Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
April 6, 2020
 
 
    
 
Print this page
 

ദുരന്തത്തില്‍നിന്നു നന്മയോ?

നോബല്‍സമ്മാനം നേടിയ പന്ത്രണ്ടുപേര്‍ പഠിപ്പിക്കുന്ന ഉന്നതവിദ്യാപീഠമാണു സ്റ്റാന്‍ഫര്‍ഡ് യൂണിവേഴ്‌സിറ്റി. ആയിരത്തഞ്ഞൂറ് ഫാക്കള്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ 14,000 പേര്‍ ജോലിചെയ്യുന്ന ഈ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണവും അത്രത്തോളമേയുള്ളു. സ്റ്റാന്‍ഫര്‍ഡിലേക്ക് അഡ്മിഷന് അപേക്ഷ അയയ്ക്കുന്നവരില്‍ പത്തുശതമാനത്തിനു മാത്രമേ അവിടെ അഡ്മിഷന്‍ ലഭിക്കാറുള്ളൂ.

അമ്പത്തഞ്ചുലക്ഷത്തിലധികം പുസ്തകങ്ങളുള്ള സ്റ്റാന്‍ഫര്‍ഡ് ലൈബ്രറിയില്‍ മൂവായിരത്തിലേറെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്. ഈ യൂണിവേഴ്‌സിറ്റിയില്ലായിരുന്നുവെങ്കില്‍ കാലിഫോര്‍ണിയയിലൊരു സിലിക്കണ്‍വാലി ഉണ്ടാകുമായിരുന്നോ എന്നു സംശയമാണ്. അത്രത്തോളം സ്വാധീനമാണ് ശാസ്ത്ര- സാങ്കേതികരംഗങ്ങളില്‍ സ്റ്റാന്‍ഫര്‍ഡ് യൂണിവേഴ്‌സിറ്റിക്കുള്ളത്.

അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന സ്റ്റാന്‍ഫര്‍ഡിന്റെ എന്‍ഡോവ്‌മെന്റ് ഫണ്ട് മുന്നൂറുകോടി ഡോളറിലധികമാണത്രേ. അമേരിക്കയിലെ പ്രസിദ്ധമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയോടൊപ്പം തലയുയര്‍ത്തിനില്‍ക്കുന്ന സ്റ്റാന്‍ഫര്‍ഡിന്റെ തുടക്കം ഒരു ദാരുണസംഭവത്തില്‍ നിന്നാണെന്നത് അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

സ്റ്റാന്‍ഫര്‍ഡ് യൂണിവേഴ്‌സിറ്റിക്കു തുടക്കംകുറിച്ച ലീലന്‍ഡ് സ്റ്റാന്‍ഫര്‍ഡ് (സീനിയര്‍) ജനിച്ചതു ന്യൂയോര്‍ക്ക് സംസ്ഥാനത്തുള്ള ആല്‍ബനിയിലായിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തുള്ള പോര്‍ട്ട് വാഷിംഗ്ടണില്‍ പ്രാക്ടീസ് ആരംഭിച്ചു. പക്ഷേ, ഒരു തീപിടിത്തംമൂലം അദ്ദേഹത്തിന്റെ ഓഫീസും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടു.

പിന്നീടദ്ദേഹം കാലിഫോര്‍ണിയയിലേക്കു താമസംമാറ്റി. കാലിഫോര്‍ണിയയിലെ ''ഗോള്‍ഡ് റഷി'ന്റെ കാലമായിരുന്നു അത്. സ്വര്‍ണംതേടി കാലിഫോര്‍ണിയയിലേക്ക് ആളുകള്‍ കുടിയേറിയപ്പോള്‍ സ്റ്റാന്‍ഫര്‍ഡും അവരിലൊരാളാകുകയായിരുന്നു.

സ്റ്റാന്‍ഫര്‍ഡിന്റെ സ്വര്‍ണവേട്ട വിജയിച്ചില്ലെങ്കിലും ബിസിനസില്‍ വന്‍വിജയം നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. കാലിഫോര്‍ണിയയിലെ മറ്റു മൂന്നു ധനാഢ്യരോടു ചേര്‍ന്നു സെന്‍ട്രല്‍ പസിഫിക് റെയില്‍ റോഡ് കമ്പനി അദ്ദേഹം സ്ഥാപിച്ചു. റെയില്‍റോഡ് കമ്പനിയിലൂടെ കോടിക്കണക്കിനു ഡോളര്‍ സമ്പാദിച്ച അദ്ദേഹം രാഷ്ട്രീയത്തിലും വന്‍വിജയമായിരുന്നു. കാലിഫോര്‍ണിയയിലെ ഗവര്‍ണറായും ആ സംസ്ഥാനത്തുനിന്നുള്ള യു.എസ്.സെനറ്ററായും സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.

സ്റ്റാന്‍ഫര്‍ഡിന് ഒരു പുത്രന്‍ മാത്രമേയുണ്ടായിരുന്നുള്ളു-ലീലന്‍ഡ് സ്റ്റാന്‍ഫര്‍ഡ് (ജൂണിയര്‍). 1884-ല്‍ സ്റ്റാന്‍ഫര്‍ഡ് ഭാര്യ ജയിനോടും പുത്രനോടുമൊപ്പം യൂറോപ്പിലേക്ക് ഉല്ലാസയാത്ര പോയി. അവിടെവച്ച് ടൈഫോയ്ഡ് പിടിപെട്ട് സ്റ്റാന്‍ഫര്‍ഡ് ജൂണിയര്‍ മരണമടഞ്ഞു- പതിനാറുവയസാകുവാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍.

തങ്ങളുടെ ഏകമകന്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖം സ്റ്റാന്‍ഫര്‍ഡ് ദമ്പതികളെ തകര്‍ത്തുകളഞ്ഞു. എങ്കിലും ഏകപുത്രന്റെ മൃതദേഹത്തിനരികെ നില്‍ക്കുമ്പോള്‍ സ്റ്റാന്‍ഫര്‍ഡ് തന്റെ ഭാര്യയോടു പറഞ്ഞു: ''ഇനിമുതല്‍ കാലിഫോര്‍ണിയയിലെ കുട്ടികളെല്ലാം നമ്മുടെ കുട്ടികളായിരിക്കും.'

ഏകപുത്രനെ നഷ്ടപ്പെട്ടപ്പോള്‍ ആ ദമ്പതികള്‍ക്കു നൈരാശ്യത്തിന്റെ കയത്തില്‍ മുങ്ങിത്താഴാമായിരുന്നു; ദൈവത്തെ തള്ളിപ്പറയുകയും ജീവിതത്തെ വെറുക്കുകയും ചെയ്യാമായിരുന്നു. പക്ഷേ, അങ്ങനെ അവര്‍ ചെയ്തില്ല. തങ്ങളുടെ ജീവിതത്തിലെ ദുരന്തം ദൈവസഹായത്തോടെ മറികടക്കാനാണ് അവര്‍ തീരുമാനിച്ചത്.

പൊന്നോമനപ്പുത്രനെ നഷ്ടപ്പെട്ടപ്പോള്‍ അവന്റെ പേരില്‍ മറ്റു കുട്ടികളെ കൈപിടിച്ചുയര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. അങ്ങനെയാണു സ്റ്റാന്‍ഫര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ തുടക്കം.

തങ്ങളുടെ ജീവിതത്തിലെ ദുരന്തം ദുരന്തമായി എന്നും നിലനില്‍ക്കുവാന്‍ അവര്‍ അനുവദിച്ചില്ല. ആ ദുരന്തത്തില്‍നിന്നു നിരവധി ചെറുപ്പക്കാരുടെ ജീവിതവിജയത്തിനു തുടക്കംകുറിക്കാന്‍ ആ ദമ്പതികള്‍ വഴിയൊരുക്കി.

നമ്മുടെ ജീവിതത്തിലും ദുരന്തങ്ങള്‍ സംഭവിക്കാറുണ്ട്. പലപ്പോഴും ആ ദുരന്തങ്ങള്‍ മറ്റു ദുരന്തങ്ങളിലേക്കു വഴിതെളിക്കുകയാണു ചെയ്യാറുള്ളത്. തന്മൂലം, നമ്മുടെ ജീവിതം അനുദിനം കൂടുതല്‍ ദുഃഖപൂര്‍ണമായി മാറുന്നു. എന്നാല്‍, സ്റ്റാന്‍ഫര്‍ഡ് ദമ്പതികളുടെ ജീവിതത്തില്‍ ഒരു ദുരന്തമുണ്ടായപ്പോള്‍ അതു മറ്റൊരു ദുരന്തത്തിനു വഴിതെളിക്കുവാന്‍ അവര്‍ സമ്മതിച്ചില്ല. എന്നു മാത്രമല്ല, അതിന്റെ അനന്തരഫലമെന്നവണ്ണം നന്മയുണ്ടാകുവാനാണ് അവര്‍ ശ്രദ്ധിച്ചത്.

സ്റ്റാന്‍ഫര്‍ഡിന്റെ മകന്‍ മരിച്ചതിനുശേഷം അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ടായത്രേ. സ്വപ്നത്തില്‍ പുത്രന്‍ അദ്ദേഹത്തോടു പറഞ്ഞു: ''പ്രിയ അപ്പച്ചാ, ഇനി മനുഷ്യരെ സേവിക്കൂ.'' മറ്റുള്ളവരുടെ മക്കളെ സേവിക്കാന്‍ താനെടുത്ത തീരുമാനം ശരിയാണെന്നു വ്യക്തമാക്കുന്ന രീതിയിലായിരുന്നു ആ സ്വപ്നം. തന്മൂലം, തന്റെ തീരുമാനം പെട്ടെന്നു നടപ്പാക്കുവാന്‍ അദ്ദേഹം ഉത്സാഹിച്ചു.

മറ്റുള്ളവരുടെ മക്കളെ സ്വന്തമെന്നോണം കരുതിക്കൊണ്ടാണ് സ്റ്റാന്‍ഫര്‍ഡ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ടത്. അതുവഴിയായി ഒട്ടേറെ നന്മചെയ്യുവാനും മകന്‍ നഷ്ടപ്പെട്ടതുമൂലമുള്ള ദുഃഖത്തില്‍നിന്നു കരകയറാനും അദ്ദേഹത്തിനു സാധിച്ചു.

നമ്മുടെ ജീവിതത്തില്‍ ദുഃഖദുരിതങ്ങളുണ്ടാകുമ്പോള്‍ അവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നാം തകര്‍ന്നുപോകുമെന്നു തീര്‍ച്ചയാണ്. എന്നാല്‍, നമ്മുടെ ജീവിതദുരിതങ്ങളില്‍നിന്നു നന്മയുണ്ടാകാനുള്ള വഴികളെക്കുറിച്ചുകൂടി നാം ആലോചിച്ചാല്‍ ആ ദുരന്തങ്ങളെ അതിവേഗം മറികടക്കാന്‍ നമുക്കു സാധിക്കും എന്നതില്‍ സംശയം വേണ്ട.

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി സംഭവിക്കുന്നു എന്നാണു ബൈബിള്‍ പഠിപ്പിക്കുന്നത്. ദൈവമറിയാതെ ഒന്നും സംഭവിക്കുകയില്ല എന്ന പൂര്‍ണവിശ്വാസത്തോടെ ജീവിതത്തിലെ ദുഃഖദുരിതങ്ങളെ നേരിടുവാന്‍ നമുക്കു സാധിച്ചാല്‍ അതുവഴിയായി നമുക്കും മറ്റുള്ളവര്‍ക്കും നന്മയുണ്ടാകും എന്നതില്‍ രണ്ടുപക്ഷമില്ല.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.