Jeevithavijayam
10/21/2019
    
നമ്മെ അകറ്റിനിര്‍ത്തുന്ന മറ
യഹൂദനായ ഒരു പണക്കാരന്‍. ഉണ്ണാനും ഉടുക്കാനും അയാള്‍ക്കു വേണ്ടുവോളവും അതിലേറെയും. ശുശ്രൂഷിക്കാനും സ്തുതിപാടാനും ഇഷ്ടംപോലെ ആളുകള്‍. പക്ഷേ, അയാള്‍ക്ക് ഒരു കാര്യത്തില്‍ മാത്രം വലിയ കുറവുണ്ടായിരുന്നു മനഃശാന്തി.

പിശുക്കനായിരുന്നെങ്കിലും സ്വന്തം ആരോഗ്യത്തിന്റെ പ്രശ്‌നമാണല്ലോ എന്നു കരുതി അയാള്‍ വിദഗ്ധരായ പല മനഃശാസ്ത്രജ്ഞരെയും കണ്ടു. പക്ഷേ, അവരുടെ ഉപദേശവും ചികിത്സാവിധികളുമൊന്നും അയാളുടെ മനസിനു ശാന്തി പ്രദാനം ചെയ്തില്ല.

അങ്ങനെയിരിക്കുമ്പോഴാണ് യഹൂദരുടെ അധ്യാത്മികാചാര്യന്മാരിലൊരാളായ ഒരു റബ്ബിയെക്കുറിച്ച് അയാള്‍ കേള്‍ക്കാനിടയായത്.

വലിയ തിരക്കുള്ളയാളായിരുന്നു ആ റബ്ബി. എങ്കിലും തന്റെ ഉപദേശം തേടാനെത്തിയ അയാളെ റബ്ബി സന്തോഷപൂര്‍വം സ്വീകരിച്ചു.

റബ്ബിയെ കണ്ടപാടേ വലിയ മുഖവുരയൊന്നും കൂടാതെ അയാള്‍ തന്റെ അശാന്തിയുടെ കഥ പറയുവാന്‍ തുടങ്ങി. അയാള്‍ അധികം സംസാരിക്കുന്നതിനു മുമ്പുതന്നെ റബ്ബിക്ക് അയാളുടെ രോഗമെന്തെന്നു മനസിലായി. അല്പനേരം കൂടി അയാളുടെ 'കദനകഥ'കേട്ടിരുന്ന ശേഷം റബ്ബി അയാളെ അവര്‍ ഇരുന്നിരുന്ന മുറിയിലെ ജനാലയുടെ അരികിലേക്കു കൂട്ടിക്കൊണ്ടുപോയി.

റബ്ബി എന്താണു ചെയ്യാന്‍ പോകുന്നതെന്നറിയാതെ അയാള്‍ അന്ധാളിച്ചുനില്‍ക്കുമ്പോള്‍ ജനാലയുടെ ചില്ലിനുള്ളിലൂടെ പുറത്തേക്കു നോക്കാന്‍ റബ്ബി അയാളോടാവശ്യപ്പെട്ടു. അയാള്‍ അങ്ങനെ പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ റബ്ബി ചോദിച്ചു: 'നിങ്ങള്‍ എന്താണ് ഇപ്പോള്‍ കാണുന്നത്?'

'ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുപോകുന്നതു ഞാന്‍ കാണുന്നു.' അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ റബ്ബി അയാളെ ആ മുറിയിലുണ്ടായിരുന്ന വലിയ ഒരു കണ്ണാടിയുടെ മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ടു ചോദിച്ചു: 'ഇപ്പോള്‍ നിങ്ങള്‍ എന്താണു കാണുന്നത്?'

'ഇപ്പോള്‍ ഞാന്‍ എന്നെത്തന്നെ കാണുന്നു,' അയാള്‍ ഉത്തരം നല്‍കി. റബ്ബി പറഞ്ഞു: 'പ്രിയ സുഹൃത്തേ, ജനാല ഗ്ലാസാണ്, കണ്ണാടിയും ഗ്ലാസാണ്. എന്നാല്‍, കണ്ണാടി ഗ്ലാസിനു പിന്നില്‍ അല്പം മെര്‍ക്കുറി പെയിന്റുണ്ട്. തന്മൂലമാണ് ആ ഗ്ലാസില്‍ നോക്കിയാല്‍ മറ്റുള്ളവരെ കാണുവാന്‍ സാധിക്കാതെ നിങ്ങളെ മാത്രം നിങ്ങള്‍ കാണുന്നത്.'

ഒരു നിമിഷനേരത്തെ മൗനത്തിനുശേഷം റബ്ബി തുടര്‍ന്നു: 'നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നതും ഇതുതന്നെയാണ്. നിങ്ങള്‍ക്കു കുറെ പണമുണ്ടായി. ഈ പണം മെര്‍ക്കുറി പെയിന്റുപോലെ നിങ്ങളെമാത്രം പ്രതിഫലിപ്പിക്കാനിടയാക്കുന്നു. പണമുണ്ടാക്കിയതിനുശേഷം നിങ്ങള്‍ നിങ്ങളെ മാത്രമല്ലാതെ മറ്റാരെയെങ്കിലും കാണുന്നുണേ്ടാ? നിങ്ങള്‍ പണക്കാരനായതിനു ശേഷം മറ്റാരുടെയെങ്കിലും പ്രശ്‌നങ്ങളെക്കുറിച്ചു ഗൗരവപൂര്‍വം ചിന്തിക്കാനിടയായിട്ടുണേ്ടാ?


റബ്ബി പറയുന്നതിന്റെ പ്രസക്തിയെക്കുറിച്ച് അയാള്‍ മനസില്‍ വിലയിരുത്തിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം വീണ്ടും പറഞ്ഞു: 'പണത്തിന്റെ മറ മാറ്റി ജീവിതത്തിലേക്കു നിങ്ങള്‍ വീണ്ടും നോക്കൂ. അപ്പോള്‍ നിങ്ങളുടെ ജീവിതത്തോടൊപ്പം മറ്റുള്ളവരുടെയും ജീവിതം നിങ്ങള്‍ക്കു കാണാം. ഒരുപക്ഷേ, അപ്പോള്‍ നിങ്ങള്‍ക്കു വേണ്ടിയെന്നതുപോലെ മറ്റുള്ളവര്‍ക്കുവേണ്ടിയും നിങ്ങളുടെ ഹൃദയം തുടിച്ചേക്കാം. അതോടുകൂടി നിങ്ങളുടെ ജീവിതത്തിലെ അശാന്തി ഒരുപക്ഷേ അപ്രത്യക്ഷമായെന്നു വന്നേക്കാം.'

ഇക്കഥയിലെ നായകന് മനഃശാന്തി നഷ്ടപ്പെട്ടെങ്കില്‍ അതിനു കാരണം പണവും, പണം ശരിയായി ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ലെന്ന വിചാരവുമായിരുന്നു. പണത്തിന്റെ പിന്നാലെ പോകുന്ന പലര്‍ക്കും സംഭവിക്കുന്ന ഗതികേടാണിത്. അത്തരക്കാരുടെ ഹൃദയം തുടിക്കുന്നത് എപ്പോഴും പണത്തിനുവേണ്ടിയാണ്. തന്മൂലം സ്വന്തംജീവിതനന്മയ്ക്കുപോലും അവരുടെ ജീവിതത്തില്‍ സ്ഥാനമില്ലാതെ പോകുന്നു. അപ്പോള്‍പിന്നെ മറ്റുള്ളവര്‍ക്കുവേണ്ടി അവരുടെ ഹൃദയം തുടിക്കാതെ പോകുന്നതില്‍ അദ്ഭുതപ്പെടാനുണേ്ടാ?

പണം മറ്റുള്ളവരില്‍നിന്നു നമ്മെ അകറ്റിനിര്‍ത്തുന്ന മറയാകാന്‍ നാം ഒരിക്കലും അനുവദിക്കരുത്. നമുക്കുപണമുണെ്ടങ്കില്‍ അതെക്കുറിച്ച് ദൈവത്തോടു നമുക്കു നന്ദിയുള്ളവരാകാം. അതോടൊപ്പം പണം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനു നമുക്കു ശ്രമിക്കാം.

പണം ശരിയായ രീതിയില്‍ ഉപയോഗിക്കുക എന്നു പറയുന്നതുകൊണ്ട് അര്‍ഥമാക്കുന്നതു പണം നമ്മുടെ നന്മയ്‌ക്കെന്നപോലെ മറ്റുളളവരുടെ നന്മയ്ക്കുവേണ്ടിയും വിനിയോഗിക്കുക എന്നതാണ്. നമുക്ക് അധികം പണമില്ലെങ്കില്‍പോലും ഉള്ളതിന്റെ ഒരു ഓഹരി നമ്മെക്കാള്‍ നിര്‍ഭാഗ്യരായവരുടെ നന്മയ്ക്കായി ഉപയോഗിക്കുവാന്‍ നാം തയാറായാല്‍ നമ്മുടെ ജീവിതത്തില്‍ മനഃശാന്തി കടന്നുവരുമെന്നു തീര്‍ച്ചയാണ്.

ഓരോ ദിവസവും നമ്മുടെ സഹായത്തിനായി കൈനീട്ടുന്നവരെ കാണാറില്ലേ? അവരെ ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നതിനായി നമ്മുടെ ഹൃദയം തുടിച്ചാല്‍ അതുവഴി നമ്മുടെ മനസിലെ അശാന്തിയുടെ അലമാലകള്‍ അതിവേഗം അപ്രത്യക്ഷമാകും.

നമ്മുടെ പണവും സമ്പത്തുകളുമൊക്കെ നമ്മെ മറ്റുള്ളവരില്‍നിന്നു മറയ്ക്കുന്നതിനും അകറ്റുന്നതിനുംപകരം അവ മറ്റുള്ളവരുടെ ജീവിതത്തിലേക്കു കൂടുതല്‍ അടുത്തുചെല്ലുവാന്‍ നമ്മെ സഹായിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ പണവും മറ്റു സമ്പത്തുകളും കൊണ്ടു നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും ശാശ്വതമായ ഉപകാരമുണ്ടാകൂ.
    
To send your comments, please clickhere