Jeevithavijayam
7/7/2020
    
നാരദനും ഒരു ഇലവു മരവും
ഒരു പുരാണകഥ, പണ്ടുപണ്ടു ഭീഷ്മര്‍ യുധിഷ്ഠിരനോടു പറഞ്ഞിട്ടുള്ള പല കഥകളിലൊന്നാണിത്.

നാരദമഹര്‍ഷി നാടുചുറ്റി നടക്കുന്ന അവസരം. ഒരിക്കല്‍ യാത്രയ്ക്കിടയില്‍ വല്ലാത്ത ക്ഷീണം തോന്നി. അടുത്തുകണ്ട ഒരു വലിയ ഇലവുമരത്തിനടിയില്‍ വിശ്രമിക്കാനിരുന്നു.

നാരദന്‍ അങ്ങനെ ആ ഇലവുമരത്തണലില്‍ വിശ്രമിക്കുമ്പോള്‍ ആ മരത്തിന്റെ വലുപ്പംകണ്ട് അദ്ഭുതപ്പെട്ടു. ആ വന്മരം നിറയെ കവരങ്ങളും കമ്പുകളും ഇലകളുമായിരുന്നു. ഇതുപോലെ, ആ വന്മരത്തിന്റെ ചില്ലകളില്‍ ഒട്ടേറെപ്പക്ഷികള്‍ കൂടുകൂട്ടിയിരുന്നു.

അദ്ഭൂതം നിറഞ്ഞ നയനങ്ങളോടെ ആ വന്മരത്തെ നോക്കിയിട്ടു നാരദന്‍ ആ മരത്തിനോടു പറഞ്ഞു:

''അല്ലയോ ഇലവുമരമേ, നിന്റെ വലുപ്പം അപാരം തന്നെ! നിന്നില്‍ നിറയെ കവരങ്ങളും കമ്പുകളും ഇലകളുമാണല്ലോ. വായുഭഗവാന്‍ നിന്റെ സുഹൃത്തായിരിക്കണം. അല്ലായിരുന്നുവെങ്കില്‍ എത്രയോപണേ്ട കൊടുങ്കാറ്റേറ്റു നിന്റെ ശാഖകളും ഇലകളുമൊക്കെ അപ്രത്യക്ഷമാകുമായിരുന്നു.'''

നാരദന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഇലവുമരം പറഞ്ഞു: ''മഹാമുനീ, അങ്ങ് എന്താണീ പറയുന്നത്? വായുഭഗവാന്‍ എന്റെ സുഹൃത്താണെന്നോ? ഞാന്‍ എന്താ ബ്രഹ്മാവാണോ കാറ്റ് എന്നെ ബഹുമാനിക്കാന്‍? കാറ്റ് വലിയ കേമനായിരിക്കാം. എന്നാല്‍, എന്റെ ശക്തി എന്തുമാത്രമാണെന്ന് കാറ്റിനറിയാം. അതുകൊണ്ടാണ് കാറ്റെന്നെ തൊടാത്തത്. എന്റെ കരുത്തിന്റെ നൂറിലൊരംശംപോലും കാറ്റിനില്ല.'''

ഇലവുമരത്തിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ നാരദന്‍ പറഞ്ഞു: ''ഇലവുമരമേ, നിന്റെ ധാരണ തെറ്റാണ്. നിന്നില്‍ നിറഞ്ഞുനില്‍ക്കുന്ന അഹങ്കാരം മൂലം നീ സത്യം കാണാതെ പോകുന്നു. കാറ്റിന്റെ ശക്തിയെ ധിക്കരിക്കാന്‍ ആര്‍ക്കുസാധിക്കും? വന്മരങ്ങളെ പിഴുതെറിയാനും വന്മലകളെ ഇടിച്ചു നിരത്താനും കാറ്റിനു സാധിക്കും. കാറ്റ് സര്‍വശക്തിയുമെടുത്ത് ഇളകിയാടിയാല്‍ ഈ പ്രപഞ്ചംതന്നെ നശിച്ചുപോകും.'

പക്ഷേ, നാരദന്റെ ഉപദേശം കേള്‍ക്കുവാനുള്ള വിനയം ഇലവുമരത്തിനുണ്ടായിരുന്നില്ല. ഇലവുമരം പറഞ്ഞു: ''കാറ്റ് അത്ര ശക്തനാണെങ്കില്‍ ആ ശക്തിയൊന്നു കാണട്ടെ!'''

ഒരു ഇലവുമരത്തിന് ഇത്രയേറെ അഹങ്കാരമോ?! എങ്കില്‍ ഇലവുമരത്തിനെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം. നാരദന്‍ വേഗം വായുഭഗവാന്റെ അരികിലേക്ക് ഓടി.

അപ്രതീക്ഷിതമായി നാരദനെ കണ്ടു വായുഭഗവാന്‍ ചോദിച്ചു: ''എന്താണു കാര്യം? എന്താണ് ഒരു മുന്നറിയിപ്പും കൂടാതെ വരാന്‍ കാരണം?''

നാരദന്‍ പറഞ്ഞു: ''എന്റെ യാത്രയ്ക്കിടയില്‍ ഞാന്‍ ഒരു ഇലവുമരത്തെ കണ്ടു. ആ മരത്തിനെന്തു ധിക്കാരം! അങ്ങയെക്കാള്‍ നൂറിരട്ടി ശക്തി ആ മരത്തിനുണെ്ടന്നാണ് അതിന്റെ വിചാരം. പോരെങ്കില്‍ ആ മരം അങ്ങയെ നിന്ദിക്കുകയും ചെയ്തിരിക്കുന്നു!'

നാരദന്റെ വിവരണം കേട്ടപ്പോള്‍ വായുഭഗവാന്‍ ഇലവുമരത്തെ നേരില്‍ക്കാണാമെന്നു കരുതി ആ മരത്തിന്റെ അരികിലേക്കു ചെന്നു. ഇലവുമരം അപ്പോഴും അഹങ്കാരത്തോടെ അങ്ങനെ തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു. അതുകണ്ട വായുഭഗവാന്‍ പറഞ്ഞു:

''നിന്റെ ധിക്കാരം കുറെ കൂടിപ്പോകുന്നുണ്ട്, കേട്ടോ. നീ നാരദനോടു പറഞ്ഞതെല്ലാം ഞാന്‍ അറിഞ്ഞു. പണ്ട് ബ്രഹ്മാവ് നിന്റെ തണലില്‍ വിശ്രമിച്ചിട്ടുണ്ട്. ആ ഒറ്റക്കാര്യം ഓര്‍മിച്ച് ഞാന്‍ ഇതുവരെ നിന്നോടു സ്‌നേഹപൂര്‍വം പെരുമാറുകയായിരുന്നു. ഒരിക്കല്‍പ്പോലും നിനക്കെതിരേ ഒരു കൊടുങ്കാറ്റ് ഞാന്‍ അഴിച്ചുവിട്ടിട്ടില്ല.'''


വായുഭഗവാന്റെ ഈ വാക്കുകള്‍ കേട്ടിട്ടും ഇലവുമരത്തിന് ഒരു മനഃപരിവര്‍ത്തനവും വന്നില്ല. ഒരു ചിരി പാസാക്കിക്കൊണ്ട് ഇലവുമരം പറഞ്ഞു: ''വെറുതെ വാചകമടിച്ച് കേമനാണെന്നു സ്ഥാപിക്കാന്‍ നോക്കണ്ട. കരുത്തുണെ്ടങ്കില്‍ അതു കാണിക്കൂ. അപ്പോള്‍ അറിയാം, ആര്‍ക്കാണ് ശക്തി കൂടുതലെന്ന്.''

വായുഭഗവാന്‍ പിന്നെ അധികമൊന്നും പറഞ്ഞില്ല. പിറ്റേദിവസം കാണാമെന്ന്, പറഞ്ഞ് അദ്ദേഹം പിരിഞ്ഞു.

വായുഭഗവാന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഇലവുമരം സ്വയം ചിന്തിക്കാന്‍ തുടങ്ങി. താന്‍ എന്ത് അബദ്ധമാണ് കാണിച്ചത്! കാറ്റിനെ എതിര്‍ത്തു തോല്പിക്കുവാനുള്ള ശക്തി തനിക്കുണേ്ടാ? ഒരു കൊടുങ്കാറ്റാഞ്ഞടിച്ചാല്‍ താന്‍ നിലംപതിക്കില്ലേ? വെറുതെ അബദ്ധം പറഞ്ഞുപിടിപ്പിക്കേണ്ടായിരുന്നു.

കുറച്ചുകൂടി ആലോചിച്ചപ്പോള്‍ ഇലവുമരത്തിന് ഒരു ബുദ്ധി തോന്നി. ഇലവുമരം സ്വയം പറഞ്ഞു: ''എനിക്കു ശക്തി കുറവാണെന്നു നാരദന്‍ പറഞ്ഞതു ശരിതന്നെ. എന്നാല്‍ എനിക്ക് നല്ല ബുദ്ധിയുണ്ട്. എന്റെ ബുദ്ധികൊണ്ട് കാറ്റിന്റെ ശക്തിയെ ഞാന്‍ നേരിടും.'

എന്തായിരുന്നെന്നോ ആ ബുദ്ധി?

മരത്തില്‍ കവരങ്ങളും കമ്പുകളും ഇലകളുമുണെ്ടങ്കിലല്ലേ കാറ്റ് ആഞ്ഞടിച്ച് അവയെ നശിപ്പിക്കൂ? കാറ്റിന്റെ ഭീഷണിയില്‍നിന്ന് ഒഴിവാകുവാനായി ഇലവുമരം സ്വയം തന്റെ കവരങ്ങളും കമ്പുകളും ഇലകളുമെല്ലാം അടര്‍ത്തിക്കളഞ്ഞു. പിറ്റേദിവസം കാറ്റ് കൊടുങ്കാറ്റായി ആഞ്ഞടിച്ചുവരുമ്പോള്‍ പഴയ വന്മരത്തിന്റെ സ്ഥാനത്ത് അതിന്റെ വലിയ തായ്ത്തണ്ടുമാത്രം നില്‍ക്കുന്നു!

ഭീഷ്മര്‍ പറഞ്ഞ ഈ കഥ വെറും ഒരു ഇലവുമരത്തിന്റെ കഥയല്ല. ഇതു നമ്മുടെ കഥയാണ്. അഹങ്കാരവും അതിബുദ്ധിയും നമ്മുടെ ജീവിതത്തില്‍ ദുരന്തം വിതയ്ക്കുന്ന കഥ.

ശക്തിയില്ലാത്ത ഇലവുമരം താന്‍ അതിശക്തനാണെന്നു സ്വയം കരുതി. അതുപോലെ, തന്റെ കരുത്തിന്റെ പൊള്ളത്തരം ബോധ്യമായപ്പോള്‍ അതു സമ്മതിക്കാതെ അതിബുദ്ധിയുപയോഗിച്ച് തനിക്കെതിരേ ഉയര്‍ന്ന ഭീഷണിയെ നേരിടുവാന്‍ നോക്കി. പക്ഷേ അത് ഇലവുമരത്തിന്റെ സമ്പൂര്‍ണ ദുരന്തത്തിനു വഴിതെളിച്ചു.

വായുഭഗവാന്‍ എപ്പോഴും ഇലവുമരത്തെ പ്രത്യേക താല്‍പര്യത്തോടെ കൊടുങ്കാറ്റില്‍നിന്ന് ഒഴിച്ചുനിര്‍ത്തുകയായിരുന്നു. പക്ഷേ, ഇലവുമരമുണേ്ടാ അതു മനസിലാക്കുന്നു! അതുപോലെ വായുഭഗവാന്‍ അക്കാര്യം പറഞ്ഞിട്ടും ഇലവുമരമുണേ്ടാ അതു സമ്മതിക്കുന്നു!

നമ്മളും പലപ്പോഴും ഈ ഇലവുമരത്തെപ്പോലെയല്ലേ? ദൈവം തന്റെ പ്രത്യേക പരിപാലനയില്‍ നമ്മെ പരിരക്ഷിക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും നാം സ്വയം അവകാശപ്പെടുന്നു! അതുപോലെ ദൈവം നമ്മെ അനുഗ്രഹിക്കുന്നകാര്യംപോലും സമ്മതിക്കാന്‍ നാം തയാറാകാതെപോകുന്നു! ഒരുപക്ഷേ ജീവിതത്തില്‍ ദുരന്തം കടന്നുവരുമ്പോഴല്ലേ പലപ്പോഴും നമ്മുടെ കണ്ണ് തുറക്കുന്നത്?

ഒരു ദുരന്തത്തിലൂടെ പാഠം പഠിക്കുന്നതുവരെ നാം കാത്തിരിക്കേണ്ട. നമ്മുടെ ബലവും ബലഹീനതയും അവ ആയിരിക്കുന്നതുപോലെ ഇപ്പോള്‍ത്തന്നെ മനസിലാക്കാനും അംഗീകരിക്കാനും നമുക്കു തയാറാകാം. അതുപോലെ, നമ്മെ താങ്ങിനിര്‍ത്തുന്ന ദൈവത്തിന്റെ ശക്തിയും അവിടുത്തെ അനന്തപരിപാലനയും നമുക്ക് ഒരിക്കലും മറക്കാതിരിക്കാം.
    
To send your comments, please clickhere