Jeevithavijayam
7/10/2020
    
കൈനീട്ടി ദൈവത്തെ സ്പര്‍ശിക്കാന്‍
ഞായറാഴ്ചകളില്‍ അള്‍ത്താരയുടെ താഴെയായി പലതായി മടക്കിയ ചില തുണ്ടുകടലാസുകള്‍ പ്രത്യക്ഷപ്പെടുക പതിവായിരുന്നു. ആദ്യമൊന്നും ആ തുണ്ടുകടലാസുകള്‍ എന്താണെന്നു നോക്കുകപോലും ചെയ്തില്ല. അവ കണ്ടാലുടനേ പെറുക്കിയെടുത്തു ദൂരെ എറിയുകയായിരുന്നു പതിവ്.

എന്നാല്‍, തുടര്‍ച്ചയായി എല്ലാ ഞായറാഴ്ചയും അള്‍ത്താരയുടെ താഴെയായി അവ കാണാന്‍ തുടങ്ങിയപ്പോള്‍ ദേവാലയത്തിന്റെ ചുമതല വഹിച്ചിരുന്ന വൈദികനു സംശയംതോന്നി. അദ്ദേഹം അവ പെറുക്കിയെടുത്ത് എന്താണെന്നു പരിശോധിച്ചു.

വരയിട്ട കടലാസില്‍ വൃത്തിയായ കൈയക്ഷരത്തില്‍ ഷോപ്പിംഗ് ലിസ്റ്റ് പോലെ എഴുതിയിരുന്ന ലിസ്റ്റുകളായിരുന്നു അവ. ഒരു ലിസ്റ്റില്‍ ഇപ്രകാരം എഴുതിയിരുന്നു: ''ക്ലാരയ്ക്കു ജോലി, ജോബിന് അസുഖം, ലെസ്റ്ററിനു പരീക്ഷ.'' മറ്റൊരു കടലാസില്‍ കുറെയാളുകളുടെ പേരുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

അടുത്ത ഞായറാഴ്ചയും അള്‍ത്താരയുടെ താഴെയായി ചില തുണ്ടുകടലാസുകള്‍ അദ്ദേഹം കണെ്ടത്തി. മുമ്പ് കണെ്ടത്തിയവയോടു സമാനമായിരുന്നു അവയും.

ഓരോ ഞായറാഴ്ചയും കണെ്ടത്തിയ തുണ്ടുകടലാസുകള്‍ വൈദികന്‍ എടുത്തു സൂക്ഷിച്ചുവച്ചു. അതോടൊപ്പം, അവ അള്‍ത്താരയുടെ അടിയില്‍ നിക്ഷേപിക്കുന്നയാളെ കണെ്ടത്താനും അദ്ദേഹം ശ്രമിച്ചു.

ഒരു ഞായറാഴ്ച ദിവസം അതിരാവിലെതന്നെ വൈദികന്‍ ദേവാലയത്തിലെത്തി. ആരാലും ശ്രദ്ധിക്കപ്പെടാതെ അദ്ദേഹം കാത്തിരിക്കുമ്പോള്‍ ഒരു സ്ത്രീ അള്‍ത്താരയുടെ മുന്നില്‍വന്നു തുണ്ടുകടലാസുകള്‍ നിക്ഷേപിക്കുന്നത് അദ്ദേഹം കണ്ടു. പരിചിതമായ മുഖമായിരുന്നില്ലെങ്കിലും ദേവാലയത്തിലെ ശുശ്രൂഷയ്ക്കുശേഷം ആ സ്ത്രീയെ തെരഞ്ഞുപിടിക്കുന്നതിനു വൈദികനു സാധിച്ചു.

അള്‍ത്താരയ്ക്കടിയില്‍ നിക്ഷേപിക്കുന്ന തുണ്ടുകടലാസുകള്‍ക്ക് എന്തെങ്കിലും അര്‍ഥമുണേ്ടാ എന്നു വൈദികന്‍ ശാന്തസ്വരത്തില്‍ ആ സ്ത്രീയോടു ചോദിച്ചു. അപ്പോള്‍ കണ്ണീരോടുകൂടി ആ സ്ത്രീ പറഞ്ഞു: ''എന്നെ സംബന്ധിച്ചിടത്തോളം അവയ്ക്ക് അര്‍ഥമുണ്ട്. എന്നാല്‍ ഞാന്‍ ചെയ്യുന്നതു കിറുക്കായിട്ട് അങ്ങേയ്ക്കു തോന്നിയേക്കാം. കുറേനാള്‍ മുമ്പ് 'നിങ്ങളുടെ പ്രശ്‌നങ്ങള്‍ ദേവാലയത്തിലേക്ക് കൊണ്ടുവരൂ' എന്നൊരു പരസ്യം ഒരിടത്തു കാണാന്‍ ഇടയായി. അതിനുശേഷമാണ് ഞാന്‍ ഇപ്രകാരം ചെയ്യാന്‍ തുടങ്ങിയത്.''

''എന്റെ പ്രശ്‌നങ്ങളെല്ലാം ഓരോ ദിവസവും ഞാന്‍ തുണ്ടുകടലാസുകളില്‍ എഴുതും. ഞായറാഴ്ച ഞാനവ അള്‍ത്താരയുടെ താഴെയായി നിക്ഷേപിക്കും. ഏതായാലും എന്റെ പ്രശ്‌നങ്ങളെല്ലാം എപ്പോഴും അവിടുന്നു പരിഹരിക്കുന്നതായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.''

ഉടനേ വൈദികന്‍ പറഞ്ഞു: ''തീര്‍ച്ചയായും അവിടുന്നു നിങ്ങളുടെ കടലാസുകള്‍ കാണുന്നുണ്ട്. അവ വായിച്ച് അവയിലെഴുതിയിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരവും കാണുന്നുണ്ട്. നിങ്ങളുടെ പ്രശ്‌നങ്ങളെല്ലാം ഇനിയും നിങ്ങള്‍ അവിടുത്തെ പക്കല്‍ കൊണ്ടുവരൂ.''

തന്റെ അനുദിന ജീവിതപ്രശ്‌നങ്ങള്‍ തുണ്ടുകടലാസുകളിലെഴുതി വിശ്വാസപൂര്‍വം ദൈവത്തെ സമീപിക്കാന്‍ ഈ കഥയിലെ സ്ത്രീക്കു സാധിച്ചു. പ്രശ്‌നങ്ങളും ആവശ്യങ്ങളും ദൈവത്തിനു വെറുതെ എഴുതിക്കൊടുക്കുകയല്ല അവര്‍ ചെയ്തത്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനും ദൈവത്തിന് അവര്‍ അവസരം നല്കുകയാണു ചെയ്തത്.

നമ്മുടെ ജീവിതത്തിലേക്കു കടന്നുവരാന്‍ ദൈവത്തിനു നാം ഒരവസരം നല്കുമോ? നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു നമ്മെ സഹായിക്കാന്‍ അവിടുത്തെ നാം അനുവദിക്കുമോ? നമ്മുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളുമൊന്നും തുണ്ടു കടലാസുകളിലെഴുതി അവിടുത്തേക്ക് നാം നല്കണമെന്നില്ല. പ്രാര്‍ഥനയിലൂടെ നാം അവിടുത്തെ സ്പര്‍ശിച്ചാല്‍ മാത്രം മതി. പ്രാര്‍ഥനയിലൂടെയുള്ള നമ്മുടെ സ്പര്‍ശനത്തിനു കാത്തിരിക്കുന്ന അവിടുന്നു, നാം നമ്മുടെ മനസും ഹൃദയവും അവിടുത്തെ പക്കലേക്കുയര്‍ത്തുന്ന നിമിഷം, നമ്മുടെ പക്കലേക്ക് ഓടിയിറങ്ങി വരുന്നുമെന്നതു തീര്‍ച്ചയാണ്.


ദൈവത്തെ സ്പര്‍ശിക്കുക എന്നത് അസാധ്യമായി നമുക്കു തോന്നിയേക്കാം. എന്നാല്‍, വിശ്വാസത്തോടെയുള്ള നമ്മുടെ പ്രാര്‍ഥന അവിടുത്തെ നമ്മുടെ പക്കലെത്തിക്കും എന്നതാണു വാസ്തവം. നമ്മുടെ വിളിക്കു കാതോര്‍ത്തിരിക്കുന്ന അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്നതും നാം മറക്കേണ്ട. പ്രാര്‍ഥനയിലൂടെ നാം അവിടുത്തെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരാകുമ്പോള്‍ മാത്രമേ അവിടുത്തെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകൂ എന്നുമാത്രം.

പ്രാര്‍ഥന എന്നതു നമ്മില്‍ ഏറെപ്പേരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടാകാം. എന്നാല്‍, ദൈവത്തെ സ്പര്‍ശിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന രീതിയിലുള്ളതാണോ നമ്മുടെ പ്രാര്‍ഥന എന്നു നാം ആത്മപരിശോധന ചെയ്യേണ്ടതുണ്ട്.

വലിയ പ്രാര്‍ഥന ചൊല്ലൂ എന്ന് ഏതോ ആധ്യാത്മികപണ്ഡിതന്‍ എവിടെയോ എഴുതിയതോര്‍മിക്കുന്നു. എന്താണു വലിയ പ്രാര്‍ഥന എന്നതുകൊണ്ട് അദ്ദേഹം അര്‍ഥമാക്കുന്നത്?

വലിയ പ്രാര്‍ഥന എന്നു പറഞ്ഞാല്‍ വലിയ വിശ്വാസമുള്ള പ്രാര്‍ഥന എന്നര്‍ഥം. അതുപോലെ വലിയ പ്രതീക്ഷയുള്ള പ്രാര്‍ഥന എന്നര്‍ഥം. നമ്മുടെ പ്രാര്‍ഥന വലിയ വിശ്വാസവും പ്രതീക്ഷയുമുള്ള പ്രാര്‍ഥനയാണെങ്കില്‍ അതു ദൈവത്തെ സ്പര്‍ശിക്കാന്‍ നമ്മെ പ്രാപ്തരാക്കും എന്നതില്‍ സംശയംവേണ്ട.

നമ്മുടെ പ്രാര്‍ഥന പലപ്പോഴും ദൈവം ശ്രവിക്കാറില്ല എന്നു ചിലപ്പോഴെങ്കിലും നാം പരാതി പറയാറില്ലേ? എന്നാല്‍, നമ്മുടെ പ്രാര്‍ഥന നാം തന്നെ ശ്രവിക്കാറുണേ്ടാ എന്നന്വേഷിക്കുന്നതു രസാവഹമായിരിക്കും. പലപ്പോഴും പ്രാര്‍ഥന വെറുതെ ചൊല്ലുന്നതല്ലാതെ അതിന്റെ അര്‍ഥവും ചൈതന്യവും മനസിലാക്കി നാം ചൊല്ലാറുണേ്ടാ? നമ്മള്‍ ചൊല്ലുന്ന പ്രാര്‍ഥന അധികസമയവും നാംതന്നെ ശ്രവിക്കാറില്ലെന്നതാണു സത്യം. അപ്പോള്‍പ്പിന്നെ ദൈവം അവ ശ്രവിക്കുന്നില്ലെന്നു പരാതി പറയാന്‍ നമുക്കെന്തവകാശം?

വിശ്വാസവും പ്രതീക്ഷയും നിറഞ്ഞുനില്ക്കുന്ന 'വലിയ പ്രാര്‍ഥന'കളാവട്ടെ നമ്മുടെ പ്രാര്‍ഥനകളെല്ലാം. അപ്പോള്‍, അങ്ങനെയുള്ള പ്രാര്‍ഥനകളിലൂടെ ദൈവത്തെ സ്പര്‍ശിക്കുവാന്‍ തന്നെ നമുക്കു സാധിക്കും. അങ്ങനെ വരുമ്പോള്‍, ദൈവം നമ്മുടെ പ്രാര്‍ഥന ശ്രവിക്കാറില്ല എന്ന് ഒരിക്കലും നാം പറയാനിടവരില്ല.

നമ്മുടെ പ്രാര്‍ഥന വിശ്വാസവും പ്രതീക്ഷയും നിറഞ്ഞുനില്ക്കുന്ന 'വലിയ പ്രാര്‍ഥന'യാണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരായി മാത്രമേ പ്രാര്‍ഥന കഴിഞ്ഞു നമുക്കു പുറത്തുവരാന്‍ സാധിക്കൂ. അങ്ങനെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരായിട്ടാണു നാം പുറത്തുവരുന്നതെങ്കില്‍ നമ്മുടെ പ്രാര്‍ഥന ദൈവം ശ്രവിച്ചു എന്നതിന്റെ തെളിവായി നമുക്കതിനെ കണക്കാക്കിക്കൂടേ?

ദൈവത്തെ കൈനീട്ടി സ്പര്‍ശിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന വിശ്വാസവും പ്രതീക്ഷയുമുള്ള 'വലിയ പ്രാര്‍ഥന'കള്‍ ചൊല്ലാന്‍ നമുക്കു ശ്രമിക്കാം. ഒന്നുമല്ലെങ്കിലും, അതിനുള്ള ആഗ്രഹമെങ്കിലും നമുക്കു പ്രകടിപ്പിക്കാം. അപ്പോള്‍, കാരുണ്യവാനായ അവിടുന്നു നമ്മുടെ പക്കലേക്ക് അടുത്തുവരികയും അവിടുത്തെ സ്പര്‍ശിക്കുവാനുള്ള അസുലഭ അനുഗ്രഹം നമുക്കു പ്രദാനം ചെയ്യുകയുംചെയ്യും.
    
To send your comments, please clickhere