Jeevithavijayam
10/14/2019
    
ഭയം കടന്നുവരുമ്പോള്‍
പുരാതന റോമിലെ നേതാക്കളിലൊരാളായിരുന്നു ടെറ്റസ് ആനിയൂസ് മിലോ (9547 ബി.സി.). എന്നാല്‍ അക്കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹം അധികാരികളുടെ അപ്രീതിക്കു പാത്രമായി. മാത്രമല്ല, കുറ്റമാരോപിച്ച് അധികാരികള്‍ അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു.

മിലോയുടെ കേസ് കോടതിയില്‍ വിചാരണയ്ക്കു വന്നപ്പോള്‍ അദ്ദേഹത്തിനു വേണ്ടി വാദിക്കാനെത്തിയതു മാര്‍ക്കസ് ടുള്ളയസ് സിസറോ (10643 ബി.സി) ആയിരുന്നു. മികച്ച പണ്ഡിതനും പ്രഗല്ഭ വാഗ്മിയുമായിരുന്ന സിസറോ, മിലോയുടെ ആത്മാര്‍ഥ സുഹൃത്തായിരുന്നു. മാത്രമല്ല, സിസറോയ്ക്കു മിലോയോടു വലിയ കടപ്പാടുമുണ്ടായിരുന്നു. ഒരു കാലത്തു റോമന്‍ ഭരണാധികാരികള്‍ നാടുകടത്തിയ സിസറോയെ തിരികെ കൊണ്ടുവന്നതു മിലോ ആയിരുന്നു.

തന്റെ ആത്മമിത്രവും ഗുണകാംക്ഷിയുമായ മിലോയ്ക്കുവേണ്ടി കേസ് വാദിക്കാന്‍ സിസറോ കോടതിയിലെത്തി. പക്ഷേ, പെട്ടെന്നുണ്ടായ ഭയംമൂലം ശരിയായ രീതിയില്‍ കേസ് വാദിക്കുന്നതില്‍ സിസറോ പരാജയപ്പെട്ടു. മിലോയുടെ കേസ് വാദിക്കുന്നതില്‍ സിസറോയ്ക്കു നേരിട്ട പരാജയം മിലോയുടെ നാടുകടത്തലിലാണ് കലാശിച്ചത്.

തന്റെ സുഹൃത്തും ഗുണകാംക്ഷിയുമായ മിലോയെ രക്ഷിക്കുന്നതില്‍ തനിക്കു നേരിട്ട പരാജയം സിസറോയെ തളര്‍ത്തി. എങ്കിലും തന്റെ പരാജയത്തിനുള്ള ഒരു പരിഹാരമെന്നനിലയില്‍ സിസറോ മിലോയുടെ കേസ് വീണ്ടും ശരിക്കു പഠിച്ചു. എന്നിട്ട്, കോടതിയില്‍ താന്‍ എങ്ങനെയായിരുന്നോ ആ കേസ് വാദിക്കേണ്ടിയിരുന്നത് അതുപോലെ തന്റെ വാദം മുഴുവനും അദ്ദേഹം കടലാസില്‍ എഴുതി. അതിനുശേഷം അതിന്റെ കോപ്പി മിലോയ്ക്ക് അയച്ചുകൊടുത്തു.

ലത്തീന്‍ഭാഷയില്‍ രചിക്കപ്പെട്ട ''പ്രോ മിലോനെ'' എന്ന സിസറോയുടെ ആ പ്രസംഗത്തിന്റെ കോപ്പി ഇപ്പോഴും ലഭ്യമാണ്. ലത്തീന്‍ഭാഷാ വിദ്യാര്‍ഥികള്‍ പലപ്പോഴും പഠിക്കുന്ന ഈ പ്രസംഗത്തിന്റെ പ്രത്യേകത സിസറോ തന്റെ ഭയത്തെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നു എന്നുളളതാണ്. തന്റെ ഭയത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ട് അതിനുള്ള കാരണം അടിസ്ഥാനരഹിതമാണെന്നു വാദിക്കുന്ന സിസറോ യഥാര്‍ഥത്തില്‍ വളരെ തന്ത്രപരമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

മിലോയുടെ വിധികര്‍ത്താക്കളായ ജഡ്ജിമാരും അധികാരികളെ ഭയപ്പെട്ടിരുന്നു. എന്നാല്‍, ജഡ്ജിമാര്‍ അധികാരികളെ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഭയംകൂടാതെ മിലോയുടെ കേസ് വാദിക്കണമെന്നും അവരെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു സിസറോ തന്റെ ഭയത്തെക്കുറിച്ചും അതിന്റെ അടിസ്ഥാനരാഹിത്യത്തെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ടു വാദം തുടങ്ങിയത്.

''പ്രോ മിലോനെ'യില്‍ സിസറോ എഴുതിയിരിക്കുന്നതുപോലെ കോടതിയില്‍ നേരത്തേ വാദിക്കുവാന്‍ സിസറോയ്ക്കു സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മിലോ ശിക്ഷിക്കപ്പെടുമായിരുന്നില്ല. എന്നാല്‍ ഭയത്തിനടിപ്പെട്ട സിസറോയ്ക്ക് അതു സാധിച്ചില്ല. തന്മൂലം മിലോയ്ക്കു നാടുകടത്തല്‍ എന്ന ശിക്ഷ അനുഭവിക്കേണ്ടിവന്നു.


ഭയം! എല്ലാ മനുഷ്യരും ഒരവസരത്തിലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അനുഭവിക്കുന്ന പ്രത്യേക പ്രതിഭാസമാണത്. നാം അറിയാതെയാണ് ഓരോരോ രീതിയില്‍ പലപ്പോഴും ഭയം നമ്മിലേക്കു കടന്നുവരുന്നത്. തന്മൂലം ഭയത്തിനടിപ്പെട്ടു വെറുതെ വിറകൊളളാനല്ലാതെ ഭയത്തില്‍നിന്നു മോചിതരാകാന്‍ നമുക്കു സാധിക്കാതെ പോകുന്നു.

സിസറോ പ്രസംഗിക്കുന്നതിലും കേസ് വാദിക്കുന്നതിലുമൊക്കെ ബഹുകേമനായിരുന്നു. പക്ഷേ, അകാരണമായുണ്ടായ ഭയം അദ്ദേഹത്തെ തളര്‍ത്തി. തന്മൂലം കോടതിയില്‍ മിലോയ്ക്കുവേണ്ടി നടത്തിയ വാദം വലിയ പരാജയമായി.

നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത് ഇതുപോലെയാണ്. ശരിയായ കാരണംകൂടാതെ പലപ്പോഴും നാം ഭയത്തിന് അടിമകളാകുന്നു. അതുവഴി നമ്മുടെ ജീവിതം പരാജയത്തില്‍ കലാശിക്കുന്നു.

ജീവിതത്തില്‍ ന്യായമായുള്ള ഭയം നമുക്കു നല്ലതുതന്നെ. ഉദാഹരണമായി വന്യമൃഗങ്ങളോടും ഹിംസ്രജന്തുക്കളോടും നമുക്കുള്ള ഭയം അവയില്‍നിന്ന് അകന്നു നില്ക്കാന്‍ സഹായിക്കും. എന്നാല്‍, വനത്തില്‍ കഴിയുന്ന വന്യമൃഗങ്ങളെയോര്‍ത്ത് അകലെ സുരക്ഷിതസ്ഥാനത്തിരുന്നുകൊണ്ടു നാം ഭയപ്പെടണോ? അവ നമ്മുടെ അടുത്തുവരുന്ന സാഹചര്യം ഉണ്ടാകട്ടെ, അല്ലെങ്കില്‍, അവയുടെ അടുത്തു നമുക്കു പോകേണ്ടിവരുന്ന അവസരമുണ്ടാകട്ടെ; അപ്പോള്‍ വന്യമൃഗങ്ങളെക്കുറിച്ചു ഭയപ്പെടുന്നതില്‍ അര്‍ഥമുണ്ട്. എങ്കില്‍പ്പോലും ഇങ്ങനെയുള്ള അവസരങ്ങളിലും ഭയപ്പെടാന്‍ മതിയായ കാരണമുണേ്ടാ എന്നല്ല നാം അന്വേഷിക്കേണ്ടത്. പ്രത്യുത, എങ്ങനെയാണ് അപകട സാഹചര്യം തരണം ചെയ്യുവാന്‍ സാധിക്കുക എന്നാണ് ആലോചിക്കേണ്ടത്.

ഗാന്ധിജി എഴുതിയ ഒരു പ്രാര്‍ഥനയില്‍ ഇപ്രകാരം കാണുന്നു: ''ഭൂമിയില്‍ ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ദൈവത്തെ മാത്രമേ ഞാന്‍ ഭയപ്പെടുകയുള്ളൂ.'' ആരെയും ഒന്നിനെയും ഭയപ്പെടാതെ ജീവിക്കുവാന്‍ ശ്രമിച്ചയാളാണ് ഗാന്ധിജി. ഗാന്ധിജിക്കു ദൈവത്തെ ഭയമുണ്ടായിരുന്നു. പക്ഷേ, പേടിപ്പെടുത്തുന്ന ഭയമായിരുന്നില്ല അത്. പ്രത്യുത സ്‌നേഹത്തിലധിഷ്ഠിതമായ ഭയം.

ദൈവത്തെയൊഴികെ ആരെയും ഒന്നിനെയും നാം പേടിക്കേണ്ട കാര്യമില്ല. എന്നാല്‍, നാം ദൈവത്തെ സ്‌നേഹിക്കുന്നവരാണെങ്കില്‍ അവിടുത്തെപ്പോലും നാം പേടിക്കേണ്ടതില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നുമാത്രമല്ല, അവിടുത്തെ ശക്തിവഴി ഏതു ഭയത്തില്‍നിന്നും മോചനം നേടുവാന്‍ നമുക്കു സാധിക്കും.

നമ്മെ ഭയപ്പെടുത്തുന്ന ശക്തികളെയും ജീവിതസാഹചര്യങ്ങളെയും നാം അഭിമുഖീകരിക്കുമ്പോള്‍ നാം തിരിയേണ്ടതു നമ്മെ സ്‌നേഹിക്കുന്ന ദൈവത്തിലേക്കാണ്. കാരണം, നമ്മുടെ സകലഭയങ്ങളെയും ദൂരീകരിക്കുവാനുള്ള ശക്തിയും സന്നദ്ധതയും അവിടുത്തേക്കുണ്ട്.
    
To send your comments, please clickhere