Jeevithavijayam
1/24/2020
    
വലിയ കാര്യങ്ങള്‍ നേടണമെങ്കില്‍
മഹാനായ കോണ്‍സ്റ്റന്റൈന്‍ (285þ 337) ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദ്യത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ സേവകരുമൊത്ത് റോമിലെ പ്രസിദ്ധമായ പ്രതിമകള്‍ ചുറ്റിനടന്നു കാണാനിടയായി. തന്റെ മുന്‍ഗാമികളായ ചക്രവര്‍ത്തിമാരുടെയും റോമിനുവേണ്ടി പടപൊരുതിയിട്ടുള്ള വീരസേനാനികളുടെയുമെല്ലാം പ്രതിമകളായിരുന്നു അവ.

അദ്ദേഹം അന്നു കണ്ട പ്രതിമകളെല്ലാം തന്നെ, നില്ക്കുന്ന രൂപത്തില്‍ പണിയപ്പെട്ടവയായിരുന്നു. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാനിടയായ കോണ്‍സ്റ്റന്റൈന്‍ തന്റെ സേവകരുടെ നേരേ തിരിഞ്ഞു പറഞ്ഞു: ''എന്റെ പ്രതിമയുണ്ടാക്കുമ്പോള്‍ ഒരുകാര്യം നിങ്ങള്‍ പ്രത്യേകം ഓര്‍മിക്കണം. ഞാന്‍ മുട്ടിന്‍മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന രൂപത്തിലായിരിക്കണം അതു മെനഞ്ഞെടുക്കേണ്ടത്.'' എന്താണ് ഇങ്ങനെയൊരു തീരുമാനത്തിനു കാരണമെന്നു സേവകര്‍ തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''കാരണം, മുട്ടിന്മേല്‍ നിന്നാണ് ഞാന്‍ വലിയകാര്യങ്ങള്‍ നേടിയത്.''

പല മഹാന്മാരെയുംകുറിച്ചുളള കഥകള്‍ പോലെ ഈ കഥയും നിറം പിടിപ്പിച്ച കഥയാകാം. എങ്കിലും, തന്റെ ക്രൈസ്തവ വിശ്വാസമനുസരിച്ചു ജീവിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് കോണ്‍സ്റ്റന്റൈന്‍ എന്നു ചരിത്രം സാക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും പ്രാര്‍ത്ഥനയുടെ ആവശ്യകതയെക്കുറിച്ചും ശക്തിയെക്കുറിച്ചുമൊക്കെ അദ്ദേഹത്തിനു ശരിയായ ബോധ്യമുണ്ടായിരുന്നിരിക്കണം.

ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ അദ്ഭുതകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഈ കാലഘട്ടത്തിലും വലിയ കാര്യങ്ങള്‍ നേടണമെങ്കില്‍ നാം മുട്ടിന്മേല്‍നിന്നേ തീരൂ എന്ന് അടുത്തകാലത്ത് ജോര്‍ജ് ഗാലപ് (ജൂണിയര്‍) എഴുതുകയുണ്ടായി. അമേരിക്കയില്‍ എന്തുകാര്യത്തെക്കുറിച്ചും സര്‍വേ നടത്തി കണക്കുകള്‍ അവതരിപ്പിക്കുന്ന ആളാണ് ഗാലപ്. 'ഗാലപ് പോള്‍' എന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ സര്‍വേകള്‍ ഏറെ പ്രസിദ്ധമാണല്ലോ.

''റിലിജിയണ്‍ ഇന്‍ അമേരിക്ക. 199293'' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നതനുസരിച്ച്, പ്രാര്‍ത്ഥനയ്ക്ക് ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം നല്കുന്നില്ലത്രേ. അമേരിക്കയില്‍ ഇന്നു നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളുടെയും കാരണം പ്രാര്‍ത്ഥനയുടെ അഭാവമാണെന്ന് അദ്ദേഹം വാദിക്കുന്നു.

അടുത്തകാലത്തു നടത്തിയ ഒരു ഗാലപ് പോള്‍ അനുസരിച്ച്, അമേരിക്കയിലെ തൊണ്ണൂറ്റിനാലു ശതമാനം ആള്‍ക്കാര്‍ ദൈവവിശ്വാസികളാണത്രേ. പക്ഷേ, ദൈവവിശ്വാസികളാണെങ്കിലും ഇവരില്‍ ഭൂരിഭാഗംപേരും ദൈവവുമായി പ്രാര്‍ത്ഥനയിലൂടെ ബന്ധപ്പെടാത്തതുമൂലം സമൂഹത്തിനു മൊത്തത്തില്‍ ബലക്ഷയം സംഭവിക്കുന്നു എന്ന് അദ്ദേഹം പറയുന്നു.

നാം മുട്ടിന്മേല്‍ നിന്നാല്‍, നാം ഓരോരുത്തരും പ്രാര്‍ത്ഥിച്ചാല്‍, നമ്മുടെ സമൂഹത്തിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമോ? ശിഥിലമായ വ്യക്തിബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും മെച്ചപ്പെടുത്താനും പ്രാര്‍ത്ഥനയ്ക്ക് ഏറെ ശക്തിയുണെ്ടന്ന് ഗാലപ് എഴുതുന്നു. ഗാലപ് മാത്രമല്ല, പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റു വ്യക്തികളും മനുഷ്യന്റെ ആധ്യാത്മിക വശത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കണമെന്ന് ഇന്നു വാദിച്ചുതുടങ്ങിയിട്ടുണ്ട്.


കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ അമേരിക്ക ഒട്ടേറെ വളര്‍ന്നു. എന്നാല്‍ അതൊടൊപ്പം മറ്റുചില രംഗങ്ങളിലും 'അവിശ്വസനീയമായ വളര്‍ച്ച' ഉണ്ടായിട്ടുണ്ട്. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാബിനറ്റ് അംഗമായിരുന്ന വില്യം ബെന്നററ് നല്‍കുന്ന കണക്കനുസരിച്ച്, കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ കൊലയും കൊള്ളിവയ്പും മറ്റ് അക്രമങ്ങളും 560 ശതമാനം വളര്‍ന്നു. അവിഹിതബന്ധ ജനനനിരക്ക് 400 ശതമാനം വര്‍ധിച്ചു. വിവാഹമോചനം നാലിരട്ടിയായി. യുവതീയുവാക്കളുടെ ആത്മഹത്യ 200 ശതമാനത്തിലേറെ ഉയര്‍ന്നു.

ദൈവത്തെയും മതത്തെയും ബോധപൂര്‍വം തളളിപ്പറയുന്നവര്‍ അമേരിക്കയില്‍ അഞ്ചുശതമാനംപോലും കാണില്ല. പക്ഷേ ദൈവത്തിനും മതത്തിനും പ്രാര്‍ത്ഥനയ്ക്കുമൊക്കെ സ്വന്തം ജീവിതത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്കുന്നവരുടെ എണ്ണം വളരെ കുറവാണത്രേ. തന്മൂലമാണ് ശാസ്ത്രവും സാങ്കേതികവിദ്യയും ഏറെ വളര്‍ന്നിട്ടും ജീവിതം മൊത്തത്തില്‍ താറുമാറായിക്കൊണ്ടിരിക്കുന്നതെന്ന് ഗാലപും മറ്റും അഭിപ്രായപ്പെടുന്നു.

പ്രാര്‍ത്ഥനയെക്കുറിച്ച് എഴുതുന്നതിനിടയില്‍ അമേരിക്കന്‍ സ്ഥിതിഗതികളെക്കുറിച്ച് എന്തിന് ഇത്രമാത്രം എഴുതി എന്ന് ചിലര്‍ ചിന്തിച്ചേക്കാം. അതിനുള്ള മറുപടി ഇതാണ്: ശാസ്ത്രസാങ്കേതികരംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് അമേരിക്ക. അങ്ങനെയുളള അമേരിക്കയുടെ അനുഭവം നമുക്കു ശരിക്കും പാഠമായിത്തീരേണ്ടതാണ്. അമേരിക്കന്‍ ജനതയ്ക്കു മൊത്തത്തില്‍ സംഭവിച്ചിരിക്കുന്ന ന്യൂനത നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുവാന്‍ ഒരുപക്ഷേ സഹായിച്ചേക്കാം.

സമൂഹത്തില്‍ മൊത്തത്തിലും വ്യക്തിതലത്തിലും ആധ്യാത്മികനവോത്ഥാനം ഏറെ ആവശ്യമാണെന്ന് സ്വന്തം അനുഭവത്തിലൂടെ ഒരു ജനത ഇപ്പോള്‍ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. വലിയകാര്യങ്ങള്‍ നേടുന്നതിനു മാത്രമല്ല ജീവിതത്തിലെ സാധാരണകാര്യങ്ങള്‍ തന്നെ ഭംഗിയായി പോകണമെങ്കില്‍ മുട്ടിന്മേല്‍നിന്നു ദൈവത്തിന്റെ പക്കലേക്ക് കണ്ണുകള്‍ ഉയര്‍ത്തിയേ തീരൂ എന്ന് അവര്‍ ഇന്നു മനസിലാക്കിക്കൊണ്ടിരിക്കുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയേയും നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയേയുംപോലുള്ളവര്‍ പണേ്ട മനസിലാക്കിയിരുന്ന സത്യമാണിത്. ഒരുപക്ഷേ നമ്മിലേറെപ്പേര്‍ക്കും അറിവും ബോധ്യവുമുള്ള കാര്യമായിരിക്കും ഇത്. എങ്കിലും, മുട്ടിന്മേല്‍നിന്നു വലിയകാര്യങ്ങള്‍ നേടുന്നതിനെക്കുറിച്ച് നമ്മിലെത്രയോ കുറച്ചുപേര്‍ മാത്രം ശ്രദ്ധിക്കുന്നു.

വലിയ കാര്യങ്ങളിലെന്നപോലെ ചെറിയ കാര്യങ്ങളിലും ദൈവത്തിന്റെ അനുഗ്രഹവും അവിടുത്തെ സാന്നിധ്യവും നമുക്കാവശ്യമാണ്. ഇവ നമുക്കു ലഭിക്കുവനുള്ള ഏറ്റവും എളുപ്പവഴി പ്രാര്‍ത്ഥനയാണുതാനും. തന്മൂലം ശാസ്ത്രത്തിന്റെ ഈ യുഗത്തിലും പ്രാര്‍ത്ഥനയുടെ ആവശ്യകത നമുക്കു മറക്കാതിരിക്കാം. സാധാരണ രീതിയിലുള്ള ജീവിതമാണ് നമ്മുടേതെങ്കിലും ആ ജീവിതത്തിലും പ്രാര്‍ത്ഥനയ്ക്ക് ഏറെ സ്ഥാനമുണെ്ടന്ന് നമുക്ക് അനുസ്മരിക്കാം. നമുക്കു പ്രാര്‍ത്ഥനയുടെ മനുഷ്യരാകാം.
    
To send your comments, please clickhere