Jeevithavijayam
9/18/2019
    
സൗഹൃദം പുതുക്കൂ, സന്തോഷം പങ്കുവയ്ക്കൂ
ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെയും ഇമെയിലിന്റെയും കാലമാണ്. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ കേരളത്തിലുമെത്തിയിരിക്കുന്നതുകൊണ്ട് ലോകത്തിന്റെ ഏതുഭാഗത്തുനിന്നുമുള്ള വാര്‍ത്തകളും വിവരങ്ങളുമൊക്കെ നിമിഷംകൊണ്ട് ഇന്റര്‍നെറ്റിലൂടെ നമുക്ക് അറിയാന്‍ സാധിക്കുന്നുണ്ട്.

ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന ഇമെയില്‍ സൗകര്യം അതിന്റെ ഉപയോഗത്തിനു ഭാഗ്യം ലഭിച്ചിരിക്കുന്നവര്‍ക്ക് വലിയൊരു അനുഗ്രഹം തന്നെയാണ്. ഇമെയില്‍ സൗകര്യമുള്ളവരെ സംബന്ധിച്ചിടത്തോളം ലോകത്തിന്റെ ഏതുഭാഗത്തുനിന്നും നിമിഷനേരംകൊണ്ട് അവര്‍ക്ക് പരസ്പരം കംപ്യൂട്ടറിലൂടെ ബന്ധപ്പെടാന്‍ സാധിക്കും.

ഇമെയിലിനോടൊപ്പം ഇപ്പോള്‍ വോയ്‌സ് ഇമെയിലും ആരംഭിച്ചിട്ടുണ്ട്. അതായത് കംപ്യൂട്ടറിലേക്കു ടൈപ്പ് ചെയ്യുന്നതിനുപകരം ഇമെയിലില്‍ നാം ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ വെറുതെ പറഞ്ഞാല്‍ മതി. നാം പറയുന്ന കാര്യങ്ങള്‍ അപ്പോള്‍ വോയ്‌സ് ഇ മെയില്‍ വഴി നിമിഷനേരത്തിനുള്ളില്‍ മേല്‍വിലാസക്കാരന് എത്തിക്കൊള്ളും.

ഇമെയില്‍ സൗകര്യം പലരീതിയിലും വളരെ സൗകര്യപ്രദമാണ്. ഉദാഹരണമായി ലോകത്തിന്റെ ഏതുഭാഗത്തുപോയാലും അവിടെ ഇന്റര്‍നെറ്റ് സൗകര്യമുണെ്ടങ്കില്‍ അതിലൂടെ നമ്മുടെ ഇമെയില്‍ നമുക്കു സ്വീകരിക്കാന്‍ സാധിക്കും. അതായത്, കംപ്യൂട്ടറിലൂടെ നമുക്കു വരുന്ന എഴുത്തുകളും മറ്റും നമുക്ക് എവിടെയിരുന്നും വായിക്കാമെന്നു ചുരുക്കം.

പക്ഷേ, ഇമെയില്‍ സൗകര്യം ചിലപ്പോള്‍ ഒരു തലവേദനയായി നമുക്കു മാറിയെന്നിരിക്കും. നമ്മുടെ ഇമെയില്‍ അഡ്രസ് അറിയാവുന്ന ആര്‍ക്കുവേണമെങ്കിലും ആവശ്യമില്ലാത്ത വിവരങ്ങള്‍ നമ്മുടെ പേരില്‍ അയച്ചുതരാം. അവയെല്ലാം വായിച്ചുനോക്കി നമുക്കു വേണ്ടാത്തവ തള്ളിക്കളയണമെങ്കില്‍ അതിനു കുറച്ചു സമയം വേണ്ടിവരും.

ഇമെയിലിനെക്കുറിച്ച് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത് അടുത്തയിടെ ഇ മെയില്‍ വഴി ലഭിച്ച ഒരു ചെയിന്‍ ലെറ്ററിനെക്കുറിച്ചു പറയാന്‍ വേണ്ടിയാണ്. സാധാരണ ചെയിന്‍ ലെറ്റര്‍ അയയ്ക്കുന്നത് പ്രാര്‍ഥനയുമായി ബന്ധപ്പെട്ടാണ്. ഒരു പ്രത്യേക പ്രാര്‍ഥനയുടെ നിരവധി കോപ്പികളെടുത്തു പലര്‍ക്ക് അയച്ചുകൊടുത്താല്‍ ഇതുവഴി ഉദ്ദിഷ്ടകാര്യം സാധിക്കുമെന്ന പ്രതീക്ഷയിലാണ് പലരും ചെയിന്‍ ലെറ്ററുകള്‍ അയയ്ക്കുന്നത്.

ഇമെയില്‍ വഴി ലഭിച്ച ചെയിന്‍ ലെറ്റര്‍ ഇതില്‍നിന്നു വിഭിന്നമായിരുന്നു. ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തില്‍നിന്നു ലഭിച്ച ചെയിന്‍ ലെറ്റര്‍ ഇമെയിലിലൂടെ അയച്ചുതരികയായിരുന്നു. ഇ മെയിലിലൂടെ ലഭിച്ച ആ കത്തിലെ ആദ്യഭാഗം ഒരു കഥയാണ്:

ഒരു നഗരത്തില്‍ താമസിക്കുന്ന രണ്ടു സുഹൃത്തുക്കള്‍. ചെറുപ്പത്തില്‍ അവര്‍ കളിക്കൂട്ടുകാരായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ അവര്‍ വ്യത്യസ്ത ജോലികളിലായി. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ത്തന്നെ അവര്‍ വിവാഹിതരുമായി. അതിനുശേഷം അവര്‍ക്ക് വലിയ തിരക്കായി. തന്മൂലം പരസ്പരം കാണാനോ ഫോണില്‍ വിളിക്കാനോപോലും സാധിച്ചില്ല. വര്‍ഷത്തിലൊരിക്കല്‍ ഒരു ക്രിസ്മസ് കാര്‍ഡ് അയച്ചെങ്കിലായി.

അവര്‍ ഇരുവരും മനസില്‍ പറഞ്ഞു: ''ഞാന്‍ നാളെ എന്റെ സുഹൃത്തിനെ കാണും. സൗഹൃദം പുതുക്കും. സന്തോഷം പങ്കുവയ്ക്കും.''

പക്ഷേ, അവരുടെ ''നാളെ'' എന്നും നീണ്ടുനീണ്ടുപോയി. അവര്‍ പരസ്പരം വിളിച്ചില്ല, കണ്ടില്ല. അങ്ങനെയിരിക്കുമ്പോള്‍ അവരിലൊരാള്‍ക്ക് ഒരു ടെലിഗ്രാം ലഭിച്ചു. അതിപ്രകാരമായിരുന്നു: ''നിങ്ങളുടെ സുഹൃത്തായ ജിം ഇന്നലെ മരിച്ചു. അഡ്രസ്‌ലിസ്റ്റില്‍ പേരു കണ്ടതുകൊണ്ട് വിവരം അറിയിക്കുന്നു.''


ഈ കഥ പറഞ്ഞതിനുശേഷം ചെയിന്‍ ലെറ്റര്‍ ഇപ്രകാരം തുടരുന്നു:

''നിങ്ങള്‍ക്ക് സുഹൃത്തുക്കളുണെ്ടങ്കില്‍ അവരോടു ബന്ധപ്പെടുവിന്‍. നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയാണ് നിങ്ങള്‍ ഇപ്പോള്‍ ആരായിരിക്കുന്നുവോ അതായിത്തീരാന്‍ സഹായിച്ചത്. അവരെ മറക്കാതെ അവരോടു നിരന്തരം ബന്ധം പുലര്‍ത്തുവിന്‍.

''ഈ കഥയും ഇതിലെ കാര്യവും നിങ്ങളുടെ സുഹൃത്തുക്കളെ അറിയിച്ചാല്‍ തീര്‍ച്ചയായും നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ ഇതു വലിയ മാറ്റം വരുത്തും.

''ഈ കത്തുകിട്ടി ഒരുമണിക്കൂറിനകം ഇതിന്റെ കോപ്പി മറ്റു സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കണം. അപ്പോള്‍ നിങ്ങളുടെ സുഹൃദ്ബന്ധത്തില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും. നഷ്ടപ്പെട്ടുപോയ നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങള്‍ക്കു തിരികെ ലഭിക്കും. നിങ്ങളുടെ സുഹൃദ്ബന്ധത്തിന്റെ ഊഷ്മളത ഏറെ വര്‍ധിക്കും. ഈ കത്തിന്റെ കോപ്പി നിങ്ങള്‍ അയയ്ക്കുന്നില്ലെങ്കില്‍ ജീവിതം സുന്ദരവും മനോഹരവുമാക്കാന്‍ നിങ്ങള്‍ക്കു ലഭിച്ച അവസരം നിങ്ങള്‍ വീണ്ടും കളഞ്ഞുകുളിക്കുകയാണ്.

''നിങ്ങളുടെ കാര്യത്തില്‍ മറ്റൊരാള്‍ക്കു താല്‍പര്യം ഉള്ളതുകൊണ്ടല്ലേ നിങ്ങള്‍ക്ക് ഈ കത്തു ലഭിച്ചത്? അതുപോലെ മറ്റുള്ളവരുടെ കാര്യത്തില്‍ നിങ്ങളും താല്‍പര്യം പ്രകടിപ്പിക്കണേ്ട?

''നിങ്ങള്‍ ഈ കത്ത് എത്രയും കൂടുതല്‍ പേര്‍ക്ക് അയയ്ക്കുന്നുവോ അത്രയും കൂടുതല്‍ ഭാഗ്യം നിങ്ങള്‍ക്കുണ്ടാകും. അത്രയും കൂടുതല്‍ സ്‌നേഹം നിങ്ങള്‍ക്കു ലഭിക്കും.''

ദീര്‍ഘമായ ചെയിന്‍ ലെറ്റര്‍ ഇവിടെ നിര്‍ത്തുകയാണ്. വായിക്കാന്‍ രസമുള്ള ഈ ചെയിന്‍ ലെറ്ററില്‍ ഒട്ടേറെ യാഥാര്‍ഥ്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. നമ്മില്‍ പലരും മറന്നുപോകുന്ന യാഥാര്‍ഥ്യങ്ങളാണിവ.

ജീവിതത്തില്‍ സ്‌നേഹവും സൗഹൃദവും എന്നും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മിലെത്രപേര്‍ മറ്റുള്ളവര്‍ക്കു സ്‌നേഹവും സൗഹൃദവും സമ്മാനിക്കാനുള്ള സന്നദ്ധത കാണിക്കുന്നുണ്ട്? മറ്റുള്ളവര്‍ക്കു സ്‌നേഹവും സൗഹൃദവും സമ്മാനിക്കുകവഴി നമുക്കു തിരികെ ലഭിക്കുന്നത് അവതന്നെയല്ലേ?

ആരും നമ്മെ പരിഗണിക്കുന്നില്ലെന്നും സ്‌നേഹിക്കുന്നില്ലെന്നും നാം പരാതി പറയാറുണേ്ടാ? എങ്കില്‍ നാം ആരെയും സ്‌നേഹിക്കാതിരുന്നിട്ടും പരിഗണിക്കാതിരുന്നിട്ടും ആണെന്നു കരുതിയാല്‍ മതി.

ചെയിന്‍ ലെറ്റര്‍ അയച്ച സുഹൃത്ത് വെറും തമാശയ്ക്കുവേണ്ടി അയച്ചതായിരുന്നില്ല അത്. അദ്ദേഹത്തിന് അതില്‍ പറഞ്ഞിരുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. തന്മൂലമാണ് ദീര്‍ഘമായ ആ കത്ത് ടൈപ്പ് ചെയ്ത് ഇമെയിലായി അയയ്ക്കാന്‍ അദ്ദേഹം തയാറായത്.

ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയുമൊക്കെ ആഗ്രഹിക്കുന്നുണെ്ടങ്കില്‍ സുഹൃദ്ബന്ധങ്ങള്‍ക്കു നമ്മുടെ ജീവിതത്തില്‍ അവ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയേ മതിയാകൂ. നമുക്കാവശ്യമുള്ളപ്പോള്‍ മാത്രം സുഹൃത്തുക്കളെ തിരക്കിപ്പോയാല്‍ അധികംപേരെ കണെ്ടത്തുകയില്ലെന്നു തീര്‍ച്ചയാണ്.

മറ്റുള്ളവര്‍ക്കു സ്‌നേഹവും സൗഹൃദവും സമ്മാനിക്കുന്നതിനു നമുക്ക് എപ്പോഴും ശ്രദ്ധിക്കാം. അപ്പോള്‍ നമ്മുടെ ജീവിതവും സ്‌നേഹവും സൗഹൃദവുംകൊണ്ട് നിറഞ്ഞുകൊള്ളും.
    
To send your comments, please clickhere