിലെത്രപേര്‍ക്ക് ആശങ്കയുണ്ട്?

പാര്‍വതി ശിവനോടു പറഞ്ഞതുപോലെ ധനത്തെക്കാള്‍ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നാണ് വാക്ക്. വാക്കുകളില്‍ ശ്രദ്ധയുള്ളവരായിരുന്നാല്‍ ആരെയും വേദനിപ്പിക്കുവാനിടയാകില്ല എന്നതാണ് വസ്തുത. അതുപോലെതന്നെ ശ്രദ്ധയോടെ വാക്കുകള്‍ ഉപയോഗിച്ചാല്‍ അതു മറ്റുള്ളവര്‍ക്കും നമുക്കും ഏറെ ഗുണം ചെയ്യുമെന്നതും മറക്കേണ്ട.

ഇനി പാര്‍വതിയുടെ കഥയിലേക്കു മടങ്ങിവരട്ടെ: തന്റെ കറുത്ത നിറം മാറി സ്വര്‍ണനിറമാകാന്‍വേണ്ടി തപസനുഷ്ഠിച്ച പാര്‍വതിക്ക് ആ ലക്ഷ്യം സാധിച്ചു. പാര്‍വതി വീണ്ടും പരമശിവനോടു ലോഹ്യത്തിലാവുകയും ചെയ്തു. അതിനുശേഷം ആലോചനകൂടാതെ ഒരു വാക്കും ശിവന്‍ പാര്‍വതിയോടു പറഞ്ഞിട്ടില്ലത്രേ.
    
To send your comments, please clickhere