Jeevithavijayam
11/18/2019
    
കടപ്പാടുകള്‍ മറക്കാത്തവര്‍
ഗായകന്‍, ഗാനരചിയതാവ്, സിനിമാനടന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ബഹുമുഖപ്രതിഭയാണ് ആര്‍തര്‍ഗാര്‍ ഫുങ്കല്‍. 1971ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ച ഗാര്‍ഫുങ്കല്‍ ചെറുപ്പം മുതലേ സംഗീതത്തില്‍ ആകൃഷ്ടനായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോള്‍ സൈമണ്‍ എന്നൊരു സഹപാഠി അദ്ദേഹത്തിനുണ്ടായിരുന്നു.

1956 മുതല്‍ 1962 വരെ ഗാര്‍ഫുങ്കല്‍ ഒരു സംഗീത ട്രൂപ്പ് നടത്തിയിരുന്നു. 'ടോം ആന്‍ഡ് ജെറി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഗായകസംഘത്തിലെ താരങ്ങള്‍ ഗാര്‍ഫുങ്കലും പോള്‍ സൈമണുമായിരുന്നു.

മുഴുവന്‍ സമയ സംഗീത പരിപാടികളുമായി മുന്നോട്ടു പോകുവാന്‍ ഗാര്‍ ഫുങ്കലിനു താത്പര്യമുണ്ടായിരുന്നെങ്കിലും അതു സാമ്പത്തികമായി മെച്ചമുണ്ടാക്കുമോ എന്ന് അദ്ദേഹത്തിനു സംശയമായിരുന്നു. തന്മൂലം അദ്ദേഹം കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി പഠനത്തിനു ചേര്‍ന്നു.

ഗാര്‍ഫുങ്കല്‍ പഠനത്തിലും മിടുക്കനായിരുന്നു. സ്‌കോളര്‍ഷിപ്പോടെ പഠിച്ച അദ്ദേഹം 1962ല്‍ ആര്‍ട്ട് ഹിസ്റ്ററിയില്‍ ബി.എ. പാസായി. അതിനു ശേഷം മാത്തമാറ്റിക്‌സില്‍ മാസ്റ്റര്‍ ബിരുദത്തിനു പഠനം തുടങ്ങി. പക്ഷേ, അപ്പോഴും സംഗീതമായിരുന്നു ഗാര്‍ഫുങ്കലിന്റെ മനസില്‍. പഠനത്തിനിടയില്‍ പോള്‍ സൈമണുമായി വീണ്ടും സംഗീതപരിപാടിയിലേക്കു തിരിയുവാന്‍ ഗാര്‍ഫുങ്കല്‍ തീരുമാനിച്ചു. അങ്ങനെയാണ് ഒരു ആല്‍ബം പുറത്തിറക്കുവാന്‍ സൈമണുമായി ആദ്ദേഹം ധാരണയിലായത്.

ആല്‍ബം പുറത്തിറക്കണമെങ്കില്‍ പണം വേണം. പക്ഷേ രണ്ടു പേരുടെ യും കൈയില്‍ ചില്ലികാശില്ലായിരുന്നു. അപ്പോഴാണു ഗാര്‍ഫുങ്കല്‍ തന്റെ ഒരു സുഹൃത്തിനെക്കുറിച്ചോര്‍മിച്ചത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ബി.എ.യ്ക്കു പഠിക്കുന്ന കാലത്തു ഗാര്‍ഫുങ്കലിന്റെ സഹപാഠിയും ഹോസ്റ്റല്‍ റൂംമേറ്റുമായിരുന്ന സാന്‍ഡി ഗ്രീന്‍ബര്‍ഗ് ഈ സമയം ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ മാസ്റ്റര്‍ ബിരുദത്തിനു പഠിക്കുകയായിരുന്നു.

ഗാര്‍ഫുങ്കല്‍ ഗ്രീന്‍ബര്‍ഗിനെ ഫോണില്‍ വിളിച്ചു പറഞ്ഞു.''പഠനം എനിക്കു മടുത്തു തുടങ്ങി''.

''എന്താണു നിന്റെ പ്ലാന്‍?'' ഗ്രീന്‍ബര്‍ഗ് ചോദിച്ചു.

''വീണ്ടും സംഗീതത്തിലേക്കു തിരിയാനാണു പ്ലാന്‍,'' ഗാര്‍ഫുങ്കല്‍ പറഞ്ഞു.''പോള്‍ സൈമണുമായി ചേര്‍ത്ത് ഒരു ആല്‍ബം പുറത്തിറക്കുവാന്‍ തീരുമാനമായി. പക്ഷേ, പണമില്ല അതാണു പ്രശ്‌നം''.

''എന്തു തുക വേണ്ടി വരും?'' ഗ്രീന്‍ബര്‍ഗ് ചോദിച്ചു.

''അഞ്ഞൂറു ഡോളര്‍,'' ഗാര്‍ഫുങ്കല്‍ മറുപടി പറഞ്ഞു.

പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു ഗ്രീന്‍ബര്‍ഗ്. എങ്കിലും സ്‌കോളര്‍ഷിപ് തുക മിച്ചം വച്ചതുവഴി അഞ്ഞൂറു ഡോളര്‍ ബാങ്ക് ബാലന്‍സ് അദ്ദേഹത്തിനുണ്ടിയിരുന്നു. ആ തുക ഉടനേ തന്നെ അദ്ദേഹം ഗ്രീന്‍ബര്‍ഗിന് അയച്ചുകൊടുത്തു.

പണം കിട്ടിയ ഉടനേ സൈമണുമായി പങ്ക് ചേര്‍ന്ന് ആദ്യത്തെ ആല്‍ബം ഗാര്‍ഫുങ്കല്‍ പുറത്തിറക്കി. ആദ്യത്തെ ഈ ആല്‍ബം അത്ര വിജയമായിരുന്നില്ല. പക്ഷേ, അതിലെ 'സൗണ്ട്‌സ് ഓഫ് സൈലന്‍സ്' എന്ന ഗാനം മാത്രമെടുത്തു പുതിയൊരു ആല്‍ബം അവര്‍ പുറത്തിറക്കി. അതു വമ്പിച്ച വിജയമായിരുന്നു. അതിനു ശേഷം 1960 കളില്‍ ഗാര്‍ഫുങ്കലും സൈമണും അമേരിക്കന്‍ സംഗീത ലോകത്തെ അതികായന്മാരിയി നിലകൊള്ളുന്നു.


ഇനി ഗ്രീന്‍ബര്‍ഗിന്റെ കഥയിലേക്കു മടങ്ങി വരാം: പാവപ്പെട്ടവനായിരുന്ന ഗ്രീന്‍ബര്‍ഗ് തന്റെ സമ്പാദ്യം മുഴുവനും ഗാര്‍ഫുങ്കലിന്റെ സംഗീതപരിപാടിക്കു നല്‍കിയത് എന്തുകൊണ്ടാണ്?

ഇതൊരു കടപ്പാടിന്റെ കഥകൂടിയാണ്. ഗ്രീന്‍ബര്‍ഗ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് അസുഖം മൂലം അദ്ദേഹത്തിനു കാഴ്ചശക്തി നഷ്ടപ്പെട്ടു. പാഠപുസ്തകങ്ങള്‍ വായിക്കുവാന്‍ സാധിക്കാത്ത വിധം അന്ധനായിത്തീര്‍ന്ന ഗ്രീന്‍ബര്‍ഗിനു അക്കാലത്ത് എല്ലാ ദിവസവും പാഠഭാഗങ്ങള്‍ വായിച്ചുകൊടുത്തിരുന്നതു ഗാര്‍ഫുങ്കിലായിരുന്നു. ഗാര്‍ഫുങ്കലിന്റെ അവസരോചിതമായ സഹായം മൂലം ഗ്രീന്‍ബര്‍ഗ് അതിപ്രശസ്തമായ നിലയിലാണു ബി.എ. പാസായത്.

ഗാര്‍ഫുങ്കലില്‍ നിന്നു തനിക്കു ലഭിച്ച സഹായം ഒരിക്കലും ഗ്രീന്‍ബര്‍ഗ് മറന്നില്ല. തന്മൂലമാണ് ഗാര്‍ഫുങ്കലിനു സഹായം വേണ്ടിവന്നപ്പോള്‍ യാതൊരു നിബന്ധനയും കൂടാതെ ഗ്രീന്‍ബര്‍ഗ് പണം അയച്ചുകൊടുത്തത്. മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നതില്‍ നാമെല്ലാവരും മിടുക്കരാണ്. എന്നാല്‍, നമ്മെ സഹായിച്ചിട്ടുള്ളവരെ തിരികെ സഹായിക്കുന്ന കാര്യത്തിലോ? നമ്മെ സഹായിച്ചിട്ടുള്ളവര്‍ക്ക് എപ്പോഴും നമ്മുടെ സഹായം വേണ്ടി വന്നെന്നിരിക്കില്ല. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ അവര്‍ക്കു നമ്മുടെ സഹായം വേണ്ടി വന്നുവെന്നിരിക്കും. അപ്പോള്‍, അവര്‍ ചോദിക്കാതെതന്നെ അവരെ സഹായിക്കുവാന്‍ സാധിച്ചാല്‍ അതു വലിയൊരു കാര്യമായിരിക്കും.

പക്ഷേ, മറ്റുള്ളവര്‍ക്കു നമ്മുടെ സ ഹായം വേണമെന്ന വസ്തുത നാം അറിഞ്ഞെന്നുവരില്ല. അപ്പോഴാണ് അവര്‍ നമ്മോടു ചോദിക്കുവാന്‍ ഇടയാകുന്നത്. അങ്ങനെയുള്ള അവസരങ്ങളില്‍ അവരെ സഹായിക്കുവാന്‍ സാധിച്ചാല്‍ അതൊരു ഭാഗ്യമായി വേണം കരുതുവാന്‍.

ഗാര്‍ഫുങ്കല്‍ ഗ്രീന്‍ബര്‍ഗിന്റെ സഹാ യം ചോദിച്ചതു തന്റെ പഴയ സേവനത്തിനുള്ള പ്രതിഫലമായിട്ടല്ലായിരുന്നു. എനിക്കൊരു സഹായം വേണ്ടി വന്നതു കൊണ്ടു സുഹൃത്തിനോട് ചോദിച്ചുവെന്നു മാത്രം. ആ സുഹൃത്താകട്ടെ സന്തോഷപൂര്‍വം സഹായം ചെയ്തുകൊടുക്കുകയും ചെയ്തു.

നാം മറ്റുള്ളവരെ സഹായിക്കുന്നത് അവരോടുള്ള കടപ്പാട് തീര്‍ക്കുവാന്‍ വേണ്ടി മാത്രമായിരിക്കരുത്. എന്നാല്‍, ആരോടെങ്കിലും എന്തെങ്കിലും കാര്യത്തില്‍ നമുക്കു കടപ്പാടുണെ്ടങ്കില്‍ അവരെ സഹായിക്കുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ.

മറ്റുള്ളവരുടെ നന്മയും ഹൃദയവിശാലതയും നമ്മുടെ നന്മയ്ക്കു വഴിതെളിച്ചിട്ടുണെ്ടന്നതു തീര്‍ച്ചയാണ്. അതുകൊണ്ടു തന്നെ, നമ്മുടെ നന്മയും ഹൃദയവിശാലതയും മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുവാന്‍ ബോധപൂര്‍വ്വം ശ്രദ്ധിക്കണം. അതിനുള്ള ഒരു പ്രധാനവഴി മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ അവരെ സന്തോഷപൂര്‍വം സഹായിക്കുക എന്നുള്ളതാണ്.
    
To send your comments, please clickhere