Jeevithavijayam
10/17/2019
    
നമ്മെ ശക്തിപ്പെടുത്തുന്ന സാന്നിധ്യം
ആടുകളെ മേയിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് അടുത്തുള്ള ഒരു മുള്‍പ്പടര്‍പ്പില്‍നിന്ന് അഗ്‌നി ഉയരുന്നതുകണ്ടത്.

ആളിക്കത്തുന്ന അഗ്‌നി. പക്ഷേ അതിനിടയിലും ആ മുള്‍പ്പടര്‍പ്പ് പച്ചകെടാതെ നില്‍ക്കുന്നു. ഇതെന്തു വിസ്മയം! കൗതുകം അടക്കാനാവാതെ അദ്ദേഹം മുള്‍പ്പടര്‍പ്പിലേക്കു നടന്നടുത്തു.

പെട്ടെന്നൊരു അശരീരി:

''മൂശേ!... മൂശേ!''

അദ്ദേഹത്തിനു തന്റെ കാതുകളെ വിശ്വസിക്കാനായില്ല. എങ്കിലും അദ്ദേഹം പറഞ്ഞു:

''ഇതാ, ഞാന്‍.''

ആ അശരീരി ശബ്ദം ദൈവത്തിന്റേതായിരുന്നു. അവിടുന്ന് അന്നു മൂശെയെ തേടിയിറങ്ങിയതായിരുന്നുമൂശെയെ ആ ദൗത്യമേല്പിക്കാന്‍.

എന്തായിരുന്നു അന്നു ഹോറിബ് മലയിലെ മുള്‍പ്പടര്‍പ്പില്‍ ദൈവം മൂശെയ്ക്കു നല്‍കിയ ദൗത്യം? മിദിയാനിലെ സുരക്ഷിതത്വവും സുഖജീവിതവും വെടിഞ്ഞ് ഈജിപ്തിലേക്കു മടങ്ങുക. അവിടെ ഫറവോന്റെ ചാട്ടവാറടിയേറ്റു ജീവിക്കുന്ന ഇസ്രയേല്‍ മക്കളെ രക്ഷിക്കുക.

ഇസ്രയേല്‍ ജനത്തിന്റെ മോചനംഅതെന്നും മൂശെയുടെ സ്വപ്നമായിരുന്നു. ഫറവോന്റെ രാജധാനിയില്‍ രാജകുമാരനെപ്പോലെയാണ് മൂശെ വളര്‍ന്നതെങ്കിലും താന്‍ ഇസ്രയേല്‍ക്കാരനാണെന്നു മൂശെയ്ക്ക് അറിയാമായിരുന്നു. തന്മൂലമാണ് ഒരു ഈജിപ്തുകാരന്‍ ഒരു ഇസ്രയേല്‍ക്കാരനെ ക്രൂരമായി മര്‍ദിക്കുന്നതു കണ്ടപ്പോള്‍ ഒറ്റയടിക്ക് ആ ഈജിപ്തുകാരനെ മൂശെ വകവരുത്തിയത്.

പക്ഷേ, ആ സംഭവം കഴിഞ്ഞപ്പോള്‍ മൂശെയ്ക്കു പിന്നെ രാജസന്നിധിയില്‍ തുടരാന്‍ കഴിഞ്ഞില്ല. ഫറവോന്‍ രാജാവിന്റെ അപ്രീതി ഭയന്ന് അയല്‍ രാജ്യമായ മിദിയാനിലേക്ക് അദ്ദേഹത്തിന് ഓടിയൊളിക്കേണ്ടിവന്നു. അവിടെയെത്തി സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചു: സസുഖം ജീവിക്കുമ്പോഴാണ് ഹോറിബിലെ മുള്‍പ്പടര്‍പ്പില്‍വച്ച് ദൈവം മൂശെയെ വിളിച്ചത്.

മൂശെ ദൈവത്തിന്റെ സ്വരത്തിനു കാതോര്‍ത്തുനില്‍ക്കുമ്പോള്‍ അവിടുന്നു പറഞ്ഞു: ''ഈജിപ്തിലെ എന്റെ ജനത്തിന്റെ അടിമത്തം ഞാന്‍ കണ്ടു. അവരുടെ നിലവിളി ഞാന്‍ കേട്ടു. അവരുടെ വേദന ഞാന്‍ കാണുന്നു. അവരെ രക്ഷിക്കുവാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. പാലും തേനും ഒഴുകുന്ന കാനാന്‍ ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുപോകും.''

മൂശെയുടെ കാതിന് ഇമ്പംപകരുന്ന വാക്കുകളായിരുന്നു ഇവ. തന്റെ ജനത്തിന്റെ മോചനം ഉടനേ യാഥാര്‍ഥ്യമാകുമല്ലോ എന്നോര്‍ത്തു മൂശെ സന്തോഷിച്ചു നില്‍ക്കുമ്പോള്‍ വീണ്ടും ദൈവത്തിന്റെ സ്വരം. അവിടുന്നു പറഞ്ഞു: ''നിന്നെ ഞാനൊരു ദൗത്യമേല്പിക്കുന്നു. നീ ഫറവോന്റെ കൊട്ടാരത്തിലേക്കു പോകണം. എന്റെ ജനത്തെ നീ ഈജിപ്തില്‍നിന്നു വിമോചിപ്പിക്കണം.''

ദൈവത്തിന്റെ സന്ദേശംകേട്ട മൂശെ ഞെട്ടി. വിറയാര്‍ന്ന സ്വരത്തില്‍ അദ്ദേഹം ദൈവത്തോടു ചോദിച്ചു: ''ഫറവോയുടെ അടുക്കലേക്ക് എന്നെ അയയ്ക്കുവാന്‍ ഞാന്‍ ആരാണ്?''

താന്‍ ആരുമല്ല, ഒന്നുമല്ല എന്ന ചിന്തയാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കുവാന്‍ മൂശെയെ പ്രേരിപ്പിച്ചത്. തന്റെ കഴിവും കഴിവുകേടുമൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു. ആട്ടിടയനായ തനിക്ക് ഇസ്രയേല്‍ ജനത്തിന്റെ നായകനാകുവാന്‍ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷയില്ലായിരുന്നു. എന്നുമാത്രമല്ല ഒരു ഈജിപ്തുകാരനെ കൊന്ന സംഭവം തന്നെ വേട്ടയാടുവാന്‍ വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.


ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് തന്നെ വെറുതെ വിടാന്‍ മൂശെ ദൈവത്തോടു പറഞ്ഞത്. പക്ഷേ, മൂശെയെത്തേടി ഭൂമിയിലേക്കിറങ്ങിവന്ന ദൈവമുണേ്ടാ അദ്ദേഹത്തെ വെറുതെവിടുന്നു. അവിടുന്നു മൂശെയോടു പറഞ്ഞു: ''ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും.''

ദൈവത്തിന്റെ വാഗ്ദാനം മൂശെയ്ക്കു ശക്തിയും ധൈര്യവും നല്‍കി. ദൈവം ആവശ്യപ്പെട്ടതുപോലെ അദ്ദേഹം ഫറവോന്റെ കൊട്ടാരത്തിലേക്കു പോയി. കഠിനഹൃദയനായ ഫറവോന്‍ രാജാവ് മൂശെയുടെ വാക്കു ചെവിക്കൊണ്ടില്ലെങ്കിലും ദൈവത്തിന്റെ വാഗ്ദാനത്തിലുറച്ചു വിശ്വസിച്ചുകൊണ്ട് തന്റെ ദൗത്യനിര്‍വഹണവുമായി മൂശെ മുന്നോട്ടുപോയി. ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്ന് എപ്പോഴും
അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. മൂശെയുടെ ദൗത്യം വിജയിക്കുകതന്നെ ചെയ്തു.

മൂശെ തന്റെ ശക്തിയും കഴിവുകളുംകൊണ്ടല്ല വിജയിച്ചത്. അദ്ദേഹത്തിനു ധൈര്യവും ശക്തിയും നല്‍കി ദൈവം എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ദൈവത്തിന്റെ ഈ സജീവസാന്നിധ്യമാണ് മൂശെയെ വിജയത്തിലേക്കു നയിച്ചത്.

മൂശെയുടെ കൂടെ അനുനിമിഷം ഉണ്ടായിരുന്ന ദൈവം നമുക്കു ശക്തി പകരുവാന്‍ നമ്മുടെകൂടെ എപ്പോഴും ഉണ്ടാകുമോ? തീര്‍ച്ചയായും. താന്‍ നമ്മുടെ മുന്‍പിലും പിന്‍പിലും ഇടത്തും വലത്തും എപ്പോഴും ഉണ്ടായിരിക്കുമെന്ന് അവിടുന്നു പ്രവാചകന്‍ വഴി എത്രയോ തവണ പറഞ്ഞിട്ടുണ്ട്!

നാമോരോരുത്തരും ലോകത്തിലേക്കു പിറന്നുവീണ നാള്‍മുതല്‍ അവിടുത്തെ സജീവസാന്നിധ്യം നമ്മിലുണ്ട്. എന്നു മാത്രമല്ല, നമുക്കു ശക്തി പകരാനും നമ്മെ ധൈര്യപ്പെടുത്താനുമായി അവിടുന്ന് എപ്പോഴും തയാറായി നില്‍ക്കുകയാണ്. എന്നാല്‍, നാം ദൈവത്തിലേക്കു തിരിയാതെ അവിടുത്തേക്കു നമ്മെ സഹായിക്കുവാന്‍ സാധിക്കുകയില്ലെന്നു മാത്രം. അതിന്റെ കാരണമോ? അവിടുന്നു നമ്മുടെ സ്വാതന്ത്ര്യം മാനിക്കുന്നു എന്നതുതന്നെ.

ഹോറിബിലെ മുള്‍പ്പടര്‍പ്പില്‍വച്ചു മൂശെയോടു സംസാരിച്ച ദൈവം ഇന്നു നമ്മോടു സംസാരിച്ചുകൊണ്ടു നമ്മോടുകൂടെയുണ്ട്. അന്നു മൂശെയ്ക്കു പ്രത്യേകമായ ദൗത്യം നല്‍കിയ ദൈവം നമുക്കും പ്രത്യേകമായ ദൗത്യം നല്‍കിക്കൊണ്ടു നമ്മെ ശക്തിപ്പെടുത്തുവാന്‍ തയാറായി നില്‍ക്കുന്നു.

അവിടുന്ന് ഇന്നു നമുക്കു നല്‍കുന്ന ദൗത്യമെന്താണ്? അവിടുത്തെ വാക്കുകള്‍ക്കായി നമുക്കു കാതോര്‍ക്കാം. നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യങ്ങള്‍ നിര്‍വഹിക്കുവാനായി അവിടുന്നില്‍നിന്നു നമുക്കു ശക്തി സ്വീകരിക്കാം. അവിടുത്തെ സാന്നിധ്യം നമ്മോടുകൂടെയുണ്ട് എന്ന ഉറച്ച ബോധ്യത്തോടെ ധൈര്യപൂര്‍വം നമുക്കു മുന്നോട്ടുപോകാം.
    
To send your comments, please clickhere