Jeevithavijayam
7/8/2020
    
സുഖപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍
മനസിന്റെ കണ്ണാടിയായിരുന്നു അയാളുടെ മുഖം. അയാളുടെ വിങ്ങുന്ന മനസും വേദനിക്കുന്ന ഹൃദയവും ആ മുഖത്തു തെളിഞ്ഞുകണ്ടു.

വന്ദ്യനായ ഒരു യതിവര്യന്റെ സഹായംതേടി എത്തിയതായിരുന്നു അയാള്‍. അയാളുടെ കദനകഥ കേട്ടപ്പോള്‍ ഗുരുശ്രേഷ്ഠന്‍ ചോദിച്ചു:

''നിങ്ങളുടെ പ്രശ്‌നത്തിന് യഥാര്‍ഥത്തില്‍ പരിഹാരം കണെ്ടത്തണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണേ്ടാ?''

''തീര്‍ച്ചയായും'', അയാള്‍ മറുപടി പറഞ്ഞു: ''അല്ലെങ്കില്‍പ്പിന്നെ ഞാനിവിടെ വരുമായിരുന്നോ?''

എന്നാല്‍ വന്ദ്യഗുരു പറഞ്ഞു: ''ഓ.... പ്രശ്‌നപരിഹാരം കാണാനെന്നു പറഞ്ഞ് എത്രയോ പേര്‍ ഇവിടെ വരുന്നു...'''

''പ്രശ്‌നത്തിനു പരിഹാരം കണെ്ടത്താനല്ലെങ്കില്‍പ്പിന്നെ അവര്‍ എന്തിനാണ് വരുന്നത്?'' അയാള്‍ വീണ്ടും ചോദിച്ചു.

ഗുരു പറഞ്ഞു: ''പ്രശ്‌നത്തിനുള്ള പരിഹാരം കണെ്ടത്താന്‍വേണ്ടിയല്ല അവര്‍ വരുന്നത്. പ്രശ്‌നം പരിഹരിക്കുക എന്നതു വേദനാജനകമാണ്. അവര്‍ വരുന്നത് വെറുതേ അല്പം ആശ്വാസം തേടി മാത്രം.''

ഒട്ടേറെ മുറിവുകളുള്ളവരാണ് നാം. എന്നാല്‍ നമ്മുടെ മുറിവുകള്‍ സുഖപ്പെടണമെന്ന് യഥാര്‍ഥത്തില്‍ നാം ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞാല്‍ അതു ശരിയാണെന്നു നാം സമ്മതിക്കുമോ? മുകളിലുദ്ധരിച്ച കഥയിലെ ഗുരുശ്രേഷ്ഠന്‍ പറഞ്ഞതുപോലെ, ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണെ്ടത്തുക എന്നത് വളരെ വേദനാപൂര്‍ണമായ ഒരു കൃത്യമാണ്. അതുകൊണ്ട് നമ്മുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് പലപ്പോഴും നാം ശ്രമിക്കുന്നത്.

നമ്മുടെ മുറിവുകള്‍ ഉണങ്ങിയിരുന്നെങ്കില്‍ എന്നു നാം ആഗ്രഹിക്കാറുണ്ട്. ജീവിതപ്രശ്‌നങ്ങള്‍ക്കു പരിഹാരം ആയെങ്കില്‍ എന്നും നാം ആശിക്കാറുണ്ട്. പക്ഷേ, നമ്മിലെ രോഗത്തിന്റെ ലക്ഷണങ്ങള്‍ മാറിക്കിട്ടണമെന്നല്ലാതെ രോഗം യഥാര്‍ഥത്തില്‍ മാറണമെന്നു നാം ആഗ്രഹിക്കാറില്ല. രോഗം ശരിക്കും മാറണമെങ്കില്‍ പലപ്പോഴും ഓപ്പറേഷന്‍തന്നെ വേണ്ടിവരുമെന്നുള്ളതാണ് വസ്തുത. പക്ഷേ, വേദനയുളവാക്കുന്ന ഓപ്പറേഷനെ അഭിമുഖീകരിക്കാന്‍ നമ്മിലെത്രപേര്‍ തയാറാണ്?

കാന്‍സര്‍ ഒരാളുടെ ശരീരത്തെ കാര്‍ന്നുതിന്നുന്നുവെന്നു കരുതുക. എന്തെങ്കിലും നല്ല വേദനസംഹാരി കഴിച്ചാല്‍ കാന്‍സറില്‍നിന്നുളവാകുന്ന വേദനയ്ക്കു താല്കാലിക ശമനമുണ്ടായേക്കും. എന്നാല്‍ കാന്‍സറിന്റെ ഭീഷണിക്കു ശമനമുണ്ടാകണമെങ്കില്‍ പലപ്പോഴും ഓപ്പറേഷന്‍തന്നെ വേണ്ടിവരും (ഓപ്പറേഷന്‍ മൂലവും ചിലതരം കാന്‍സര്‍ നശിപ്പിക്കാനാവില്ലെന്നതു വേറെകാര്യം).

ശാരീരികപ്രശ്‌നങ്ങള്‍ക്കു ശമനമുണ്ടാകണമെങ്കില്‍ രോഗലക്ഷണങ്ങള്‍ക്ക് എന്നതിനെക്കാളേറെ രോഗത്തിനുതന്നെ ചികിത്സ ചെയ്യണം. മാനസികാസ്വസ്ഥതകളുടെയും മറ്റു ജീവിതപ്രശ്‌നങ്ങളുടെയുമൊക്കെ സ്ഥിതിയും ഇതില്‍നിന്ന് ഒട്ടും ഭിന്നമല്ല.


ജീവിതത്തിന്റെ സമാധാനം കെടുത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകണമെങ്കില്‍ അവയുടെ മൂലകാരണങ്ങള്‍ കണെ്ടത്തി അവയ്ക്കു പരിഹാരം കാണുകയാണു വേണ്ടത്. പക്ഷേ, ആദ്യം സൂചിപ്പിച്ചതുപോലെ അതാണു നമുക്ക് ഏറ്റവും വൈഷമ്യമുള്ളകാര്യം.

റഷ്യന്‍ സാഹിത്യകാരനായിരുന്ന ലിയോ ടോള്‍സ്റ്റോയി ഒരിക്കലൊരു ചെറുപ്പക്കാരനു നല്‍കിയ ഉപദേശം ഇവിടെ അനുസ്മരിക്കട്ടെ: മറ്റുള്ളവരെ ഉദ്ധരിക്കാന്‍ ഓടിനടക്കുകയായിരുന്നു ആ ചെറുപ്പക്കാരന്‍. അന്യരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍വേണ്ടി അയാള്‍ ഒത്തിരി വിയര്‍പ്പുചിന്തി.

ഇതു കാണാനിടയായ ടോള്‍സ്റ്റോയി ആ ചെറുപ്പക്കാരനോടു പറഞ്ഞു: ''മറ്റുള്ളവരെ നന്നാക്കാന്‍വേണ്ടി ഇതുവരെ ഒത്തിരി വിയര്‍പ്പു ചിന്തിയില്ലേ? ഇനി കുറച്ചു വിയര്‍പ്പ് സ്വന്തം കാര്യത്തിലൊന്നു ചിന്തിനോക്കുന്നതു നന്നായിരിക്കും. മറ്റുള്ളവര്‍ നന്നാകണമെങ്കില്‍ നിങ്ങളും നന്നാകണമെന്നതില്‍ സംശയംവേണ്ട.'

മറ്റുള്ളവരെ നന്നാക്കണമെന്നു നമുക്കാഗ്രഹമുണ്ട്. അവരുടെ അസുഖങ്ങള്‍ ഭേദമാക്കണമെന്ന് മോഹമുണ്ട്. അതിനുവേണ്ടി അവര്‍ എന്താണു ചെയ്യേണ്ടതെന്നു നമുക്കറിയുകയും ചെയ്യാം. എന്നാല്‍ നമ്മെത്തന്നെ നന്നാക്കുന്ന കാര്യം വരുമ്പോള്‍ നാം സ്വാഭാവികമായും നിശബ്ദത പാലിക്കും. പുകവലി, മദ്യപാനം തുടങ്ങി ദുശ്ശീലങ്ങള്‍ നിര്‍ത്തുന്ന കാര്യം വരുമ്പോള്‍, അല്ലെങ്കില്‍, ആരോടെങ്കിലുമുള്ള പക, അസൂയ, വെറുപ്പ് എന്നിവ ഇല്ലാതാക്കുക എന്ന പ്രശ്‌നം വരുമ്പോള്‍, നമ്മുടെ നിലപാട് ഇതല്ലേ? നമ്മുടെ ശ്രദ്ധ പലപ്പോഴും തന്നെ മറ്റുള്ളവരുടെ ന്യൂനത കണെ്ടത്തുന്നതിലും അവയ്ക്കു പരിഹാരം നിര്‍ദേശിക്കുന്നതിലുമാണല്ലോ.

എന്നാല്‍, ടോള്‍സ്റ്റോയി ചൂണ്ടിക്കാണിച്ചതുപോലെ മറ്റുള്ളവര്‍ നന്നാകണമെങ്കില്‍ നാമും നന്നാകണം. നമ്മിലെ ന്യൂനതകള്‍, ബലഹീനതകള്‍, പോരായ്മകള്‍ എന്നിവയെല്ലാം കണെ്ടത്തി അവയ്ക്ക് യഥാര്‍ഥത്തിലുള്ള പരിഹാരം കണെ്ടത്തിയാല്‍ മാത്രമേ പല പ്രശ്‌നങ്ങള്‍ക്കും അവസാനമുണ്ടാകൂ.

പക്ഷേ, അതിനു നാം തയാറാണോ എന്നുള്ളതാണ് ഏറെ പ്രസക്തമായ കാര്യം. രോഗങ്ങളുണെ്ടന്നു നമുക്കു സമ്മതിക്കാം. രോഗലക്ഷണങ്ങള്‍ക്ക് എന്നതിനേക്കാളേറെ യഥാര്‍ഥ രോഗങ്ങള്‍ക്കുതന്നെ നമുക്കു ചികിത്സ ചെയ്യാം. എങ്കില്‍മാത്രമേ ആശ്വാസത്തെക്കാളേറെ യഥാര്‍ഥത്തിലുള്ള രോഗശമനം നമുക്കു ലഭിക്കൂ.
    
To send your comments, please clickhere