Jeevithavijayam
4/3/2020
    
ക്രൂശിതനെ അറിയുന്നവര്‍
ജോര്‍ജ് ഹാന്‍ഡല്‍ (16851759) എന്ന ജര്‍മന്‍ സംഗീതജ്ഞന്റെ മാസ്റ്റര്‍പീസാണ് ''മെസായാ'' (മിശിഹാ) എന്ന സംഗീതോപഹാരം. ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, ഇംഗ്ലീഷ് എന്നീ സംഗീതപാരമ്പര്യങ്ങള്‍ സമന്വയിപ്പിക്കുന്നതില്‍ അസാധാരണ വിജയം നേടിയ ഹാന്‍ഡല്‍ 1742 ലാണ് ഈ 'ഓപ്പര' ആദ്യമായി അവതരിപ്പിച്ചത്.

ഹാന്‍ഡലിന്റെ ഈ ഓപ്പര രംഗത്തവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിട്ടുള്ള സംഗീതജ്ഞനാണ് റെയ്ച്ചല്‍. ഒരിക്കല്‍ ഇതിന്റെ റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ''ഐ നോ മൈ റെഡീമര്‍ ലിവ്‌സ്'' എന്ന ഗാനം ഒരു സോളോയിസ്റ്റ് അനര്‍ഗളമധുരമായിപാടി.

എല്ലാവരും കൈയടിച്ച് ഓപ്പരയുടെ സംവിധായകനായ റെയ്ച്ചലിന്റെ അംഗീകാരത്തിനായി കാത്തുനിന്നു. അദ്ദേഹമാകട്ടെ സോളോയിസ്റ്റിനെ സമീപിച്ചു ചോദിച്ചു: ''നമ്മുടെ രക്ഷകന്‍ യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്നു എന്നു നീ വിശ്വസിക്കുന്നുവോ?

സോളോയിസ്റ്റായ യുവതി പറഞ്ഞു: ''ഉവ്വ്, ഞാന്‍ വിശ്വസിക്കുന്നു.'' ഉടനേ റെയ്ച്ചല്‍ പറഞ്ഞു: ''എങ്കില്‍ അത് ഓര്‍മിച്ചുകൊണ്ടു പാടൂ. നീ നിന്റെ രക്ഷകനെ അറിയുന്നു എന്നു നിന്റെ പാട്ടിലൂടെ ഞാന്‍ മനസിലാക്കട്ടെ.

ഓശാന ഞായറാഴ്ച ക്രൈസ്തവര്‍ ലോകമെങ്ങും രക്ഷകനായ യേശുവിന് ഓശാനഗീതികള്‍ പാടുന്നു. തങ്ങളുടെ നാഥനും രക്ഷകനുമായി അവര്‍ യേശുവിനെ ഏറ്റുപറയുന്നു. യേശുവിനു നാം ഓശാന പാടുമ്പോള്‍ അവിടുത്തെ നാം യഥാര്‍ഥത്തില്‍ അറിയുന്നുണേ്ടാ എന്നു സ്വയം ചോദിക്കുവാന്‍ മറന്നുപോകരുത്.

നാം ഓശാനഗീതികള്‍ പാടുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ നാം യേശുവിനെ അറിയുന്നതായി മറ്റുള്ളവര്‍ക്കു തോന്നുമോ? അതോ വെറും ആചാരത്തിന്റെ ഭാഗമായി മാത്രമാണോ നാം ഓശാനഗീതികള്‍ പാടുന്നത്?

റെയ്ച്ചല്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ സോളോയിസ്റ്റ് വീണ്ടും പാടി. ''എന്റെ രക്ഷകന്‍ ജീവിച്ചിരിക്കുന്നുവെന്നു ഞാനറിയുന്നു'' എന്നര്‍ഥം വരുന്ന ഗാനം അവര്‍ ഹൃദയത്തില്‍നിന്നു വീണ്ടും പാടിയപ്പോള്‍ റെയ്ച്ചല്‍ ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്നവര്‍ സകലരും ആനന്ദബാഷ്പങ്ങള്‍ പൊഴിച്ചു. പാട്ടുകഴിഞ്ഞപ്പോള്‍ റെയ്ച്ചല്‍ സോളോയിസ്റ്റിനെ സമീപിച്ചു പറഞ്ഞു: ''ഇത്തവണത്തെ നിന്റെ പാട്ടു കേട്ടിട്ടു നമ്മുടെ രക്ഷകന്‍ യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്നതായി നീ വിശ്വസിക്കുന്നു എന്ന് എനിക്കു തോന്നി.

യേശുവിന് ഓശാനഗീതികള്‍ പാടുമ്പോള്‍ നാം യേശുവിനെ അറിയുന്നവരാണെന്ന് ഉറപ്പുവരുത്തണം. എങ്കില്‍മാത്രമേ, യേശുവിന്റെ സഹനമരണഉത്ഥാനങ്ങളിലധിഷ്ഠിതമായ രക്ഷാകര രഹസ്യത്തില്‍ പങ്കുകൊള്ളുവാന്‍ നമുക്കു സാധിക്കുകയുള്ളൂ.

യേശു പീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ചതു നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായിട്ടാണെന്നു നമുക്കറിയാം. എന്നാല്‍, നമ്മുടെയും സഹജീവികളുടെയും രക്ഷയ്ക്കായി അവിടുത്തെ സഹനത്തില്‍ പങ്കുപറ്റുവാന്‍ നാമും വിളിക്കപ്പെട്ടവരാണെന്നു നാം ഓര്‍മിക്കാറുണേ്ടാ? ഒരുപക്ഷേ, യേശുവിന്റെ സഹനത്തില്‍ പങ്കുചേരുവാനുള്ള വിളി നാം ശ്രവിക്കാത്തതുകൊണ്ടല്ലേ നമ്മുടെ ജീവിതത്തില്‍ കുരിശുകളുണ്ടാകുമ്പോള്‍ നാം അവയില്‍നിന്ന് ഓടിപ്പോകുന്നത്? അതുപോലെ, ആ കുരിശുകളുടെ രക്ഷാകരമൂല്യം അറിയാത്തതുകൊണ്ടല്ലേ നാം അവയെ തിരസ്‌കരിക്കുന്നത്?


ഒരു റഷ്യന്‍ കഥ: കൊള്ളക്കാരായ രണ്ടുപേര്‍ ഒരു സന്യാസവൈദികന്റെ പക്കല്‍ കുമ്പസാരിക്കുവാനെത്തി. ആത്മാര്‍ഥമായിരുന്നു അവരുടെ കുമ്പസാരം. അവര്‍ക്കു പാപമോചനം നല്കിയശേഷം വൈദികന്‍ അവര്‍ക്കു പ്രായശ്ചിത്തം വിധിച്ചു. വലിയ ഓരോ മരക്കുരിശും ചുമന്നുകൊണ്ട് ഒരു മരുഭൂമികടന്നു ജനവാസമുള്ള സ്ഥലത്തെത്തി പുതിയ ജീവിതം തുടങ്ങുക എന്നതായിരുന്നു അവര്‍ക്കു ലഭിച്ച പ്രായശ്ചിത്തം.

കുരിശും ചുമന്നുകൊണ്ടുള്ള അവരുടെ യാത്ര തുടക്കംമുതലേ ക്ലേശപൂര്‍ണമായിരുന്നു. യാത്ര ഒരു ദിവസം പിന്നിട്ടപ്പോള്‍ത്തന്നെ വിശപ്പും ദാഹവുംകൊണ്ട് അവര്‍ തളര്‍ന്നുകഴിഞ്ഞിരുന്നു. രണ്ടാംദിവസമായപ്പോഴേക്കും കുരിശിന്റെ ഭാരം വളരെ കൂടിയതായി അവര്‍ക്കു തോന്നി. തന്മൂലം, അവര്‍ തങ്ങളുടെ കുരിശിന്റെ ഭാരം കുറയ്ക്കുവാന്‍ തീരുമാനിച്ചു. അവരിലൊരാള്‍ കുരിശിന്റെ നീളം ഗണ്യമായി വെട്ടിക്കുറച്ച് അതിന്റെ ഭാരം കുറച്ചു. മറ്റേയാള്‍ കുരിശിന്റെ ഭാരം കുറയ്ക്കുവാന്‍വേണ്ടി അതിന്റെ വീതി വളരെ ചെറുതാക്കി.

ഭാരംകുറച്ച കുരിശുകളുമായി അവര്‍ മുന്നോട്ടുചെന്നപ്പോള്‍ മരുഭൂമിയെ മുറിച്ചൊഴുകുന്ന ഒരു കനാല്‍ കണ്ടു. ആ കനാല്‍ ചാടിക്കടക്കുക ദുഷ്‌കരമായിരുന്നു. മനുഷ്യരെ കാര്‍ന്നു തിന്നുന്ന മത്സ്യങ്ങള്‍ നിറഞ്ഞ കനാലായിരുന്നതുകൊണ്ട് ആ കനാലിലിറങ്ങി മറുകര പറ്റുക അസാധ്യവുമായിരുന്നു. തന്മൂലം, തങ്ങളുടെ കുരിശുകൊണ്ടു പാലം തീര്‍ത്തു മറുകര കടക്കുവാന്‍ സാധിക്കുമോ എന്നവര്‍ നോക്കി.

എന്നാല്‍, ആദ്യത്തെയാളിന്റെ കുരിശിനു നീളം കുറവായിരുന്നതിനാല്‍ ആ കുരിശു കനാലിന്റെ മറുകരവരെ എത്തിയില്ല. രണ്ടാമത്തെയാളിന്റെ കുരിശിനു കനാലിന്റെ മറുകര എത്തുവാന്‍വരെ നീളമുണ്ടായിരുന്നു. അയാള്‍ ആ കുരിശു പാലമായി ഉപയോഗിച്ചു മറുകരയിലേക്കു കടക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, വീതിയില്ലാത്ത കുരിശായിരുന്നതിനാല്‍ ആ കുരിശൊടിഞ്ഞ് അയാള്‍ കനാലില്‍ വീണു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ ഹിംസ്രമത്സ്യങ്ങളുടെ ആഹാരമായി മാറി. ആദ്യത്തെയാളാകട്ടെ കനാല്‍ കടക്കുവാന്‍ സാധിക്കാതെ ആ മരുഭൂമിയിലെ ചൂടില്‍ മരിച്ചുവീഴുകയും ചെയ്തു.

തങ്ങള്‍ക്കു ലഭിച്ച കുരിശുകള്‍ ചെറുതാക്കിയിരുന്നില്ലെങ്കില്‍ അവര്‍ക്കു രണ്ടുപേര്‍ക്കും അവകൊണ്ടു രക്ഷപ്പെടുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, അവര്‍ തങ്ങളുടെ കുരിശുകള്‍ ലഘൂകരിക്കുവാന്‍ ശ്രമിച്ചതുമൂലം അവര്‍ക്കു ജീവന്‍തന്നെ നഷ്ടപ്പെട്ടു.

ജീവിതത്തില്‍ കുരിശുകളുണ്ടാകുമ്പോള്‍ അവയില്‍നിന്ന് ഓടിയൊളിക്കുവാന്‍ നാം ശ്രമിക്കാറുണ്ട്. അതു സാധിക്കാതെ വരുമ്പോള്‍ നമ്മുടെ കുരിശുകള്‍ ലഘൂകരിക്കാന്‍ നാം ശ്രമിക്കും. എന്നാല്‍, നമ്മുടെ ജീവിതത്തിലെ കുരിശുകളുടെ രക്ഷാകരമൂല്യത്തെക്കുറിച്ചു നാം എപ്പോഴെങ്കിലും ചിന്തിക്കാറുണേ്ടാ?

നാം കുരിശുകള്‍ തേടിപ്പോയിട്ടു കാര്യമില്ല. എന്നാല്‍, ദൈവപരിപാലനയില്‍ നമുക്കെന്തെങ്കിലും കുരിശുകള്‍ ലഭിച്ചാല്‍ അതിന്റെ രക്ഷാകരമൂല്യം നാം കാണാതെ പോകരുത്. ക്രൂശിതനായ യേശുവിനെ നാം യഥാര്‍ഥത്തില്‍ അറിയുന്നുവെങ്കില്‍, നമ്മുടെ രക്ഷകനായി യേശുവിനെ അറിയുന്നവരാണ് നമ്മളെങ്കില്‍, നമ്മുടെ ജീവിതത്തിലെ കുരിശുകളുടെ രക്ഷാകരമൂല്യവും നാം അറിയുകതന്നെ ചെയ്യും.
    
To send your comments, please clickhere