Jeevithavijayam
10/18/2019
    
നന്മയ്ക്കായി മാത്രം നല്‍കുന്ന ദാനങ്ങള്‍
ദേവലോകം കീഴടക്കാന്‍ എന്തുവഴി? വൃകാസുരന്റെ ചിന്ത എപ്പോഴും അതായിരുന്നു. അവസാനം തപസിന്റെയും പ്രാര്‍ഥനയുടെയും വഴി തെരഞ്ഞെടുക്കാന്‍ വൃകാസുരന്‍ തയാറായി. പക്ഷേ, അപ്പോഴും ഒരു പ്രശ്‌നം: ത്രിമൂര്‍ത്തികളില്‍ ആരോടാണു പ്രാര്‍ഥിക്കേണ്ടത്? ആരെ പ്രസാദിപ്പിക്കാനാണ് എളുപ്പം?

ഈ പ്രശ്‌നത്തില്‍ പെട്ടെന്നൊരു പോംവഴി ഉണ്ടായി. അതിന്റെ കാരണക്കാരന്‍ മഹര്‍ഷിവര്യനായ നാരദനായിരുന്നു. നാരദന്റെ ഉപദേശം തേടിയ വൃകാസുരനോടു മഹര്‍ഷി പറഞ്ഞു: ''പ്രസാദിപ്പിക്കാന്‍ എളുപ്പം ശിവന്‍ തന്നെ. ശിവനെ തപസുചെയ്‌തോളൂ.''

നാരദന്റെ ഉപദേശമനുസരിച്ച് വൃകാസുരന്‍ ശിവനെ പ്രസാദിപ്പിക്കാന്‍ തപസു തുടങ്ങി. തന്റെ അവയവങ്ങള്‍ ഒന്നൊന്നായി ഛേദിച്ച് അഗ്നിയില്‍ ഹോമിച്ചു കൊണ്ടായിരുന്നു വൃകാസുരന്‍ തപസനുഷ്ഠിച്ചത്. പക്ഷേ, തപസ് തുടങ്ങി ഏഴു ദിവസമായിട്ടും ശിവനെ കാണാത്തതുമൂലം തന്റെ ശിരസ് ഛേദിച്ച് അഗ്നിയില്‍ ഹോമം ചെയ്യുവാന്‍ വൃകാസുരന്‍ ഒരുങ്ങി.

അയാള്‍ വാളെടുത്തപ്പോള്‍ ദയതോന്നിയ ശിവന്‍ ഹോമകുണ്ഡത്തില്‍ നിന്നുതന്നെ പൊങ്ങിവന്ന് അയാളെ അനുഗ്രഹിക്കാന്‍ തയാറായി.

'എന്തു വരമാണ് നിനക്കുവേണ്ടത്?' ശിവന്‍ വൃകാസുരനോടു ചോദിച്ചു. വൃകാസുരന്റെ കൊടുംതപസുമൂലം അയാള്‍ക്ക് എന്തുവരവും നല്‍കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു ശിവന്‍. അപ്പോള്‍ വൃകാസുരന്‍ പറഞ്ഞു: 'പ്രഭോ, എന്റെ കൈകൊണ്ട് ഞാന്‍ ആരുടെ ശിരസില്‍ തൊടുന്നുവോ അയാള്‍ ഉടനേ മരിക്കണം.'

ഇതെന്തു വരം! ശിവന് ആകപ്പാടെ അമ്പരപ്പും വിസ്മയവും. പക്ഷേ, വൃകാസുരന്‍ ചോദിച്ചതല്ലേ, എങ്ങനെ കൊടുക്കാതിരിക്കും? മനസില്ലാ മനസോടെയാണെങ്കിലും ശിവന്‍ വൃകാസുരനു വരംകൊടുത്തു. പക്ഷേ, അപ്പോഴേക്കും അയാള്‍ക്കു ശിവന്റെ തലയില്‍ കൈവച്ചു ശിവനെ ഇല്ലായ്മ ചെയ്യുവാന്‍ മോഹം. കാര്യം മനസിലാക്കിയ ശിവന്‍ സ്വന്തം ജീവനുംകൊണ്ടാടി.

പക്ഷേ, വൃകാസുരനുണേ്ടാ ശിവനെ വെറുതേ വിടുന്നു. അയാള്‍ ശിവന്റെ പിന്നാലെ ഓട്ടം തുടങ്ങി. ശിവന്‍ ഓടിയോടി ആകെത്തളര്‍ന്നു. അവസാനം സഹായത്തിനായി വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.

ശിവനോടു ദയതോന്നിയ മഹാവിഷ്ണു ഒരു ബാലന്റെ രൂപം സ്വീകരിച്ചു വൃകാസുരന്റെ വഴിയില്‍ പ്രത്യക്ഷനായി. 'എങ്ങോട്ടാണ് ഇത്ര കൊണ്ടുപിടിച്ച ഓട്ടം? സഹായം വല്ലതും വേണമെങ്കില്‍ ഞാന്‍ ചെയ്യാം,' മഹാവിഷ്ണു പറഞ്ഞു.

വൃകാസുരന്‍ കാര്യം വിശദീകരിച്ചു. ഇതുകേട്ടപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു മഹാവിഷ്ണു പറഞ്ഞു: 'ഇതു നല്ല കഥ! ശിവന്‍ താങ്കളെ ശരിക്കും കബളിപ്പിച്ചിരിക്കുന്നു! ശിവനിപ്പോള്‍ പഴയ ശിവനല്ലെന്നു താങ്കള്‍ക്കറിഞ്ഞുകൂടേ? ദക്ഷന്‍ ശിവനെ ശപിച്ചു പിശാചാക്കിയിട്ട് എത്രയോ നാളായി. അതുപോലെ ശിവനു മുഴുഭ്രാന്തു പിടിച്ചിട്ട് എത്രയോ കാലമായി! ഒരു ഭ്രാമൂര്‍ത്തിയല്ലാതെ ആരാണ് ഏഴുദിവസത്തെ തപസുകൊണ്ടു പ്രത്യക്ഷപ്പെടുക?'

ബാലന്റെ രൂപം ധരിച്ചുനിന്ന മഹാവിഷ്ണു വീണ്ടും പറഞ്ഞു: 'ശിവന്‍ തന്ന വരം ശുദ്ധ കബളിപ്പിക്കലാണ്. അതുകൊണ്ടല്ലേ അയാള്‍ ഓടിപ്പോയത്? ഇനി സംശയമുണെ്ടങ്കില്‍ താങ്കളുടെ കൈ സ്വന്തം ശിരസില്‍ വച്ചു നോക്കൂ.'


ബാലന്‍ പറഞ്ഞതു ശരിയാണെന്നു വൃകാസുരനു തോന്നി. അയാള്‍ കൈ സ്വന്തം ശിരസില്‍ വച്ചു. തല്‍ക്ഷണം അയാള്‍ മരിച്ചുവീണു.

ശ്രീമഹാഭാഗവതത്തില്‍ പറയുന്ന ഇക്കഥ കേള്‍ക്കുമ്പോള്‍ ഭസ്മാസുരന്റെ കഥ ചിലരെങ്കിലും ഓര്‍മിച്ചേക്കാം. ഭസ്മാസുരന്‍ ശിവന്റെ ഭസ്മധൂളിയില്‍നിന്നു ജന്മമെടുത്തുവെന്നും ശിവന്‍ വരം നല്‍കാനൊരുമ്പെട്ടപ്പോള്‍ തന്റെ കൈ ആരുടെ തലയില്‍ വയ്ക്കുന്നുവോ അയാള്‍ ഉടന്‍ മരിച്ചു ചാരമായിത്തീരണം എന്നു ഭസ്മാസുരന്‍ വരം ചോദിച്ചുവെന്നുമാണ് ആ കഥ. വൃകാസുരന്റെ കഥയിലെപ്പോലെ മഹാവിഷ്ണുവാണ് ഭസ്മാസുരനെയും അവസാനം ഇല്ലായ്മ ചെയ്യുന്നത്.

വൃകാസുരനും ഭസ്മാസുരനും ഒരേ കഥാപാത്രം തന്നെയാകാം. പ്രത്യേകിച്ചും ഭസ്മാസുരന്റെ കഥ പുരാണങ്ങളിലൊന്നിലും കാണാത്ത സാഹചര്യത്തില്‍. (മറാഠി ഭാഷയിലുള്ള ശിവലീലാമൃതം എന്ന ഗ്രന്ഥത്തിലാണ് ഭസ്മാസുരന്റെ കഥ ആദ്യം പ്രത്യക്ഷപ്പെട്ടതെന്നു പണ്ഡിതമതം.) വൃകാസുരനും ഭസ്മാസുരനും ഒന്നല്ല രണ്ടു കഥാപാത്രങ്ങളാണെങ്കിലും ഈ രണ്ടു കഥകളിലെയും സന്ദേശം ഒന്നു തന്നെ. അതായത്, തപസും പ്രാര്‍ഥനയും വരങ്ങളുമൊക്കെ നന്മയ്ക്കായി മാത്രമേ ഉപയോഗിക്കാവൂ എന്ന്.

ദൈവം നന്മയാണ്. നന്മതന്നെയായ ദൈവത്തിന്റെ ശക്തിയാണ് തപസും പ്രാര്‍ഥനയും വഴി നാം പങ്കുപറ്റുന്നത്. ദൈവം തന്റെ ഔദാര്യത്താല്‍ വിവിധ വരങ്ങള്‍ നമുക്കു നല്‍കുന്നുണെ്ടങ്കില്‍ അവ നാം ഉപയോഗിക്കേണ്ടതു നന്മയ്ക്കുവേണ്ടി മാത്രമാണ്.

ദൈവത്തില്‍ നിന്നു നമുക്കു ലഭിക്കുന്നതെന്തും നന്മയ്ക്കുവേണ്ടി മാത്രമേ നാം ഉപയോഗിക്കാവൂ. ദൈവത്തിന്റെ ദാനങ്ങള്‍ നമ്മുടെയോ മറ്റുള്ളവരുടെയോ തിന്മയ്ക്കായി നാം ഉപയോഗിച്ചാല്‍ അതു നമ്മുടെ ശിക്ഷാവിധിക്കു കാരണമാകുമെന്നതില്‍ സംശയം വേണ്ട.

ശിവന്‍ വൃകാസുരനു വരംകൊടുക്കുവാനൊരുങ്ങിയത് അയാളുടെ നന്മ ആഗ്രഹിച്ചായിരുന്നു. പക്ഷേ, വൃകാസുരനാകട്ടെ തനിക്കു വരം ലഭിച്ചപ്പോള്‍ അതു സ്വന്തം നാശത്തിനു വഴിതെളിക്കുന്നതിനിടയാക്കി. വൃകാസുരന്റെ ഈ അനുഭവം നാം മറക്കേണ്ട.

ദൈവത്തിന്റെ ദാനങ്ങളെക്കുറിച്ചും വരങ്ങളെക്കുറിച്ചും പറയുമ്പോള്‍ നാം ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. അതായത്, നമ്മുടെ ജീവിതത്തിലുള്ള സര്‍വനന്മകളും നാം തന്നെയും ദൈവത്തിന്റെ ദാനങ്ങളാണെന്ന വസ്തുത. സെന്റ് പോള്‍ പഠിപ്പിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തില്‍ നമുക്കു ദൈവത്തില്‍നിന്നു ലഭിച്ചിട്ടില്ലാത്തതായി എന്താണുള്ളത്? നമ്മുടെ ജീവിതത്തിലുള്ള സകല നന്മകളും ദൈവത്തിന്റെ ദാനങ്ങള്‍ തന്നെ. അവ നന്ദിയോടെ നന്മയ്ക്കായി മാത്രം നമുക്കുപയോഗിക്കാം. ദൈവം തന്നിട്ടുള്ള ദാനങ്ങളൊന്നും തിന്മയ്ക്കായി വിനിയോഗിക്കാതിരിക്കുന്നതില്‍ നമുക്കു പ്രത്യേകം ശ്രദ്ധിക്കാം.
    
To send your comments, please clickhere