Jeevithavijayam
7/5/2020
    
ആശ്വസിപ്പിക്കുന്ന സാന്നിധ്യം
ഒരു ആശുപത്രി നിറയെ മരണാസന്നരായ ഒട്ടേറെ ഭടന്മാര്‍. എവിടെയും നിലവിളിയും ദീനരോദനവും മാത്രം. ആര്‍ക്ക് ആരെ എങ്ങനെ ആശ്വസിപ്പിക്കാമെന്ന് അറിയാത്ത അവസ്ഥ. അപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍ അവിടേക്കു കയറിച്ചെന്നത്.

ആഭ്യന്തരയുദ്ധത്തില്‍ മുറിവേറ്റവരായിരുന്നു ആ ഭടന്മാര്‍. 1861 ഏപ്രില്‍ 12ന് ആരംഭിച്ച ആഭ്യന്തരയുദ്ധം നാലുവര്‍ഷം നീണ്ടുനിന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ പതിനൊന്നു തെക്കന്‍ സംസ്ഥാനങ്ങള്‍ അടിമത്തം നിലനിര്‍ത്താന്‍വേണ്ടി ആരംഭിച്ച യുദ്ധമായിരുന്നു അത്. അവരുടെ എതിരാളികളാകട്ടെ വടക്കും പടിഞ്ഞാറുമുള്ള ഇരുപത്തിമൂന്നു സംസ്ഥാനങ്ങളും.

യുദ്ധം ആരംഭിക്കുമ്പോള്‍ ലിങ്കണ്‍ ആയിരുന്നു പ്രസിഡന്റ്. അങ്ങനെയാണ് ലിങ്കണ്‍ ഭടന്മാരെ സന്ദര്‍ശിക്കാന്‍ ആ ആശുപത്രിയിലെത്തിയത്.

ആശുപത്രിയിലെത്തിയ ലിങ്കണ്‍ ഭടന്മാരെ സന്ദര്‍ശിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്റെ കാര്യം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അന്ത്യശ്വാസം വലിക്കുകയായിരുന്നു ആ ചെറുപ്പക്കാരന്‍. ലിങ്കണ്‍ ഉടനേ ആ യുവഭടന്റെ അരികിലെത്തി.

''എന്തെങ്കിലും സഹായം വേണ്ടതുണേ്ടാ?'' ലിങ്കണ്‍ ആ യുവഭടനോടു ചോദിച്ചു. ചോദിച്ചത് പ്രസിഡന്റാണെന്ന് ആ ഭടനു മനസിലായില്ല.

അയാള്‍ പറഞ്ഞു: ''എന്റെ അമ്മയ്ക്ക് ഒരെഴുത്ത് എഴുതാന്‍ സഹായിച്ചാല്‍ നന്നായിരുന്നു.''

ലിങ്കണ്‍ പേനയും കടലാസും എടുത്ത് കത്ത് എഴുതാന്‍ തയാറായി. അപ്പോള്‍ അയാള്‍ വിക്കിവിക്കിപ്പറഞ്ഞു:

''എന്റെ പ്രിയ അമ്മേ, ചുമതലാനിര്‍വഹണത്തിനിടയില്‍ എനിക്കു മാരകമായ പരിക്കേറ്റു. ഞാന്‍ ജീവിക്കുമെന്ന് എനിക്കു പ്രതീക്ഷയില്ല. എനിക്കുവേണ്ടി അമ്മ ദുഃഖിക്കരുത്. അമ്മയെയും അപ്പച്ചനെയും ദൈവം അനുഗ്രഹിക്കട്ടെ. മേരിക്കും ജോണിനും എന്റെ ഉമ്മ!''

ഇത്രയും പറഞ്ഞതിനുശേഷം വീണ്ടും എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ആ ഭടനു കഴിഞ്ഞില്ല. തന്മൂലം പ്രസിഡന്റ് ലിങ്കണ്‍ ആ എഴുത്തിന്റെ തുടര്‍ച്ചയായി എഴുതി: ''നിങ്ങളുടെ മകനുവേണ്ടി ഏബ്രഹാം ലിങ്കണ്‍ എഴുതിയത്.''

അല്പം കഴിഞ്ഞപ്പോള്‍ ആ എഴുത്ത് ഒന്നു കാണാന്‍ ഭടന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ലിങ്കണ്‍ എഴുത്ത് അയാളുടെ കൈവശം കൊടുത്തു. എഴുത്തിനടിയില്‍ ലിങ്കന്റെ പേരുകണ്ട ഭടന്‍ ചോദിച്ചു: ''അങ്ങ് പ്രസിഡന്റ് ലിങ്കണ്‍ തന്നെയാണോ?''

''അതെ'', മറുപടിയായി ലിങ്കണ്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം ചോദിച്ചു: ''ഇനിയെന്തെങ്കിലും ഞാന്‍ ചെയ്തു തരേണ്ടതായിട്ടുണേ്ടാ?''

അപ്പോള്‍ ആ ഭടന്‍ പറഞ്ഞു:

''അങ്ങ് എന്റെ കൈയില്‍ പിടിച്ചാല്‍ നന്നായിരുന്നു. മരണത്തെ ഭയംകൂടാതെ നേരിടാന്‍ അത് എന്നെ സഹായിക്കും.''

ആ ഭടന്‍ പറഞ്ഞതുപോലെ ലിങ്കണ്‍ അയാളുടെ കൈയില്‍ പിടിച്ച് അയാളെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. അധികം താമസിയാതെ ലിങ്കന്റെ സാന്നിധ്യത്തില്‍ ആ ഭടന്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ ആ ഭടന്‍ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകണം! എങ്കിലും ലിങ്കന്റെ സാന്നിധ്യവും സ്‌നേഹവും ആ ഭടന് ആശ്വാസം നല്‍കി. അതുപോലെ, മരണത്തെ അത്ര വലിയ ഭയംകൂടാതെ നേരിടാന്‍ ലിങ്കന്റെ സ്‌നേഹസാന്നിധ്യം ആ ഭടന് സഹായകമായി.

നമ്മുടെ ജീവിതത്തില്‍ ദുഃഖങ്ങളുണ്ടാകുമ്പോള്‍ മറ്റുള്ളവരുടെ സനേഹസാന്നിധ്യം നാം ആഗ്രഹിക്കാറില്ലേ? ഒരുപക്ഷേ മറ്റുള്ളവരുടെ സ്‌നേഹസാന്നിധ്യംമൂലം എത്രയോ ദുഃഖങ്ങള്‍ വിജയപൂര്‍വം നേരിട്ട അനുഭവങ്ങള്‍ നമുക്കുണ്ടാകും. എങ്കിലും നമ്മുടെ സ്‌നേഹവും സാന്നിധ്യവുംവഴി മറ്റുള്ളവരുടെ ദുഃഖം വളരെയേറെ ശമിപ്പിക്കാന്‍ സാധിക്കുമെന്ന് നാം ഓര്‍മിക്കാറുണേ്ടാ? അതുപോലെ മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ അവരെ ആശ്വസിപ്പിക്കാന്‍ നാം ശ്രമിക്കാറുണേ്ടാ?


കനത്ത ഏകാന്തതയും നൈരാശ്യവുമൊക്കെ അനുഭവപ്പെടുന്ന അവസരമാണു ദുഃഖത്തിന്റെ നിമിഷങ്ങള്‍. അങ്ങനെയുള്ള അവസരങ്ങളിലാണു മറ്റുള്ളവരുടെ സ്‌നേഹസാന്നിധ്യം നമുക്ക് ഏറെ ആവശ്യമായിട്ടുള്ളത്. അത്തരം അവസരങ്ങളില്‍ പരസ്പരം സഹായിക്കാന്‍ നമുക്കു സാധിച്ചാല്‍ നമ്മുടെയെല്ലാവരുടേയും ജീവിതം എത്രയേറെ ധന്യമാകുമായിരുന്നു!

ആരോ ഒരാള്‍ പണെ്ടങ്ങോ എഴുതിയ ഒരു ഇംഗ്ലീഷ് കവിതയിലെ കഥ ഇവിടെ കുറിക്കട്ടെ: വഴിയരികിലൂടെ നടന്നുപോവുകയായിരുന്നു ഒരു കിഴവന്‍. അപ്പോഴാണ് ഒരു വീടിനടുത്തായി ഒരു കടലാസ്‌കഷണം കിടക്കുന്നതുകണ്ടത്.

അയാള്‍ ആ കടലാസ് കഷണം കൈയിലെടുത്തു നോക്കി. അതില്‍ ഒരു കൊച്ചുകുട്ടിയുടേതെന്നു തോന്നിക്കുന്ന കൈപ്പടയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നതുകണ്ടു.

''ഇത് ആരു കണെ്ടടുക്കുന്നുവോ അയാളെ ഞാന്‍ സ്‌നേഹിക്കുന്നു. ഇത് ആരു കണെ്ടടുക്കുന്നുവോ ആ ആളെ എനിക്ക് ആവശ്യമുണ്ട്. വര്‍ത്തമാനം പറയാന്‍പോലും എനിക്കാരുമില്ല. ഇത് ആരു കണെ്ടടുക്കുന്നുവോ അയാളെ ഞാന്‍ സ്‌നേഹിക്കുന്നു.''

അതു വായിച്ചശേഷം അയാള്‍ ചുറ്റിലും നോക്കി. അപ്പോള്‍ അടുത്തുകണ്ട വീടിനു മുമ്പിലുള്ള വേലിക്കെട്ടിനടുത്ത് ഒരു കുരുന്നു ബാലിക പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു.

അയാള്‍ ആ ബാലികയുടെ അടുത്തേക്കു ചെന്നു. അതെ, അവളായിരുന്നു ആ കടലാസ് കഷണം അവിടെ വഴിയിലിട്ടിരുന്നത്.

അനാഥയായിരുന്നു അവള്‍. ആരോ ഒരാളുടെ കാരുണ്യംകൊണ്ട് ആ വീട്ടില്‍ അവള്‍ താമസിച്ചിരുന്നുവെന്നു മാത്രം. അന്നുമുതല്‍ ആ ബാലികയും കിഴവനും സുഹൃത്തുക്കളായി. പിന്നീട് ഇടയ്ക്കിടെ ആ കിഴവന്‍ അവളെ സന്ദര്‍ശിക്കാന്‍ ചെല്ലുമായിരുന്നു. അപ്പോഴൊക്കെ അയാള്‍ അവള്‍ക്കു ചെറിയ സമ്മാനങ്ങള്‍ കൊടുക്കും. അതിനുപകരമായി അവള്‍ താന്‍ വരച്ച ചിത്രങ്ങള്‍ അയാള്‍ക്കു സമ്മാനമായി നല്‍കും.

പക്ഷേ, കുറേക്കാലത്തിനുശേഷം ആ വയസനെ കാണാനില്ലാതായി. എങ്കിലും അയാള്‍ക്കുവേണ്ടി അവള്‍ എന്നും കാത്തിരുന്നു. അവളുടെ കാത്തിരിപ്പ് നീണ്ടുപോയപ്പോള്‍ അവള്‍ ഒരു കടലാസ് എടുത്ത് അതില്‍ എഴുതി: ''ഇത് ആരു കണെ്ടടുക്കുന്നുവോ അയാളെ ഞാന്‍ സ്‌നേഹിക്കുന്നു. ഇത് ആര് കണെ്ടടുക്കുന്നുവോ അയാളെ എനിക്ക് ആവശ്യമുണ്ട്. വര്‍ത്തമാനം പറയുവാന്‍പോലും എനിക്കാരുമില്ല. ഇത് ആര് കണെ്ടടുക്കുന്നുവോ അയാളെ ഞാന്‍ സ്‌നേഹിക്കുന്നു.'' ഇത്രയും എഴുതിയിട്ട് ആ കടലാസുകഷണം അവള്‍ വീണ്ടും പഴയവഴിയിലിട്ടു.

കവിതയും കവിതയിലെ കഥയും ഇവിടംകൊണ്ടവസാനിക്കുന്നു. എന്നാല്‍ ഈ കഥയ്ക്ക് ഒരു അവസാനമുണേ്ടാ? നമുക്കു സ്‌നേഹിക്കാന്‍ എന്നും ആളുകള്‍ വേണേ്ട? നമ്മെ സ്‌നേഹിക്കാനും എപ്പോഴും ആളുകള്‍ വേണേ്ട? നമ്മുടെ ഏകാന്തനിമിഷങ്ങളില്‍ നമ്മുടെ ദുഃഖം പങ്കുവയ്ക്കാന്‍ എപ്പോഴും നമുക്ക് ആളുകള്‍ വേണേ്ട?

ഈ കഥയിലെ ബാലിക നമ്മുടെയെല്ലാവരുടെയും പ്രതിനിധിയാണ്. അതുപോലെ ആ കിഴവനും നമ്മുടെയെല്ലാവരുടെയും പ്രതിനിധിയാകണം. എങ്കില്‍ മാത്രമേ ദുഃഖപൂര്‍ണമായ ജീവിതത്തില്‍ നമുക്ക് ആശ്വാസം ലഭിക്കൂ.
    
To send your comments, please clickhere